-->

kazhchapadu

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

Published

on

സാഹിത്യജീവിതത്തിൽ ഇത്രനാൾ ഇല്ലാതിരുന്നത്ര ആനന്ദത്തോടെയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള രമണൻ പൂർത്തീകരിച്ചത്, എഴുത്തിനിടയിൽ വിരലുകൾ കുഴഞ്ഞുപോകുന്നതും ഞരമ്പുകൾ നീലിച്ചു പിടയുന്നതും ഗൗനിക്കാതെ, ഒറ്റശ്വാസത്തിൽ. ഒറ്റയിരിപ്പിന്.  

അസൗഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലും ആശ്വസിക്കട്ടെയൊന്നീ പ്രേമഗായകൻ' എന്നെഴുതി അതിനു താഴെ നീളത്തിൽ വരച്ച് ആശ്വാസത്തോടെ എഴുന്നേറ്റു. 

വലിച്ചുവാരിയിട്ട പുസ്തകങ്ങൾക്കിടയിൽ വാര്യർ സാർ കാണാതെ ഒളിച്ചുവച്ചിരുന്ന ബീഡിപ്പൊതി തുറന്ന് ജാലകത്തിനരികിലേക്ക് നീങ്ങി നിന്ന് ബീഡി കത്തിച്ച് സാഹിതീസദനത്തിന്റെ ജാലകത്തിലൂടെ മുറ്റത്തേക്ക് പുക ഊതിപ്പറത്തി പുറത്തെ  ഘോരാന്ധകാരത്തിലേക്ക്   നോക്കിനിന്നു. ഭൂമി ഇരുട്ടിന്റെ കറുത്ത കരിമ്പടം പുതച്ചു മയക്കമാണ്. 

രമണൻ രചിച്ചുതുടങ്ങി അവസാനിക്കുന്നത് വരെ തനിക്കു പോലും നിർവചിക്കാനാവാത്ത മാനസികാവസ്ഥകളിലൂടെയായിരുന്നു ചങ്ങമ്പുഴ കടന്നുപോയത്. ചിലപ്പോൾ ഉന്മാദത്തിന്റെ ഹിമാലയ ശൃംഗത്തിൽ. തൊട്ടടുത്ത നിമിഷത്തിൽ ഭ്രാന്തിന്റെ അന്തമില്ലാത്ത പെരുംചുഴിയിൽ. ചിലപ്പോൾ പ്രണയത്തിന്റെ അനന്താകാശനീലിമയിൽ. മറ്റു ചിലപ്പോൾ, രതിമൂർച്ഛയുടെ സാഗരപാരമ്യതയിൽ. 

'ഒരു കവിക്ക് ജീവൻ വെടിയുവാൻ അസുലഭ മുഹൂർത്തം ഇതായിരിക്കണം, രചനക്കിടയിലെ ആനന്ദമൂർച്ഛയിൽ' എന്ന് സ്വയം പറഞ്ഞ് ബീഡി കുത്തിക്കെടുത്തി പുറത്തേക്ക് വലിച്ചെറിഞ്ഞ് കസേരയിൽ അമർന്ന് രമണൻ ഒരാവർത്തി കൂടി വായിക്കാനാരംഭിച്ചു. തിടുക്കത്തിൽ ഓടിക്കയറിവന്നോടിപ്പോയ കാറ്റ് മേശപ്പുറത്തെ റാന്തൽവിളക്കിന്റെ നാളത്തെ ചെറുതായി പിടിച്ചുലച്ചു.

മുന്നിലെ കടലാസിൽ നിഴൽ വീണ് വായന തടസപ്പെട്ടപ്പോൾ  തലയുയർത്തി നോക്കിയതായിരുന്നു. 

ക്ഷീണിച്ചു വിളർത്ത ഒരു യുവാവ് മുന്നിൽ. വളരെ ദൂരെ മലകൾക്കപ്പുറത്തു നിന്ന് വരുന്നതു പോലെ ക്ഷീണിതനായിരുന്ന അയാൾ വിളക്കിന്റെ ഉലയുന്ന തീനാളം പോലെ അസ്വസ്ഥനായി കാണപ്പെട്ടു. ആട്ടിടയന്റെ മുഷിഞ്ഞു നരച്ച വേഷം. അരയിൽ തിരുകി വെച്ച വക്കുപൊട്ടിയ ഓടക്കുഴലിലേക്ക് അയാളുടെ വലത്തേ കൈ ഇടക്കിടെ നീണ്ടുപോയി. അപ്പോളയാളെ കൂടെക്കൂടെ അരയിലെ ആയുധത്തിന്റെ മൂർച്ച പരിശോധിക്കുന്ന പടയാളിയെപ്പോലെ തോന്നിച്ചു.

പരിഭ്രമത്താലും ക്ഷീണത്താലും വേച്ചുപോകുന്ന കാലുകളോടെ അയാൾ ചങ്ങമ്പുഴക്ക് മുന്നിലേക്ക് രണ്ടുചുവട് വെച്ചു. കഴുത്തിൽ ചുറ്റിയിരുന്ന കയറിന്റെ അറ്റത്തെ കുരുക്ക് അനുസരണയുള്ള പാമ്പിനെപ്പോലെ നിലത്തിഴഞ്ഞു.

ചാരുകസാലപ്പടിയിൽ അധികാര ഭാവത്തോടെ വിശ്രമിച്ച ചങ്ങമ്പുഴയുടെ കാൽവിരലുകളിൽ പരാവശ്യത്തോടെ തൊട്ട് അയാൾ കസേരക്കരികിൽ കുന്തിച്ചിരുന്നു. അയാളുടെ മിഴികൾ വിഷാദം ഘനീഭവിച്ച ആദിമ കാനന തടാകം പോലെ നിശ്ചലമായിക്കിടന്നു.

അയാൾ പുഞ്ചിരിക്കുകയായിരുന്നു ചങ്ങമ്പുഴയെ നോക്കി. മരണത്തിന്റെ കരിങ്കടൽ നീന്തിക്കയറി വന്ന വേദാന്തിയുടെ ചിരി. 

'എന്നെ ഓർമ്മയുണ്ടോ എന്തോ? ഞാൻ രമണനാണ്. നിങ്ങൾ കവികളുടെ ഭാഷയിൽ പറഞ്ഞാൽ, അങ്ങയാൽ ജനിക്കപ്പെട്ട രമണനു ചന്ദ്രിക എന്നൊരു പണക്കാരിപ്പെണ്ണിനെ കാമുകിയായി നൽകി, അവനെ പ്രണയത്തിന്റെ നിലയില്ലാച്ചതുപ്പിലേക്ക് വലിച്ചെറിഞ്ഞ്, ഒരു പ്രഭാതത്തിൽ അവളെ വേറൊരു യോഗ്യന് വിവാഹം ചെയ്തുകൊടുത്ത്, അവസാനം വിഡ്ഢിയായ ഈ ആട്ടിടയനോട് ആത്മഹത്യ ചെയ്യാൻ നിർദ്ദേശിച്ച് കയ്യിൽ കയറും തന്നുവിട്ടില്ലേ? ആ രമണൻ തന്നെ'  

ഒരു നിമിഷം നിറുത്തി, ശരീരത്തിൽ പിണഞ്ഞുകിടക്കുന്ന കയറിലേക്ക് നിസംഗമായി കണ്ണയച്ച് അയാൾ പതറിയ ശബ്ദത്തിൽ പൂരിപ്പിച്ചു. 

'ഞങ്ങളുടെ പ്രണയത്തിന്റെ വിധി അറിയാമായിരുന്നിട്ടും അങ്ങൊരു ചെറുവിരൽ പോലും അനക്കിയില്ല'.

'രമണാ..' 

ചങ്ങമ്പുഴ എഴുന്നേറ്റ് രമണന്റെ തോളിൽ പിടിച്ചു. ആശ്വസിപ്പിക്കാൻ പിടിച്ചതായിരുന്നില്ല, സ്വയം വീഴാതിരിക്കാൻ ശ്രമിച്ചതായിരുന്നു.

'ഞങ്ങൾ എഴുത്തുകാർക്ക്, ജനിക്കുന്ന കുഞ്ഞിന്റെ ജാതകമെഴുതുന്ന ജ്യോത്സന്റെ സ്ഥാനമേയുള്ളു. മേഘങ്ങൾക്ക് മുകളിൽ നിന്ന്, അല്ലെങ്കിൽ ദൈവത്തിന്റെ ഹൃദയത്തിൽ നിന്ന് എഴുത്തുകാരന്റെ ഹൃദയത്തിലേക്ക് അദൃശ്യമായ ഏതോ ചാലകം വഴി കൈമാറ്റം ചെയ്യപ്പെടുന്നതനുസരിച്ച് ജാതകം എഴുതുക. അത് നീട്ടാനോ കുറുക്കാനോ എഴുത്തുകാരന് കഴിയില്ല. അയാളുടെ കഥാപാത്രങ്ങൾ ദുരന്തങ്ങളുടെ ചാവുകടലിൽ മുങ്ങിത്താഴുന്നത് നിസ്സഹായനായി നോക്കിനിൽക്കുക. എഴുത്തുകാരന്റെ ശാപമാണത്'. 

വളരെ പെട്ടെന്ന് അത്രയും പറഞ്ഞതിനുശേഷം പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞുപോയ പാരവശ്യത്തോടെ  ചങ്ങമ്പുഴ മൗനത്തിലേക്ക് പിന്തിരിഞ്ഞു. രമണനാവട്ടെ ചങ്ങമ്പുഴയെ  ഉണർത്താൻ തുനിഞ്ഞതുമില്ല.

ഒരാൾ ജാലകത്തിനു പുറത്തെ ഇരുട്ടിലേക്ക് കണ്ണുകൾ തുറിച്ചു വച്ചു. മറ്റെയാൾ, അണയാൻ തുടങ്ങുന്ന റാന്തൽ വിളക്കിനെ നോക്കിയിരുന്നു, തിരി തെളിക്കാനോ അണക്കാനോ ശ്രമിക്കാതെ.

'വരൂ…' 

ചങ്ങമ്പുഴ കസേരയിൽ വായിച്ചു പകുതിയാക്കിയിരുന്ന ജിബ്രാന്റെ പുസ്തകം എടുത്തുമാറ്റി കസേര ഉടുമുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് രമണനെ ക്ഷണിച്ചു. 

'ഇരിക്കൂ…'

'വേണ്ട…' 

ഒന്നെഴുന്നേറ്റ് ബഹുമാനത്തോടെ കുനിഞ്ഞ് രമണൻ പഴയ ഇരിപ്പിലേക്ക് മടങ്ങി. 

'ഞാനിങ്ങനെ ഇരിക്കുമ്പോൾ അങ്ങേക്ക് പ്രഭാതകൃത്യത്തെ ഓർമ്മവരുന്നുണ്ടെങ്കിൽ ക്ഷമിക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ നിലയാണത്. ഓടയരികിലേക്ക് ഒതുക്കപ്പെട്ടവന്റെ. കാലിൽ കാൽ കയറ്റി കസേരയിൽ ഇരിക്കുന്നവന്റെ മുന്നിൽ കസേരയില്ലാത്തവന്റെ അതിജീവനം.'  

കസേരക്കയ്യിൽ വച്ചിരുന്ന കാലുകൾ ചങ്ങമ്പുഴ നേരിയ കുറ്റബോധത്തോടെ നിലത്തുവച്ചു. 

' അങ്ങ് അധികാരത്തിന്റെ കസേരയിൽ ഇരിക്കുമ്പോൾ  ഞാനിവിടെ എന്റെ സാങ്കല്പിക കസേരയിൽ. അങ്ങിനെ കസേരയുള്ള എഴുത്തുകാരനും കസേരയില്ലാത്ത ആട്ടിടയനും സമീകരിക്കപ്പെടുന്നു. 

എന്തുകൊണ്ട് എനിക്ക് ചന്ദ്രികയെ ലഭിച്ചില്ല?  കാരണം ഞാൻ കസേരയില്ലാത്തവനായിരുന്നു. കസേരയുള്ളവനേ ഇഷ്ടപ്പെട്ട പെണ്ണിനെ ലഭിക്കാൻ അർഹതയുള്ളൂ. അങ്ങേക്കറിയാമെങ്കിൽ പറഞ്ഞു തന്നാൽ കൊള്ളാം. എന്നു മുതലാണ് ആട്ടിടയന് കസേര ഇല്ലാതായത് ? 

ചങ്ങമ്പുഴയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഏതോ സ്വപ്നത്തിനുള്ളിൽ നിന്ന് സംസാരിക്കുന്നത് പോലെ രമണൻ തുടർന്നു.

'ഒരുപക്ഷെ അങ്ങനെയായിരുന്നെങ്കിൽ..

രമണന്റെ ജീവിതം തന്നെ മാറിപ്പോകുമായിരുന്നു. ചന്ദ്രികയെ വിവാഹം കഴിച്ച് കസേരകളിൽ മാറിമാറിയിരുന്ന് പ്രതാപവാനായി ജീവിക്കുമായിരുന്നു. 

'കസേര'. 

ഉടുമുണ്ട് ഒന്നഴിച്ചുകുത്തി കൈകൾ പിന്നിൽ കെട്ടി മുറിയിൽ രണ്ടുചാൽ നടന്ന് കഫം കുറുകിയ ശബ്ദത്തിൽ ചങ്ങമ്പുഴ പറഞ്ഞു.

'പച്ചക്കടല തിന്നാലാർക്കും പദ്യമെഴുതാനൊക്കും, മെച്ചത്തിലുള്ളതായ് തീരും കുറച്ചെച്ചിലും കൂടിക്കഴിച്ചാൽ' എന്ന പരിഹാസത്തെ എത്ര വലിയ കസേരക്കും മായ്ക്കാനാവില്ല രമണാ'. 

ബാല്യത്തിന്റെ തീരത്തുനിന്ന് സംസാരിക്കുന്നത് പോലെ ചങ്ങമ്പുഴയുടെ ശബ്ദം നേർത്തിരുന്നു. ജാലകത്തിന്റെ മരയഴിയിൽ അദ്ദേഹം അമർത്തിപ്പിടിച്ചു, ഓർമകളുടെ തിരത്തള്ളലിൽ കാലു തെറ്റാതിരിക്കാനെന്നോണം. 

'ഇന്നും ഏകാന്ത രാത്രികളിൽ ആ പരിഹാസകവിത എന്റെ നെഞ്ചിൽ വന്നലക്കാറുണ്ട്. രമണാ. അപ്പോൾ എവിടെ നിന്നോ അറ്റത്ത് തലയുടെ അളവിൽ കുരുക്കിട്ട ഒരു കയർ എന്നെ കശക്കിയെറിയാറുണ്ട്.'

'ഞാൻ ആത്മഹത്യ ചെയ്യാൻ തുടങ്ങുകയായിരുന്നു'  

കുരുക്ക് കയ്യിലെടുത്ത് ശ്രദ്ധയോടെ പരിശോധിച്ച് രമണൻ പറഞ്ഞു.

'കയർ കഴുത്തിൽ ഇടുകയും ചെയ്തതായിരുന്നു. അപ്പോളാണ് ഈ കയർ എന്നോട് പറയുന്നത് പോലെ, അങ്ങയെ വന്നുകാണാൻ'.

'നന്നായി രമണാ. നിങ്ങൾ വന്നത്. എല്ലാ എഴുത്തുകാരനെയും അവന്റെ  സൃഷ്ടിയുടെ നിമിഷങ്ങളിൽ ഒരു കയർ അഭിസംബോധന ചെയ്യാറുണ്ട്. എഴുത്തുകാരന്റെ മരണത്തിന്റെ കയർ.'

'ഞാൻ സംഗീതം ഇവിടെ ഉപേക്ഷിക്കുകയാണ്'. 

രമണൻ ഓടക്കുഴൽ എടുത്ത് ജിബ്രാന്റെ പുസ്തകത്തിന് മുകളിൽ വച്ചു. 

'അല്ലെങ്കിൽ തന്നെ, സംഗീതമെന്നാൽ, കലയെന്നാൽ എന്താണ്? കസേരയിൽ ഇരിക്കുന്നവന്റെ വിരസതയകറ്റാൻ കസേരയില്ലാത്തവൻ നടത്തുന്ന…

ചങ്ങമ്പുഴ ഇടയിൽ തടഞ്ഞു.

'രമണാ, നിങ്ങൾ വീണ്ടും കസേരയെക്കുറിച്ച് സംസാരിക്കുന്നു'.

'ക്ഷമിക്കണം. പറഞ്ഞുവരുമ്പോൾ അറിയാതെ എത്തിപ്പോകുന്നതാണ്. ജീവിതം ഒന്നിൽ നിന്ന് തുടങ്ങി വിചാരിക്കാത്ത മറ്റൊന്നിലെത്തുന്ന പോലെ. പ്രണയത്തെക്കുറിച്ച് പറഞ്ഞ് മരണത്തിലെത്തുന്നത് പോലെ. പ്രണയത്തിൽ നിന്നാരംഭിച്ച് മരണത്തിൽ ചവിട്ടി നിൽക്കുന്ന ഈ ആട്ടിടയന്റെ ജീവിതം പോലെ'. 

രമണന്റെ നീളമുള്ള കണ്ണുകൾ കൂമ്പിയടയുന്നതും അയാൾ മുറിയുടെ തിണ്ണയിൽ ചാഞ്ഞു കിടന്നുറങ്ങുന്നതും ചങ്ങമ്പുഴ കണ്ടു. ഒരച്ഛന്റെ കരുതലോടെ രമണനെ നോക്കിയിരിക്കുന്നതിനിടയിൽ എപ്പോളോ ചങ്ങമ്പുഴയും മയങ്ങിപ്പോയി. 

ഉണർന്നപ്പോൾ അയാളെത്തന്നെ നോക്കിക്കൊണ്ട് രമണൻ ഉണർന്നിരിക്കുന്നത് കണ്ടു. 

'ആത്മഹത്യ ഒരു കലാപമാണ്'. 

യാതൊരു മുഖവുരയുമില്ലാതെയാണ് രമണൻ ആരംഭിച്ചത്. 

'തന്നെ നിഷ്കരുണം തള്ളിക്കളയുന്ന സമൂഹത്തോടും തന്നോട് തന്നെയുമുള്ള കലാപം. അതൊരു കലയാണ്. മാസങ്ങളോ വർഷങ്ങളോ അഭ്യസിച്ചാലേ തെറ്റാതെ നിറവേറ്റാനാവൂ. സന്നദ്ധനാവേണ്ടി വരും. മനസ്സുകൊണ്ടും ശരീരം കൊണ്ടും. പക്ഷെ ഒന്ന് ചോദിക്കട്ടെ, മരണത്തിനു വിധിക്കപ്പെടുന്നതിനു മുൻപേ മരണപ്പെട്ട ഒരാൾ പിന്നെ മരിക്കേണ്ടതുണ്ടോ? ജനിക്കുന്നതിനു മുൻപേ തന്നെ മരിച്ചുപോയ ഒരാൾ'. 

ഒന്നും മനസിലാകാതെ ചങ്ങമ്പുഴ രമണനെ നോക്കി. ഉള്ളിലെ ഓർമകളുടെ ഓളംവെട്ടലിൽ രമണന്റെ കണ്ണുകൾ തിളങ്ങി, നിലാവ് ചാഞ്ഞ സമുദ്രം പോലെ. 

'കൃത്യമായി പറഞ്ഞാൽ, ചന്ദ്രികയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതൽ ഞാൻ മരണത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞുതുടങ്ങി. മരതകക്കുന്നിന്റെ താഴ്വരയിൽ ആടുമേച്ചുകൊണ്ട് നിൽക്കുമ്പോളായിരുന്നു അത്. 

കയ്യിൽ പൂക്കൂടയുമേന്തി ചന്ദ്രികയും കൂട്ടുകാരി ഭാനുമതിയും എനിക്ക് മുന്നിലൂടെ നടന്നുവരുന്നു. ചന്ദ്രികയെ നോക്കിയപ്പോൾ തന്നെ അനുരാഗചിത്തനായിത്തീർന്ന എന്റെ ഓടക്കുഴൽ സ്വയം ഒരു ഗാനം മൂളിപ്പോയത് മാത്രം ഓർമയുണ്ട്. അതുവരെ കണ്ടതൊന്നും അവളെ കണ്ടതിനു ശേഷം അതായിരുന്നില്ല. കല്ലുകൾക്ക് പോലും നവമൊരു ചൈതന്യം. ഇതുവരെ കണ്ട പൂക്കളൊന്നും പൂക്കളായിരുന്നില്ല. ഇതുവരെ പാടിയ പാട്ടുകളൊന്നും പാട്ടുകളായിരുന്നില്ലെന്ന് ഓടക്കുഴൽ സ്വകാര്യത്തിൽ. പ്രണയം സമ്പൂർണ്ണ മരണമാണ്. ഞാൻ മരിച്ചു. വീണ്ടും ജനിച്ചപ്പോൾ ഞാൻ ഞാനല്ലാതായി. ഉള്ളിലെ പണത്തിന്റെ, ജാതിയുടെ വേലിക്കെട്ടുകൾ അപ്രത്യക്ഷമായി. ഞാൻ തട്ടും തടവുമില്ലാതെ ആകാശത്ത് പാറിപ്പറന്നു നടക്കുന്ന അപ്പൂപ്പൻതാടിയായി'. 

'രമണാ' 

രമണനെ കേട്ടതായിപ്പോലും ഭാവിക്കാതെ ചങ്ങമ്പുഴ ചോദിച്ചു. ഒരു കൊച്ചുകുഞ്ഞിന്റെ ഔൽസുക്യത്തോടെ.

 'പറയു. എന്നെക്കുറിച്ചു പറയു'. 

'അങ്ങയെക്കുറിച്ച്? അറിയില്ല'  

രമണൻ അന്നാദ്യമായി ചങ്ങമ്പുഴയോട് ശബ്ദമുയർത്തി ചിരിച്ചു.

 'എന്റെ ജോലി ആടുമേയ്ക്കൽ മാത്രമല്ലെ?. 

രമണൻ എഴുന്നേറ്റു. ചങ്ങമ്പുഴക്ക് മുന്നിൽ നിവർന്നു നിൽക്കാൻ ശ്രമിച്ചു. യുഗങ്ങളായുള്ള കുനിഞ്ഞുനിൽപ് അയാളുടെ നട്ടെല്ലിനെ ആ രീതിയിൽ പരുവപ്പെടുത്തിയിരുന്നു. പളുങ്കുഗോട്ടികൾ പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ ചങ്ങമ്പുഴയെ നിഷ്കളങ്കമായി നോക്കി.   

'രമണൻ എന്ന് എനിക്ക് പേരിട്ടപ്പോൾ  രമിപ്പിക്കുന്നവൻ എന്നതിനപ്പുറം അങ്ങ് മറ്റൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷെ, ഈ പ്രപഞ്ചത്തിലെ കോടാനുകോടി നാമങ്ങളിൽ അത്രയെളുപ്പം മരണത്തിലേക്ക് പരിവർത്തനപ്പെടുത്താവുന്ന വേറെ ഏത് പേരുണ്ട് ?. രമണൻ. മരണൻ. ഒന്നുകൂടി കേട്ടുനോക്കൂ. മരണൻ. രമണൻ. അത്രമാത്രം മരണം തുളുമ്പി നിൽക്കുന്ന ഒരു പേര്. മരണം തുളുമ്പി നിൽക്കുന്ന ഒരു ജീവിതവും'. 

രമണൻ കഴുത്തിലണിഞ്ഞിരുന്ന കയർ കയ്യിലെടുത്തു. അതിന്റെ അടരുകളിൽ സ്നേഹത്തോടെ തലോടി. അപ്പോളയാളെ സർപ്പത്തെ കഴുത്തിൽ ധരിച്ചു നിൽക്കുന്ന കൈലാസനാഥനെ പോലെ തോന്നി. 

'ഈ കയർ ഒറ്റവരിക്കവിതയാണ്. രമണൻ അതിന്റെ അറ്റത്ത് ഞാത്തിയിട്ട മണിയും. ഈ മണിയുടെ  മുഴക്കം അങ്ങ് കേൾക്കുന്നില്ലേ?'

ചങ്ങമ്പുഴ രമണന്റെ കഴുത്തിലെ കുരുക്ക് ശ്രദ്ധാപൂർവം അഴിച്ച് കയർ പുറത്തേക്കെറിഞ്ഞു. കൈകളിൽ പിടിച്ചു കസാലയിൽ ഇരുത്താൻ ശ്രമിച്ചപ്പോൾ അയാൾ കുതറി വരാന്തയിലേക്ക് തെറിച്ചു.

'അങ്ങയുടെ കസേര സ്വന്തമാക്കാൻ വന്നതല്ല ഞാൻ. കീഴാളന്റെ ബുദ്ധിയിൽ ഉദിച്ച ചില സംശയങ്ങൾ വരേണ്യനോട് പങ്കുവെച്ചെന്നുമാത്രം. കസേരയിൽ അങ്ങ് തന്നെ ഇരിക്കൂ. അങ്ങ് സുന്ദരനും ഉന്നതകുലജാതനുമാണ്. കവിയാണ്. പണവും പദവിയും അധികാരവുമുള്ളവനാണ്. എനിക്കിതൊന്നുമില്ല, എന്റെ സ്ഥാനം ദാ അവിടെയാണ്'.

രമണൻ ഒരു പൊട്ടുപോലെ ഇരുട്ടിലേക്ക് മാഞ്ഞുപോകുന്നത് ചങ്ങമ്പുഴ നിശബ്ദനായി നോക്കിനിന്നു.

----
ജോമോൻ ജോസ്. 
എറണാകുളം സ്വദേശി. തൃപ്പൂണിത്തുറക്കടുത്ത് കണ്ടനാട് താമസിക്കുന്നു. ഓൺലൈനിൽ കഥകളും കവിതകളും എഴുതാറുണ്ട്.
നിരവധി മത്സരങ്ങളിൽ കഥകൾക്കും കവിതകൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

View More