Image

കോവിഡ് രണ്ടാം തരംഗം 'മോദി നിര്‍മിത ദുരന്തം; മമത

Published on 21 April, 2021
കോവിഡ് രണ്ടാം തരംഗം 'മോദി നിര്‍മിത ദുരന്തം; മമത


കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡിന്റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തമാണെന്ന് മമത വിമര്‍ശിച്ചു. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.  കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ മോദി സ്ഥാനം ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. വൈറസിന്റെ രണ്ടാം തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് താന്‍ പറയും. എവിടെയും ഓക്സിജന്‍ കിട്ടാനില്ല. രാജ്യത്ത് വാക്സിനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്നും മമത ആരോപിച്ചു. 

ബംഗാളിനെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇത്. ബംഗാള്‍ എന്‍ജിന്‍ സര്‍ക്കാരില്‍ മാത്രമേ പശ്ചിമ ബംഗാള്‍ ഓടുകയുള്ളു, മോദിയുടെ ഇരട്ട എന്‍ജിനില്‍ ബംഗാള്‍ ഓടില്ലെന്നും ബിജെപിയെ പരിഹസിച്ച് മമത പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്ന് ഭരിക്കാനോ ബംഗാളിനെ പിടിച്ചെടുക്കാനോ ഗുജറാത്തിനെ അനുവദിക്കില്ലെന്നും ബംഗാളില്‍ ഉള്ളവര്‍
തന്നെ ബംഗാളിനെ ഭരിക്കുമെന്നും മമത വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും ഓക്സിജന്‍, വാക്സിന്‍ എന്നിവയുടെ ക്ഷാമം രൂക്ഷമായതിലും മമത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ടെത്തിച്ച് ബിജെപി ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ വൈറസ് 
പടര്‍ത്തുകയാണെന്നും മമത ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക