Image

കേരളത്തിൽ നടക്കുന്ന കോവിഡ് വാക്സിൻ ചലഞ്ചിനെ പ്രവാസികളും പിന്തുണയ്ക്കണം : നവയുഗം

Published on 24 April, 2021
കേരളത്തിൽ നടക്കുന്ന കോവിഡ് വാക്സിൻ ചലഞ്ചിനെ പ്രവാസികളും പിന്തുണയ്ക്കണം : നവയുഗം
                         
ദമ്മാം: എല്ലാ ഭാരതീയർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ട് പോയിട്ടും, എല്ലാ മലയാളികൾക്കും സൗജന്യമായിത്തന്നെ വാക്സിൻ നൽകുമെന്ന കേരള സർക്കാരിന്റെ നിലപാടിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു. ഈ  പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളീയ പൊതുസമൂഹം മുന്നോട്ട് വന്നിരിക്കുകയാണ്. കേരളസർക്കാരിനെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണം സംഭാവന ചെയ്യുന്നതിനായി സോഷ്യൽ മീഡിയയിൽ മലയാളികൾ തുടങ്ങിയ കോവിഡ് വാക്സിൻ ചലഞ്ചിൽ നവയുഗവും പങ്കാളിയാകും എന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. 

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, വാക്സിൻ ഉത്പാദകരായ കുത്തക കമ്പനികൾക്ക് അവർക്ക് ഇഷ്ടമുള്ള വിലയിടാനുള്ള അവകാശം നൽകിയതു  വഴി കോവിഡ് കാലത്തെ മറ്റൊരു പകൽ കൊള്ളയ്ക്കാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും നവയുഗം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു ഡോസിന് 150 രൂപയ്ക്ക് കേന്ദ്രസർക്കാരിന് കിട്ടിക്കൊണ്ടിരുന്ന കോവിഡ് വാക്സിനുകൾ, സംസ്ഥാന സർക്കാരുകൾ 400 രൂപയ്ക്കും, സ്വകാര്യആശുപത്രികളും  കമ്പനികളും 600 രൂപയ്ക്കും വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ ഇപ്പൊൾ പറയുന്നത്.  കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനദ്രോഹപരമാണ്.  
 
കേരളത്തിന്റെ വാക്സിനേഷൻ ചെലവിലേക്കായി, എല്ലാ പ്രവാസികളും അവരുടെ കഴിവിനനുസരിച്ചു കൈകോർക്കണമെന്ന്  നവയുഗം കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു. 
നവയുഗം പ്രവർത്തകരും  കുടുംബങ്ങളും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന്  കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ എന്നിവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക