ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

വിജയ്.സി.എച്ച് Published on 19 April, 2021
ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)
ഗാനകോകിലം എസ്. ജാനകിയമ്മ വീണ്ടും 'മരിച്ചു'! പ്രിയ ഗായികയുടെ 'മരണ വാര്‍ത്ത' ആദരാഞ്ജലിയുള്‍പ്പെടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇത് അഞ്ചാം തവണയാണ് ജാനകിയമ്മയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത സംഗീതപ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.  
 
മരിക്കാത്തവരെ കൊല്ലുന്നത് പതിവായിരിക്കുന്നു! സോഷ്യല്‍ മീഡിയയില്‍ ന്യൂസ് എഡിറ്ററും, മേനേജിങ്ങ് എഡിറ്ററും, ചീഫ് എഡിറ്ററുമെല്ലാം പോസ്റ്റിടുന്ന ആള്‍തന്നെ ആയതിനാല്‍, എന്തു പ്രസിദ്ധീകരിക്കാനും എഴുത്തുകാരന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കുപോലും കത്രിക വീഴില്ലെന്നുമാത്രമല്ല, വ്യാകരണ അശുദ്ധി മുതല്‍ അക്ഷരത്തെറ്റു വരെയുള്ളതെല്ലാം ഇവിടെ എഴുത്തുകാരന്റെ അനിഷേധ്യമായ വിവരാവകാശം!
 
ചലചിത്ര നടനും, കര്‍മ്മോന്മുഖ പ്രതിഭാശാലിയുമായ വി.കെ. ശ്രീരാമനെക്കുറിച്ച്, ഇങ്ങിനെയൊരു വ്യാജവിവരം സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുമ്പോള്‍, അദ്ദേഹം കേരള സാഹിത്യ അക്കാദമിയില്‍ നമ്മുടെ മുഖ്യമന്ത്രിയടക്കം പലരും പങ്കെടുത്തിരുന്നൊരു ലൈബ്രറി മീറ്റില്‍ വ്യാപൃതനായിരുന്നു -- പൂര്‍ണ്ണ ആരോഗ്യവാനായിത്തന്നെ!
'ഏകലോചനം', 'ഇതര വാഴ്വുകള്‍', 'പൂമുള്ളി ആറാം തമ്പുരാന്‍' മുതലായ പേരെടുത്ത പുസ്തകങ്ങളുടെ കൂടെ, 'മാട്ടും' എഴുതിയ ശ്രീരാമന്‍ എന്നാല്‍, ഈ വ്യാജനെ നേരിട്ടത് ഒരു ഇരുത്തം വന്ന സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്റെ പക്വതയോടെയായിരുന്നു.
'ഞാന്‍ മരിച്ചു എന്നാണ് എല്ലാരും കരുതുന്നതെങ്കില്‍, അങ്ങിനെയാവട്ടെ! ധൃതി പിടിച്ച് അതു നിഷേധിക്കേണ്ട കാര്യമൊന്നുമില്ല. മരണം ഒരുനാള്‍ നമ്മെ പിടികൂടുകതന്നെ ചെയ്യും. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ ജനങ്ങളുടെ നന്മക്കായി എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നെക്കുറിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കു വേണ്ടിയും എന്തെങ്കിലും നല്ലതു ചെയ്യാന്‍ എനിക്കു സന്തോഷമേയുള്ളൂ,' വാട്‌സ്ഏപ്പ്-ല്‍ തനിക്ക് റീത്ത് വെച്ചവരോടും, RIP നേര്‍ന്നവരോടും, 'വൈശാലി'യിലെ മഹാഋഷി വിഭാണ്ഡകന്റെ വിജ്ഞാനമുള്ള ശ്രീരാമന് പരാതിയൊന്നുമില്ല.
 
ശ്രീരാമനോട് നെറികേട് കാട്ടിയ 'അഭിനവ സാമൂഹ്യ അശ്രീകരങ്ങള്‍', മാമുക്കോയയെ കബറടക്കി, മയ്യത്ത് നിസ്‌ക്കാരവും നടത്തിയിട്ട് അത്ര അധികം കാലമൊന്നുമായിട്ടില്ല.
'കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാമുക്കോയ നിര്യാതനായി' എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഒരു ഫോട്ടോ സഹിതം കാട്ടുതീ പോലെയാണ് കത്തിക്കയറിയത്.
'ഈ ആശുപത്രിയില്‍, കിഡ്‌നി സംബന്ധമായ അസുഖത്തിനു മാമുക്കോയ കുറെകാലമായി ചികിത്സയിലായിരുന്നു' എന്ന കൂടുതല്‍ വിവരവും സേവന മനസ്സോടെ നല്‍കാന്‍ വാട്‌സ്ഏപ്പ് 'ചങ്കുകള്‍' മടികാണിച്ചില്ല.
 
'അന്യരുടെ ഭൂമിയില്‍' 1979-ല്‍ അഭിനയം തുടങ്ങി, കേരള സര്‍ക്കാരിന്റെ പ്രഥമ ബെസ്റ്റ് കമേഡിയന്‍ പുരസ്‌കാരവും നേടിയ മാമുക്കോയ, തന്റെ അഞ്ഞൂറു പടങ്ങളിലും മനുഷ്യരെ ചിരിപ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ കൊല്ലണമായിരുന്നോ?
ഹുലു കോഴിക്കോടന്‍ ഹല്‍വ-യുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ എന്ന പുതിയ ചുമതലക്കു മുന്നെത്തന്നെ, നിരവധി മറ്റുല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ മോഡലായിവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള മാമുക്കോയയോടു ചെയ്ത അനീതിയില്‍ ഏറ്റവും ക്ഷുഭിതനായത്, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരുന്നു.
 
'ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചെന്നു പ്രചരിപ്പിക്കുന്ന മനസുള്ളയാള്‍, അവസരം ഒത്തുവന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാളെ ശരിക്കും കൊല്ലില്ലെന്നതിന് എന്താണ് ഉറപ്പ്?' ലാല്‍ ചോദിക്കുന്നു. 'ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സാണ്, അത് മറക്കരുത്.'
തന്റെകൂടെ നൂറില്‍പരം മികച്ച പടങ്ങളില്‍ അഭിനയിച്ച മാമുക്കോയയെ 'കൊന്നവര്‍ക്കെതിരെ' സൈബര്‍ പോലീസ് കേസ് എടുക്കണമെന്ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റ്‌നന്റ് കേണല്‍ കൂടിയായ ലാല്‍ ആവശ്യപ്പെട്ടു.
മനസ്സാക്ഷിയില്ലാതെ, ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട്, വ്യക്തികളേയും സമൂഹത്തേയും വഴി തെറ്റിക്കുന്നവരെ ക്രിമിനലുകളായിത്തന്നെ കണക്കാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
 
'ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക്, അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം എന്താണ്? ഏതു തരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടേത്,' ലാല്‍ രോഷാകുലനായി. 'ഇത് ഒരു മാനസിക സംസ്‌കാരത്തിന്റെ പ്രശ്നമാണെന്നു തോന്നുന്നു.'
 
'നവമാധ്യമങ്ങള്‍ അത്ഭുതകരമായ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്, എന്നാല്‍ വളരെ പെട്ടെന്നു വിഷം കലക്കാവുന്ന ഒരു തടാകം കൂടിയാണിത്,' ലാല്‍ വ്യക്തമാക്കി.
'മനുഷ്യരെ അടുപ്പിക്കുന്നതിനു പകരം, അകറ്റാനാണ് ചിലരെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. വീട്ടുകലഹങ്ങള്‍ക്കു മുതല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വരെ നവമാധ്യമങ്ങള്‍ കാരണമാകുന്നു,' തന്റെ ഔദ്യോഗിക ബ്ലോഗില്‍, 'മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ലാല്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
'ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു, എന്നാല്‍ എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു, ഞാന്‍ ഒരു കാറപടകത്തില്‍പെട്ടു മരിച്ചുവെന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല, ' ലാല്‍ തന്റെ ബ്ലോഗില്‍ താന്‍ തന്നെ ബലിയാടായ കഥ എടുത്തു പറഞ്ഞിട്ടുണ്ട്.
 
'ഒരേ സമയം ഓപ്പറേഷന്‍ ചെയ്യാനും കൊല്ലാനും ഉപയോഗിക്കാവുന്ന കത്തി പോലെ നവമാധ്യമങ്ങള്‍ നമുക്കിടയില്‍ നില്‍ക്കുന്നു,' അഞ്ചുപേജില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ലേഖനത്തില്‍ ലാല്‍ നിരീക്ഷിക്കുന്നു.
മാമുക്കോയയെക്കുറിച്ചുള്ള നുണക്കഥയാണ് ലാലിന് തല്‍ക്ഷണമായുണ്ടായ പ്രകോപന കാരണമെങ്കിലും, സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഗഹനമായിത്തന്നെയാണ് അദ്ദേഹം തന്റെ ബ്ലോഗില്‍ ചിത്രീകരിച്ചിരിക്കുന്നത് -- നവമാധ്യമങ്ങളുടെ പ്രയോജനത്വം അംഗീകരിച്ചുകൊണ്ടുതന്നെ.
 
ദുരുപയോഗം ചെയ്താല്‍, വിപരീത ഫലമുളവാക്കുന്നതാണല്ലൊ നമുക്കു ലഭിക്കുന്ന സൗകര്യങ്ങളെന്തും, പ്രത്യേകിച്ച്, സ്റ്റേറ്റ്-ഓഫ്-ദി-ആര്‍ട്ട് ശാസ്ത്ര-സാങ്കേതിക വിദ്യകള്‍.
എല്ലാം മുന്നില്‍ തുറന്നുകിട്ടുന്നു. എന്നാല്‍, സദ്ഗുണമുള്ളതു മാത്രം സ്വീകരിക്കാനും, കൊള്ളരുതാത്തതു തളളിക്കളയാനുമുള്ള സംപ്രാപ്തി ഉപഭോക്താവിനുണ്ടാവണം!
സോഷ്യല്‍ മീഡിയ ഊണിലും ഉറക്കത്തിലും ഉപയോഗിക്കുന്നത് യുവജനങ്ങളാണെങ്കില്‍, അവരുടെ അഭിരുചിയും ആസ്വാദന നിലവാരവുമനുസരിച്ച്, അതിനാലുണ്ടാകുന്ന അഹിതങ്ങളും ഏറുമല്ലൊ! ഒരുപക്ഷെ, ഇതായിരിക്കാം മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തമ്മിലുള്ള സാര്‍ത്ഥകമായ വ്യത്യാസവും.
 
വ്യാജനും, ഹോക്‌സിനും ജന്മം കിട്ടുന്നത് മനഃപൂര്‍വ്വമല്ലെന്ന് കരുതണമെങ്കില്‍, പ്രാഥമികമായി ഇവ ആവര്‍ത്തിച്ചുള്ളൊരു സംഭവമാകരുത്. കൂടാതെ, ഇരകളെ തിരഞ്ഞെടുക്കുന്ന രീതിയില്‍ നിന്ന് ഇവ യാദൃശ്ചികമായതാണെന്ന് പറയാനുമൊക്കില്ല.
എന്നാല്‍, ഒരൂട്ടം ഊനം കൂടാതെ പറയാം -- സാമൂഹ്യ മാധ്യമങ്ങളുടെ വ്യക്തിഹത്യാ പ്രവണതകള്‍, അതു നല്‍കുന്ന നന്മയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തികൊണ്ടിരിക്കുന്നൊരു കാലത്തിലൂടെയാണ് നാമൊക്കെ ഇന്ന് കടന്നു പോകുന്നത്.
വാട്‌സ്ഏപ്പ്-ല്‍ മാമുക്കയുടെ അന്ത്യകര്‍മ്മങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരുപ്പോള്‍, ആ പാവം മനുഷ്യന്‍ വയനാട്ടില്‍ ആരെയൊക്കെയോ ചിരിപ്പിച്ചും, സ്വയം ചിരിച്ചും സസുഖം കഴിയുകയായിരുന്നു!
 
പ്രിയ ഗായിക ജാനകിയമ്മയേയും, നടി കനകയേയും, പ്രിയപ്പെട്ടവരായ ഇന്നസന്റിനേയും, ജഗതി ശ്രീകുമാറിനെയും, പൃഥ്വിരാജിനേയും, വിജയരാഘവനേയും, സംവിധായകന്‍ ബോബന്‍ സാമുവലിനേയും (ജനപ്രിയന്‍, റോമന്‍സ്, ഹേപ്പി ജേണി, ഷാ ജഹാനും പരീകുട്ടിയും) പല സമയങ്ങളിലായി നവമാധ്യമങ്ങള്‍ കൊന്നിട്ടുണ്ടെങ്കിലും, സുകുമാര രസത്തിന്റെ സാമ്രാട്ടായ സലീം കുമാറിനാണ് ഏറ്റവും കൂടുതല്‍ പ്രാവശ്യം ഇഹലോകവാസം വെടിയാനുള്ള നിര്‍ഭാഗ്യമുണ്ടായത് -- അദ്ദേഹം മൊത്തം ആറു തവണയാണ് മരിച്ചത്!
 
അറുപതു വര്‍ഷത്തെ ആലാപനത്തില്‍, അര ലക്ഷത്തോളം പാട്ടുകളാല്‍, 17 ഭാഷക്കാര്‍ക്കു നാദബ്രഹ്മം സൃഷ്ട്ടിച്ച ജാനകിയമ്മ, 2016-സെപ്റ്റംബറിലും, 2017-ഒക്ടോബറിലും, 2018- ജൂണിലും, 2019 ഓഗസ്റ്റിലും ഓരോ പ്രാവശ്യം മരിച്ചിരുന്നു!
സംഗീത ജീവിതത്തോടു വിട പറയുന്നുവെന്ന്, 2018- ജൂണില്‍, ഒരു സദസ്സില്‍ ജാനകിയമ്മ പറഞ്ഞിരുന്നു. ഈ വാര്‍ത്ത ഒരു വാട്‌സ്ഏപ്പ്കാരന് കിട്ടുന്നു.  തിരക്കിനിടയില്‍, പകുതി വായിച്ച്, 'സംഗീതം' കാഴ്ചയില്‍ പെടാതെ, 'ജാനകിയമ്മ ജീവിതത്തോടു വിട പറഞ്ഞെന്ന്', തന്റെ സുഹൃദ് ശൃംഖലയിലേക്ക് ഇദ്ദേഹം ഫോര്‍വേഡ് ചെയ്യുന്നു.
ഇതു കിട്ടുന്ന, ഭാവനാ സമ്പന്നനായ മൂന്നാമത്തെയാള്‍, 'ഗാനകോകിലത്തിന്' അനുശോചനം അറിയിച്ചുകൊണ്ടുള്ള മനോഹരമായൊരു 'ഫോട്ടോഷോപ്പ്' ചിത്രം മിന്നല്‍ വേഗത്തില്‍ നിര്‍മ്മിച്ചു പോസ്റ്റുചെയ്യുന്നു, തന്റെ സുഹൃത്തുക്കളെയെല്ലാം ടേഗും ചെയ്യുന്നു.
 
കിട്ടിയവരെല്ലാം ഈ ചൂടപ്പം ഷേര്‍ ചെയ്യുന്നു. ഭക്ഷണത്തിനിടയിലും, ഡ്രൈവിങ്ങിനിടയിലുമൊക്കെ ആയിരിക്കാം ശ്രദ്ധിച്ചു ചെയ്യേണ്ട ഈ വക കാര്യങ്ങള്‍ നടക്കുന്നത്. പെട്ടെന്നു വേണ്ടേ, ആരുടെയും പിന്നിലാവരുതല്ലൊ തന്റെ ബുള്ളറ്റിന്‍! വാര്‍ത്തയുടെ വിശ്വാസ്യത പരിശോധിക്കാന്‍ ആര്‍ക്കാണു നേരം?
അങ്ങിനെ, കാല്‍പനികമായ കലത്തില്‍ ചുട്ടെടുത്ത ഈ 'കള്ളപ്പം' ലോകം മുഴുവനുമെത്തുന്നു -- ഇതിനെയല്ലേ നവമാധ്യമങ്ങളുടെ ഭാഷയില്‍, 'സംഗതി വൈറലായി' എന്നു നാം പറയുന്നത്. അങ്ങിനെ ജാനകിയമ്മ അഞ്ചാം തവണയും മരിക്കുന്നു!
 
ദൈവകൃപയാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന പലര്‍ക്കും, ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സന്ദേശങ്ങളുടേയും, ഫോട്ടോഷോപ്പ് പ്രോഡക്റ്റുകളുടേയും, ഒരു പ്രവാഹം തന്നെ ആയിരുന്നു ഇതിനു മുന്നെയും, സോഷ്യല്‍ മീഡിയ എന്ന പ്രിയ പ്രഹേളികയില്‍.
നവമാധ്യമങ്ങളുടെ ആഗമനത്തിനുമുന്നെ, കെട്ടുകഥകള്‍ പരത്തുന്നതിനെ നാം പരദൂഷണം എന്നു പറഞ്ഞിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോള്‍, ഈ പദത്തിനു പര്യായങ്ങളായി പോസ്റ്റിങ്, ടേഗിങ്, ഷേറിങ്, കൂടാതെ, ഈ മൂന്നും മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍, വൈറല്‍, എന്നുമുള്ള ഇ-നാമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നല്ലാതെ, നമ്മുടെ മനസ്സുകളില്‍ എവിടെയാണ് നവോത്ഥാനത്തിന്റെ അഭ്യുദയം ഉണ്ടായിട്ടുള്ളത്?
2010-ല്‍, ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന്, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും ഒരുമിച്ചു നേടിയെങ്കിലും, വാട്‌സ്ഏപ്പ്-ലെ മരണ വാര്‍ത്തയില്‍, തന്നെ മഹാനടനെന്ന് വിശേഷിപ്പിച്ച സന്തോഷത്തിലാണ് 'ഇഷ്ടമാണ് നൂറു വട്ട'ത്തില്‍ അഭിനയ ജീവിതം തുടങ്ങിയ സലീം കുമാര്‍!
 
താന്‍ മരിച്ചോ എന്ന് തന്നോടുതന്നെ ഫോണ്‍ വിളിച്ചു ചോദിച്ച ഒട്ടനവധി പേരോട്, താന്‍ മരിച്ചിട്ടില്ലെന്നു പറഞ്ഞു, പറഞ്ഞു ക്ഷീണിച്ചപ്പോള്‍, പിന്നീടു വന്ന കാളുകള്‍ അദ്ദേഹം സ്വീകരിച്ചത്, 'ഹലോ, പരേതനായ സലീം കുമാര്‍ സ്പീക്കിങ്' എന്ന് പറഞ്ഞുകൊണ്ടാണത്രെ!
 
ഈ നാട് ദൈവത്തിന്റേതെന്ന് നമ്മള്‍ അഭിമാനപൂര്‍വ്വം പറഞ്ഞു തുടങ്ങിയ കാലത്ത്, ഇവിടെ വാട്‌സ്ഏപ്പ് കൊലപാതകങ്ങള്‍ നടന്നിരുന്നില്ല. സൈബര്‍ സൗകര്യമുള്ള നവമാധ്യമങ്ങളൊന്നും തന്നെ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുമില്ല.
2014-ല്‍, ഫേസ്ബുക്കുകാരന്‍ സുക്കര്‍ബെര്‍ഗ്, വാട്‌സ്ഏപ്പ് എന്ന ഏര്‍പ്പാട് ഏറ്റെടുക്കുമ്പോള്‍, മലയാളികള്‍ ഈ സേവനം 'use' ചെയ്യുന്നതിലേറെ 'abuse' ചെയ്യുമെന്നു കരുതിക്കാണില്ല. കാരണം, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും, ലോകത്ത് മറ്റൊരിടത്തും, ഇത്രയും സെലബ്രിറ്റികള്‍ ഇത്രയും 'cynical' ആയി മരിച്ചുകൊണ്ടിരിക്കുന്നുമില്ലല്ലൊ!
 
പ്രശ്‌നം സൗകര്യം ഒരുക്കിത്തരുന്നവന്റെയല്ല, അനുചിതമായി അത് ഉപയോഗിക്കുന്നവന്റെയാണ്. ദുര്‍വ്വിനിയോഗം എന്ന പദത്തിന് ഉപയോഗം എന്നതിന്റെയത്രതന്നെ കാലപ്പഴക്കമുണ്ടായത്, കയ്യില്‍ കിട്ടുന്നതെന്തും ദുരുപയോഗപ്പെടുത്തണമെന്ന് മനുഷ്യര്‍ ചിന്തിച്ചതുകൊണ്ടാണ്.
സ്വയം മറഞ്ഞിരുന്ന് ഓണ്‍ലൈനില്‍ ഒളിയമ്പെയ്യാന്‍, വാട്‌സ്ഏപ്പ് തന്നെയാണ് ഏറ്റവും ഉചിതമെന്നു തിരിച്ചറിഞ്ഞതും ദുഷ്ടചിന്തയുള്ള മനുഷ്യര്‍ തന്നെയാണ്! സ്മാര്‍ട്ട് ഫോണുകള്‍ ചറപറാന്ന് ഉപയോഗിക്കുന്നവന്റെ ഓവര്‍ സ്മാര്‍ട്ട്‌നസ്സ് ആണ് നാട്ടില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നത്.
 
 
ജന്മനാ 'vampire' അല്ലാത്ത വാട്‌സ്ഏപ്പ്-ന്, ജീവിച്ചിരിക്കുന്നവരുടെ ചുടുചോര മോന്തിക്കുടിച്ചു പ്രാണ9 അപഹരിക്കുന്ന രക്തരക്ഷസ്സിന്റെ പ്രതിച്ഛായ നല്‍കിയതാരെന്ന് പ്രബുദ്ധ കേരളത്തിലെ ഓരോ മലയാളിയും ആഴത്തിലൊന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുപാടായില്ലേ, ഇനിയുമൊരു ഓണ്‍ലൈ9 കൊലപാതകം ഇവിടെ നടക്കാതിരിക്കട്ടെ!
 
ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക