Image

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്, പണമയയ്ക്കാന്‍ തിരക്കുകൂട്ടി പ്രവാസികള്‍

Published on 21 April, 2021
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്, പണമയയ്ക്കാന്‍ തിരക്കുകൂട്ടി പ്രവാസികള്‍
രൂപയുടെ മൂല്യം താഴ്ചയില്‍ തുടരുന്നതിനാല്‍ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണവും ഏറി. കഴിഞ്ഞദിവസങ്ങളില്‍ കയറിയും ഇറങ്ങിയും നിന്ന രൂപയുടെ മൂല്യം ഇനിയും താഴ്ചയിലേക്കു പോകുന്ന പ്രവണതയിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയില്‍ കോവിഡ് നിരക്ക് ഉയരുകയും വിവിധ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കര്‍ഫ്യൂവിലേക്കും അടച്ചിടലിലേക്കും നീങ്ങുകയും ചെയ്യുന്നതു ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുകയും രൂപയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വാരം റിസര്‍വ് ബാങ്ക് മോനിറ്ററി കമ്മിറ്റി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഗവണ്‍മെന്റ് സെക്യൂരിറ്റി വാങ്ങലിനു 12000 കോടി രൂപ അനുവദിച്ചത് രൂപയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. അതേ സമയം അമേരിക്കന്‍ വിപണി വളര്‍ച്ചയിലാണെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം ചേര്‍ന്നു വിലയിരുത്തിയത് ഡോളറിന്റെ നിള മെച്ചപ്പെടുത്തി.

ഇതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യന്‍ വിപണി വളര്‍ച്ചയുടെ പാതയിലാണെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വിലയിരുത്തിയെങ്കിലും അടുത്തുവരുന്ന മൂന്നു മാസങ്ങളില്‍ ഇന്ത്യന്‍ വിപണി അത്ര നല്ല നിലയിലാകില്ലെന്നു ഗോള്‍ഡ്മാന്‍ സാച്ചസും മറ്റും ചൂണ്ടിക്കാട്ടിയതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യയില്‍ വാക്‌സിനേഷന്റെ ലഭ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നതും കോവിഡ് വ്യാപനം ശക്തമായി തുടരുകയും ചെയ്തത് വീണ്ടും ഇന്ത്യന്‍ വിപണിയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇതും രൂപയെ പ്രതികൂലമായി ബാധിച്ചു.

സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞ നിലയില്‍ തുടരുകയാണ്. തുടക്കത്തില്‍ കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ പെട്ടെന്ന് എല്ലാവരും ഗോള്‍ഡിലേക്കു മാറിയിരുന്നു. ഓഹരി വിപണിയില്‍ മോശം പ്രവണത തുടരുമ്പോള്‍ സാധാരണ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്ന പ്രവണത കാണാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഡോളറിലേക്ക് നിക്ഷേപം മാറ്റുന്ന സ്ഥിതിയാണുള്ളത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക