-->

kazhchapadu

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

Published

on

ഉമ്മറക്കോലായിൽ ചമ്രംപടിഞ്ഞു നാമം ചൊല്ലണ മുത്തശ്ശിയെ കണ്ട് ഹരി പുഞ്ചിരിച്ചു. വിളക്ക് തൊഴുതു ഒരു മാത്ര നിന്നു. മുത്തശ്ശി ആംഗ്യം കാണിച്ചു, ‘അകത്തേക്ക് പൊയ്ക്കോളൂ’ എന്നാണ്.

മുത്തശ്ശിയെ ഒന്നു നോക്കിയ ശേഷം ഹരി എന്തോ ആലോചിച്ചു നിന്നു. അവനെ ഗൗനിക്കാതെ രാമായണത്തിലെ ഒരു ഭാഗം മുത്തശ്ശി ചൊല്ലിത്തുടങ്ങി,
‘പൂര്‍വ്വ ജന്മാര്‍ജിത കര്‍മ്മമത്രേഭൂവി
സര്‍വ്വലോകര്‍ക്കും സുഖദുഃഖ കാരണം…’

അത്ഭുതം തന്നെ. ഒന്നും അവർ മറന്നിട്ടില്ല. താനോ, പലതും മറന്നു പോയിരിക്കുന്നു.

ഹരി മുൻവാതിൽ കടന്നു സിറ്റിംഗ് റൂമിൽ എത്തി. ആരെയും കണ്ടില്ല. ഗോമതിയേടത്തി തിരക്കാവും. അമ്മായിയെ ചെറുപ്പം മുതലേ ഏടത്തിയെന്ന് വിളിച്ചു ശീലിച്ചു, പലരും വിളിക്കുന്നത് കേട്ടാവാം. മാമനെ കണ്ടില്ലല്ലോ, പിന്നാമ്പുറത്തു വല്ലതും പെറുക്കി അടുക്കുകയാവാം. അടങ്ങിയിരിക്കില്ല, പണ്ടും.

അകലെ ഏതോ മുറിയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ. അതോ പെരിയാറിന്റെ ഉലച്ചിലോ?

‘നമ്മുടെ മാതാവു കൈരളി പണ്ടൊരു
പൊൻമണി വീണയായ് വാണകാലം…’
സീതാലക്ഷ്മി! അവളുണ്ടോ ഇവിടെ? അവളെവിടെ പോകാൻ! ഇട്ടിട്ടു പോയതല്ലേ താൻ…

ശബ്ദം കേട്ടാവാം, ഏടത്തി വന്നു. അവരുടെ മുഖം തന്നെ കണ്ടാണോ വിളറിയത്? അടുക്കളയിൽ നിന്നും വന്നതോണ്ടാവും നെറ്റിയിലെ ഭസ്മക്കുറി വിയർപ്പിൽ കുളിച്ചിരിക്കുന്നു.

ഓർമ്മയുടെ തിരയിളക്കവുമായി അവരുടെ കണ്ണിൽ നനവ് പടർന്നുവോ? അതോ രോഷത്തിന്റെ മലവെള്ളപ്പാച്ചിലോ?
ഓർമ്മകൾ… ഓർമ്മകൾ… ഹരി അവരെ നോക്കി മന്ദഹസിച്ചു, നിസംഗമായി.

അവരുടെ ചുണ്ടിൽ നിന്നും അക്ഷരപ്പൊട്ടുകൾ ചിതറി.
“ഹര്യോ… വര്ണ വഴിയോ നീയ്? ഈശ്വരാ, എത്ര നാളായി. ഇതെവിടന്നാ ഇപ്പൊ. ഒരിക്കലും കാണില്യാന്ന് കരുതി. അങ്ങന്യാ എല്ലാരും കരുത്യേ, എന്നാലും എന്റുള്ളില് തോന്നീർന്നു നീ വരും ന്ന്. വന്നൂലോ”.

പിന്നീട് പിറകിലാരോടോ വിളിച്ചു ചൊല്ലി, “ദേ ഇങ്ട് വരൂ, മ്മടെ ഹരി വന്നിരിക്കുണൂ”.

മാമനോടാണ്.
സീതയോ? അവളറിയണ്ടേ, നിന്റെ ഹരിയേട്ടൻ വന്നിരിക്കുന്നു.

അവർ പിന്നെ ഹരിയോടായി തുടർന്നു, “എവിടേങ്കിലും പോണ വഴിയാണോ? ഇപ്പൊ ഒറ്റയ്ക്കായീ, ല്ലേ യാത്ര? എവിടെയ്ക്കൊക്കെ പോയീ ഹരീ നീയ്… രാമേശ്വരം… ഹരിദ്വാർ? അതോ ദില്ലീലോ.

ഭൂമിടെ അറ്റം കാണാൻ പണ്ട് നീ പുഴയോരത്തു പോയത് ഓർമ്മേണ്ടോ? ചെർപ്പത്തില്. ഞാനാ പിടിച്ചെഴച്ചു കൊണ്ടന്നെ”.

ഏടത്തി ഒരു ദീർഘശ്വാസം വിട്ടു.

“ഇതിപ്പോ എന്തേ പറ്റീത്? ആരോ പറഞ്ഞിരുന്നു നീ ഏതോ സമരത്തിലാണെന്നും പോലീസു പിടിച്ചൂന്നും. നേരാണോ തൊക്കെ. എന്തൊക്കെയാ ഈ കാണിക്കണേ ന്ന് വല്ല നിശ്ചയോം ഉണ്ടോ?”

അവർ പിച്ചും പേയും പറയുകയോ?
ഹരിയുടെ നെഞ്ചിലെ തീ ഇനിയും ഒടുങ്ങിയിട്ടില്ല. ട്രാക്ടറുകളുടെ നിലയ്ക്കാത്ത ചലനം, പോലീസിന്റെ തഴമ്പിച്ച കൈകളിലെ ലാത്തി… ദിശ തെറ്റാതെ മേലാകെ പൊള്ളിക്കുന്ന തീയുണ്ടകൾ! ചെങ്കോട്ട ചുവന്നുനീറി… ദില്ലി കത്തി.

ദിശ… ദിശ തേടുന്ന യൗവനചൂടിൽ ചെന്നു ചാടി താനും.

“എത്രീസം ഉണ്ടിവിടെ? നിനക്ക് വയ്യായ്ക ഒന്നൂല്യാലോ? നിന്റെ വീട്ടിലിക്ക് പോയാർന്നോ? അമ്മേ കണ്ടോ നീയ്? ഞാനെങ്ങട്ടും പൂവ്വാറില്യ. സീത ഇങ്ങട്ട് വന്നേ പിന്നെ അമ്പലത്തിലും കൂടി പോക്ക് നിർത്തി. ആരെക്കണ്ടു പ്രാർത്ഥിക്കാൻ, മതിയായി. അമ്മാതിരി കടുംകയ്യല്ലേ നീ എല്ലാരോടും ചെയ്തേ… അന്നേ തളർന്നു വീണതാ മായേടത്തി. ഓർമ്മേണ്ടോ, ഹരീ നിന്റെ മോന്റെ കാര്യം. പെറ്റു പതിനാറു തെകയണേനു മുമ്പേ ഇട്ടു പോയില്ലേ, എന്തിന് വേണ്ടി? എങ്ങാണ്ട് കെടക്കണ ആർക്കോ വേണ്ടി, അല്ലേ…“

മൂർച്ചയേറിയ കത്തി നെഞ്ചിലിറങ്ങിയത് പോലെ.
ഒന്ന് പതറി. ദില്ലിയിലെ ഗലിയിൽ പക്കോട വിൽക്കണ കാഞ്ചനമാലയെ ഓർത്തു, എന്തിനോ. അവളുടെ നീണ്ടു തുളുമ്പുന്ന കണ്ണുകളിന്നും നിഴലായി പിന്നാലെ. എന്തിന്? ആർക്കു വേണ്ടി?
അവൾക്ക് സീതയുടെ ഛായ ഉണ്ടായിരുന്നുവോ?

സ്വന്തം കുടിലിനു മുറ്റത്ത് അർദ്ധനഗ്നയായി കാഞ്ചനമാല മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ തന്റെ ബോധവും മരിച്ചു. അഹംബോധം തകർന്നുടഞ്ഞു.

ആരാണിത് ചെയ്തത്? അന്നേരം മനസ്സിൽ കല്ല് വീണ പോലെ ഒരു പേരും തറച്ചു കയറി, രാഹുൽ… രാഹുൽ! താൻ ഇട്ടെറിഞ്ഞുപോന്ന തന്റെ ചോര! എത്ര മാസങ്ങൾ കൊഴിഞ്ഞു. അതോ വർഷങ്ങളോ!
ഹരി പരിഭ്രമിച്ചു.
അത്ര നാളായോ വീട്ടീന്നെറങ്ങീട്ട്.

‘ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ…’

വീണ്ടും ഗോമതിയേടത്തിയുടെ ചിലമ്പിച്ച സ്വരം കേട്ടു, ദൂരേന്നോഴുകി വരണ പെരിയാറ് പോലെ!
“വടക്കേലെ രാജനാണ് പറഞ്ഞേ നീയെതോ ഏടാകൂടത്തിലു പെട്ടൂന്ന്. ഇനീം മത്യായീലെ ഹരീ നിനക്ക്. കാണണില്ലേ ഞങ്ങടെ വേവലാതി. ഈ കുട്ടിയെ എത്ര നാളിവിടെ കൂട്ടിലെന്നപോലെ നിർത്തും? ആരോടും മിണ്ടാണ്ടെ ഒരീസം വീട്ടീന്നെറങ്ങാ, എവിഡ്യാന്ന് പറയാണ്ടേ ഇങ്ങനെ നടക്കാ, ബാക്കീള്ളോരു തീ തിന്നട്ടേന്നാണോ ന്റെ കുട്ട്യേ?”

ഉമ്മറക്കോലായിലെ വിളക്ക് ആളിക്കത്തിയോ?
“നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ
ഈ നരകാവാരിധീ നടുവിൽ ഞാൻ…”.

കാറ്റ് അതുകേട്ടു പേടിച്ചോടിവന്നു ഹരിയെ കെട്ടിപ്പിടിച്ചു. ഇനിയെങ്ങും വിടില്ല ഞാൻ!
ഗോമതിയേടത്തിയുടെ മെലിഞ്ഞ കൈകളിലെ സ്വർണവളകളും വിറച്ചുവോ? എത്രയോ പ്രാവശ്യം ആ വളകളും വിരലുകളും തന്നെ തലോടിയിരിക്കുന്നു.

എന്നും അവരുടെ അടുത്തായിരുന്നു ഓടിയെത്തുക. പള്ളിക്കൂടം വിട്ടാൽ നേരേ ഓടിയെത്തും, പിറകേ നിഴലു പോലെ സീതയും.

സീത! ഒരിളം കാറ്റിന്റെ നേർമയോടെ തന്നെ ചുറ്റിപ്പുണരാൻ എന്നും മോഹിച്ചവൾ!

“തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ – കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ…”

കുട്ടിക്കാലം ഓർമ്മ വന്നു. എന്നും ഹരിയേട്ടൻ വേണമായിരുന്നു ചാരേ, അവൾക്ക്. പയ്യാരം ചൊല്ലാനും ചിണുങ്ങിക്കരയാനും കൊഞ്ചിക്കുഴയാനും നിഴലു പോലെ!

താനോ, സ്വപ്നത്തിനു പിന്നാലെ, കഥകൾക്ക് പിന്നാലെ. മരീചികയിൽ ഭ്രമിച്ച്, പ്രഹേളികയിൽ അഭിരമിച്ച് തൂവൽ പോലെ ഒഴുകി.

എന്നിട്ടോ…
ഹരി അസ്വസ്ഥനായി. ചിന്തയിൽ പെരിയാർ തേങ്ങിക്കരഞ്ഞു,
‘എന്തിനെന്നെപ്പിരിഞ്ഞു നീ
പണ്ടേ വാക്കായ് നിറഞ്ഞതല്ലേ
എന്റെ ധ്യാനത്തിൽ നീ
മാത്രമായിരുന്നില്ലേ…’

വഴിയറിയാതെ, നാൽക്കവലയിൽ വന്നുപെട്ട കുട്ടിയെപ്പോലെ വിശ്വാസവും പ്രവൃത്തിയും കുഴഞ്ഞപ്പോൾ, ജീവിതം വഴിമുട്ടിയപ്പോൾ, എല്ലാം മറന്നു താനും.

പിന്നെ നടന്നു, എങ്ങോട്ടെല്ലാമോ ദിശയില്ലാതെ, ദിശ തേടി.
ഗയയിൽ ചെന്നു, കണ്ടില്ല. ഗംഗയിൽ മുങ്ങി നിവർന്നു. മഹായാന സന്യാസികളുടെ പിന്നാലെ ചെന്നു ധ്യാനം കൂടി. മോക്ഷം കിട്ടിയില്ല.
തൃഷ്ണ ഒടുങ്ങിയില്ല. ആരെയും ഓർക്കരുത്, എന്നിട്ടും ബാധ പോലെ വിടാതെ കൂടി സീത! പക്ഷെ കൊഞ്ചലില്ല, പരാതിയില്ല. നിർന്നിമേഷയായിരിക്കുന്ന സീത, സാകൂതം നോക്കി ചോദിച്ചു, എന്തിന്? ആർക്കുവേണ്ടി?

ദിശയും ചോദിച്ചത് അതല്ലേ? ദിശ!
ദിശ തേടുന്നവർ, ദിശയെത്തേടുന്നവർ, ദിശ നഷ്ടമായവർ, ദിശയില്ലാത്തവർ…
ദിശാബോധമില്ലാത്തവർ!

എല്ലാ കണ്ണുകളും എല്ലാ കാതുകളും എല്ലാ മനസ്സുകളും പുതിയ ദിശയിലേക്ക്, ദില്ലിയിലേക്ക് ഒഴുകി!
ദിശാബോധം തെറ്റിയ ഗംഗ വീണ്ടും മാസക്കുളി തെറ്റിച്ചു ചുവന്നൊഴുകി.

ഉരുൾ പൊട്ടിയ കലപ്പകളും കൃഷിയായുധങ്ങളും തെരുവിൽ പിടഞ്ഞു മരിച്ചു. ആർക്കു വേണ്ടി, എന്തിന് വേണ്ടി?
എല്ലാവരും പഠിക്കട്ടെ, പറക്കട്ടെ.
ദിശയിലെത്തട്ടെ. ബോധം കരകവിഞ്ഞൊഴുകി. എല്ലാറ്റിനും അവസാനമായെന്നും സമരം ജയിച്ചുവെന്നും കരുതി. അന്നേരം പ്രതീക്ഷിക്കാത്ത ദിശയിലൂടെ കൊടുങ്കാറ്റു വന്നു ചെങ്കോട്ട കേറി. താനും ഒരു ധൂളിയായലിഞ്ഞു. പിന്നെയും ബോധം പോയി.

എവിടെയാണ് താനിപ്പോൾ?, ഇപ്പോൾ കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നില്ലല്ലോ. തെക്കിനിയിലാണോ അതോ നാലുചുവരുകൾക്കുളിൽ കിടന്നു ഞെരുങ്ങിയമരുകയാണോ?

ചോദ്യങ്ങൾ ചോദിക്കാൻ തനിക്കവകാശമുണ്ടോ? അവർക്കുമുണ്ടാവില്ലേ ചോദ്യങ്ങൾ!
മാമനെയും കണ്ടില്ല. രോഷം ഇനിയും പെയ്തൊഴിഞ്ഞില്ലെന്നോ!

ഏടത്തിയുടെ സ്വരം എവിടെനിന്നോ ഒഴുകുന്നു. സരയുവിൽ നിന്നോ ഫാൽഗുവിൽ നിന്നോ?

താൻ തേടിവന്നത് ആരെയാണെന്നും മറക്കുന്നുവോ? സീതയെ? അതോ രാഹുലിനെയോ? അമ്മയെ കാണണ്ടേ?

ഗോമതിയേടത്തി വീണ്ടും പഴമ്പുരാണത്തിലേക്ക് കടന്നു.
“ഓർമ്മയുണ്ടോ, ഹരീ നിനക്ക്… നിന്റെ പിടിവാശിക്കൊപ്പം എന്നും കൂടെ നിന്നില്ലേ ഞാനും. മായേടത്തി എന്നും ദേഷ്യപ്പെട്ടു. ഏട്ടനും തടുത്തു. എന്നിട്ടും നിന്റെയൊപ്പം ഞാൻ നിന്നില്ലേ? എന്റെ മോളെയും തന്നില്ലേ? എന്നിട്ട് നീ എന്താ ഓളോട്‌ കാട്ടിയത്? ഒരു ദിശയുമില്ലാതെ കുന്നിറങ്ങുന്ന ചാലു പോലെയായല്ലോ നിന്റെ ജീവിതം. ഞാനിനി എന്തു ചെയ്യും…”

പെരിയാറ് നെഞ്ചുപൊട്ടിക്കരഞ്ഞു.
ഹരിയാകെ ഉലഞ്ഞു. വേവലാതി പൂണ്ടു.

ദിശ ജയിലിൽ നിന്നിറങ്ങിയോ? സന്ദീപ് തിവാരി എങ്ങോട്ടാവും ഓടിപ്പോയിരിക്കുക!

ട്രാക്ടറുകളുടെയും വായുവിൽ ലാത്തി ചുഴറ്റുന്ന പോലീസുകാരുടെയും അലർച്ചകൾ. ദില്ലിയാകെ രക്തപ്പുഴ. സമരം തീർന്നിട്ടില്ല. ലക്ഷക്കണക്കിന് മുഖങ്ങൾ ഒഴുകിയെത്തി, സിന്ധുവിൽ നിന്നും ഗംഗയിൽ നിന്നും.
വാരാണസി വിയർത്തു. തനിക്കു മടുത്തു. നടന്നു, എല്ലാം ഉപേക്ഷിച്ചു. കൂടെ വന്നവരോട് ഒന്നും പറയാതെ നടന്നു. എന്താണ് തിരയുന്നതെന്നും അറിഞ്ഞില്ല. അസ്വസ്ഥമായ ആത്മാവിനു ചിറകില്ലായിരുന്നു! അലച്ചിൽ, അലച്ചിൽ മാത്രം!
ബോധിവൃക്ഷത്തണലു മാത്രം കണ്ടില്ല, എവിടെയും. അന്തരീക്ഷം ധൂമപടലത്താൽ നിറഞ്ഞിരുന്നു. ആരെയും വ്യക്തമായി കാണുവാൻ സാധിച്ചില്ല. എയർ പൊല്യൂഷൻ വിചാരങ്ങളെ വികൃതമാക്കി. നിൽക്കാൻ കഴിഞ്ഞില്ല. എല്ലാം വിട്ടു, തെക്കോട്ടു പോന്നു. പെരിയാറിന്റെ അടുത്തേക്ക്, തന്റെ കളിത്തോഴിയുടെ അരികിലേക്ക്.

ഏടത്തി എന്തോ ചോദിച്ചു. ട്രാക്ടറുകളുടെ മുരൾച്ചയിൽ ഏടത്തിയും അലറിയോ.

“ഓർമ്മയുണ്ടോ, പെരുമഴയത്താണ് നീയെറങ്ങിപ്പോയെ. സീത കാത്തിരുന്നു. എന്നിട്ടോ, ഓർമ്മയുണ്ടോ, ഹരി? “

ഹരിക്കു പേടി തോന്നി. അന്ന് ആ അർദ്ധരാത്രിയിലും പേടിച്ചിരുന്നില്ല. കാഞ്ചനമാലയുടെ വിറങ്ങലിച്ച ശരീരം കണ്ടപ്പോൾ അറപ്പായിരുന്നു. കൊല്ലണം, എല്ലാം ഇല്ലാതാക്കണം.
ചെങ്കോട്ട കീഴടക്കുമ്പോഴും പേടിയില്ലായിരുന്നു. മരണം, മാറ്റം അനിവാര്യം. മുതലാളിത്തമിനി വേണ്ടാ… സാമ്രാജ്യത്തവും വേണ്ട.
മനസ്സു ചാഞ്ചാടിക്കൊണ്ടേയിരുന്നു.

അരങ്ങിൽ ആടേണ്ട പദങ്ങൾ മറന്നുവോ…
മനസ്സിൽ പണ്ട് പഠിച്ച കഥകളിപ്പദങ്ങൾ തികട്ടിവന്നു,
“സഖിമാരേ നമുക്കു ജനകപാർശ്വേ ചെന്നാലല്ലീ കൗതുകം?”

ഏടത്തിയുടെ മുഖത്തേക്കെയാൾ സൂക്ഷിച്ചു നോക്കി. അമ്മ! മായാവതിയമ്മ. അച്ഛനെവിടെ?

“കാണണ്ട, നിന്നെ എനിക്കിനി കാണണ്ട, പൊയ്ക്കോ… മേലാലീ പടി കയറരുത് “
അമ്മ ഉരുൾപൊട്ടി കണ്ണീരായൊഴുകി. ആരുടെ നെഞ്ചകമാണ് പൊള്ളിയടർന്നത്?
പാറമടയിലെ കരിങ്കൽ ചീളുകൾ പോലെ ഹൃദയം പൊട്ടിച്ചിതറി വീണുവോ.

നടന്നു. കാതങ്ങളോളം നടന്നു. ഭൂമിയുടെ അറ്റം തേടിയുഴറി. ഇപ്പോൾ ഇതാ ഇവിടെ വന്നിരിക്കുന്നു.

പെരിയാറിൽ മുങ്ങിക്കുളിച്ചു മോക്ഷം തേടാൻ, ഇഹലോകത്തിലെ സകല ദുഖത്തിനും പരിഹാരം കാണാൻ, ഹരി വന്നിരിക്കുന്നു.

“ഏടത്തീ…” ഹരി മൃദലമായി മന്ത്രിച്ചു.
നനുത്ത കാലടി ശബ്ദം വാതുക്കൽ കേട്ടു. മാമൻ നോക്കി നിൽക്കുന്നു, എന്തോ പറയാൻ വെമ്പുന്ന മനസ്സോടെ. പക്ഷെ ഒതുങ്ങി നിൽക്കുന്ന വായു പോലെ മിണ്ടാതെ നിന്നു. പിറകിൽ നിഴലു പോലെ, നിസ്സംഗശില പോലെ സീത! ഒക്കത്ത് രാഹുൽ.

ഹരി എഴുന്നേറ്റ് ഗോമതിയേടത്തിയുടെ മെലിഞ്ഞ കൈ പിടിച്ചു. സ്വർണവളകൾ വിതുമ്പി വിളിക്കേട്ടു, “എന്റെ കുഞ്ഞേ… കാത്തിരിക്കുകയായിരുന്നല്ലോ ഞാൻ യുഗങ്ങളായി “.
 ഹരി മൊഴിഞ്ഞു, “ ഞാൻ കൊണ്ടുപോകാൻ വന്നതാണ്, വരൂ…”.

ആറു കണ്ണുകൾ നോക്കി നിൽക്കെ ഹരിയുടെ പിന്നാലെ ഗോമതിയേടത്തി ഒഴുകി. പെരിയാറിന്റെ ഒരു കൈവഴി കടലു തേടി കനവു തേടി പെരിയാറിൽ ലയിച്ചു.

തിരിഞ്ഞു നോക്കിയില്ല ഹരി.. മുന്നോട്ടു നടന്നു. ഒഴിഞ്ഞകയ്യോടെ, നിറഞ്ഞ മനസ്സോടെ ഏടത്തിയും.

തൊണ്ണു കാട്ടി രാഹുലൻ ചിരിച്ചു, ആർത്തു ചിരിച്ചു, അലറി വിളിച്ചു,
ഗൗതമാ… ഗൗതമാ…

ഒരു നിമിഷം. ഒന്നു നിന്നു ഹരി. പിറകോട്ടു നടന്നു. രാഹുലിനെ ഒന്നു തൊട്ടു. അവനു നേരേ ബോധിയുടെ ഒരു തളിരു നീട്ടി, ഹരി. വിരൽത്തുമ്പിലൂടെ ഒഴുകിയോ പഞ്ചശീലങ്ങൾ?

ഹരിയുടെ ചുണ്ടിൽ നിന്നും തുളുമ്പിയ സ്വരങ്ങൾ കവിതയായി വിരിഞ്ഞു,
“ബുദ്ധം ശരണം…”
ഗോമതിയേടത്തി പാതി കണ്ണടച്ചു പിറുപിറുത്തു, “ഗച്ഛാമി!”

ഉമ്മറക്കോലായിൽ മുനിഞ്ഞു കത്തുന്ന നിലവിളക്കിന്നരികിൽ കാറ്റിനോട് കഥ പറഞ്ഞുകൊണ്ട് മുത്തശ്ശി കാലും നീട്ടി ഇരിക്കുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ, എല്ലാമറിഞ്ഞുകൊണ്ട്. ആശയില്ലാതെ നിരാശയില്ലാതെ. പെരിയാറ് പോലെ!
കഥാശേഷം –
ഗോമതിയേടത്തിയുടെ കൈ പിടിച്ചു ഹരി പുറത്തേയ്ക്കിറങ്ങി. വിശാലമായ ആകാശം തേടി, ഭൂമിയുടെ അറ്റം തേടി...
ഒരിക്കൽ ഇറങ്ങിപ്പോയ അതേ പടിവാതിലും കടന്ന്...
പിറകിൽ കുറേ കണ്ണുകൾ ഇമ പൂട്ടാതെ നോക്കി നിന്നു.

സീതാലക്ഷ്മിയുടെ ഒക്കത്ത് മോണകാട്ടി ചിരിച്ചു രാഹുൽ.
ബോധി കാത്തിരിപ്പുണ്ട്!

ഹരിയുടെ രാത്രി യാത്രകൾ ഒടുങ്ങിയിട്ടില്ല...
------------------------------------

Dr. അജയ് നാരായണൻ
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ.
സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി.  1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. 
സെയിന്റ് അഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും PhD. 2019 ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ).
താമസം തലസ്ഥാന നഗരിയായ മസേറുവിൽ.
ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).
പ്രഥമ കവിതാസമാഹാരം, പരാബോള ഉടനെ ഇറങ്ങുന്നു. പ്രസിദ്ധീകരിക്കുന്നത് ഗ്രീൻ ബുക്സ്  

Facebook Comments

Comments

 1. Rifayi gifri. M. H

  2021-04-16 11:17:08

  ഹരിയുടെ തുടർയാത്രകൾക്കായി കാത്തിരിക്കുന്നു. അസ്സലായിട്ടുണ്ട് അജയ് സാർ. 👌💖

 2. Shiju k parangodan

  2021-04-15 15:21:58

  ഇരുത്തി വായിപ്പിച്ചു മാഷേ മനോഹരമായെഴുത്ത് 10/10

 3. Sheena Sunsi

  2021-04-15 09:13:02

  കഥ വളരെ ഇഷ്ടപ്പെട്ടു. മാർക്ക് 8/10

 4. Jeswin Sunsi

  2021-04-15 09:06:52

  കഥ വളരെ ഇഷ്ടപ്പെട്ടു. Mark 9/10

 5. Sunsi augustine

  2021-04-15 09:02:58

  കഥ വളരെ നന്നായിരിക്കുന്നു.. തീക്ഷ്ണ യൗവനം പ്രതിസന്ധികളിൽ പതറി പോയതാണോ? വിജയിക്കാനാവില്ല എന്നുറപ്പിച്ച് മടുപ്പു തോന്നി ആശയെ ഇല്ലാതാക്കി നിരാശയെ മറികടന്നതാണോ.. എന്തായാലും നല്ല വായനാനുഭവം. മാർക്ക് 9/10

 6. നിഷ ടി പി

  2021-04-14 15:15:05

  അജയ് മാഷിന്റെ മികച്ചരചനകളിൽ ഒന്ന് ... നല്ല അവതരണരീതി...തുടക്കം മുതൽ ഒടുക്കംവരെ മടുപ്പില്ലാതെ വായിക്കാവുന്ന നല്ല കഥ..

 7. ajay prabhakar New actor

  2021-04-13 21:20:11

  പടിവാതിലിറങ്ങുമ്പോൾ ,കൊള്ളാം ,നന്നായിട്ടുണ്ട് ,നല്ല വരികൾ ,നല്ല കഥ

 8. shylakumari

  2021-04-13 21:18:53

  പടിവാതിലിറങ്ങുമ്പോൾ... കഥ രചന. അജയ്നാരായണൻ മാഷിന്റെ അതിമനോഹരമായ രചന. ഹൃദ്യമായ സംഭാഷണം, സാഹിത്യഭംഗിയുള്ള പദപ്രയോഗങ്ങൾ, സന്ദർഭത്തിന് യോജിച്ച കവിതാശകലങ്ങൾ, രസകരമായ അവതരണരീതി... ഹൃദയസ്പർശിയായ. മുഹൂർത്തങ്ങൾ കഥയുടെ അവസാനം നായികയ്ക്കൊരു ജീവിതം കൊടുക്കാമായിരുന്നു.ചെറുപ്പം മുതൽ ഗൌതമന്റെ കഥപ൦ിക്കുമ്പേൾ ഭർത്താവിനെക്കാത്തിരിക്കുന്ന നിസഹായയായ ആ പെണ്ണിന്റെ മുഖമായിരുന്നു മനസ്സിൽ പതിഞ്ഞത്. ഏതായാലും സൂപ്പർ മാഷേ

 9. rekha r thankal

  2021-04-13 17:06:01

  ഗൃഹതുരത്വം ഉണർത്തിയ കഥ ഒരു തടസ്സവുമില്ലാത്ത ആഖ്യാനം ഹരിയുടെ തിരിച്ചറിവ് ഒരു കാലഘട്ടത്തിന്റേത് കൂടിയാണെന്ന് തോന്നി Full മാർക്ക് നൽകാവുന്ന രചന

 10. ശ്രീപ്രസാദ്

  2021-04-13 16:45:23

  നല്ല കഥനം 8/10

 11. ചെറുപ്പത്തിന്റെ തിളപ്പിൽ എടുത്തുചാടി ചെയ്യുന്ന പ്രവൃത്തിയുടെ വ്യർത്ഥത വളരെ താമസസിച്ചു മനസ്സിലാക്കിയിട്ട് മനംമാറ്റമുണ്ടാകുമ്പോഴേയ്ക്കും ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ ആത്മീയതയിലേയ്ക്ക് തിരിയുന്ന മനുഷ്യന്റെ മനോവ്യാപരങ്ങൾ വളരെ തന്മയത്വത്തോടും നല്ല ആഖ്യാനപാടവത്തോടും കൂടി പറഞ്ഞിരിക്കുന്ന ഈ കഥ വളരെ മനോഹരമായിരിക്കുന്നു. 10/10 ഉം അർഹിക്കുന്നത്. ആശംസകൾ, അഭിനന്ദനങ്ങൾ.

 12. Mayadath P. S

  2021-04-13 14:44:58

  ഹരി.... ചരിത്രവും മിത്തും കലർന്ന ഇന്നലെകളിലൂടെ കയറിയിറങ്ങി ഇന്നിൻ്റെ യാഥാർത്ഥ്യത്തിലൂടെയുള്ള ഹരിയുടെ യാത്ര.... ഡോ.അജയ് നാരായണൻ വാക്കുകളിലൂടെ ഹരിയെ നന്നായി വരച്ചുകാണിച്ചിരിക്കുന്നു. പത്തിൽ എട്ടു മാർക്കു കൊടുക്കാം.

 13. Ajay Narayanan

  2021-04-13 06:20:02

  പടിവാതിലിറങ്ങുമ്പോൾ എന്ന എന്റെ കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. 🙏😘

 14. അരുൺ രാജ്

  2021-04-12 21:40:49

  ലളിതമായ വാക്കുകളിലൂടെ ഒരുപാട് ആഴങ്ങളിലേക്ക് കൊണ്ടുപോയി. 10/10

 15. മാഷിൻ്റെ മനോഹരമായ മറ്റൊരു രചന ഹരിയിലൂടെ വീണ്ടുമൊരു സഞ്ചാരം... ബുദ്ധ പ്രയാണത്തിൻ്റെ കാലികരൂപമായി ഹരിയുടെ യാത്രകൾ പാന്തരപ്പെടുന്നുണ്ട്... ലളിതമായ ഭാഷയും ആരുടേയും മനസ്സിൽ ആഴത്തിൽ പതിയുന്ന ആഖ്യാനരീതിയും... ഇനിയും കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ... 10/10 മാർക്കും നല്കുന്നു.

 16. അതെ ഹരിയുടെ യാത്രകൾ ഒടുങ്ങിയിട്ടില്ല നന്നായിട്ടുണ്ട് പത്തിൽ പത്ത് മാർക്കിടിവുന്നരചന ഗംഭീരം👌

 17. Jimson david

  2021-04-12 13:25:50

  പഴയ കാലത്തിന്റെ ഗൃഹാതുരത്വം ഉണർന്നു. മറന്നു പോയ ആ കാലത്തിന്റെ സ്മരണകൾ. ബുധൻറെ അവധൂത യാത്രയിൽ ഒരു തിരിഞ്ഞുനോട്ടം ആയി ഈ കഥ. നന്നായിരിക്കുന്നു

 18. Sumitha k m

  2021-04-12 13:23:38

  നല്ല എഴുത്ത് ഒരുപാട് ഓർമ്മകൾ പുറത്തുകൊണ്ടുവന്നു. ഓർമ്മകൾ ഒരു പെരിയാർ പോലെ ഒഴുകുന്നത് മുന്നിൽ കാണാമായിരുന്നു

 19. Malik Muhammed Moodambath

  2021-04-12 07:52:27

  !

 20. Malik Muhammed Moodambath

  2021-04-12 07:39:49

  ഗൃഹാതുരതയും പ്രണയവും വിപ്ലവസമരങ്ങളും ഭക്തിവിചാരങ്ങളും മോക്ഷപ്രാപ്തിയിലേക്കുള്ള പ്രയാണവും എല്ലാമെല്ലാം ഒരു കവിതയിലെന്നപോലെ .... ചേർത്തുവെച്ച ഒരു സൂഫീ ചെറുകഥ. ഒരു പുതിയ ഗൗതമോദയം. അവസാന ഭാഗം അതീവ ഹൃദ്യം

 21. Sunsi Augustine

  2021-04-12 05:29:19

  കഥ വളരെ നന്നായിരിക്കുന്നു..തീക്ഷ്ണ യൗവനം പ്രതിസന്ധികളിൽ പതറി പോയതാണോ? വിജയിക്കാനാവില്ല എന്നുറപ്പിച്ച് മടുപ്പു തോന്നി ആശയെ ഇല്ലാതാക്കി നിരാശയെ മറികടന്നതാണോ.. എന്തായാലും നല്ല വായനാനുഭവം. Mark 10/10

 22. JIMSON David

  2021-04-12 00:27:30

  പഴയ കാലത്തിന്റെ ഗൃഹാതുരത്വം ഉണർന്നു. മറന്നു പോയ ആ കാലത്തിന്റെ സ്മരണകൾ. ബുധൻറെ അവധൂത യാത്രയിൽ ഒരു തിരിഞ്ഞുനോട്ടം ആയി ഈ കഥ. നന്നായിരിക്കുന്നു

 23. മണിക്കുയിലെ! മണിക്കുയിലേ! മാരിക്കാവിൽ പൊകുലേ ....എന്ന രാഗം. രാജുസാറെ! രാജുസാറെ അക്ഷരത്തിൽ തുങ്ങരുതേ!. ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഏതു വിരുതനും തൂങ്ങും. സാറിൻറ്റെ അറ്റാക്ക് നല്ലതുതന്നെ പക്ഷെ ഉത്തരത്തിലെ [കെട്ടിടത്തിൻറ്റെ ഭിത്തിയുടെ മുകളിലെ ഉത്തരം] ചിലന്തി വലയിൽ കുടിങ്ങിയ പല്ലി പോലെ അവരുതേ!. ' (ഡോക്രറ്റേതുവരെ)' -ഇത് താങ്കളുടെ കമന്റ്റ് അല്ലേ! ഇത് ഞങ്ങളൊക്കെ -ഡോക്റ്ററേറ്റ്‌വരെ - എന്ന് വായിച്ചു, തെറ്റുണ്ടോ?. ജെ മാത്യുസ് സാർ പറഞ്ഞപോലെ 'തെറ്റുകൾ ഉണ്ടെങ്കിൽ വ്യകരണവും ഭാഷയും അറിയാവുന്നവൻ വായിക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തിരുത്തി വായിക്കും. രാജു സാറെ! രാജുസാറെ മിടുക്കൻ രാജുസാറെ!; മിടുമിടുക്കൻ രാജുസാറെ. - നാരദൻ ന്യൂയോർക്

 24. RAJU THOMAS

  2021-04-08 22:51:02

  കുറച്ച്, സൂക്ഷിച്ച്, സംസാരിക്കുന്നയാളാണു ഞാൻ. എങ്കിലും എഴുതിയത് വ്യക്തമായില്ലെങ്കിൽ, ഇതാ: വ്യാകരണത്തിൽ നിഷ്കർഷയുള്ളൊരു പാവം പഴഞ്ചനാണു ഞാൻ. പഠിപ്പും നന്മയുമായി ബന്ധമില്ല എന്നപോലെയാണ് പഠിപ്പും (ഡോക്രറ്റേതുവരെ) ഭാഷയിലെ തെളിമയുമായി ബന്ധമില്ല. അതിനാലാണ് ഞാൻ അത്രയും എഴുതിയത്. ഇത്രയുമൊക്കെ വ്യാകരണമേ വേണ്ടു ഇന്നത്തെ മലയാളത്തിൽ എന്നുമാവാം. But we have to keep struggling to improve ourselves. Right? I think so. Otherwise, this short tory is so super that I have no words to praise it.

 25. RAJU THOMAS

  2021-04-08 22:24:22

  വളരെ നന്നായിരിക്കുന്നു. എത്രനല്ല ഭാഷ! പെരിയാറും സരയുവും പ്രകൃഷ്ടമായ കാവ്യോദ്ധരണികളും എത്ര ഭംഗിയായിരിരിക്കുന്നു! എന്നാലും ഒരു തോന്നൽ-- അല്പം കൂട്ടിപ്പോയില്ലേയെന്ന്--സർവ്വക്ഷമമായൊരു ഗുളികപോല. പിന്നെ, ഏതു ഭാഷയും, സംസാരിക്കുമ്പോൾ, നാലുകാലിൽ വീഴുന്ന പൂച്ചയെപ്പോലാണ്; എഴുതുമ്പോഴാണു പ്രശ്‍നം . അത് ഇവിടെയുമുണ്ട്. വിസ്തരിക്കുന്നില്ല. But why? Yes, why so?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

View More