Image

മന്ത്രിയായാൽ നമ്മുടെ ടീച്ചറമ്മയെപ്പോലെ

സ്വന്തം ലേഖകൻ  Published on 09 April, 2021
മന്ത്രിയായാൽ നമ്മുടെ ടീച്ചറമ്മയെപ്പോലെ

മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട നാളുകളാണ് കടന്നു പോകുന്നത്. കോവിഡ് - 19 എന്ന മഹാമാരി ഇപ്പോഴും ഭീതി പരത്തിക്കൊണ്ടിരിക്കുന്നു. അനേകം മനുഷ്യരാണ് മരിച്ചു വീഴുന്നത്. പല രാജ്യങ്ങളും ഇപ്പോഴും കോവിഡ് ബാധിച്ചു പനിച്ചു വിറച്ചാണ് ജീവിക്കുന്നത് തന്നെ. തുടക്കത്തിൽ ബാധിച്ചില്ലെങ്കിലും കേരളത്തെയും കോവിഡ് അതിഭീകരമായി പിടിമുറുക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു. ഒരുപക്ഷെ നമ്മൾ ഓർത്തെടുക്കാൻ മടിക്കുന്ന ആ ഇരുണ്ട കാലഘട്ടങ്ങൾ. അന്ന് ചെറുത്തു നിൽപ്പിന്റെ പാഠങ്ങൾ ആദ്യമായി നമ്മളെ പഠിപ്പിച്ച ഒരാധ്യാപികയുണ്ട്- നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. എൽ ഡി എഫ് സർക്കാരിന്റെ ഏറ്റവും നല്ല മന്ത്രി ആരാണെന്ന് ചോദിച്ചാൽ മറ്റൊരുത്തരം ആർക്കുമില്ലാത്തതും അതുകൊണ്ട് തന്നെയാണ്.

സമീപനങ്ങളാണ് മനുഷ്യരുടെ ഭംഗി നിർണ്ണയിക്കുന്നത്. ശൈലജ ടീച്ചറും അങ്ങനെ സമീപനങ്ങളിലൂടെയാണ് ജനങ്ങളുടെ പ്രിയപ്പെട്ടവരായി മാറുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റുകൾക്ക് താഴെ വരുന്ന കേരള ജനതയുടെ പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹരിച്ച മറ്റൊരു മന്ത്രിയും ചരിത്രത്തിൽ ഇന്നേവരേയ്ക്കും ഉണ്ടായിട്ടില്ല എന്നതും പ്രത്യേകതയാണ്.  കെ എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നല്ല ഭാഷയിൽ മറുപടി പറഞ്ഞും മറ്റും ശൈലജ ടീച്ചർ നേടിയ കയ്യടികൾക്ക് കയ്യും കണക്കുമില്ല. ഒരു മന്ത്രി  എങ്ങനെയായിരിക്കണം എന്ന തെളിവായിരുന്നു ശൈലജ ടീച്ചർ. അതുകൊണ്ട് തന്നെ ടീച്ചറമ്മയെന്ന് സ്നേഹത്തോടെയാണ് മലയാളികൾ അവരെ വിളിച്ചത്.

കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങളിൽ ടീച്ചറുണ്ടായിരുന്നു, അല്ല അതിന്റെയെല്ലാം തുടക്കം ടീച്ചറിൽ നിന്ന് തന്നെയായിരുന്നു. കേരളത്തെ ലോകത്തിന്റെ തന്നെ മാതൃകയാക്കി മാറ്റുകയായിരുന്നു ആ കൂട്ടായ പരിശ്രമങ്ങൾ. എൽ ഡി എഫ് സർക്കാരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല മന്ത്രിയായി ടീച്ചറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്റർനാഷണൽ മാഗസിൻ ആയ വോഗ് തങ്ങളുടെ മാഗസിനിൽ ടീച്ചറുടെ മുഖചിത്രം കൊടുത്തത്.  ലോകത്തിനു മുൻപിൽ ഒരു കേരള മാതൃകയായിരുന്നു കോവിഡ് പ്രതിരോധം.

നിപ്പ പടർന്നു പിടിച്ച സാഹചര്യങ്ങളിൽ കോഴിക്കോട് നഗരത്തിലൂടെ ഭീതിയോടെ കടന്നുപോയ മനുഷ്യരുടെ മുഖത്തൊക്കെ ഇപ്പോഴുള്ള ഈ ചിരി ഒരു ആരോഗ്യ മന്ത്രിയുടെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന മനുഷ്യരുടെയും ചെറുത്തു നിൽപ്പിന്റെ ബാക്കിയാണെന്ന് അതനുഭവിച്ച നമുക്ക് അടുത്തറിയാവുന്നതാണ്. ഓരോരുത്തരുടെ പ്രശ്നങ്ങളും അടുത്തറിഞ്ഞു അവർക്ക് വേണ്ട സഹായങ്ങളൊക്ക ഏറ്റവും വേഗത്തിൽ തന്നെ നടത്തിക്കൊടുക്കുന്നതിൽ ടീച്ചർ എപ്പോഴും മുൻപിൽ തന്നെയായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിനു തന്നെ മാതൃകയാവുകയായിരുന്നു. എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലുകളും എല്ലാ സജ്ജീകരണങ്ങളോടും കൂടി വിപുലീകരിച്ചതും ഇതേ കാലഘട്ടത്തിൽ തന്നെയാണ്. സൗജന്യ ചികിത്സയുടെ മറ്റു സാധ്യതകൾ കേരള ജനത തിരിച്ചറിയുന്നതും ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായത് മുതലാണ്.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മന്ത്രിയായി എന്നും എപ്പോഴും ശൈലജ ടീച്ചർ ഉണ്ടാകും. അവരുടെ തണലിൽ കേരളത്തിലെ ആരോഗ്യ രംഗം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക