Image

വാക്സിൻ ലഭിച്ച 66 മില്യനിൽ 5800 പേർക്ക് വീണ്ടും കോവിഡ്; മൈക്ക് പെൻസിനു പെയ്‌സ്‌മെയ്ക്കർ

Published on 16 April, 2021
വാക്സിൻ  ലഭിച്ച 66 മില്യനിൽ  5800 പേർക്ക് വീണ്ടും കോവിഡ്; മൈക്ക് പെൻസിനു പെയ്‌സ്‌മെയ്ക്കർ
വാക്സിൻ  ലഭിച്ച 66 മില്യനിൽ  വീണ്ടും കോവിഡ് ബാധിച്ചവർ 5800: സിഡിസി

പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ച 66 മില്യൺ  അമേരിക്കക്കാരിൽ  ഏകദേശം 5800 പേർക്ക് കോവിഡ് ബാധിച്ചതായി  സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡാറ്റ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ച് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ് പരിശോധനാ ഫലങ്ങളിൽ കോവിഡ്  പോസിറ്റീവായത് ഏകദേശം 0.008 ശതമാനമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
അണുബാധകളിൽ 29 ശതമാനവും ലക്ഷണങ്ങൾ ഇല്ലാത്തതായിരുന്നെന്നും 7 ശതമാനം പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇതുവരെ 74 ശതമാനം രോഗികൾ മരണപ്പെട്ടെന്നും ഫെഡറൽ ഏജൻസി കണ്ടെത്തി.
പക്ഷെ, രോഗികൾ ഉയർന്ന അപകടസാധ്യതയുള്ളവരായിരുന്നോ എന്നും ,  അവർക്ക് ഏത് വാക്സിനാണ്  ലഭിച്ചതെന്നും മരണകാരണം എന്താണെന്നും വ്യക്തമല്ല.
40 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്ത   കേസുകളിൽ 40 ശതമാനത്തിലധികം 60 വയസ്സിനു മുകളിലുള്ളവരിലാണെന്നും, രോഗം ബാധിച്ചവരിൽ  65 ശതമാനവും സ്ത്രീകളാണെന്നും  സിഡിസി  പറഞ്ഞു.
ഏജൻസികൾ കേസുകളെ  കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി വ്യാഴാഴ്ച സിഡിസി ഡയറക്ടർ ഡോ. റോഷൽ  വലൻസ്‌കി സാക്ഷ്യപ്പെടുത്തി. വകഭേദം മൂലമാണോ ഇതെന്നും കണ്ടെത്തുമെന്ന് അവർ വ്യക്തമാക്കി.

പേസ് മേക്കർ ഘടിപ്പിച്ച ശേഷം മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സുഖം പ്രാപിക്കുന്നു 

2016 ൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുതൽ ഹൃദ്രോഗബാധിതനായിരുന്നെന്ന് മൈക്ക് പെൻസ് വെളിപ്പെടുത്തി. ഇടതുഭാഗത്ത് ബ്ലോക്ക് കണ്ടെത്തിയിരുന്നെങ്കിലും മറ്റു രോഗലക്ഷണങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. 
രണ്ടാഴ്ചയ്ക്കു മുൻപ് ഹൃദയമിടിപ്പ് താഴുകയും ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതുമായ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് മുൻ വൈസ് പ്രസിഡന്റ് ചികിത്സ തേടിയതും ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിക്കാൻ നിർദ്ദേശിച്ചതും.
വിർജീനിയയിലെ ഇനോവ ഫെയർഫാക്സ് മെഡിക്കൽ ക്യാമ്പസിൽ വച്ച് പേസ്മേക്കർ വിജയാരമായി ഘടിപ്പിച്ചതിന് ഡോക്ടർമാർക്കും മികച്ച പരിചരണം നൽകിയ നഴ്‌സുമാർക്കും മറ്റു സ്റ്റാഫ് അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.  
മൈക്ക് പെൻസ് സുഖം പ്രാപിക്കുന്നുണ്ടെന്ന വിവരം  അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വ്യാഴാഴ്ച അറിയിച്ചു.

ജെ & ജെ വാക്സിന്റെ വിശ്വാസ്യത കുറയുന്നു 

ജോൺസൺ & ജോൺസന്റെ കോവിഡ്  വാക്സിന്റെ സുരക്ഷയെക്കുറിച്ച്  അമേരിക്കക്കാർക്കിടയിൽ 15 ശതമാനം വിശ്വാസം  കുറഞ്ഞതായി പുതിയ പോൾഫലം സൂചിപ്പിക്കുന്നു.
ജെ ആൻഡ് ജെ  വാക്സിൻ സ്വീകരിച്ച 6.8 മില്യൺ ആളുകളിൽ ആറ് പേരിൽ രക്തം കട്ടപിടിച്ചതായും ഒരാൾ മരിച്ചതായും  റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് മരുന്നിന്റെ വിതരണം താൽക്കാലികമായി നിർത്തിയതോടെയാണ് ഈ സിംഗിൾ ഡോസ് വാക്സിനോടുള്ള പ്രിയം കുറഞ്ഞത്.
മുമ്പ് 57 ശതമാനം പേർ സുരക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന  മരുന്നിൽ , വിതരണം നിർത്തിവച്ചതോടെ  32 ശതമാനം പേർക്ക് മാത്രമേ വിശ്വാസമുള്ളൂ.
 1,490 ആളുകളാണ് സർവേയിൽ പങ്കെടുത്തത്.

ഗുരുതരമായി  രക്തവുമായി കട്ടപിടിക്കാൻ  ജോൺസൻ & ജോൺസന്റെ കോവിഡ് വാക്സിൻ ഇടയാക്കുമോ എന്ന്  നിർണ്ണയിക്കാൻസമയവും തെളിവുകളും വേണമെന്നും അതുവരെ പ്രസ്തുത കുത്തിവയ്പ്പ് യുഎസിൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ഫെഡറൽ ഉപദേശക സമിതി അറിയിച്ചു. 

ജോൺസൺ & ജോൺസൺ വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്ക് രോഗലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഡോ. അന്റോണി ഫൗച്ചി  മുന്നറിയിപ്പ് നൽകി.  ആറ് ദിവസത്തിനും 13 ദിവസത്തിനും ഇടയിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം. കടുത്ത തലവേദന, നടക്കാൻ ചില ബുദ്ധിമുട്ടുകൾ,  നെഞ്ചിന് അസ്വസ്ഥതയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടാലാണ് ശ്രദ്ധിക്കേണ്ടത്.
 വാക്സിൻ സ്വീകരിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞെങ്കിൽ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം ഹോർമോണിൽ വരുന്ന വ്യത്യാസമാണോ പാർശ്വഫലത്തിന് കാരണമെന്ന് കണ്ടെത്തുമെന്നും ഫൗച്ചി അറിയിച്ചു.
ബുധനാഴ്ചത്തെ മീറ്റിംഗിൽ മരുന്ന് നിർമ്മാതാവ് രണ്ട് കേസുകൾ കൂടി വെളിപ്പെടുത്തിയതിൽ  25 വയസുകാരൻ കൂടി ഉൾപ്പെട്ടതോടെ സ്ത്രീകളിൽ മാത്രമല്ല വാക്സിന്റെ ഗുരുതര പാർശ്വഫലമെന്ന് വ്യക്തമായി. സെപ്റ്റംബർ 21ന് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണത്തിനിടെയാണ് ഇയാൾക്ക് ഡോസ് ലഭിച്ചത്. സിംഗിൾ ഡോസ്  ലഭിച്ച് എട്ട് ദിവസത്തിന് ശേഷം  ക്ഷീണം, തലവേദന,  വയറുവേദന, തലച്ചോറിൽ  രക്തസ്രാവം എന്നിവ അനുഭവപ്പെട്ട ഇയാളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്  കമ്പനി പ്രതിനിധി പറഞ്ഞത്. ചികിത്സയെത്തുടർന്ന് അയാൾ സുഖം പ്രാപിച്ചു.
ക്ലിനിക്കൽ ട്രയലിനിടയിൽ ഉണ്ടായതുൾപ്പെടെ നിലവിൽ ജെ ആൻഡ് ജെ വാക്സിൻ ഉപയോഗിച്ച 9 പേരിലാണ് രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രക്തം കട്ടപിടിക്കുന്ന സമാന പാർശ്വഫലമാണ് മുൻപ് യൂറോപ്യൻ വാക്സിനായ ആസ്ട്രസെനെകയിലും റിപ്പോർട്ട് ചെയ്തിരുന്നതെന്ന് സിഡിസി യിലെ ഡോ. ടോം ശിമബുകുരു അഭിപ്രായപ്പെട്ടു.

ജോൺസൺ & ജോൺസൺ യുഎസിൽ  താരതമ്യേന കുറഞ്ഞ തോതിലേ രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളു. 7 മില്യണിനടുത്ത് മാത്രം. ഭൂരിപക്ഷം ആളുകളും സ്വീകരിച്ചത്  മോഡേണയുടെയോ  ഫൈസറിന്റെയോ  രണ്ട്-ഡോസ് അടങ്ങുന്ന വാക്സിനാണ്.

വാക്സിൻ എത്തിക്കാൻ  ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ജെ  & ജെ വിതരണം ചെയ്തിരുന്നത്.

ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ വാക്സിൻ ഡോസ് കൂടി വേണ്ടിവന്നേക്കുമെന്ന്  ഫൈസർ സിഇഒ

യു‌എസിന്റെ മുൻ‌നിര ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതുപ്രകാരം, മാസങ്ങൾ പിന്നിടുമ്പോൾ  പ്രതിരോധശേഷി കുറയുന്നതിനാൽ കുത്തിവയ്പ് നടത്തി ഒരു വർഷത്തിനുള്ളിൽ ആളുകൾക്ക് മൂന്നാമത്തെ ഡോസ് ആവശ്യമാണെന്ന് ഫൈസറിന്റെ സിഇഒ  ആൽബർട്ട്  ബൗർല വ്യാഴാഴ്ച പറഞ്ഞു.
പ്രതിരോധശേഷി നിലനിർത്താൻ വർഷാവർഷം ജനങ്ങൾ വാക്സിൻ എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, പ്രസിഡന്റ് ബൈഡന്റെ  കൊറോണ വൈറസ് റെസ്പോൺസ് ടീമിലെ ചീഫ് സയൻസ് ഓഫീസർ ഡോ. ഡേവിഡ് കെസ്സ്ലറാണ് വാക്സിൻ കൊണ്ടുള്ള  രോഗപ്രതിരോധ ശേഷി കാലക്രമേണ കുറയുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നതായി  ക്യാപിറ്റോളിലെ നിയമനിർമ്മാതാക്കളോട് പറഞ്ഞത്.
ആന്റിബോഡി പ്രതികരണത്തിന്റെ ദൈർഘ്യം പഠിച്ചുവരികയാണെന്നും, പൂർണമായും വ്യക്തമല്ലെങ്കിലും കാലക്രമേണ വാക്സിന്റെ പ്രതിരോധം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ  സംശയമില്ലെന്നും ഇതൊരു  വെല്ലുവിളിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, അമേരിക്കക്കാർക്ക്  അത്തരത്തിൽ ഒരു ബൂസ്റ്റർ ഷോട്ട് ആവശ്യമാണെന്ന് വന്നാൽ ഉടൻ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും കെസ്ലർ പങ്കുവച്ചു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കോവിഡിനെ തുരത്തുന്നതിനുള്ള ഏവരുടെയും അസാധാരണമായ പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. ന്യൂയോർക്കിൽ  18 വയസും അതിൽ കൂടുതലുമുള്ള പകുതിയിലധികം പേരും  കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. കൂടാതെ മുതിർന്നവരിൽ മൂന്നിലൊന്നിൽ  കൂടുതൽ പേർ വാക്സിനേഷൻ എടുത്തു. 
 ആശുപത്രിയിൽ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം ഡിസംബർ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക്  എത്തിയതാണ് പ്രധാന നേട്ടം. വൈറസിന്റെ ഭീഷണി ഇല്ലാതാകുന്നതുവരെ പോരാട്ടം തുടരും. വാക്സിൻ വിതരണത്തിലൂടെയും  പൊതുജനാരോഗ്യ നടപടികളിലൂടെയും മാത്രമേ നമുക്കത്  ചെയ്യാൻ സാധിക്കൂ . നിങ്ങൾ വാക്സിൻ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരെ സുരക്ഷിതരാക്കാൻ കൂടിയാണ്.
 
 * ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 3,963 ആയി. 249,103 ടെസ്റ്റുകളിൽ 6,884 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 2.76 ശതമാനം . 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്: 3.05 ശതമാനം. കഴിഞ്ഞ ദിവസം ഐസിയുവിൽ 886 രോഗികളുണ്ടായിരുന്നു.മരണസംഖ്യ: 46.
 
*  ന്യൂയോർക്കിലെ 39.6 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതം  സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 198,257 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  ആകെ 12,638,792 ഡോസുകൾ നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ 26.4 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.

*പകർച്ചവ്യാധികളിലുടനീളം ബാറുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം വാങ്ങുന്നതിനൊപ്പം മദ്യം വാങ്ങി കൊണ്ടുപോകാൻ(to-go ) സംസ്ഥാനം അനുമതി നൽകിയിരുന്നത്  മെയ് 6 വരെ നീട്ടി. ജനങ്ങൾ ആവശ്യത്തിന് മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
 
* ന്യൂയോർക്ക് സ്റ്റേറ്റ് സിറ്റിസൺ പബ്ലിക് ഹെൽത്ത് ലീഡറാകുന്നത്തിലൂടെ  കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനും അടുത്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്‌ക്കായി തയ്യാറെടുക്കുന്നതിനും, കോർണെൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പിന്തുണയോടെ ന്യൂയോർക്കുകാർക്കായി സൗജന്യ ഓൺലൈൻ സിറ്റിസൺ പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് കോഴ്‌സ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം കോവിഡിനെതിരെ സുസജ്ജമായ  ശൃംഖല നിർമ്മിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകാൻ നിങ്ങളും ഉടനെ എൻറോൾ ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക