Image

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം; സുരക്ഷ കടുപ്പിക്കുന്നു 

Published on 07 April, 2021
കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം; സുരക്ഷ കടുപ്പിക്കുന്നു 



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിൽ  നിയന്ത്രണം കർശനമാക്കാൻ തീരുമാനമായി . ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ കുറെ ദിവസങ്ങളായി തിരഞ്ഞെടുപ്പിന്റെ ചൂടിൽ, ജനങ്ങൾ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാതിരുന്നത്  പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ് . വരും ദിവസളിൽ രോഗികളുടെ എണ്ണം ഇനിയും കൂടാൻ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി യോഗം ചേർന്നത്.

നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയത്.

ആർടിപിസിആർ ടെസ്റ്റ് വ്യാപമാക്കാനും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്..

മററ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് നിലവിൽ ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. അതിനിയും തുടരും.

കേരളത്തിൽ ഇന്ന് 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂർ 287, തൃശൂർ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസർകോട് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 111 പേർക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരിൽ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,35,14,740 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 131 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 530, എറണാകുളം 488, തിരുവനന്തപുരം 228, കോട്ടയം 279, കണ്ണൂർ 227, തൃശൂർ 268, മലപ്പുറം 263, കൊല്ലം 234, പാലക്കാട് 73, ആലപ്പുഴ 148, കാസർഗോഡ് 103, പത്തനംതിട്ട 95, ഇടുക്കി 87, വയനാട് 74 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 5, തൃശൂർ 3, പാലക്കാട്, കാസർഗോഡ് 2 വീതം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 117, പത്തനംതിട്ട 70, ആലപ്പുഴ 139, കോട്ടയം 230, ഇടുക്കി 31, എറണാകുളം 125, തൃശൂർ 175, പാലക്കാട് 69, മലപ്പുറം 260, കോഴിക്കോട് 273, വയനാട് 48, കണ്ണൂർ 169, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,136 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,47,208 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4928 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 796 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 361 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക