Image

വൈറസ് അഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പുകാലം: ആൻസി സാജൻ

Published on 07 April, 2021
വൈറസ് അഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പുകാലം: ആൻസി സാജൻ
തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു. വോട്ടുകളെല്ലാം വോട്ടിംഗ് യന്ത്രങ്ങളിലായി. യന്ത്രങ്ങളെല്ലാം മെയ് 2 വരെ കേന്ദ്രസേനയുടെ കസ്റ്റഡിയിലുമായി. കാല് വെന്ത് നടന്നും ഓടിയും തൊണ്ട പൊട്ടി പ്രസംഗിച്ചുമൊക്കെ പ്രചരണത്തിനിറങ്ങിയവർക്കെല്ലാം ശാന്തിയും സാമാധാനവും കൈവന്നു. ഫലമെന്തുമാവട്ടെ അടുത്ത മാസം രണ്ടാം തീയതി വരെ വിശ്രമിക്കാമല്ലോ....?
മധ്യകേരളം പതിവു പോലെ ഉഷാറായി വോട്ടുചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീരദേശം കുറച്ച് ഉൾവലിഞ്ഞത്രെ. തൃശൂർ കോട്ടയം ഇടുക്കി ജില്ലകളിൽ വോട്ടുചെയ്യാൻ ജനം ഒഴുകിയെത്തി എന്നാണ് പറയുന്നത്. കൊച്ചിയിലും എറണാകുളത്തും തൃപ്പൂണിത്തുറയിലുമൊക്കെ പോളിങ് ശതമാനം കുറഞ്ഞിരിക്കുന്നു. 20-20 മൽസരിച്ച കുന്നത്തു നാട്ടിൽ വലിയ തോതിൽ വോട്ടിംഗ് നടന്നു. 80.99 ശതമാനം. ഫലത്തിൽ അത് കാണുമായിരിക്കും.
ഏതായാലും തിരഞ്ഞെടുപ്പുൽസവം കഴിഞ്ഞിരിക്കുന്നു. ദേവഗണങ്ങളും വിവിധ ആരാധനാ മൂർത്തികളും  സർക്കാരിനൊപ്പമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പിണറായി വിജയന് . അയ്യപ്പശാപം കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷവും . ദൈവത്തിനും മറ്റ് മൂർത്തികൾക്കും വോട്ടില്ലാത്തത് ഭാഗ്യം.
ഇന്നലെവരെ ഓർമ്മപ്പെടുത്താൻ ഏവരും മടിച്ച കൊറോണ പ്രശ്നം ഇന്ന് രാവിലെ മുതൽ സജീവമായ ചർച്ചയാകുന്നു. വൈറസിന്റെ രണ്ടാം ഘട്ടമെത്തുന്നു , ഇന്ത്യയിൽ ഒരു ലക്ഷം പേർ ദിവസേന രോഗികളാകുന്നു എന്നൊക്കെ കണക്കുകൾ ചേർത്ത് പറയുന്നുണ്ട് മാധ്യമലോകം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രചരണ സമയത്ത് കോവിഡൊന്നും വലിയ പ്രശ്നമേയല്ലായിരുന്നു. മാധ്യമങ്ങൾക്കും. ഇന്നു മുതൽ സജീവ ഇടപെടലാണ്. ആരംഭകാലത്തെപ്പോലെ ജാഗ്രത വേണം എന്നൊക്കെ നിരന്തരം ഓർമ്മിപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വേറിട്ട അധികാരം വെളിപ്പെട്ട തിരഞ്ഞെടുപ്പാണ് നടന്നതെന്നും പറയാം. ഇരട്ട വോട്ടുകൾ തടയുന്നതിന് കർശന നടപടികളാണ് കമ്മീഷൻ കൈക്കൊണ്ടത്. ഉടുമ്പൻചോലയിൽ ആക്ഷേപങ്ങളും പരാതികളും ഉണ്ടായിട്ടുണ്ട്. തമിഴ്നാട് അതിർത്തിപ്രദേശമായതിനാൽ രണ്ടിടത്തും ഒരേ ദിവസം വോട്ടെടുപ്പ് നടക്കുമ്പോൾ സാഹസികമായി രണ്ട് സംസ്ഥാനങ്ങളിലും അവിടുള്ളവർ വോട്ട് ചെയ്യും എന്നത് കഥ പോലെ പറഞ്ഞു കേട്ടിട്ടുണ്ട്.
85 കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന ആളുകൾക്ക് വീട്ടിലിരുന്ന് നേരത്തെ തന്നെ വോട്ടവകാശം വിനിയോഗിക്കാനായതും അഭിനന്ദനമർഹിക്കുന്ന നടപടിയായി.
വോട്ടെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തിയ ജാഗ്രതയും ശ്രദ്ധേയമായി. ബൂത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റെസർ ശുദ്ധീകരണം, ( പണ്ടത്തെ കല്യാണങ്ങൾക്ക് പനിനീർ തളിച്ച് സ്വീകരിക്കും പോലെ..) കയ്യുറകൾ , രാവിലെ 7 മണിമുതൽ വൈകിട്ട് ഏഴുമണിവരെ എണ്ണയിട്ട പോലെയുള്ള തിരഞ്ഞെടുപ്പ് യന്ത്രത്തിന്റെ പ്രവർത്തനം കുറ്റമറ്റതായി. രാത്രി വൈകി 10 മണി കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ജോലി അവസാനിച്ചില്ല.
ഇന്നലെ നടന്ന വോട്ടിംഗിൽ കൊറോണ പോസിറ്റീവായവർക്ക് പ്രത്യേക സമയത്ത് സുരക്ഷാ മുൻകരുതലുകളോടെ വോട്ടുചെയ്യാനായതും പ്രത്യേകമായി പറയേണ്ടതുണ്ട്.  എന്നാൽ കൊറോണ ബാധിതർ സാധാരണ സമയത്ത് മറ്റുള്ളവർക്കൊപ്പം നിന്ന് വോട്ട് ചെയ്ത് പോയിട്ടുണ്ടോ എന്ന സംശയവും ഉയർന്നുവരാം. പുറമേയ്ക്ക് ലക്ഷണങ്ങളൊന്നുമില്ലാതെ രോഗവിവരം പുറത്തറിയിക്കാതെയിരിക്കുന്നവർ വന്നിട്ടുണ്ടാവാനും സാധ്യതയുണ്ട്. അവർ എന്താണ് ചെയ്തിട്ടുള്ളതെന്ന് പിന്നീടാവും മനസിലാക്കുക.
എന്തായാലും നാം അത്യന്ത ജാഗ്രത വീണ്ടെടുക്കേണ്ടതുണ്ട്. അഴിഞ്ഞുനടന്ന വൈറസിനെ തിരികെക്കെട്ടാനുള്ള പരിശ്രമങ്ങളാണ് ഇനിയും വേണ്ടത്. ഭരണം വരും പോകും. ജീവനും ആരോഗ്യവും നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ജാഗ്രതൈ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക