Image

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം; 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം

Published on 17 April, 2021
സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം; 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നതിനിടെ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നതാധികാര സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് 50,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ വിദേശ ദൗത്യങ്ങള്‍ വഴി ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള സ്രോതസ്സുകള്‍ അന്വേഷിക്കാനും മന്ത്രാലയത്തോട് സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൂടുതല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തയാറെടുക്കുന്നത്.

വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പകര്‍ച്ചവ്യാധി അവസ്ഥയെക്കുറിച്ച്‌ വിശദീകരിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു.വാക്‌സിനുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍, ഐസിയുവുകള്‍, ശ്മശാനങ്ങള്‍ എന്നിവയുടെ കുറവുണ്ടെന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പ്രതിദിന കേസുകള്‍ ഉയര്‍ന്ന 12 സംസ്ഥാനങ്ങളിലെ അടുത്ത 15 ദിവസത്തേക്കുള്ള ഓക്‌സിജന്‍ ലഭ്യതയും പ്രധാനമന്ത്രി വിലയിരുത്തി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദില്ലി, ഛത്തീസ്ഗണ്ഡ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ഈ സംസ്ഥാനങ്ങളിലെ ജില്ലാതല സ്ഥിതിവിവരക്കണക്കുകളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ആരോഗ്യ വകുപ്പ്, ഉരുക്ക്, റോഡ് ഗതാഗതം, വ്യവസായ, ആഭ്യന്തര വാണിജ്യ പ്രമോഷന്‍ വകുപ്പ് (ഡിപിഐഐടി) എന്നീ മന്ത്രാലയങ്ങള്‍ തങ്ങളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനമയം മുടങ്ങാതെ തുടരാനും ഏപ്രില്‍ 20, ഏപ്രില്‍ 25, ഏപ്രില്‍ 30 വരെ പ്രതീക്ഷിക്കുന്ന കണക്കുകള്‍ സംസ്ഥാനങ്ങളുമായി പങ്കിട്ടു. ഇതനുസരിച്ച്‌, ഈ 12 സംസ്ഥാനങ്ങള്‍ക്ക് 4,880 ദശലക്ഷം ടണ്‍ (എംടി), 5,619 മെട്രിക് ടണ്‍, 6,593 മെട്രിക് ടണ്‍ ഓക്‌സിജന്‍ എന്നിവ ഈ തീയതികളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ ഓസ്‌കസിജന്‍ ഉല്‍പാദന ശേഷിയെക്കുറിച്ചും മോദി വിശദീകരിച്ചു. ഓരോ പ്ലാന്റിന്റെയും ശേഷി അനുസരിച്ച്‌ ഓക്‌സിജന്‍ ഉത്പാദനം ഉയര്‍ത്താന്‍ മോദി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ഉപയോഗത്തിനായി സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് മിച്ച ഓക്‌സിജന്‍ നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുടനീളം ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളുടെ തടസ്സമില്ലാത്തതും സ്വതന്ത്രവുമായ നീക്കം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും റിപോര്‍ട്ടുണ്ട്. മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക