Image

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

Published on 12 April, 2021
നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)
ഒന്ന്

"വിഷുക്കണിയെക്കുറിച്ചു ബുദ്ധൻ  പറയാൻ വിട്ടു പോയ ഒരു സൂക്തം?"
"കാണിയുടെ അസാന്നിദ്ധ്യം  കണിയുടെ മാറ്റ് കൂട്ടും."

"കൊറോണക്കാലത്തും   വിഷു വേണോ?   ഇങ്ങനെ   അർത്ഥശൂന്യമായി
അയവിറക്കിയിട്ട്   ആർക്കാണൊരു   നേട്ടം."

"കിട്ടുന്ന ചെറിയ വിഷുക്കൈനീട്ടം പോലും  ബി പി എൽ കുട്ടികൾക്ക് വലിയ
ഒരു   നേട്ടമല്ലേ!"
"മേടത്തിൽ കൊന്ന പൂക്കുന്നത് കൊണ്ട്  കൊന്നക്കെന്താണൊരു നേട്ടം?"
"അപരന്റെ  ആർത്തന്റെ കണ്ണുകളിൽ  ഒളി മിന്നുന്ന  മഞ്ഞൾപ്രസാദം."



രണ്ട്

"മാഷ്  ഏട്ന്നാ?"
"വടകരേന്ന്."
"ഏട്യാ   പോകുന്ന്?"
"കൊടകരയോളം."
"ഇപ്പം മഠത്തിൽ കേറിയത് കുമ്പസരിക്കാനാ?"
"അല്ല, ഇത്തിരി ധർമ്മസംഭാരം കുടിക്കാൻ."
"സംഭാരം കുടിച്ചില്ലേ?"
"കുടിച്ചു.  മീനച്ചൂടിന്  കുറച്ചധികം  കുടിച്ചു."
"ഇനി ഗ്ലാസ് കഴുകി    കമഴ്ത്തിവെച്ചിട്ട്   സഞ്ചാരം  തുടർന്നോളൂ."



മൂന്ന്

"വഴിപോക്കനാണോ?"
"ബയി പെയച്ചു പോയ  ഒരു പോക്കർ ആണേ"
"പോക്കർ ചെരിപ്പെവിട്യാ  സൂക്ഷിച്ചത്?  കയറി  വന്ന വാതിൽപ്പടിയുടെ
ഇടത്തോ  വലത്തോ?"

"പടി കടന്നപ്പം ഹലാക്കിന്റെ     ബള്ളി പൊട്ടി.    ഇപ്പൊ ചെരിപ്പ്
ഞമ്മന്റെ    മൊട്ടേലാ "

" പോക്കറെ,     ഒരു ചെരിപ്പുകുത്തിയല്ല ബുദ്ധൻ ;
ചെരിപ്പുകുത്തികളുടെയും ചെരിപ്പുകുത്തിയായ  ചക്രവർത്തി!!
പഴയതെല്ലാറ്റിനേയും നിഷ്കരുണം   ഉപേക്ഷിക്കും.  മരാമത്തിൽ വിശ്വസിക്കുന്നില്ല.
ഉടച്ചു വാർക്കുന്നതിലാണ് താൽപ്പര്യം. അപ്പൊ  ദീപോ ഭവ!"


നാല്

"ഏട്ന്നാ?"
"കോലത്തുനാട്ടുന്ന്"
"അവിടെ കൊപ്രയ്ക്കൊക്കെ   വില എന്ത് വരും?"
"തീവില.   ക്വിന്റലിന്  ഡോളർ ഇരുന്നൂറ്!"
"ഇനി വന്ന കാര്യം പറഞ്ഞോളൂ."
"ബുദ്ധനെ സേവിക്കണം;   ഐ മീൻ.....  ബുദ്ധത്വം പ്രാപിക്കണം."
"കിണറ്റിൻകരയിലെ  ആ മരം      കണ്ടോ?"
"കണ്ടു."
"കൺകുളിർക്കെ കണ്ടോ?"
"കണ്ടു."
"കിണറ്റിൻകരയിലെ  ആ വരിക്കപ്പിലാവാണു  സാക്ഷാൽ  ബുദ്ധൻ.
ചക്കയെണ്ണാനൊന്നും മിനക്കെടാതെ  ഇനി  സാധകന് നഗ്നപാദനായി യാത്ര തുടരാം."
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക