തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടതായി രേഖ. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനായ അദീപിനെ ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിക്കുവാന്‍ യോഗ്യതയില്‍ ഇളവ് വരുത്തിയെന്നതാണ് ജലീലിനെതിരെ ഉയര്‍ന്ന ആക്ഷേപം.
യോഗ്യത ഇളവ് ചെയ്ത ഫയലില്‍ 2016 ആഗസ്റ്റ് ആറിനാണ് മുഖ്യമന്ത്രി ഒപ്പു വെച്ചത്. ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് വക വെക്കാതെയായിരുന്നു നടപടി.
യോഗ്യത പുനക്രമീകരണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്ന് ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് കാണിച്ച് മന്ത്രി ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി ഒപ്പു വെക്കുകയുമായിരുന്നു.