-->

kazhchapadu

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

വര -ദേവി

Published

on

ചുണ്ടോട് ഇരുവിരൽ ചേർത്ത് മുറുക്കാൻ നീര് തുപ്പിക്കളഞ്ഞ് മാഞ്ഞൂരാൻ ബാറിനെ ലക്ഷ്യമാക്കി ഉസ്മാൻ ഗനി നടന്നു.
 
നീല ടീ ഷർട്ടും കറുത്ത ജീൻസുമാണ് വേഷം.  ക്ളീൻ ഷേവ് ചെയ്ത മുഖം. ചെമ്പിച്ച തല മുടിയും വെളുത്തു തുടുത്ത മുഖവും. കാതിലെ കടുക്കൻ ഉച്ച വെയിലേറ്റ് തിളങ്ങുന്നു.. ഇറുകിയ ടീ ഷർട്ടിനുള്ളിൽ മസിലുകൾ തെളിഞ്ഞു കാണുന്നു. ഇരുപത്തിയാറിനടുത്ത് പ്രായം വരും
 
രണ്ട് ബിയറും ഒരു ചില്ലി ചിക്കൻ ഡ്രൈയും ഓർഡർ ചെയ്ത് വിയർപ്പിനെ ശമിപ്പിക്കാനായി അയാൾ സീറ്റിലേക്ക് ചാരിയിരുന്നു.
 
തൊട്ടടുത്ത ടേബിളിലിരുന്ന വെളുത്തു തടിച്ച ഒരു കൗമാരക്കാരനിൽ ഉസ്മാന്റെ കണ്ണുകൾ ഉടക്കി. അല്‍പ്പനേരം ആ കൗമാരക്കരനെ അവൻ ഉറ്റു നോക്കിയിരുന്നു.
 
ഉസ്മാന്റെ കാതുകളിൽ റെയിൽവേയുടെ അനൗൺസ്മെന്റും തലങ്ങും വിലങ്ങും പായുന്ന ട്രെയിനുകളുടെ ശബ്ദവും നിറഞ്ഞു നിന്നു.
 
മൂക്കിനുള്ളിലേക്ക് എച്ചിൽ പാത്രങ്ങളുടെ ഗന്ധം കയറുന്നു. ടാപ്പിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ തണുപ്പ് കൈപ്പത്തിയിൽ അനുഭവപ്പെടുന്നു. ഒടുവിലൊരു കത്തി ചീറിപ്പായുന്നു. എച്ചിൽ പാത്രങ്ങളിലേക്ക് ചുടുചോര തെറിച്ചു വീഴുന്നു.
 
"പൊട്ടിക്കട്ടെ സാർ" ?
 
വെയിറ്ററുടെ ചോദ്യം ഉസ്മാനെ ഞെട്ടിച്ചു.
 
രൂക്ഷമായി അയാളെ നോക്കിയ ശേഷം മുഖം ഒരു വശത്തേക്ക് ചെരിച്ചു ആഗ്യഭാഷയിൽ അവൻ അനുവാദം കൊടുത്തു.
 
നുരഞ്ഞു പൊന്തിയ പത ഊതിക്കളഞ്ഞ് ബിയർ നുണഞ്ഞു കൊണ്ട് അവൻ വീണ്ടും ഓർമ്മകളിലേക്ക് ലയിച്ചു.
 
ബംഗാളിലെ  ശഹാർമോനി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ഒരുപാട് സ്വപ്നങ്ങളുമായി കേരളത്തിലേക്ക് ട്രെയിൻ കയറുന്ന ഒരു പതിനാറുകാരന്റെ മുഖം അവന്റെ ഓർമ്മകളിൽ നിന്നും  വലിയ തിരശീലയിലേക്ക് വന്നു.
 
കൃഷിയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ ബാപ്പു (ബാപ്പ) ആത്മഹത്യ ചെയ്തു. അമ്മിയെയും (ഉമ്മ) മൂത്ത ദീദിയെയും (ചേച്ചി)  താഴെയുള്ള രണ്ട് ഭായിമാരെയും (അനുജന്മാർ)  നോക്കി വിഷമിച്ചു  നിൽക്കുമ്പോഴാണ് തൊട്ടടുത്ത ഗ്രാമത്തിലെ അബ്ദുൾ ഹുസൈൻ കേരളത്തെക്കുറിച്ചു പറയുന്നത്. കേരളത്തിൽ ജോലിക്ക് പോയ ശേഷം അവനൊരുപാട് പണം  സമ്പാദിച്ചു .ഗ്രാമത്തിൽ ആദ്യമായി ബൈക്ക് വാങ്ങുന്നത് അവനാണ്.
 
മാത്രമല്ല ഒരു വർഷം കൊണ്ട് അവൻ വീട് പുതുക്കി പണിതു. ഗ്രാമത്തിൽ എല്ലാവർക്കും അവനെ ഇപ്പോൾ വലിയ മതിപ്പാണ്. കേരളത്തിൽ നിന്നും ലീവിന് വരുമ്പോൾ അവനെ കാണാൻ രാവിലെ തന്നെ ആളുകൾ കൂട്ടമായി ചെല്ലും. ചിലർ പണമാണ് സഹായം ചോദിക്കുന്നതെങ്കിൽ മറ്റു ചിലർക്ക് കേരളത്തിൽ ജോലിയാണ് വേണ്ടത്. പിന്നെ ചിലർക്ക് അവൻ കൊണ്ട് വരുന്ന തുണിത്തരങ്ങളിലും സുഗന്ധലേപനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമാണ് കണ്ണ്. ചിലർക്ക് മാത്രമാണ് അത്തരം സാധനങ്ങൾ അവൻ നൽകുക. ബാക്കിയുള്ളവരോടൊക്കെ അല്പം ഗമയിൽ ഇത്തവണ അധികം ഒന്നും കൊണ്ടു വന്നില്ല എന്ന് പറയും. ഉസ്മാൻ  ഇന്നേ വരെ അവനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഒരിക്കൽ അവൻ ഉസ്മാന് ഒരു ജോഡി ഷൂസ് നൽകി. ഒറ്റ നോട്ടത്തിൽ അത് അവൻ ഉപയോഗിച്ചതാണ് എന്ന് മനസ്സിലായങ്കിലും ഉസ്മാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു. ഗ്രാമത്തിലെ ജന്മിയുടെ കൃഷിയിടത്തിൽ ജോലി ചെയ്താൽ ഒരു ദിവസം ലഭിച്ചിരുന്നത് നൂറ് രൂപയും ഒരു കിലോ അരിയും ആയിരുന്നു. ഇന്നവന് കേരളത്തിൽ മാസം മുപ്പതിനായിരം രൂപയിലേറെ കിട്ടുന്നുണ്ടത്രേ. അവന്റെ വളർച്ചയിൽ അസൂയ മൂത്ത ജന്മി കേരളത്തിൽ അവന് മോഷണമാണ് തൊഴിൽ എന്നു പറഞ്ഞു നടന്നു.
 
ഇടയ്ക്കിടെ അവിടെ പോകുമ്പോൾ ഉസ്മാൻ  അവന്റെ വീട് നോക്കി ഏറെ നേരം നിൽക്കും.. എനിക്കും വേണം ഇത് പോലെ ഒരു വീട്. ദീദിയുടെ കല്യാണം നടത്തണം. അപസ്മാര രോഗമുള്ള അമ്മിയെ കൊൽക്കത്തയിൽ ഉള്ള നല്ല ഡോക്ടറെ കാണിക്കണം. 
 
 
അത്തവണ അബ്‌ദുൾ ഹസൈൻ ഉസ്മാനുള്ള ജോലി ശരിയാക്കിയ ശേഷമാണ് നാട്ടിൽ വന്നത്.
 
അങ്ങനെ കുറെയേറെ സ്വപ്നങ്ങളുമായി അമ്മി പൊതിഞ്ഞു നൽകിയ പലഹാരങ്ങളും രണ്ട് ജോഡി വസ്ത്രങ്ങളും നിറച്ച ചെറിയ ബാഗുമായി അവൻ കേരളത്തിലേക്ക് തിരിച്ചു. 
 
അബ്ദുൾ ഹുസൈൻ കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ് അവനെ പറഞ്ഞയച്ചത്. ക്ളീനിങ്ങാണ് ജോലി. രാവിലെ വന്നാൽ ഹോട്ടൽ തൂത്തുവാരി തുടയ്ക്കണം. പ്രധാന പാചകക്കരുടെ പാത്രങ്ങൾ കഴുകി നൽകണം. കക്കൂസ് കഴുകി വൃത്തിയാക്കണം. പിന്നെ എച്ചിൽ പാത്രങ്ങൾ കഴുകി തുടങ്ങണം. കഴുകിയ പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കിയ ശേഷം തുടച്ചു വൃത്തിയാക്കണം. ഉച്ചയ്ക്കത്തെ ഭക്ഷണം കഴിക്കുമ്പോൾ വൈകുന്നേരം നാലു മണി കഴിയും. അതിനിടയിൽ വായുവിൽ കലർന്ന ബിരിയാണിയുടെയും കറികളുടെയും മണം അവന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കും.
 
ഭക്ഷണത്തിന് നടുവിൽ നിന്നിട്ടും കൃത്യ സമയത്ത്‌  ഭക്ഷണം കഴിക്കാൻ കഴിയാത്തവരാണ് ഹോട്ടൽ ജീവനക്കാർ എന്നവൻ മനസ്സിലാക്കി.
 
ആദ്യ ദിവസം എച്ചിൽ പാത്രങ്ങൾ കഴുകി വൈകുന്നേരമായപ്പോൾ അവൻ ഛര്‍ദ്ദിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ  കൈകളിലെ തൊലി പൊട്ടി പൊളിയുവാൻ തുടങ്ങി. അധികം താമസിക്കാതെ അത് പഴുത്ത് ചെറിയ വൃണമായി.
 
ഗ്ലൗസ് ഉപയോഗിച്ചു കഴുമ്പോഴും അവന്റെ കൈകൾ നീറിപ്പുകഞ്ഞു. എല്ലാം അവൻ സഹിച്ചു നിന്നു. അമ്മിയും സഹോദരങ്ങളും മാത്രമായിരുന്നു മനസ്സിൽ.
 
ജീവിതത്തിൽ താൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആഹാരങ്ങളും പാനീയങ്ങളും അവനെ കൊതിപ്പിച്ചു. ഇടിയപ്പവും ബിരിയാണിയും അവന് ഏറെ ഇഷ്ടമായി. ഉച്ചയ്ക്ക് വയ്ക്കുന്ന ബിരിയാണി മിച്ചം വരുമ്പോൾ രാത്രി അത് ജീവനക്കാർക്ക് നൽകുന്ന പതിവ് ഏത് ഹോട്ടലിലെയും പോലെ അവിടെയും ഉണ്ടായിരുന്നു. പക്ഷെ ചിക്കന്റെ ഒരു കഷണം പോലും അതിൽ ഉണ്ടാവില്ല. അതൊക്കെ പ്രധാന ജോലിക്കാർ എടുത്ത് കഴിക്കുകയും ശേഷിക്കുന്നത് പൊതിഞ്ഞു വീട്ടിൽ കൊണ്ടു പോകുകയും ചെയ്തു. ഹോട്ടലിൽ കഴിക്കാൻ വരുന്നവരിൽ സുന്ദരികളായ പെണ്ണുങ്ങളെ ഉസ്മാൻ കണ്ണെടുക്കാതെ നോക്കി നിന്നപ്പോൾ അസ്സംകാരൻ സൈബൂൽ അലി അവന് താക്കീത്‌ നൽകി.
 
""നമ്മുടെ തുറിച്ചു നോട്ടം അവർക്ക് ഇഷ്ടപ്പെടില്ല. ചിലപ്പോൾ മാനേജരോട് പരാതി പറയും. പക്ഷെ അവർ അത് നന്നായി ആസ്വദിക്കുന്നുമുണ്ട്".
 
ആസ്വദിക്കുന്നെങ്കിൽ പിന്നെന്തിന് പരാതി പറയണം. ആ ചിന്ത അവനെ കുഴക്കി.
 
പിന്നീടുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒരു വർഷം ജോലി പരിചയമുള്ള സൈബൂൽ അലിയുടെ കേരളാനുഭവം അവൻ ജോലി ചെയ്യുന്നതിനിടയിൽ ശ്രദ്ധയോടെ കേട്ടു.
 
കേരളത്തിലെ ആണുങ്ങൾ പകുതിയും ഗൾഫ് രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള ചിലരാണെങ്കിൽ ദിവസവും ജോലി കഴിഞ്ഞാൽ മദ്യപിച്ചു കിടന്നുറങ്ങും.
 
കണ്ടില്ലേ വയറൊക്കെ ചാടിയിരിക്കുന്നത്.
 
അത് കൊണ്ട് സ്ത്രീകളാരും തൃപ്തരല്ല. രഹസ്യമായി മുട്ടിയാൽ എളുപ്പത്തിൽ നമുക്ക് കാര്യം സാധിക്കാം. ശബ്ദം താഴ്ത്തി ഉസ്മാന്റെ ചെവിയിൽ രഹസ്യം പോലെ അവൻ പറഞ്ഞു "ഈ ഹോട്ടലിൽ വരുന്ന മൂന്ന് കസ്റ്റമറെ ഞാൻ വളച്ചിട്ടുണ്ട്".
 
ഉസ്മാൻ അവനെ അസൂയയോടെയും അല്പം ബഹുമാനത്തോടെയും നോക്കി നിന്നു.
 
തന്റെ ചന്തിയിലെ പുഴുക്കടി ജീൻസിന്റെ പുറമെ മാന്തി പുകലക്കറ നിറഞ്ഞ പാതിയൊടിഞ്ഞ പല്ലുകൾ കാട്ടിച്ചിരിച്ചു അല്പം ഗമയിൽ സൈബൂൽ ഒന്നു നടുവ് നിവർത്തി.
 
ചിക്കൻ ഫ്രൈ ഉസ്മാനെ ഒരുപാട് കൊതിപ്പിച്ചു. ഒരു കഷണം കഴിക്കാനുള്ള ആഗ്രഹം അവനിൽ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഒരു ദിവസം ആരും കാണാതെ ഒരു കഷണം ചിക്കൻ ഫ്രൈ അവൻ തന്റെ കീശയിലാക്കി പാത്രങ്ങൾ കഴുകുന്ന സ്ഥലത്ത് നിലത്തൊരു കടലാസ് വിരിച്ചിരുന്നു കഴിക്കാൻ തുടങ്ങി.
 
പിന്നിൽ നിന്നും തലക്ക് കിട്ടിയ അടിയുടെ ആഘാതത്തിൽ അവൻ മൂക്ക് കുത്തി നിലത്തേക്ക് വീണു.
 
തിരിഞ്ഞു നോക്കുമ്പോൾ ആറടി ഉയരമുള്ള കറുത്ത ദൃഢകായനായ ഒരു മനുഷ്യൻ നിന്ന് മുരളുകയാണ്. 
 
ഹോട്ടലിന്റെ മാനേജർ ഷംസീർ. "ആരട്ട കേട്ടിട്ട് നീണ് അതെടുത്ത് തിണ്ടോ"?
 
(ആരോട് ചോദിച്ചിട്ടാടാ  നീ ഇതെടുത്ത് കഴിച്ചത്‌ )
 
കാസർകോഡിനും കർണ്ണാടകയ്ക്കും ഇടയിലുള്ള ഒരു പ്രദേശമാണ് ഷംസീറിന്റെ സ്വദേശം. നക്ക് നിക്ക് എന്ന ഭാഷയിലും ഹിന്ദിയിലുമാണ് അയാൾ കൂടുതലും സംസാരിക്കുന്നത്.
 
അവൻ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നപ്പോൾ അയാൾ വീണ്ടും അതേ ചോദ്യം ഹിന്ദിയിൽ ചോദിച്ചു 
 
"എ കിസ്‌കോ പൂച്ച്കേ എ ഖായാ"?
 
തല താഴ്ത്തി നിന്ന അവന്റെ കരണം തീർത്ത് അയാൾ ആഞ്ഞടിച്ചു.
 
പിന്നീടൊരു രാത്രിയിൽ മിച്ചം വന്ന ചിക്കൻ പാചകക്കാരൻ വച്ചു നീട്ടിയപ്പോൾ അവൻ കഴിക്കാൻ കൂട്ടാക്കിയില്ല. കൊതിയെയും വിശപ്പിനെയും ഭയം ഇല്ലാതാക്കി.
 
ഉസ്മാൻ തന്റെ മുൻപിലിരുന്ന ചിക്കൻ പീസ് എടുത്ത് കഴിച്ചു കൊണ്ട് പ്ലെയിറ്റിലേക്ക് നോക്കി ശ്വാസം എടുത്തു വിട്ടു. അടുത്ത ബിയർ പൊട്ടിച്ചു...
 
വീണ്ടും ഓർമ്മകളിൽ മുഴുകി.
 
മണിക്കൂറുകൾ ജോലി ചെയ്തിട്ട് എവിടെയെങ്കിലും ഇരിക്കുമ്പോൾ മാനേജരുടെ കണ്ണുകൾ അവനെ തേടിയെത്തും. ഓരോ ജോലികൾ പറഞ്ഞു ചെയ്യിപ്പിക്കും. അയാളെ അവന് ഭയമായി തുടങ്ങി. മിക്കപ്പോഴും മദ്യപിക്കുന്ന അയാൾ എപ്പോഴും വായിൽ ഏലക്ക ചവച്ചു കൊണ്ടിരിക്കും. ആളുകളുടെ മുൻപിൽ വച്ചു തന്നെ കാണുമ്പോൾ നേർച്ച പോത്ത് എന്ന് പറഞ്ഞു അയാൾ കളിയാക്കും. 
 
വണ്ണമുള്ള വെളുത്ത ആളുകളെ കാണുമ്പോഴൊക്കെ അയാൾ ആ വാചകം ഉച്ചരിക്കും.
 
ഒരിക്കൽ അബ്ദുൾ ഹുസൈൻ അവനെ കാണാൻ ഹോട്ടലിൽ വന്നു. സങ്കടങ്ങൾ പറയാൻ വെമ്പി നിന്ന അവൻ അബ്ദുളിനെ കണ്ട മാത്രയിൽ പൊട്ടിക്കരഞ്ഞു പോയി.
 
കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ  അബ്ദുൾ ഹുസൈൻ അവനെ ആശ്വസിപ്പിച്ചു.. 
 
"ഇതൊക്കെ ആദ്യമുണ്ടാകും. നമ്മൾ ഇവിടെ ജോലി ചെയ്‍താൽ നമ്മുടെ കുടുംബം ഭംഗിയായി നോക്കാൻ സാധിക്കും"
 
പോകാൻ നേരം അബ്ദുൾ ഹുസൈൻ ഒന്ന് കൂടി പറഞ്ഞു. മാനേജർ ഒരു മുഴുക്കുടിയനും ദേഷ്യക്കാരനുമാണ്. ഇതൊക്കെ കാരണം ഭാര്യ അയാളെ ഉപേക്ഷിച്ചു പോയതാണ്.
 
അബ്ദുൾ ഹംസൈൻ യാത്ര പറഞ്ഞു പോയപ്പോൾ ഉസ്മാന് കരച്ചിൽ വന്നു. ദുഃഖം വരുമ്പോൾ അവൻ തന്റെ അമ്മിയെ മനസ്സിൽ ഓർക്കും.
 
ദിവസങ്ങൾ കഴിയും തോറും മാനേജരുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ അവൻ കണ്ടു. പാത്രം കഴുകുമ്പോഴും തറ തുടക്കുമ്പോഴുമൊക്കെ അയാൾ വന്ന് തന്റെ നിതംബങ്ങളിൽ കൈകൾ കൊണ്ട് അമർത്തി ഞെരിക്കും.
 
അടുക്കളയിലെ പ്രധാന പാചകക്കാരൻ സഹായിയായി നിൽക്കുന്ന ചേച്ചിയെ ഇങ്ങനെ ചെയ്യുന്നത് ഉസ്മാൻ കണ്ടിട്ടുണ്ട്. കണ്ടാലും അവനത് കണ്ടില്ലെന്ന് നടിക്കും. ഇല്ലെങ്കിൽ അയാളുടെ പീഡനം കൂടി സഹിക്കേണ്ടി വരും. 
 
ഒരു രാത്രി ഹോട്ടൽ അടച്ച ശേഷവും ഉസ്മാന്റെ ജോലി കഴിഞ്ഞില്ല. തിരക്ക് കൂടിയ ദിവസമാണ്. പത്രങ്ങൾ ഇനിയും കഴുകി തീരുവാനുണ്ട്.
 
തിരക്കിട്ട് അവൻ പാത്രങ്ങൾ കഴുകി കൊണ്ടേയിരുന്നു. എലക്കയുടെ മണം പിന്നിൽ നിന്നും കഴുത്തിലേക്കടിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.
 
ചുവന്ന കണ്ണുകളുമായി പിന്നിൽ ഷംസീർ  നിൽക്കുന്നു..
 
"നിക്ക് ബേറെ സൊറ പഠിപ്പാട്ടി തണ്ടേ"?
 
അതും പറഞ്ഞ് അയാൾ അവനെ വലിച്ചു കൊണ്ട് ഹോട്ടലിലെ സാധങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്റ്റോറിലേക്ക് കൊണ്ട് പോയി.
 
തന്റെ കരച്ചിൽ കേൾക്കാനെങ്കിലും മൈദയുടെയും പഞ്ചസാരയുടെയും ചാക്കുകൾക്ക് ചെവിയുണ്ടായിരുന്നുവെങ്കിൽ എന്നവൻ ആഗ്രഹിച്ചു.
 
പുറത്തിറങ്ങിയ ഉസ്മാൻ വലിയ ഒച്ചയോടെ ഓക്കാനിച്ചു കൊണ്ടിരുന്നു.. പല തവണ വായ കഴുകിയിട്ടും അവന് മതിയായില്ല. എച്ചിൽ പാത്രങ്ങളിലേക്ക് തല കുമ്പിട്ട് അവൻ വാ വിട്ട് കരഞ്ഞു.
 
പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ വരവ് ഒരു പതിവായി. തന്റെ ശരീരത്തിൽ രക്തം കണ്ടാലും അടങ്ങാത്ത അയാളുടെ കാമവെറി അവന്റെ ഉറക്കം കെടുത്തി..
 
അയാളുടെ ഭാര്യ അയാളെ പിരിഞ്ഞു പോയത് എത്ര നന്നായി എന്നവൻ ചിന്തിച്ചു.
 
ഏലക്കയുടെ മണം , അത് വെറുതെ ഒന്ന് ശ്വസിച്ചാലും അവന് ഭയമാണ്..
 
കഴുകി വൃത്തിയാക്കിയ പാത്രങ്ങളിൽ മുഖം നോക്കി അവൻ സ്വയം പറഞ്ഞു..
 
"നേർച്ച പോത്ത്"
 
കേരളത്തിൽ കാലവർഷം തുടങ്ങിയ ഒരു രാത്രി. അന്നും അയാൾ ഏലക്കയും ചവച്ചു കൊണ്ട് അവന്റെ അരികിലേക്ക് വന്നു.  പുഞ്ചിരിച്ചു കൊണ്ട് അയാൾ അവനോട് ചോദിച്ചു  "നക്ക് നിണ്ടോ മയ്യായിത്ത്, നിണ്ടോ ഉമ്മടെ നക്ക് ആക്കി തണ്ടേ"?
 
പതിവ് പോലെ അവൻ ഒന്നും മനസ്സിലാകാതെ നിന്നു. അപ്പോൾ അയാൾ ഹിന്ദിയിൽ അതേ ചോദ്യം ആവർത്തിച്ചു 
 
"തെരെ സാത്ത്  ബസ് ഹോഗയാ , അബി തെരെ മാ കോ മിലാദെ മുജെ"?
 
തന്റെ അമ്മിയെക്കുറിച്ചാണ് അയാൾ പറഞ്ഞത് എന്ന് മനസ്സിലാക്കിയ ഉസ്മാനിൽ എവിടെ നിന്നോ ഒരു കോപം ഇരച്ചു കയറി. ഇറച്ചി വെട്ടുന്ന കത്തി അവന്റെ കണ്ണുകളിൽ തടഞ്ഞു. വായുവിൽ കത്തി ചീറിപ്പാഞ്ഞു. ഒരലർച്ചയോടെ ഷംസീർ വെട്ടേറ്റ് നിലത്ത്‌ വീണു. എച്ചിൽ പത്രങ്ങളിൽ രക്തം തെറിച്ചു വീണു. 
 
പത്രങ്ങളിലും വാർത്താ ചാനലുകളിലും കുറച്ചു നാളത്തേക്ക് ഉസ്മാൻ ഗനി എന്ന കൗമാരക്കാരൻ  നിറഞ്ഞു നിന്നു.
 
മോഷണ ശ്രമം തടയാൻ ശ്രമിച്ച ഹോട്ടൽ മാനേജർ വെട്ടേറ്റ് മരിച്ചു. ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
 
കൊലപാതകം താൻ ചെയ്തതാണെന്നെ്‌ അവൻ സമ്മതിച്ചു. പക്ഷെ ഹോട്ടലിൽ നിന്നും കാണാതായ പണം എവിടെ ?
 
അവന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാതെ പൊലീസുകാർ  തന്നെ എവിടെ നിന്നോ തൊണ്ടിമുതലായി കുറച്ചു പണം ഒപ്പിച്ചു. 
 
ബാക്കി പണം പതിനാറുകാരൻ ഒറ്റ രാത്രിയിൽ ധൂർത്തടിച്ചതിന് രേഖകളും ഹാജരാക്കി.
 
ആ പണം അപഹരിച്ചത് ആരെന്ന് അന്വേഷിക്കാനോ തന്റെ കേസ് ആരെയെങ്കിലും കൊണ്ട്‌ വാദിപ്പിക്കാനോ ഉസ്മാൻ നിന്നില്ല. 
 
കാരണം ഒരു തരത്തിൽ ജൂവനൽ ഹോമും പ്രായ പൂർത്തിയായത്തിന് ശേഷം മാറിയ ജയിലും അവന് സ്വർഗ്ഗമായിരുന്നു.. കൃത്യ സമയത്ത്‌ ആഹാരമെങ്കിലും കഴിക്കാൻ സാധിക്കുമല്ലോ.
 
ഏറെ കാലങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ഉസ്മാൻ ഗനി ഇന്ന് ആലുവ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലിക്ക് നല്കുന്ന സംഘത്തിന്റെ മുഖ്യ തലവനാണ്. കൂടാതെ മണിപ്പൂരിൽ നിന്നും നാഗാലാൻഡിൽ നിന്നും  പെൺകുട്ടികളെ ഇറക്കി കുടുസ്സ് മുറികളിൽ താമസിപ്പിച്ച് രാത്രിയിൽ  ഇരകളെ അവൻ തേടിപ്പിടിച്ചു. കൈ നിറയെ പണം. 
 
പക്ഷെ ഒരിക്കൽപ്പോലും അവന് തിരികെ തന്റെ ഗ്രാമത്തിലേക്ക് പോകുവാൻ തോന്നിയില്ല.
 
അബ്ദുൾ ഹുസൈൻ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു. അവൻ ജയിലിൽ ആയിരുന്ന സമയത്ത്‌ അവന്റെ അമ്മി കുളത്തിൽ വീണ് മരിച്ചു എന്ന്. ദീദിയെ നാല്പത്തിയഞ്ച് വയസ്സ് വരുന്ന ഒരാളാണ് വിവാഹം കഴിച്ചതെന്ന്.
 
സമൂസയും ജിലേബിയും മറ്റ് മധുര പലഹാരങ്ങളും. അതിനിടയിൽ ഒരു നാല്പത്തിയഞ്ചുകാരനൊപ്പം തന്റെ ദീദി.
 
അവനത് ഓർക്കാൻ പോലും ഇഷ്ടപ്പെട്ടില്ല. ഭായിമാർ നാട്ടിൽ ചില്ലറ ജോലിയൊക്കെ ചെയ്തു തുടങ്ങി. പക്ഷെ അവർക്ക് അവരുടെ ഭയ്യ കള്ളനും കൊലപാതകിയുമാണ്.
 
ഇനി തന്നെയും വിളിക്കരുത് എന്ന് പറഞ്ഞിട്ടാണ് അബ്ദുൾ ഹുസൈൻ  അന്ന് യാത്ര പറഞ്ഞു പോയത്. അബ്ദുൾ ഹംസൈൻ എന്തിനാണ് തന്നെ അകറ്റുന്നത് എന്നവൻ പല വട്ടം ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല..
 
സാർ ബിൽ !..
 
ഉസ്മാൻ വീണ്ടും തന്റെ സ്വപ്നങ്ങളിൽ നിന്നും ഉണർന്നു.
 
വാച്ചിൽ നോക്കിയപ്പോൾ സമയം 3:50 pm
 
ഫയലിലേക്ക് പണം വച്ച ശേഷം ധൃതിയിൽ  റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.
 
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
 
ട്രെയിൻ നമ്പർ 22642 തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രെസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുന്നു"
 
ട്രെയിനിലെ ലോക്കൽ കംപാർട്മെന്റിൽ നിന്നും വലിയ ബാഗുകളുമായി കൂട്ടമായി  ഇതര സംസ്ഥാന തൊഴിലാളികൾ ഇറങ്ങുന്നുണ്ടായിരുന്നു.. 
 
തന്റെ മൊബൈലിലേക്ക് വന്ന വിളിയുടെ അടിസ്ഥാനത്തിൽ ഉസ്മാൻ ആ സംഘത്തെ കണ്ടെത്തി.
 
ഒരു തരം മുഷിഞ്ഞ ഗന്ധവുമായി  ഏഴോളം പേരുണ്ടായിരുന്നു അവർ. 
 
അവർ  വെളുത്തു തടിച്ചു പതിനാറ് വയസ്സ് പ്രായം വരുന്ന ഒരു പയ്യനെ ഉസ്മാനെ ഏൽപ്പിച്ചു. 
 
നിറം മങ്ങിയ കൈനീളമുള്ള ഒരു മഞ്ഞ ബനിയനും പഴയ ജീൻസും സ്‌ലിപ്പോൻസിന്റെ വള്ളി പൊട്ടിയ ചെരുപ്പും ധരിച്ച ആ പയ്യനെ ഉസ്മാൻ അടിമുടി നോക്കി.
 
ഉസ്മാന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.
 
അവനെയും കൊണ്ട്  റെയിൽവേ സ്റ്റേഷന് പുറത്തേക്ക് നടക്കുമ്പോൾ ഉസ്മാൻ മെല്ലെ പറഞ്ഞു
 
"നേർച്ച പോത്ത്"
 
"കീ ബോൽ ശീ ഭയ്യാ"?
 
(എന്താ ചേട്ടാ പറഞ്ഞത് )
 
നിഷ്കളങ്കതയോടെ അവൻ ചോദിച്ചു 
 
"കുച്ചു നയി" ( ഒന്നുമില്ല )
 
ഉസ്മാൻ പോക്കറ്റിൽ നിന്നും  എലക്കയെടുത്ത് വായിലിട്ട് ചവയ്ക്കാൻ തുടങ്ങി.
 
----------------------------
നിവിൻ എബ്രഹാം വാഴയിൽ
 
കോട്ടയം ജില്ലയിലെ മുണ്ടക്കയം ആണ് സ്വദേശം.ബ്ലോഗിലും ആനുകാലികങ്ങളിലും എഴുതി വരുന്നു.ആദ്യ കഥാ സമാഹാരം മഴമർമ്മരങ്ങൾ ആമസോൺ കിൻഡിലിൽ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

View More