Image

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

Published on 17 April, 2021
വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ന്യൂയോർക്ക്, ഏപ്രിൽ 16: ഒരുതവണ  കോവിഡിനെ  അതിജീവിച്ച ധൈര്യത്തിൽ, വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?

 എങ്കിൽ ഒന്നുകൂടി ആലോചിക്കൂ . 

പുതിയ പഠനം അനുസരിച്ച്, കോവിഡ് -19 ബാധിച്ച് ഭേദമായ  ചെറുപ്പക്കാർക്ക്  വീണ്ടും രോഗം പിടിപ്പെടാനും വൈറസ്  മറ്റുള്ളവരിലേക്ക് പകരാനും  സാധ്യതയുണ്ട്.

കോവിഡിനെ അതിജീവിച്ചവരിൽ  ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടെങ്കിലും, രോഗപ്രതിരോധ പ്രതികരണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വൈറസിനെ തടയുന്നതിനും വാക്സിനേഷൻ ആവശ്യമാണ്. ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിന്റെ  ജേണലിലാണ് ഈ പഠനം പ്രസിദ്ധീകൃതമായത്.

രോഗത്തെ അതിജീവിച്ചതുവഴി മാത്രം പ്രതിരോധശേഷിയെ കുറിച്ച്  ഉറപ്പുപറയാൻ കഴിയില്ലെന്നും , പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ കോവിഡ് -19നെതിരെ അധിക പരിരക്ഷ നേടണമെന്നും   മൗണ്ട് സൈനായിലെ ഇകാഹൻ സ്‌കൂൾ ഓഫ്  മെഡിസിനിലെ പ്രൊഫസർ സ്റ്റുവർട്ട് സീൽഫോൺ അഭിപ്രായപ്പെട്ടു .

യുഎസ് മറൈൻ കോറിലേ  ആരോഗ്യമുള്ള 2346 ചെറുപ്പക്കാരായ നാവികരെയാണ് പഠനത്തിൽ പങ്കെടുപ്പിച്ചത്.

ഇവരിൽ 189 പേർ സെറോപോസിറ്റീവ് (കോവിഡിനെ അതിജീവിച്ച്  ശരീരത്തിൽ വൈറസിനെതിരെ ആന്റിബോഡികൾ ഉള്ളവർ) ആയിരുന്നു.

 2,247 പേർ പഠനത്തിന്റെ തുടക്കത്തിൽ സെറോനെഗറ്റീവ്  ആയിരുന്നു.

2020 മെയ് മുതൽ നവംബർ വരെ 1,098 (45 ശതമാനം) പേരിൽ പുതിയതായി കോവിഡ് ബാധിച്ചു. സെറോപോസിറ്റീവായ ചെറുപ്പക്കാരിൽ 19 പേർക്ക് (10 ശതമാനം) രണ്ടാമതും കോവിഡ് പിടിപ്പെട്ടു. സെറോനെഗറ്റീവായവരിൽ  1,079 പേർക്കാണ്  (48 ശതമാനം)കോവിഡ് സ്ഥിരീകരിച്ചത്.

വീണ്ടും രോഗംബാധിച്ച സെറോപോസിറ്റീവ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന ചെറുപ്പക്കാരിൽ SARS-CoV-2 നെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡിയുടെ  അളവ് കുറവാണെന്ന് കണ്ടെത്തി.

അതുകൊണ്ടുതന്നെ കോവിഡിനെ അതിജീവിച്ചതിലൂടെ ആർജ്ജിക്കുന്ന ആന്റിബോഡി വീണ്ടും രോഗബാധിതരാകാതിരിക്കാൻ പര്യാപ്തമല്ലെന്നും, പ്രതിരോധശേഷി ശക്തിപ്പെടുത്താൻ വാക്സിൻ സ്വീകരിക്കുക അത്യാവശ്യമാണെന്നും ഉള്ള നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്.

 മോഡേണയുടെ ആദ്യ ഡോസ് സ്വീകരിച്ചയാൾക്ക് രണ്ടാമത് അബദ്ധത്തിൽ ഫൈസർ  വാക്സിൻ കുത്തിവച്ചു 

ന്യൂ ഹാംഷയർ നിവാസിയായ ക്രെയ്ഗ് റിച്ചാർഡ്സ്  മോഡേണയുടെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം  അതേ വാക്സിനേഷൻ സൈറ്റിൽ നിന്ന്‌ ഈ  ആഴ്‌ച രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പും എടുത്തു. എന്നാൽ, അബദ്ധവശാൽ ഫൈസറിന്റെ ഡോസാണ് അയാൾക്ക് ലഭിച്ചത്. മോഡേണയുടെ വാക്സിൻ സ്റ്റോക്ക് ഉണ്ടായിരുന്നെന്നും ഇത് അറിയാതെ സംഭവിച്ച പിഴവാണെന്നുമാണ് അധികൃതർ പറയുന്നത്. അബദ്ധം സംഭവിച്ചെന്ന് മനസ്സിലായ ഉടൻ സ്വീകർത്താവ് ഞെട്ടിയെങ്കിലും പേടിക്കേണ്ടതില്ലെന്ന് വാക്സിൻ നൽകിയവർ ആശ്വസിപ്പിച്ചു.  ഡോസ്  മാറി നൽകിയതിനെ തുടർന്ന് അസ്വാഭാവിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ലെന്നും റിച്ചാർഡ്‌സ് സുഖമായി ഇരിക്കുന്നെന്നുമാണ് ലഭ്യമാകുന്ന വിവരം. ഫൈസറും മോഡേണയും ഇടകലർത്തി ഉപയോഗിക്കുന്നതിനെപ്പറ്റി കാര്യമായ പഠനം നടന്നിട്ടില്ലാത്തതുകൊണ്ട് അതിന്റെ ഗുണമോ ദോഷമോ വിശദീകരിക്കാൻ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വന്നിട്ടില്ല. മോഡേണയുടേത് സ്റ്റോക്ക് ഇല്ലാത്ത അവസരങ്ങളിൽ വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയാതെ വന്നാൽ, അത്തരം അടിയന്തര ഘട്ടങ്ങളിൽ പകരം ഫൈസർ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ന്യൂ ഹാംഷയറിൽ മാസ്ക് നിർബന്ധമാക്കിയിരുന്ന നിയമം പിൻവലിച്ചു 

  ന്യൂഹാംഷയറിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് നിലനിന്നിരുന്ന നിയമം വെള്ളിയാഴ്ച മുതൽ ഉണ്ടായിരിക്കുന്നതല്ലെന്ന് സ്റ്റേറ്റ് ഗവർണർ ക്രിസ് സുനുനു ട്വീറ്റ് ചെയ്തു. വാക്സിനേഷൻ മികച്ച രീതിയിൽ തുടരുന്നതുകൊണ്ടുതന്നെ, കോവിഡ് കേസുകൾ സംസ്ഥാനത്ത് കുറയുന്നുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് മാസ്ക് മാൻഡേറ്റ് നിർത്തലാക്കുന്നതെന്ന് സുനുനു പറയുന്നു. മാസ്ക് നിർബന്ധമാക്കുന്നതിന് മുൻപേ കോവിഡിനെ പ്രതിരോധിക്കാനും സുരക്ഷിതരാകാനും ജനങ്ങൾ ജാഗ്രത പുലർത്തുന്നവരാണെന്ന് വിലയിരുത്തിയ ഗവർണർ, തുടർന്നും അവർ സഹകരിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.
പ്രായപൂർത്തി ആയ  50 ശതമാനം പേർ വാക്സിൻ സ്വീകരിച്ച ആദ്യ സംസ്ഥാനം കൂടിയാണ്  ന്യൂ ഹാംഷയർ.
ഏപ്രിൽ 10 ന്യൂ ഹാംഷെയർ മോട്ടോർ സ്പീഡ്‌വേയിൽ നിന്ന് ജോൺസൻ & ജോൺസൺ കൊറോണ വൈറസ് വാക്സിനാണ്  ഗവർണർ സ്വീകരിച്ചത്.

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സ്വീകരിച്ച 6.8 മില്യൺ ആളുകളിൽ ആറ് പേരിൽ  രക്തം കട്ടപിടിച്ചതായും ഒരാൾ മരിച്ചതായും  റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് മരുന്നിന്റെ വിതരണം താൽക്കാലികമായി നിർത്താൻ ഫെഡറൽ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തതിന് മുൻപാണ് സിംഗിൾ ഡോസ്  വാക്സിൻ ഹാംഷയറിൽ വിതരണം ചെയ്തിരുന്നത്.

ക്യാപ്പിറ്റോളിൽ ഇനി മാസ്ക് ധരിക്കാൻ ഉദ്ദേശമില്ലെന്ന് സെനറ്റർ ടെഡ് ക്രൂസ് 

സെനറ്റിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിൻ സ്വീകരിച്ചതിനാൽ, ഇനിമേൽ ക്യാപിറ്റോൾ സമുച്ചയത്തിൽ താൻ മാസ്ക് ധരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ടെക്സസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് വ്യാഴാഴ്ച സി‌എൻ‌എന്നിനോട്  വിശദീകരിച്ചു.
വാക്സിനേഷൻ  സ്വീകരിച്ചവർ മാത്രമുള്ള ചെറിയ ഗ്രൂപ്പുകളിൽ  മാസ്ക് ധരിക്കേണ്ടതില്ലെന്ന് സിഡിസി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനിർമ്മാതാക്കൾക്കും കോൺഗ്രസ് സ്റ്റാഫുകൾക്കും  ഡിസംബറിൽ ആദ്യ ഘട്ടത്തിൽ തന്നെ  ഫൈസർ വാക്‌സിൻ ലഭിച്ചിരുന്നു. എന്നാൽ,ക്യാപിറ്റോളിലെ മറ്റു പല ജീവനക്കാരും,  ഉള്ളിൽ പ്രവേശിക്കാറുള്ള മാധ്യമപ്രവർത്തകരും വാക്സിൻ ഇനിയും എടുത്തിട്ടില്ല.

കഴിഞ്ഞ മാസം, മൈക്രോഫോണിലൂടെ സംസാരിക്കാൻ തുടങ്ങവേ ക്യാപിറ്റോൾ ഹിൽ റിപ്പോർട്ടർ ക്രൂസിനോട് മാസ്ക്  ധരിച്ചിട്ട് സംസാരിക്കാൻ ആവശ്യപ്പെട്ടതും അദ്ദേഹമത് നിരസിച്ചതും വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക