Image

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

Published on 18 April, 2021
ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)
അനുഭവങ്ങള്‍ മാനവ കാലത്തെ എന്നും അടയാളപ്പെടുത്തി പോന്നിരുന്നു. അര്‍ത്ഥം കൊണ്ടു സാധിച്ച കാലത്തുരുത്തില്‍ ജീവിതം സ്വസ്ഥവും അസ്വസ്ഥവുമായി താളമിട്ടു. ചിന്തകള്‍ മേഞ്ഞും മദിച്ചും നടന്നപ്പോള്‍ നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ വര്‍ത്തമാനക്കാരായി.

തോന്നലുകളില്‍ മനുഷ്യന്‍ എന്നും ഒരു മുദ്രയുടെ ചാര്‍ത്തുരൂപം കടഞ്ഞെടുത്തിരുന്നു. ആയത് മനസ്സിലും പിന്നെ കടലാസിലും പകര്‍ത്തി വെച്ചു. ചിലത് കാവ്യവും വേറെ ചിലത് കഥകളും ഇനിയും ചിലത് അനുഭവങ്ങളില്‍ മുക്കിയ ചെറു കുറിപ്പുകളുമായി.

ഈ വീതം വെക്കലില്‍ ആത്മസാക്ഷാത്കാരത്തിന്റെ ഹൃദയം മിടിച്ചിരുന്നു. ഇവിടെ ഇതാ തനിക്കു പറയാനുള്ളത് കഥാ രൂപത്തില്‍ നമുക്കു മുന്നിലേക്ക് വായനാ പരുവമാക്കി തന്നിരിക്കുന്നു സന്ധ്യ എന്നൊരാള്‍.

ഒന്നും ബാക്കി വെച്ചല്ല ഞാനും പോവുന്നത് എന്നു പറയാനുംഇതുകൂടി നമ്മുടെ രാശിയില്‍ പരുവപ്പെട്ടതാണ് എന്നു സമര്‍ത്ഥിക്കാനുംഒരുമ്പെടുന്നുണ്ട് ഈ എഴുത്തുകാരി.സന്ധ്യ വിസ്മയങ്ങളിലാണ് ജീവിക്കുന്നത്.അതുകൊണ്ടു തന്നെമലയാള കഥാസരണിയിലേക്ക് ഇമ്മാതിരി ഒരു പറച്ചില്‍ പുതുമയുള്ള പരീക്ഷണമാവുന്നു.നേരം ഒറ്റക്കിട്ട ഒരു നായികയില്‍ നിന്ന് തുടങ്ങുന്നു സന്ധ്യയുടെ 'കഥ'.പ്രവി എന്ന പ്രവീണിന്റെ നിലയ്ക്കാത്ത താളം തന്റെ നെഞ്ചില്‍ കുടിവെച്ചിരിക്കുന്നു ശ്രുതി എന്ന പ്രണയിനി.തിരുമുറ്റത്ത് പൂത്തു നില്‍ക്കുന്ന ആല്‍മരത്തോളം പ്രണയം പഴുപ്പിച്ചെടുക്കുന്ന ഒരു ധൈര്യം.ഇഷ്ടത്തെ നിറവും സുഗന്ധവും സമം ചേര്‍ത്ത് ആലിലകളില്‍ എഴുതി വെക്കുമ്പോള്‍കാല്പനിക സ്രോതസ്സുകള്‍ ആകെ തകിടം മറിയുന്നു.ഒരുപക്ഷെ ഇതാവാം പ്രണയത്തിന്റെ ഊര്‍ജം.

ഒരു രാസപ്രസരണത്തിനുംഇടം കൊടുക്കാത്ത, ദിവ്യം എന്നു മേനി ചേര്‍ക്കാവുന്ന, പ്രണയകഥ അസ്സലായി പറഞ്ഞിരിക്കുന്നു എഴുത്തുകാരി.ആദ്യ കഥ 'ആലിലയില്‍ എഴുതിയത്' അങ്ങനെ അടുത്ത കഥ വായിക്കാന്‍ അനുവാചകന് കരുത്തു തരുന്നു.നിസ്സാര കാര്യമല്ല ഇത്.അതും കഥയെഴുത്തിന്റെഒരു പ്രയാസകാലത്ത്.വിചിത്രമെന്നു തോന്നാവുന്നചില നിമിഷ സന്ദര്‍ഭങ്ങളില്‍പോയ കാലം സംക്രമിച്ചു ചുരുങ്ങുന്ന കാഴ്ച്ച കാണാം ചില കഥകളില്‍.അതൊരു വേണ്ടി പറച്ചിലല്ല, നിഷ്കളങ്ക സ്‌നേഹത്തിന്റെഇളംനനവാണ്.
ഫ്‌ലാറ്റിലെ അഞ്ചാം നിലയില്‍ ചപ്പാത്തിക്ക് മാവു കുഴച്ചിരിക്കുന്ന ആരതിയിലൂടെയാണ് ഇനി നമ്മള്‍ പോവേണ്ടത്.

'അവല്‍ അണ്ണാച്ചി' എന്ന കഥയില്‍ നമ്മള്‍ ഒരു ഭൂതകാല വിശേഷം തപ്പിയെടുക്കുന്നുണ്ട്. ഓര്‍മ്മമേഞ്ഞുനടക്കുന്ന ഗൃഹാതുരത്വത്തിന്റെ മുറ്റത്തിരുന്നു വായിച്ചാലേ, ഈ കഥ നമ്മെ തൊടൂ.നാഗപ്പ എന്ന പഴയകാല അവല്‍ വില്‍ക്കുന്ന അണ്ണാച്ചിയേയും, നിറയെ അതേ പേരില്‍ ആളിരിക്കുന്നു എന്നു വിളിച്ചു വരുത്തി ചോദിച്ചതിന് ഉത്തരം തന്ന പുത്തനണ്ണാച്ചിയും, നമ്മുടെ ചിന്തകളെ കുഴയ്ക്കുന്നുണ്ട്.
നര കയറിയ തോലു ചുളിഞ്ഞ ആ രൂപം ഉള്ളില്‍ തെളിയുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍, നിത്യ ജീവിതത്തില്‍ നമ്മളൊക്കെ തൊട്ടും തലോടിയും പോരുന്ന പച്ചപ്പുകളെ കഥാകാരി വരച്ചു തരുന്നുണ്ട്.

എഴുത്തിലെ ഈ മര്‍മ്മത്തിലാണ് സന്ധ്യ തന്നിലെ ഇഷ്ടങ്ങളെ പുറപ്പെടീക്കുന്നത്. കഥ അവസാനിപ്പിക്കുന്നത്, മക്കളെ അവലൂട്ടി നേരത്തിന്റെ സുഖം രുചിക്കണം എന്ന തീര്‍ച്ചയിലാണ് എന്നത്, കഥയുടെ സൗന്ദര്യമായേ ഗണിതപ്പെടൂ.

പ്രണയം പോലെ സമ്പന്നമായ ഒരു സൂത്രമില്ല മനസ്സിനെ കഴുകിവെക്കാന്‍ എന്നൊരു തത്വം നമുക്ക് ചികഞ്ഞെടുക്കാം 'നേര്‍ത്ത മഴ കൊണ്ടങ്ങനെ നില്‍ക്കണം'എന്ന കഥയില്‍.
കഥയില്‍ കഥാപത്രങ്ങളെ കുടഞ്ഞും കടഞ്ഞും വാര്‍ത്തെടുക്കുന്ന ഒരു ചാരുതയുണ്ട് സന്ധ്യക്ക്.
വിരക്തിയില്‍ നിന്നും പൂര്‍ണ്ണങ്ങളുണ്ടാവും എന്നൊരു പറയാപറച്ചില്‍.
ഉമയും അനന്തനും തമ്മിലുള്ള ഇഷ്ടത്തിന് പൂമുഖത്തു വിരിയുന്ന ചെമ്പകത്തിന്റെ ശുദ്ധമുണ്ട്. ഒരര്‍ത്ഥത്തില്‍ ദീപ്തമായ ആകാശത്തേക്ക് നീട്ടിയെറിയുന്ന ശക്തമായ ഊര്‍ജമുണ്ട് ഓരോ പ്രണയത്തിനും.
പ്രതീക്ഷയുടെ മേപ്പുറത്തിരുന്ന് പണയത്തിനു കുപ്പായം തുന്നുന്ന പണിയാണ് ഓരോ
പ്രണയത്തിനും.

അനന്തേട്ടന്‍ തന്റെ ബാധ്യതയാവാത്ത പ്രേമമായി ഉമ സാക്ഷ്യം വെക്കുന്നതോടെ, വായനക്കാരന്റെ ജോലി കഴിഞ്ഞു.

ഒരു നല്ല കഥയുടെ അനുഭൂതിയില്‍,ആള് ലയിച്ചു പോവുന്നു അങ്ങനെ.
പ്രാരാബ്ധങ്ങളുടെ കുരുക്കയകളില്‍ കിടന്നു ചക്രശ്വാസം വെട്ടുന്ന ചുറ്റിടങ്ങളിലെ പച്ച ജീവിതങ്ങളെ അറിഞ്ഞെഴുതിയ കഥ നോക്കൂ...

മനസ്സില്‍ വീണലിഞ്ഞ രഹസ്യം. യാമിനിയും യമുനയും രജനിയും സൂസിയുമൊക്കെ നമ്മുടെ നിത്യങ്ങളെ എത്രമേല്‍ സ്പര്‍ശിച്ചു പോവുന്നു. ആതുരങ്ങളുടെ കണ്ണീരുപ്പു കുടിച്ച ചേതന ചോരുന്ന കദനപര്‍വ്വങ്ങള്‍.
ഇവിടെ സന്ധ്യ ജ്വാലക്കു മുമ്പേ കൊളുത്തി കെടുത്തിയ കനലുപോലെ അക്ഷരം കൊണ്ടു പൊള്ളിക്കുന്നു വായനക്കാരനെ.

അടര്‍ത്തി മാറ്റുക അസാധ്യം, കൂയ് എന്നീ കഥകളിലും ബിംബങ്ങളിലൂടെ വരച്ചു പറയുന്ന ജീവിതം നമുക്ക് കാണാന്‍ പറ്റും. മനു വള്ളിയോടും പ്രകൃതിയോടും പിണഞ്ഞു കിടക്കുന്നു എന്ന അതേ മൂര്‍ത്തതയാണ്, അധിനയില്‍ വിലയം പ്രാപിച്ചും തീരാത്ത പ്രേമവിലാപവും എന്ന് ബോധ്യം.

വൈകുന്നേരത്തിന് രക്തത്തെ തിരിച്ചറിയാന്‍ മിടുക്കു കൂടും എന്നു തീര്‍ച്ചയുണ്ട് കഥാകാരിക്ക്.
പ്രായമേറും തോറും വേരുകള്‍ അന്വേഷിക്കാനും രക്തബന്ധങ്ങളോട് ചേരാനും ഏതു മനുഷ്യനും തിടുക്കപ്പെടും എന്ന തത്വത്തെ എത്ര വിരുതും വീറും കാട്ടിയാണ് എഴുത്തുകാരി പറഞ്ഞുവെക്കുന്നത്.
തെക്കന്‍ കാറ്റ് ജീവിത സായാഹ്നത്തിന്റെ അനിവാര്യമായ ഒരേടാണ്. കണ്ണു നനയാതെ പോവാന്‍ പാടില്ല ഈ കഥയിലൂടെ സഞ്ചരിക്കുന്ന ആരും എന്ന് രചയിതാവിന് തീര്‍ച്ചയുണ്ട്.

ഒരര്‍ത്ഥത്തില്‍ ഈ കൃതിയില്‍ നമ്മുടെ വിചാരങ്ങളെ വേവിച്ചെടുക്കുന്ന ഒരെഴുത്താണ് ഈ കഥയില്‍.
മയില്‍പീലി ഓര്‍മ്മ എന്ന കഥ നോക്കൂ. ഒരു പൂവിതളിന്റെ അടരുഴിയും പോലെ മനോഹരം.
നീലിമയ്ക്ക് പുസ്തകസാമഗ്രികള്‍ ഒതുക്കി വെക്കുമ്പോള്‍ ഒരു നനുത്ത സ്മൃതിയാണ് പണ്ടു സൂക്ഷിച്ച പീലിയായി എത്തുന്നത്. കഥ എത്ര സൂക്ഷ്മതയിലാണ് ചിട്ടപ്പെടുന്നത് എന്നതില്‍ തന്നെ സന്ധ്യയിലെ കഥാകൃത്തിന്റെ കയ്യൊതുക്കം ബോധിക്കും ആര്‍ക്കും.

മൂല്യമല്ല, മൂല്യ ബോധമാണ് ശേഷം കൂട്ടാന്‍ പാകം എന്നും മോക്ഷവസ്ഥയില്‍ നമുക്ക് കരുതി വെക്കാന്‍ മൂടു ചോരാത്ത തീര്‍ത്ഥപാത്രത്തിലെ ഒരു തുള്ളി മതി എന്നുകൂടി പറയുന്ന വിശ്വസാരമുണ്ട് ചില കഥകളില്‍.
കൂട്ടു സൗഹൃദങ്ങളില്‍ നിലാവ് പരക്കും പോലെ പച്ചത്തെളിച്ചത്തിലെ പൊള്ളും പോരുളും പറയുന്ന 'പച്ച നിലാവ്', കുട്ടി മനസ്സുകളില്‍ പറ്റി നില്‍ക്കുംമട്ടില്‍ സുന്ദരിയായ എലിപെണ്ണും തവള ചേട്ടനും സമ്മാനിക്കുന്ന നിമിഷങ്ങളെ കുറിച്ചു പറയുന്ന 'പൊട്ടന്‍ വിശ്വാസം', കുടുംബബന്ധങ്ങള്‍ പുഴയോര്‍മ്മകളായി വിരിയുന്ന 'ഇല പഠിപ്പിച്ച പാഠം' ത്തിലെ ഋഷികേശും ജോഷും, അരുണിമ തേടിയ നാലുമണി പൂക്കളിലൂടെ ദാര്‍ശനികത ഏറെ ഉള്ള 'ഉറുമ്പിന്‍ കൂട്ടം',ജീവിത സംഘര്‍ഷങ്ങളുടെ കഥ കറുത്ത പൂച്ച... ഇങ്ങനെ ഏടു പിഞ്ഞിഎടുത്താല്‍ ഏതേതിലാണ് സന്ധ്യ പറഞ്ഞു പോവാത്ത സമകാലിക സന്ദര്‍ഭങ്ങള്‍ എന്നു പറയുക വയ്യ. ദിനാവര്‍ത്തനങ്ങളില്‍ ഇടത്തെളിച്ചം പോലെ മിന്നിയകലുന്ന ചൂട്ടഴിവുകള്‍ എഴുത്തിനെ ഏറെ വിരുത്തഭാവങ്ങളായി സ്വാധീനിച്ചിട്ടുണ്ട് എന്നു കാണാം.

ഇങ്ങനെ ഇഴയഴിച്ചു പറഞ്ഞാല്‍, ആദ്യ സമാഹാരം എന്ന നിലയില്‍ ഇത് മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കും, തര്‍ക്കമില്ല. ഒന്നു രണ്ടു കഥകള്‍, അതിലെ വിശേഷങ്ങളെ കൊണ്ട് നീണ്ടു പോയിട്ടുണ്ടെങ്കില്‍, അത് സന്ധ്യയുടെ കുറ്റമായല്ല, കൃതിയുടെ മികവായേ കാണുക വെയ്ക്കൂ. അനുവാചകര്‍ക്ക് വായിച്ചു തൃപ്തി തോന്നുന്ന ഒരു നല്ല കഥാക്കൂട്ടമാണ് ആലിലയില്‍ എഴുതിയത് എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.

ഇതൊന്നിച്ചു ചേര്‍ത്തു പറയേണ്ട ഒരു വിശേഷമുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ കയ്യൊപ്പിട്ട് നല്‍കിയ മുഖകുറിപ്പ് ഏതായാലും ആദ്യ കഥാപുസ്തകത്തിനു കിട്ടുന്ന മികച്ച ഒരു സ്വീകാര്യത കൂടിയാവും അതെന്നു നിസ്സംശയം പറയാം.

ഇനി പറയട്ടെ...

നാളെയുടെ മലയാളകഥാ സാഹിത്യം തേടാതെ പോവില്ല ഈ എഴുത്തുകാരിയെ എന്നുകൂടി പറഞ്ഞു കൊണ്ട് സന്ധ്യക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഞാന്‍.
- ശിവന്‍ സുധാലയം

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)
Join WhatsApp News
മോഹിനി രാജീവ്‌ വർമ്മ 2021-04-27 07:05:54
അഭിനന്ദനങ്ങൾ..... ആശംസകൾ 🌹❤️
J. Sarasamma 2021-06-30 10:09:00
കഥകാരിക്ക് അഭിനന്ദനങ്ങൾ 🌷🌷 ഒരു തുടക്കകാരിയുടെ കഥാസമാഹാരം എന്ന് തോന്നുകയില്ല.ഒരു ഇരുത്തം വന്ന എഴുത്തുകാരിയുടെ ശൈലി... ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌷🌷
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക