Image

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 23 April, 2021
 കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)
കൊറോണ എന്ന മഹാമാരിയെ പ്രതിരോധിച്ച് സാധാരണ ജീവിതത്തിലേയ്ക്കെത്തി തുടങ്ങിയപ്പോഴാണ് ഇന്ത്യക്ക് ഇരുട്ടടിയെന്നപോലെ കൊറോണയുടെ രണ്ടാം വരവ്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുകയാണ്. 22 ന് രാത്രി 10 :30 വരെയുള്ള കണക്കുകള്‍ പ്രകാരം 3.05 ലക്ഷമാണ്  രോഗികളുടെ വര്‍ദ്ധന. 1931 പേരാണ് രോഗം ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.

കോവിഡ് കേസുകളും മരണങ്ങളും അനുദിനം വര്‍ദ്ധിക്കുന്നതിനൊപ്പം ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഓക്സിജന്‍ ക്ഷാമം. 2428616 രോഗികളാണ് 22-ാം തിയതിയിലെ ഒദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യയിലുള്ളത്. രോഗികളുട ജീവന്‍ രക്ഷിക്കുവാനുള്ള പ്രാണവായു ഇല്ലാതെ വരുന്ന ഇന്ത്യ കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക പ്രതിസന്ധിയിയെയാണ് നേരിടുന്നത്. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 25 രോഗികളാണെങ്കില്‍ നാസിക്കിലെ ഡോ സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചത് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 24 രോഗികളാണ്. ആശുപത്രികളില്‍ കിടക്കകളില്ലാതെ പുറത്ത് വാഹനങ്ങളില്‍ ചികിത്സ കാത്തു കടക്കുന്ന രോഗികളുടെ കാഴ്ച തീര്‍ത്തും ദയനീയമാണ്.

രാജ്യത്ത് ഓക്സിജന്‍ ഉപയോഗത്തില്‍ വന്ന വര്‍ദ്ധനവ് തന്നെ ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഏപ്രീല്‍ 12 ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 3842 മെട്രിക് ടണ്‍ ആയിരുന്നു രാജ്യത്തെ ഓക്സിജന്‍ ഉപയോഗം , രോഗികള്‍ 12,64000 പേരും. എന്നാല്‍ ഇന്ന് രോഗികള്‍ 2428616 ആണ് ഓക്സിജന്‍ ഉപഭോഗം 8000 മെട്രിക് ടണ്ണായി ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പല വിദേശ രാജ്യങ്ങളും സഹായവാഗ്ദാനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്.

വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്കും മറ്റൊരു പ്രശ്നമാണ്. ഓണ്‍ലൈന്‍വഴി രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിര്‍ദ്ദേശമെങ്കിലും നേരത്തെ സ്പോര്‍ട്ട് രജിസ്ട്രേഷന്‍ നടത്തിയവരിലും വാക്സിന്‍ ലഭിക്കാത്തവരുണ്ട്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴും വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് വളരെ വലിയ പ്രശ്നമാണ് സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ല. പല സ്ഥലങ്ങളിലും രോഗത്തിന്റെ ഉറവിടമോ സമ്പര്‍ക്ക പട്ടികയോ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്.

മറ്റു പ്രമുഖ രാജ്യങ്ങള്‍ പലതും ഇതിനകം തന്നെ തങ്ങളുടെ പൗരന്‍മാരെ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി. ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേയ്ക്കുമുള്ള വിമാനങ്ങളും പല രാജ്യങ്ങളും താല്ക്കാലികമായി നിര്‍ത്തിക്കഴിഞ്ഞു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടുന്ന അവസ്ഥയിലേയ്ക്കെത്തുമോ എന്ന ഭീതിയിലാണ് ഒരു ജനത. പ്രവാസികള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. കോവിഡിന്റെ ആദ്യ വരവില്‍ തന്നെ ഒറ്റപ്പെടലിന്റെ വേദനയും പ്രിയപ്പട്ടവരെ കണാന്‍ കഴിയാത്തതിലുള്ള ദു:ഖവും ഏറയനുഭവിച്ചവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും. പ്രിയപ്പട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലുമാകാതെ വിഷമിച്ചവര്‍ നിരവധയാണ്.

കോവിഡ് നിയന്ത്രണത്തിന് ലോക് ഡൗണ്‍ എന്നത് അവസാന മാര്‍ഗ്ഗം മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലോക്ഡൗണ്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇനിയൊരു ലോക്ഡൗണ്‍ താങ്ങാവുന്നതിലുമപ്പുറമായിരിക്കും.

 കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക