Image

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

Published on 18 April, 2021
അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍
കൊവിഡ് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. '17+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. സര്‍ക്കാരേ, ശബരിമലയില്‍ മടിച്ചു നിന്നതു പോലെ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കണം, ഇപ്പോള്‍ തന്നെ,' എന്‍. എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തും രാജ്യം മുഴുവനും കൊവിഡ് രണ്ടാം തരംഗം അതീവ തീവ്രതയോടെ വ്യാപിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂരത്തിന് പങ്കെടുക്കാന്‍ കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി.

നേരത്തെ ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.കര്‍ശന നടപടികളുടെ പശ്ചാത്തലത്തില്‍ പൂരം നടത്തിപ്പ് പ്രയാസകരമാകുമെന്നാണ് ദേവസ്വം വകുപ്പിന്റെ പ്രതികരണം. പ്രത്യേക ഉത്തരവ് സംബന്ധിച്ച്‌ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക