Image

എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്.

Published on 10 April, 2021
എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്.


അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. യു.എ.ഇ.യുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു. 

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സര്‍ക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം എം.എ.യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വര്‍ഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബര്‍ 31 നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യില്‍ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് യു.എ.ഇ. എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ മറ്റ് പതിനൊന്ന് പേരാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കു
ന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക