Image

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

Published on 15 April, 2021
കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ
ബഹുമുഖ പ്രതിഭ എന്ന വിളി ഏറ്റവുമധികം അർഹിക്കുന്ന വ്യക്തിയാണ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ്. കവി, ഗാനരചയിതാവ്,  വിവർത്തകൻ, മലയാളം സർവ്വകലാശാല മുൻ  വൈസ് ചാൻസലർ എന്നീ വിശേഷണങ്ങൾക്ക് പുറമേ പ്രശസ്ത സംവിധായകൻ എം.കൃഷ്ണൻ നായരുടെ മകൻ എന്ന  നിലയിലും  മലയാളികൾക്കദ്ദേഹം സുപരിചിതനാണ്.
 
അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ഒരുപിടി മനോഹരഗാനങ്ങൾ ആലപിക്കുന്നതോടൊപ്പം, രചയിതാവിൽ നിന്ന് തന്നെ ആ പാട്ടുകളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കേൾക്കാനുള്ള അപൂർവ അവസരത്തിനും ഫോമായുടെ സാന്ത്വന സംഗീതം എന്ന പരിപാടി  വേദിയായി.
 
ഒരു ഐഎഎസുകാരന്റെ  എഴുത്തുജീവിതത്തെ  നാട്യമായും പൊരുത്തക്കേടായും കരുതുന്നവർക്കുള്ള  മറുപടിയായി വിരമിച്ച ശേഷം കുറിച്ച കവിത ചൊല്ലിക്കൊണ്ടാണ് ആ മഹാരഥൻ സംസാരിച്ചു തുടങ്ങിയത്. 
 
വിശ്രമജീവിതത്തിൽ ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന നാലുപതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജീവിതത്തെ ചുരുങ്ങിയ വാക്കുകളിൽ അർത്ഥവ്യാപ്തി ചോരാതെ കോർത്തിണക്കിയതിൽ നിന്ന് തന്നെ അദ്ദേഹത്തിലെ കാവ്യാത്മക വൈഭവം വ്യക്തമാണ്. വിസിറ്റിംഗ് കാർഡുകൾ എന്നാണ് കവിതയുടെ പേര്.
 
വിസിറ്റിംഗ് കാർഡുകൾ 
 
പലപ്പോഴായി ഞാൻ ഇരുന്ന സ്ഥാനങ്ങൾ 
വെളിപ്പെടുത്തുമീ ചെറിയ കാർഡുകൾ 
ഇടപെടുന്നോർക്ക് കൊടുത്തിരുന്നു ഞാൻ 
അവരെൻ കാർഡുകൾ എനിക്ക് തന്നപോൽ 
പഴയ കാർഡുകൾ നിരത്തി വച്ചു ഞാൻ 
പകച്ചിരിക്കുന്നു വിഫല ചിന്തയിൽ
പലതുമാണ് ഞാൻ കഴിഞ്ഞിരുന്നതും 
പലതുമാണെന്ന് നിനച്ചിരുന്നതും 
സകലതും നല്ല ഫലിതമാണിപ്പോൾ 
അറിയുന്നു സ്ഥാനവിമുക്തനാണു ഞാൻ.
 
ഇലകൊഴിയും പോൽ അടർന്നുവീണുപോയ് 
അവ കൊറിക്കുന്ന കസേര ഗർവ്വങ്ങൾ 
വിലാസവും പേരും ആരു ഞാനെന്നും 
കുറിച്ച കാർഡുകൾ വ്യർത്ഥമാണിപ്പോൾ 
 
ആ നിത്യനിത്യങ്ങൾ നിർവ്വചിക്കാനും 
വ്യാജനിർമ്മിതി തിരിച്ചറിയാനും കഴിയണം
 ഊരിയെറിഞ്ഞ  നിസാര നിഴലുടുപ്പുകൾ 
മറന്നുപോകണം, ഇവിടെ നിൽപ്പു ഞാൻ
ആരു ഞാനെന്ന  ചോദ്യവിത്ത് മുളയ്ക്കുവാൻ വേണ്ടി.
 
 
 
നിരവധി താക്കോൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ ' ആ സ്ഥാനങ്ങൾ' കുറിച്ച വിസിറ്റിംഗ് കാർഡുകൾ ധാരാളം കൈവശം ഉണ്ടെങ്കിലും, വിരമിക്കുന്നതോടെ അവയൊന്നും സ്വന്തമല്ലെന്നാണ് ആ കവിഹൃദയം പറയുന്നത്. ഔദ്യോഗികമായ മേലങ്കികൾ എല്ലാം ഊരിമാറ്റുമ്പോഴും,  കസേരയുടെ മേൽവിലാസം ഇല്ലാതെ  നിലനിൽക്കുന്ന സ്വത്വത്തിലാണ് അദ്ദേഹം അഭിമാനം കൊള്ളുന്നത്.
 
ഔദ്യോഗിക ജീവിതത്തിൽ ലഭിച്ച നേട്ടങ്ങളൊക്കെയും രചിച്ച കവിതകളുടെയും ഗാനങ്ങളുടെയും കാല്ക്കൽ സമർപ്പിക്കുമെന്ന് പറയുന്നതും അതുകൊണ്ടാണ്. സ്ഥാനമാനങ്ങൾക്ക് മുൻപിൽ കസേര ഗർവ്വമില്ലാതെ കഴിയാൻ സാധിച്ചതും താനൊരു കവിയായതുകൊണ്ടാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. 
 
 
കവി, ഗാനരചയിതാവ് എന്നീ നിലയ്ക്കുണ്ടായ  അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി:
 
"മാനവികമായ പ്രവർത്തനങ്ങൾ സ്വാഭാവികമായി ഏറ്റെടുപ്പിച്ചിരുന്നത് എന്നിലെ കവിയാണ്. അധികാരത്തിന്റെയോ താൻപോരിമയുടെയോ വാരിക്കുഴിയിൽ വീഴാതെ വളരെ ജാഗ്രതയോടെ എന്നെ നല്ലനടപ്പിലേക്ക് കൊണ്ടുപോയതും കാവ്യമനസ്സുതന്നെ.  ജീവിതത്തിന്റെ ഈ സായാഹ്ന വർഷങ്ങളിൽ, ലോകത്തിന്റെ പലകോണിൽ നിന്നുള്ളവരുടെ നിർവ്യാജമായ സ്നേഹം എനിക്ക് ലഭിക്കുന്നതും അതുകൊണ്ടാണ്.
 
സിനിമാഗാനാരചനയിലേക്ക് ഞാൻ എത്തപ്പെട്ടത് യാദൃശ്ചികമായിട്ടല്ല . അതിനെ ഒരു നിയോഗമായി കാണുന്നു. ഐഎഎസ് നേടിയിരുന്നില്ലെങ്കിൽ ഗാനരചയിതാവാകുമായിരുന്നു എന്നുതന്നെയാണ്  എന്റെ വിശ്വാസം. 
 
ഞാൻ ജനിക്കുമ്പോൾ തന്നെ അച്ഛൻ സിനിമയിൽ തിരക്കിട്ട സംവിധായകനായിരുന്നു.വയലാർ രാമവർമ്മ, പ്രേം നസീർ, എം.എസ്.ബാബുരാജ് ഇവർ മൂവരുമായിരുന്നു അച്ഛന്റെ അടുത്ത സുഹൃത്തുക്കൾ. 
 
ബാല്യത്തിൽ തന്നെ വയലാറിനെപ്പോലൊരാൾ നിറസാന്നിധ്യമായിരുന്നതിന്റെ സ്വാധീനം, വളരെ വലുതാണ്.  റെക്കോർഡിങ്ങിനു ശേഷം വയലാർ ഗാനങ്ങളുടെ കയ്യെഴുത്തുപ്രതി അച്ഛൻ വീട്ടിൽ  കൊണ്ടുവന്നിരുന്നത് ആരാധനയോടെ നോക്കി, എന്റെ കയ്യക്ഷരം പോലും ആ തരത്തിലേക്ക് മാറിത്തുടങ്ങി. 
 
അച്ഛൻ സംവിധാനം ചെയ്ത ഭദ്രദീപമെന്ന ചിത്രത്തിൽ എന്നെക്കൊണ്ട് ഒരു പാട്ടെഴുതിക്കാൻ ശുപാർശ ചെയ്തത് അമ്മയാണ്. 'പുഞ്ചിരി വിരിയും ചുണ്ടിൽ' എന്ന പ്രണയഗാനത്തിലൂടെ ടൈറ്റിൽ കാർഡിൽ വയലാറിനൊപ്പം പേര് വന്നു. ബാബുരാജ് ഈണമിട്ട് യേശുദാസ് പാടിയ ആ പാട്ടിന്റെ പേരിൽ കോളജ്‌ കാലഘട്ടത്തിൽ ശരിക്ക് വിലസി. പിന്നീട് ഐഎഎസ് നേടിയ ശേഷമാണ്, ഉള്ളിൽ ഉറങ്ങി കിടന്ന ഗാനരചന എന്ന മോഹം വീണ്ടും ചിറകടിച്ചത്. 
 
 
'ഒരു വടക്കൻ വീരഗാഥയിലെ' ചന്ദനലേപ സുഗന്ധം.. പോലുള്ള ഗാനങ്ങൾക്ക് ഇപ്പോഴും പ്രായമാകുന്നില്ലെന്നതിൽ വലിയ സന്തോഷം. ബോംബെ രവിയുടേതായിരുന്നു സംഗീതം. 30 വര്‍ഷം കഴിഞ്ഞിട്ടും അതേ പ്രണയാദ്രതയോടെ ഈ തലമുറയ്ക്കും ആസ്വദിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല.
 
രവീന്ദ്രസംഗീതത്തിന്റെ മാന്ത്രികതയിലാണ് ശരാശരിയിൽ ഒതുങ്ങുമായിരുന്ന 'കുടജാദ്രിയിൽ...' എന്ന ഗാനം ഇത്രയധികം ഭാവതീവ്രമായത്. മറ്റു സംഗീത സംവിധായകരെ അപേക്ഷിച്ച് , തന്റെ മനസ്സിലുള്ള രീതിയിൽ ഗാനം വികസിപ്പിച്ചെടുക്കാൻ പ്രത്യേകമായ ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. കോറസും ഹമ്മിങ്ങും മണിയടി ശബ്ദവും എല്ലാം ഭക്തിസാന്ദ്രതയുടെ മൂര്‍ദ്ധന്യതയിൽ ശ്രോതാക്കളെ എത്തിക്കുന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. തിരുനടയിൽ നിൽക്കുന്ന പ്രതീതി ജനിപ്പിച്ചതുകൊണ്ടാണ്, വെളിച്ചം കാണാത്ത 'നീലക്കടമ്പ്' എന്ന  സിനിമയിലെ ഗാനമായിരുന്നിട്ടും ഇത്ര വർഷങ്ങൾ കഴിഞ്ഞും ജനമനസ്സുകളിൽ ആ പാട്ട് പ്രിയങ്കരമായി നിലകൊള്ളുന്നത്.
 
 
'ഒരു  ദുഃഖ സിന്ധുവായ് മാറുന്ന ജീവിതം കരുണാമയമാക്കു' എന്നു ഞാൻ എഴുതിക്കൊടുത്തത് പകർത്തിയെഴുതിയ ആളുടെ പിഴവുകൊണ്ട് സിന്ധുവിന്റെ സ്ഥാനത്ത് ബിന്ദു എന്നാവുകയും, ചിത്ര അങ്ങനെ ആലപിച്ചതിലൂടെ ആളുകൾ അതാണ് ശരി എന്നുവിശ്വസിച്ച് ഇപ്പോഴും ഏറ്റുപാടുന്നതുമാണ്  ആ ഗാനവുമായി   ബന്ധപ്പെട്ട് രചയിതാവ് എന്ന നിലയിൽ ഒരു നൊമ്പരം . 
 
'കിഴക്കുണരും പക്ഷിയിലും ഞങ്ങൾ ഒരുമിച്ച് സഹകരിച്ചു. ഒരേ രചയിതാവും സംഗീത സംവിധായകനും ചേർന്ന് കുടജാദ്രിയുമായി ഛായ തോന്നാത്ത ' സൗപർണികയുടെ ' ഗാനം ചിട്ടപ്പെടുത്താൻ വേണു നാഗവള്ളിയാണ്  ഏൽപ്പിച്ചത്. അങ്ങനെ പിറന്നതാണ് 'സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്ര നാമങ്ങൾ...' വരികൾക്കുള്ളിലെ ആശയവും ഭാവവും അതുപോലെ തന്നെ സംഗീതത്തിൽ പരിഭാഷപ്പെടുത്തുന്നതാണ് സംഗീത സംവിധായകന്റെ ധർമ്മം. രാഗത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രവീന്ദ്രൻ അകാലത്തിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തെ ഈ അവസരത്തിൽ സ്നേഹത്തോടെ ഓർക്കുന്നു. 
 
 
വരികൾ എഴുതിയ കടലാസ് പല ആവർത്തി വായിക്കുന്നതാണ് ദേവരാജൻ മാസ്റ്ററുടെ രീതി. ഗാനം ആവശ്യപ്പെടുന്ന സംഗീതം വരികൾക്കിടയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നും അത് കണ്ടെത്തുക മാത്രമാണ് സംഗീത സംവിധായകന്റെ ഉത്തരവാദിത്തം എന്നും അദ്ദേഹം പറയുമായിരുന്നു.
 
കുടജാദ്രി എഴുതുമ്പോൾ ഞാൻ മൂകാംബികയിൽ പോയിട്ടില്ല.  എന്നാൽ,സൗപർണിക എഴുതുന്നത് ദേവിയെ നേരിൽ കണ്ട ശേഷമാണ്. 
 
മൂകാംബികാദേവിയെക്കുറിച്ച് അനശ്വരങ്ങളായ രണ്ടു ഗാനങ്ങൾ രചിക്കാൻ ദൈവം എന്നെ നിയോഗിച്ചത് വലിയ ഭാഗ്യമായി കാണുന്നു. വയലാർ,  ഭാസ്കരൻ, ശ്രീകുമാരൻ തമ്പി അങ്ങനെ പ്രഗത്ഭർ ഉണ്ടായിരുന്നിട്ടും അതിനുള്ള നിയോഗം എനിക്കായിരുന്നു.
 
മഴയിലെ ആഷാഢം പാടുമ്പോൾ... എന്ന ഗാനം രവീന്ദ്രൻ അമൃതവര്‍ഷിണി രാഗത്തിൽ  ഈണം തന്ന് എഴുതിപ്പിച്ചതാണ്. മഴയുടെ ഉന്മത്തമായ ഭാവമാണ് വരികളിലൂടെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്.സംഗീതം ചിട്ടപ്പെടുത്താതെ  കഥാസന്ദർഭം മാത്രം കേട്ടാണ് ഈ ഗാനം ഞാൻ രചിച്ചിരുന്നതെങ്കിൽ സാധാരണ വാക്കുകൾ മാത്രമേ അതിൽ വരുമായിരുന്നുള്ളു. പല താക്കോലിട്ട് പൂട്ട് തുറക്കാൻ ശ്രമിക്കുക ആയിരുന്നു. ആ ഈണമാകുന്ന പൂട്ട് തുറക്കാൻ യോജിച്ച താക്കോൽ കണ്ടെത്തുന്നതിന്റെ ഭാഗമായി  പുതിയ വാക്കുകൾ സൃഷ്ടിക്കേണ്ടതായി പോലും വന്നു. സംഗീതം പിടിച്ചുവലിച്ച് വാക്കുകളുടെ പുതിയ സങ്കേതങ്ങളിലേക്ക് കൊണ്ടെത്തിച്ചതാണ് ഈ ഗാനവുമായി ബന്ധപ്പെട്ട ഓര്‍മ്മ. 
 
ജോൺസന്റെ സംഗീതത്തെ കായലിനോട് ഉപമിക്കാം. വളരെ സൗമ്യമായി അതങ്ങനെ  ഒഴുകും, എന്നാൽ നല്ല ആഴമുണ്ടായിരിക്കും. 'ഒഴിവുകാലം' എന്ന ചിത്രത്തിനുവേണ്ടിയാണ് ഞങ്ങൾ ആദ്യമായി ഒന്നിച്ചത്. അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ വളരെ എളുപ്പമാണ്. 'പക്ഷേ' എന്ന സിനിമയിലെ 'സൂര്യാംശു ഓരോ വയൽ പൂവിലും...' ഈണമിടാതെയും 'മൂവന്തിയായ് പകലിൽ...  ' ഈണമിട്ടും രചിച്ചത് ഒരേ അനായാസതയോടെയാണ്. അത്രമാത്രം കഥാസന്ദർഭത്തോട് ഇഴുകിച്ചേർന്ന ഈണമാണ് ജോൺസൺ നൽകുന്നത്. 
 
ആദ്യ വാരി കിട്ടാൻ മാത്രമേ എഴുത്തുകാരന് താമസം വരൂ, പിന്നീട് വാക്കുകളുടെ ഒരു ഒഴുക്കാണ്. പകലിൽ രാവിന്റെ വിരൽ സ്പർശമേൽക്കുന്നതാണ് ആദ്യം മനസ്സിൽ വന്ന ചിത്രം, ആ ഇമേജ് പിന്തുടർന്നാണ് ഗാനം വികസിപ്പിച്ചത് . പിരിയാൻ  മടിക്കുന്ന രാപ്പാടികൾ, അസ്തമിക്കാൻ മടിക്കുന്ന നക്ഷത്രങ്ങൾ എല്ലാം പ്രണയിതാക്കളുടെ  വിരഹത്തിന്റെയും വീണ്ടും ഒന്നുചേരുന്നതിന്റെയും  ഭാവങ്ങൾ  ഉൾക്കൊണ്ടാണ് സൃഷ്ടിച്ചത്.
 
 'ഉത്രം  നക്ഷത്രം' എന്ന സിനിമ പുറത്തുവന്നില്ലെങ്കിലും യൂട്യൂബിലൂടെ അതിലെ ഗാനങ്ങൾ ആളുകൾ  ഇപ്പോഴും ആസ്വദിക്കുന്നുണ്ട്. കോട്ടയത്തുവച്ചാണ് 'അനുഭൂതി പൂക്കും' എന്ന ഗാനം എഴുതിയത്. സണ്ണി സ്റ്റീഫനാണ് ഈണം പകർന്നത്. പ്രണയാനുഭൂതിയുടെ പരിച്ഛേദം എന്താണെന്നുള്ളത് വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രണയത്തിൽ മുഴുകിയ  കണ്ണുകളുടെ ആകാശത്തിലൂടെ സ്വപ്നങ്ങളുടെ രാജഹംസങ്ങൾ നീന്തിത്തുടിക്കുന്നത് ഒരാൾ കാണുന്നു എന്നുള്ള എന്റെ ഭാവന  അത്ര മോശമല്ല." 
 
അറുപത്തിയൊമ്പതാം വയസ്സിലും കാല്പനികതയുടെയും പ്രണയത്തിന്റെയും കാവ്യമനസ്സ് സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം.
see also
 
 
കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക