Image

പ്രഥമ ഡബ്ള്യു.എച്ച്.ഐ 'ഗോള്‍ഡണ്‍ ലാന്റേണ്‍' ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്

Published on 21 April, 2021
പ്രഥമ ഡബ്ള്യു.എച്ച്.ഐ 'ഗോള്‍ഡണ്‍ ലാന്റേണ്‍' ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്

തിരുവനന്തപുരം: യു.എന്‍ സാമ്പത്തിക, സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ള്യു.എച്ച്.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റേണ്‍ ദേശീയ പുരസ്‌കാരത്തിന് ഓര്‍ത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അര്‍ഹനായി. ഔദ്യോഗിക പ്രവര്‍ത്തന മേഖലയ്ക്കു പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡബ്ള്യു.എച്ച്.ഐ ഗോള്‍ഡന്‍ ലാന്റേണ്‍ പുരസ്‌കാരം.

മുംബൈയിലെ ചേരികളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടര്‍പദ്ധതിക്കും, ചേരികളിലെ ക്ഷയരോഗികള്‍ക്കായി ആവിഷ്‌കരിച്ച ആരോഗ്യ, ചികിത്സാ പദ്ധിക്കും നല്‍കിയ വിപ്ലവകരമായ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തു നല്‍കിയ സമഗ്രസംഭാവനകള്‍ കൂടി പരിഗണിച്ചാണ് ദേശീയതലത്തിലെ ജൂറി ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്ള്യു.എച്ച്.ഐ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി പറഞ്ഞു.

ക്യാന്‍സര്‍ ചികിത്സയ്ക്ക് മുംബൈയിലെ ടാറ്റാ ആശുപത്രിയിലെത്തുന്ന നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്ന പദ്ധതിയും, ചുവന്ന തെരുവുകളില്‍ നിന്ന് വീണ്ടെടുത്ത സ്ത്രീകള്‍ക്കായുള്ള ആരോഗ്യ, സാമൂഹ്യ സുരക്ഷാ പരിപാടികള്‍, മുംബൈ കലാപവേളയില്‍ മതഭേദമില്ലാതെ ആയിരങ്ങള്‍ക്ക് അഭയം നല്‍കുന്ന ശരണാലയമായി ആരംഭിച്ച ഗ്രിഗോറിയന്‍ കമ്യൂണിറ്റിയുടെ ആവിഷ്‌കാരം, തിയോ യൂണിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്കും ദൈവശാസ്ത്രപഠനത്തിന് അവസരം നല്‍കാനുള്ള പദ്ധതി തുടങ്ങിയവയും പുരസ്‌കാര നിര്‍ണയത്തിനായി ജൂറി പരിഗണിച്ചു. 

മുംബൈയിലെ റോഹയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി പദ്ധതി ഇന്ന് കേരളത്തിനു പോലും മാതൃകയാകുന്നു. ആത്മീയാചാര്യന്‍ എന്നതിനപ്പുറം സാമൂഹ്യപരിവര്‍ത്തനത്തിനായി ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ചു 
നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികളും സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ, ആരോഗ്യസേവനം തുടങ്ങിയ വിഭിന്ന മേഖലകളിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളും അനന്യവും രാജ്യത്തിനാകെ മാതൃകയുമാണെന്ന് ജൂറി വിലയിരുത്തി. യൂറോപ്യന്‍ യൂണിയനിലെ ഇന്റര്‍നാഷണല്‍ അലയന്‍സ് ഓഫ് വിമന്‍, ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് 
ഗ്രൂപ്പ് തുടങ്ങിയ രാജ്യാന്തര സമിതികളുടെ അംഗീകാരമുള്ള സംഘടനയാണ് ഡബ്ള്യു.എച്ച്.ഐ. ഗോള്‍ഡന്‍ ലാന്റേണ്‍ പുരസ്‌കാരലബ്ധിയോടെ, യു.എന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍ കോണ്‍ഫറന്‍സിന്റെ അടുത്ത സമ്മേളനത്തില്‍ ഗ്രിഗോറിയന്‍ കമ്യൂണിറ്റിയെക്കുറിച്ചും, ചേരി മേഖലകളുടെ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് അവസരം ലഭിക്കുമെന്ന് ഡോ. വിജയലക്ഷ്മി പറഞ്ഞു.

ജൂലായ് മദ്ധ്യത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാര വിതരണം നടത്തും. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഡബ്ള്യു.എച്ച്.ഐ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി, ഡബ്ള്യു.എച്ച്.ഐ പ്രതിനിധികളായ രാധിക സോമസുന്ദരം, കെ പി കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക