MediaAppUSA

പാഞ്ചാലി ശാപഗ്രസ്തയോ ? (എം.പി. ഷീലയുടെ മൂന്നാമൂഴം: (സുധീർ പണിക്കവീട്ടിൽ)

Published on 26 April, 2021
പാഞ്ചാലി ശാപഗ്രസ്തയോ ? (എം.പി. ഷീലയുടെ മൂന്നാമൂഴം: (സുധീർ പണിക്കവീട്ടിൽ)

വ്യത്യസ്തമായ കാഴ്ച്ച്ചപ്പാടുകളിലൂടെ പല എഴുത്തുകാരും പുരാണങ്ങളുടെ കൽപ്പനാരൂപം  (mythological fiction)  ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മഹാഭാരതവും രാമായണവും അതിലെ കഥാപാത്രങ്ങളും എഴുത്തുകാരുടെ ഭാവനയിലൂടെ നമ്മൾ നോക്കികണ്ടപ്പോൾ മൂലഗ്രൻഥത്തിൽ നമ്മൾ കണ്ടുമുട്ടിയവരെക്കാൾ കഴിവും സാമർത്ഥ്യവുമുള്ളവരായി കാണപ്പെട്ടു.  അത് കൂടുതൽ വിശ്വസനീയമായി തോന്നി.

പ്രശസ്ത എഴുത്തുകാരി ശ്രീമതി എം.പി. ഷീല അവരുടെ "മൂന്നാമൂഴം" എന്ന  നോവലിനെപ്പറ്റി സംസാരിച്ചപ്പോൾ, എം.ടി. വാസുദേവൻ നായരുടെ "രണ്ടാമൂഴം" എന്ന നോവൽ വളരെ പ്രചാരത്തിലിരിക്കുമ്പോൾ എന്തുകൊണ്ട് അതിന്റെ തുടർച്ച എന്നു വായനക്കാർക്ക് തോന്നും വിധം "മൂന്നാമൂഴം" എന്ന പേരു  നൽകി എന്ന ചോദ്യത്തിന് നോവലിസ്റ്റിന്റെ മറുപടി അതു  നിങ്ങളും മറ്റു വായനക്കാരും ഊഹിക്കുന്നപോലെ അർജുനന്റെ കഥയല്ലെന്നായിരുന്നു. പിന്നെ ആരുടെ? എന്ന ചോദ്യത്തിന് നോവൽ വായിക്കുക എന്ന സൗമ്യമായ മറുപടിയാണ് കിട്ടിയത്. നമുക്ക് മൂന്നാമൂഴം മറിച്ചു  നോക്കാം.

എഴുത്തുകാരി നമ്മെ ദ്വാപര യുഗത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിഹാസരചനക്കായി പൂർവികർ ഉപയോഗിച്ച രചനാരീതിയിലാണ്  നോവൽ ആരംഭിക്കുന്നത്. അതായത് സ്വർഗ്ഗലോകത്തുവച്ച് ദ്രൗപദിയെ കണ്ടുമുമുട്ടുന്ന യുധിഷ്ഠരൻ അവരെ സ്പർശിക്കാൻ കൊതിയോടെ കൈനീട്ടുമ്പോൾ  അവർ   പറയുന്നു “ഞാൻ ഇപ്പോൾ ഭൗമപുത്രിയല്ല, പാണ്ഡവരുടെ ധർമ്മപത്നിയുമല്ല.” ദ്രൗപദിയുടെ കഴിഞ്ഞകാല ഓർമ്മകളുടെ ഒരു സംഗ്രഹം ഇവിടെ നോവലിസ്റ്റ് നൽകുന്നു. തന്നെയുമല്ല മനസ്സിന്റെ കണ്ണാടിയിലൂടെ അവയൊക്കെ നോക്കി കാണുന്നതുവരെ യുധിഷ്ഠരനോട് അവർ വിടചോദിക്കുന്നു. അവരുടെ  മാനസദർപ്പണത്തിലൂടെ പ്രതിഫലിക്കുന്ന ബിംബങ്ങൾ എന്തൊക്കെയെന്ന് കാണാൻ വായനക്കാരന് പ്രചോദനം നൽകുകയാണ് ഒന്നാം അദ്ധ്യായത്തിലെ ഹൃസ്വമായ ഈ ഉപക്രമം.

രണ്ടാമത്തെ അദ്ധ്യായം മുതൽ ദ്രൗപദിയുടെ  ആത്മഗതങ്ങളാണ്.  അതിലൂടെ നമ്മൾക്ക് പരിചയമുള്ള മഹാഭാരതകഥയും പറഞ്ഞുപോകുന്നു.  മൂന്നാം ഊഴം ആരുടെ എന്നറിയാനുള്ള  വായനക്കാരന്റെ ജിജ്ഞാസ വളർത്തുമാറു ദ്രൗപദി നൽകുന്ന സൂചനകൂടാതെ പിന്നെയും മറ്റു രണ്ട് ജന്മങ്ങൾ ആരുടെ?  അതറിയാൻ നമ്മൾ വായിച്ചുപോകുമ്പോൾ പാഞ്ചാലിയുടെ ജീവിതകഥയുടെ ചുരുൾ നോവലിസ്റ്റിന്റെ ഭാവനയിലൂടെ നിവരുന്നു. ഒരു പക്ഷെ വ്യാസഭാരതത്തിൽ വായനക്കാരൻ കണ്ടെത്താതിരുന്ന വിവരങ്ങൾ എന്നതിനെ അനുമാനിക്കാം. ദ്രൗപദിയുടെ  മാനസികവികാരങ്ങൾ നോവലിസ്റ്റ് എഴുതുമ്പോൾ നമുക്കതു  വിശ്വസനീയമായി തോന്നുന്നു.  നമുക്ക് പരിചയമുള്ള മഹാഭാരതത്തിന്റെ ഭൂമിക ഒന്നുകൂടി വിശാലമാക്കുന്നു നോവലിസ്റ്റ്. ദ്രൗപദി വിവരിക്കുന്ന പൂക്കളുടെ ഭംഗിയും സുഗന്ധവും പരിസരവുമെല്ലാം ദ്വാപരയുഗത്തിൽ തന്നെ സ്ഥിതിചെയ്‌തുകൊണ്ട് ആ വിദൂരയുഗത്തെ നമ്മിലേക്ക് അടുപ്പിക്കുവാൻ നോവലിസ്റ്റിന്റെ ഭാഷാസൗകുമാര്യത്തിനു കഴിയുന്നു.

കഴിഞ്ഞ ജന്മത്തിൽ താൻ ആരായിരുന്നു എന്ന് സങ്കല്പിക്കുമ്പോൾ ക്ഷണനേരം തന്റെ സ്തനകഞ്ചുകങ്ങൾ അഴിഞ്ഞുവീഴുന്ന അനുഭൂതി കൃഷ്ണ അയവിറക്കുന്നു. ഒരു പക്ഷെ കൃഷ്ണനെ മനസ്സിൽ കാണുന്നു. അപ്പോൾ തന്നെ അവരെ ആരോ അഗ്നിയിലേക്ക് വലിച്ചെറിയുന്ന അനുഭവമുണ്ടാകുന്ന വിവരണം നോവലിസ്റ്റ് നൽകുന്നുണ്ട്. കൃഷ്ണനുമായുള്ള സംഗമം സാക്ഷാത്‌കരിക്കപ്പെടുകയില്ലെന്ന സൂചന തരുന്നതിനോടൊപ്പം യാഗാഗ്നിയിൽ നിന്നും പൂർണ്ണയുവതിയായി പ്രത്യക്ഷപ്പെട്ട ദ്രൗപദിയുടെ കഥാപാത്രത്തോട് ഈ രംഗം നീതിപുലർത്തുന്നു. യാഗാഗ്നിയിൽ നിന്നും ജനിക്കുന്നതിനുമുമ്പ് താൻ ആരായിരുന്നുവെന്നറിയാനുള്ള കൃഷ്ണയുടെ ഉൽക്കടമായ ഉത്കണ്ഠയും ആവേശവും ആരംഭം മുതൽ വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. അതറിഞ്ഞാൽ കൃഷ്ണയുടെ ഊഴങ്ങൾ  എണ്ണാം.


മഹാഭാരതത്തിൽ പാഞ്ചാലി അസാമാന്യ മനസ്സുറപ്പും അനീതിയെ ചോദ്യം ചെയ്യാൻ കരുത്തും കാണിച്ച സ്ത്രീയായിരുന്നു.  അവർ ഏതെങ്കിലും വീരപുരുഷനെ ഹൃദയത്തിൽ ആരാധിക്കുന്നതായി പറഞ്ഞിട്ടുണ്ടോ എന്ന് ഓർമിക്കുന്നില്ല. പാഞ്ചാലിയുടെ കഥകൾ പല ഭാഷകളിലും പല എഴുത്തുകാരും എഴുതിയിട്ടുണ്ട്.  അതിലൊക്കെ മുഖ്യമായി പ്രതിപാദിക്കുന്നത് പാഞ്ചാലി മനസ്സുകൊണ്ട് കർണ്ണനെ അല്ലെങ്കിൽ ഭഗവാൻ കൃഷ്ണനെ മോഹിക്കുന്നതും പ്രേമിക്കുന്നതുമാണ്.  അതൊക്കെ ഒരു രാജകുമാരിയുടെ പ്രണയതാല്പര്യങ്ങളും കാമമോഹിതങ്ങളുമാണ്. ഹൃദയത്തെക്കാൾ കൂടുതൽ അടുക്കാൻ കൊതിക്കുന്ന യൗവ്വനതീഷ്ണമായ ശാരീരിക ബന്ധങ്ങൾ.  മഹാഭാരതത്തിൽ ധാരാളം കൂട്ടിച്ചേർത്തലുകൾ നടന്നിട്ടുണ്ടെന്ന് ഗവേഷകർ തുറന്നുകാട്ടുന്നു. അതുകൊണ്ട് ഏതു ശരി ഏതു തെറ്റെന്നു മനസ്സിലാക്കാൻ വായനക്കാർക്ക് പ്രയാസമാണ്. മഹാഭാരത കഥയിൽ പ്രത്യക്ഷമായി കാണുന്നത് കൃഷ്ണൻ പാണ്ഡവരുടെയും ദ്രൗപദിയുടെയും രക്ഷക്കായി .വരുന്ന ആപൽബാന്ധവനാണെന്നാണ്.

കൃഷ്ണനും പാഞ്ചാലിയും തമ്മിൽ  സഖാ-സഖി ബന്ധമാണെന്ന്  നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളെ നമ്മുടെ കാഴ്ച്ചപ്പാടിലൂടെ കാണുമ്പോൾ അവരെക്കുറിച്ച് നമുക്ക് ധാരണകളും തെറ്റിദ്ധാരണകളും ഉണ്ടാകുക സാധാരണമാണ്. പ്രത്യേകിച്ച് കാലത്തിന്റെ ഒരു വിടവ് നമുക്കും അവർക്കും തമ്മിലുള്ളതുകൊണ്ട്. അങ്ങനെ പല കൃതികളും ജനിച്ചിട്ടുണ്ട്.  

എം.പി. ഷീലയും അതിനു ഒരു അപവാദമാകുന്നില്ല. എന്നാൽ ശ്രീമതി ഷീല  പരിചയപ്പെടുത്തുന്ന കൃഷ്ണ അവരുടെ   ജീവിതത്തെക്കുറിച്ച് ഉത്കണ്ഠാകുലയായ ഒരു സ്ത്രീയായിട്ടാണ്. അവരുടെ കൃഷ്ണയും മനസ്സിൽ ഒരു മോഹം താലോലിക്കുന്നു. തുടക്കം മുതൽ  അവർക്ക് അപൂർണ്ണത അനുഭവപ്പെടുന്നുണ്ട്. ഒരു മയില്പീലിയോട് അഭിവാഞ്ഛ തോന്നുന്നു. നോവലിസ്റ്റിന്റെ ഭാഷയിൽ "ആരോ ഹൃദയത്തിലേക്ക് ഊളിയിട്ട് കയറിയ പോലെ അനുഭൂതി. ശരീരത്തിൽ നീല നിറം പടരുന്നതുപോലെ. മയിൽ‌പ്പീലി ഓടക്കുഴലായി  രൂപാന്തരം പ്രാപിക്കുന്നു.” എല്ലാം ഒരു കുമാരിയുടെ മാനസിക വിക്ഷോഭങ്ങൾ. അവരുടെ മനസ്സിലെ അജ്ഞാതനായ ആ പുരുഷൻ ശ്രീകൃഷ്ണനല്ലേ എന്ന് വായനക്കാർക്ക് തോന്നാം. അവ്യക്തമായ പൂർവ്വജന്മസ്മരണകൾ എന്തിനോടോ മനസ്സിനെ അടുപ്പിക്കുന്ന അസ്വസ്ഥത. യാഗാഗ്നിയിൽ നിന്നും പിറവിയെടുത്ത പാഞ്ചാലപുത്രിക്ക് സ്വാഭാവികമായും അവരുടെ ബാല്യ, കൗമാരങ്ങൾ എവിടെയായിരുന്നു,  എന്തായിരുന്നു എന്നറിയാൻ മോഹമുണ്ടായിരിക്കും. അതേപോലെ തനിക്ക് മുമ്പു്  ഒരു ജന്മമുണ്ടായിരിന്നിരിക്കുമോ? അങ്ങനെ കൃഷ്ണയെകൊണ്ട് അവളുടെ ചിന്തകളെ മഥനം ചെയ്യിക്കുന്നു  നോവലിസ്റ്റ്.

അതിലൂടെ അവരുടെ കഥക്ക് വിശ്വസനീയമായ അടിത്തറ പാകുകയാണ്. അതേസമയം ഹിന്ദുവിശ്വാസങ്ങൾ അനുസരിച്ച് പുനർജന്മമുണ്ട്.  ദേവന്മാർ, ഋഷികൾ, ബന്ധപ്പെട്ടവർ തുടങ്ങി പലർക്കും ശപിക്കാൻ കഴിവുണ്ട് അതിൽ നിന്നും മോചനം കഠിനമാണ്. ഈ ഘടകങ്ങൾ കഥക്ക് പിൻബലം നൽകുന്നു.  മുമ്പ് സൂചിപ്പിച്ചപോലെ നോവലിന്റെ തുടക്കത്തിൽ ഈ ജന്മം ഭർത്താക്കന്മാരിൽ ഒരാളായിരുന്ന  ധർമ്മപുത്രരോട് അവർ പറയുന്നുണ്ട് അവർ രാധയുടെ പുനർജന്മമാണെന്നു.  എന്നാൽ പിന്നീട് അവരുടെ ജീവിതകഥ പറയുമ്പോൾ ആ ഓർമ്മ അവരിൽ ഉണ്ടാകണമെന്നില്ല. എങ്കിലും പൂർവ്വജന്മബന്ധങ്ങൾ ഒരാൾ അറിയാതെ അയാളെ സ്വാധീനിക്കുമെന്ന ന്യായത്തിൽ കൃഷ്ണൻ ഭർത്താവാകണമെന്ന ചിന്തയുണ്ടാകുന്നത് സ്വാഭാവികം. ആ ചിന്തയിൽ കൃഷ്ണന്റെ മയില്പീലിയും, പുല്ലാങ്കുഴലുമൊക്കെ ഓർത്ത് എം.പി. ഷീലയുടെ കൃഷ്ണ മോഹാലസ്യപ്പെടുന്നു. സഖിമാർ ഓടിയെത്തി അവരെ സമാശ്വസിപ്പിക്കുന്നു. സ്വയംവരം ഉറപ്പിക്കുമ്പോഴും കൃഷ്ണൻ തന്നെ ഭർത്താവായി വരണമെന്ന് പാവം കൃഷ്ണ  ആശിക്കുന്നതിൽ തെറ്റില്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയാണ് നോവലിസ്റ്റ്. സ്വയംവരത്തിനു കൃഷ്ണൻ പങ്കെടുക്കുന്നില്ലെന്നറിയുമ്പോൾ തന്റെ മനസ്സിനെ മഥിക്കുന്ന കുമാരൻ അർജുനൻ ആകുമോ എന്നും അവർ ചിന്തിക്കുന്നു. പൂർവ്വജന്മം അറിയാൻ വെമ്പുന്ന ദ്രൗപദിയോട് കൂട്ടുകാരികൾ പറയുന്നത് അതേക്കുറിച്ച് ചിന്തിക്കാതിരിക്കു അതാരായാലും മഹാൻ ആയിരിക്കുമെന്നാണ്.

പക്ഷെ അതിനെ ഒരു രാജകുമാരിയുടെ ചപല വ്യാമോഹമായിട്ടല്ല അവതരിപ്പിക്കുന്നത്. കൃഷ്ണയെകൊണ്ട് പൂർവ്വജന്മങ്ങളിലേക്ക് ഇടക്കൊക്കെ നോവലിസ്റ്റ് മടക്കയാത്രകൾ നടത്തിക്കുന്നുണ്ട്. ഇത് അവരുടെ മൂന്നാംജന്മമാണെന്ന വിശ്വാസം കൃഷ്ണയിൽ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നതായി നോവലിസ്റ്റ് അനുഭവപ്പെടുത്തുന്നു. ദ്രൗപദിക്ക് തന്റെ സന്ദേഹങ്ങൾ സത്യമാകണമെന്ന ഉത്സാഹത്തോടെ അവർ കൃഷ്ണനെ സമീപിക്കുമ്പോൾ അദ്ദേഹത്തിൽ നിന്നും  കേൾക്കേണ്ടിവരുന്നത് നിരാശാജനകമായ മറുപടിയാണ്. “എന്നിൽ നിന്നുള്ള വിരഹം നീ അനുഭവിക്കണം. അതൊരു ശാപത്തിന്റെ ഫലമത്രെ.”

തന്റെ പൂർവ്വജന്മം  അതറിയുന്നതു  മാത്രമാണോ കൃഷ്ണയുടെ ജീവിതലക്ഷ്യം  എങ്കിൽ അതറിഞ്ഞിട്ട് എന്തിനു എന്ന് വായനക്കാരൻ ചിന്തിക്കാം.  അതിനുള്ള ഉത്തരം ഒരു പക്ഷെ കൃഷ്ണ എന്ന ഈ ജന്മം  അവർ ഇഷ്ടപ്പെടുന്നില്ലെന്നു തന്നെ. എന്തുകൊണ്ട്? മനസ്സിനിണങ്ങിയ പുരുഷനുമൊത്തുള്ള ജീവിതം സ്ത്രീകൾ ആഗ്രഹിക്കുന്നു. മൂന്നാമൂഴം എന്ന പേരിലേക്ക് അപ്പോൾ അന്വേഷണം നീണ്ടുപോകുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് കൃഷ്ണയുടെ പൂർവജന്മം അന്വേഷിക്കുന്നത്?  കാരണം അവരുടെ മുന്നിൽ ദ്രൗപദി യജ്‌ഞങ്ങൾക്കും വീരപരീക്ഷകൾക്കും സമ്മാനമാകുന്ന അപൂർവ ജന്മം മാത്രമാണോ എന്ന സംശയമാണ്.  അഞ്ചു പുരുഷന്മാർക്ക് ഭാര്യയായി കഴിയേണ്ടവൾ. ഇതെല്ലാം ഓരോ നിയോഗങ്ങൾ അല്ലെ എന്ന് ചിന്തിക്കുമ്പോൾ ഒരു പക്ഷെ പൂർവ്വജന്മബന്ധങ്ങൾ പുനർജനനത്തെ സ്വാധീനിക്കുന്നു  എന്ന ചിന്തയിൽ നിന്നാകാം നോവലിസ്റ്റ് അവരുടെ അനുമാനങ്ങൾ രൂപപ്പെടുത്തിയത്. കൃഷ്ണനെ ഭർത്താവായി  ലഭിക്കാൻ മോഹിക്കുമ്പോൾ  അദ്ദേഹം തന്നെ അവരെ ഉപദേശിക്കുന്നു. "നിയോഗങ്ങളുടെ വഴിയേ സഞ്ചരിക്കുക". നോവലിസ്റ്റിന്റെ  ഉദ്ദേശശുദ്ധി ഇവിടെ പ്രകടമാകുന്നു. മഹാഭാരത കഥയെ വികലമാക്കാതെ അതേസമയം തന്റെ നായികയുടെ സ്ത്രീസഹജമായ മനസ്സിന്റെ ആശങ്കകളെ, ചാപല്യങ്ങളെ മാന്യമായി അവതരിപ്പിക്കുന്ന നോവലിസ്റ്റ്. അവിഹിത ബന്ധങ്ങളോ , രഹസ്യ വേഴ്ച്ചകളോ ഒന്നും കൂട്ടിച്ചേർക്കാതെ "പാതിവൃത്യത്തിന്റെ ശക്തിയിൽ ജന്മസാഫല്യം തേടണം" എന്ന് കൃഷ്ണയെക്കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുന്നു

മുഴുനീള നോവലിൽ ആത്മാന്വേഷിയായ കൃഷ്ണയെയാണ് വായനക്കാർ കാണുക.  സങ്കൽപ്പങ്ങളിൽ മുഴുകി മോഹങ്ങളുടെ സാക്ഷാത്കാരം നടത്തികൊണ്ടിരിക്കുന്ന കൃഷ്ണ പ്രേമവതിയാണ്. ഇഷ്ടപ്പെട്ടവന്റെ ഓർമ്മകൾ അവന്റെ തന്നെ പ്രതീകമായ മയില്പീലികൊണ്ട് അവളെ തഴുകുന്നു.  ആ മൃദുല സ്പർശനം  അവരെ കോരിത്തരിപ്പിക്കുന്നു. അഞ്ചിതളുള്ള നിർഡ്‌ജ്‌രിപ്പൂക്കൾ അവൾക്ക് മുന്നിൽ വിരിയുന്നു.  

രണ്ടുമൈൽ ദൂരത്തേക്ക് പ്രസരിക്കുന്ന താമരപ്പൂഗന്ധമുള്ള ശരീരത്തോടെ യാഗാഗ്നിയിൽ നിന്നും ജനിച്ച ദ്രൗപദിയുടെ പിറവി സമയത്ത് ക്ഷത്രം മുടിപ്പിക്കുന്നവൾ എന്ന അശരീരിയുണ്ടായിരുന്നു.  പിറവിസമയത്ത് തനിക്ക് ഒരു ആപത്ബാന്ധവനെ വേണമെന്ന വരം യജ്ഞസേനി ആവശ്യപ്പെടുകയും നേടുകയും ചെയ്യുന്നുണ്ട്.  പക്ഷെ അവളിൽ അങ്കുരിക്കുന്നത് കൃഷ്ണനോടുള്ള അനുരാഗമാണു. അങ്ങനെ ഒരു മൃദുലവികാരം രൂപപ്പെടുന്നത് പൂർവ്വജന്മബന്ധ സ്വാധീനംകൊണ്ടായിരുന്നുവെന്നു നോവലിന്റെ അവസാനഭാഗത്തുള്ള വെളിപ്പെടുത്തലുകളിൽ നിന്നും മനസ്സിലാക്കാം. ആപത്ബാന്ധവനായി സഖിയോടൊപ്പം ഞാൻ എന്നുമുണ്ടാകുമെന്നു കൃഷ്ണൻ ദ്രൗപദിയെ അറിയിക്കുന്നുണ്ട് നോവലിന്റെ അവസാനത്തിൽ.

ദ്രൗപദിയുടെ ചിന്തകളെ നോവലിസ്റ്റിന്റെ ഭാവനയിലൂടെ  അവതരിപ്പിക്കാൻ അവർ മഹാഭാരതകഥാസന്ദർഭങ്ങൾ ഉപയോഗിക്കുന്നെങ്കിലും അത്തരം വിവരണങ്ങൾ നോവലിസ്റ്റിന്റെ സ്വാതന്ത്രചിന്തകളിലൂടെ നിവരുന്നുന്നതായി കാണാം. സ്ത്രീ അസ്വതന്ത്രയാണെന്നു നോവലിസ്റ്റ് ദ്രൗപദിയെകൊണ്ട് പറയിക്കുന്നുണ്ട്.  സ്വയംവരം പോലും    മറ്റൊരാളുടെ തീരുമാനമാണെന്ന് ദ്രൗപദി പറയുന്നു. സ്ത്രീ എല്ലാ സഹിക്കേണ്ടവൾ. അവൾക്ക് കൊട്ടാരത്തിൽ നിന്നും വനത്തിൽ പോയി താമസിക്കേണ്ടി വന്നു. എല്ലാം തികഞ്ഞ പുരുഷന്മാർ ഇല്ല, എന്നാൽ സ്ത്രീകൾ ഉണ്ട്. അവരിൽ ഒരാളാണ് ദ്രൗപദി. പക്ഷെ സ്ത്രീയായതുകൊണ്ട് അവർ വെറും ഉപഭോഗവസ്തുവായി പരിഗണിക്കപ്പെടുന്നതു  നമ്മൾ കാണുന്നു.


ദ്രൗപദിയുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അവളിൽ അടിച്ചേല്പിക്കപ്പെടുകയാണ്. അവളുടെ സമ്മതം ആരും ചോദിക്കുന്നില്ല.  സ്വയംവരത്തിലൂടെ നേടിയ അർജ്ജുനൻ തന്നെ അവളെ സഹോദരന്മാർക്ക് പങ്കു വയ്ക്കുമ്പോൾ ദ്രൗപദി പറയുന്നുണ്ട് എന്റെ ശരീരം മാത്രം അവർക്ക് കിട്ടുമെന്ന്. പൂർണ്ണമായി എതിർക്കാൻ ധൈര്യം കാണിക്കുന്നില്ല.  തന്നെക്കാൾ മുതിർന്നവരോട് ബഹുമാനം കാണിക്കണമെന്ന ഒരു നിയതനിയമം ഉണ്ടല്ലോ?   ധർമ്മം എന്ന ആ കുറുനരി  സ്വാർത്ഥതാല്പര്യക്കാരുടെ  കുടിലചിന്തകൾക്ക് ജയം നേടികൊടുത്തുവെന്നത് പല സന്ദർഭങ്ങളിലും കാണാം. സ്ത്രീയുടെ കാര്യം വരുമ്പോൾ അവൾക്ക് പ്രതികരിക്കാൻ അവകാശമില്ല. എന്നാൽ ദ്രൗപദി പിന്നീടു  വരുന്ന സന്ദർഭങ്ങളിൽ അവരുടെ ശൗര്യം കാണിക്കുന്നുണ്ട്.  അല്ലെങ്കിൽ മുമ്പ് അങ്ങനെ ഒരു സാഹസം കാണിക്കാതിരുന്നത് അർജുനൻ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടായിരിക്കാം.  അർജുനനെ പരിപൂണ്ണമായി സ്നേഹിച്ചിരുന്ന ഒരു പാവം പെണ്ണുമായി ദ്രൗപദിയെ കാണാം.  എന്നാൽ ഭീമനൊഴികെ ആരും ദ്രൗപദിയെ സ്നേഹിച്ചില്ല.  ജീവിതത്തിൽ മാനസികസംഘർഷങ്ങൾ മാത്രം അനുഭവിക്കാൻ കൃഷ്ണ എന്തു  ചെയ്തുകാണുമെന്ന നോവലിസ്റ്റിന്റെ ചിന്തയായിരിക്കും ഈ നോവൽ സാക്ഷാത്കാരം.

ഇവിടം മുതൽ എം.പി. ഷീല സൂചിപ്പിച്ചുകൊണ്ടു  പോകുന്ന കഥ മഹാഭാരതത്തിൽ ഉള്ളതാണോ എന്നറിയില്ല.  വേദവ്യാസൻ പറയാത്ത കഥകൾ പ്രാദേശികമായി പ്രചരിക്കുന്നുണ്ട്.  അതേപോലെ ജൈന, ബുദ്ധ പുരാണങ്ങളിലും മഹാഭാരതത്തിൽ നിന്നും വ്യത്യസ്തമായി കൗരവപാണ്ഡവരുടെ കഥ പറയുന്നുണ്ട്.  ഓരോ എഴുത്തുകാരുടെയും കഥയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനേക്കാൾ സാഹിത്യലോകത്ത് അവർ പുനരാവിഷ്‌ക്കരിച്ച രചനകളുടെ മേന്മ എന്തെന്ന് ആലോചിക്കുന്നത് ഉചിതം.

ഹിന്ദുപുരാണങ്ങൾ കഥകളാൽ സമൃദ്ധമാണ്.  ആ കഥകളൊക്കെ വായനക്കാരന്റെ ഭാവനയനുസരിച്ച് വികസിപ്പിക്കാൻ കഴിയുന്നവയുമാണ്.  അതിലെല്ലാം ചരിത്രവും അലിഞ്ഞുചേരുന്നതുകൊണ്ട് ഇന്നത്തെ എഴുത്തുകാർ അവയിൽ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുമ്പോൾ അവ വായനക്കാർക്ക്  വിശ്വസനീയമാകുന്നു. ആ കാലഘട്ടത്തിൽ ധർമ്മത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നെങ്കിലും സന്ദർഭാനുസരണം  അതിനെ ദുർവ്യാഖ്യാനം  ചെയ്തു സ്വാർത്ഥതാല്പര്യങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നതു കാണാം.

എം.പി. ഷീല ഈ നോവൽ രചനക്ക് ആധാരമായി എടുത്തിരിക്കുന്ന കഥ നോവലിന്റെ അവസാനമെത്തുമ്പോൾ നമ്മൾ അറിയുന്നു. മൂന്നാമൂഴം എന്ന പേരിന്റെ പ്രസക്തിയും അത് ആരാണെന്നും അറിയുന്നു. കൃഷ്ണൻ തന്റേത് മാത്രമെന്ന ചിന്താഗതി പുലർത്തുന്ന രാധയെ സുദാമാവ് കൃഷ്ണനിൽ നിന്നും വിരഹമുണ്ടാകട്ടെ എന്ന് ശപിച്ചു. ദുഖിതയായ അവൾ വീണ്ടും ഒരു തപോവനകന്യകയായി ജനിച്ചു. വിരഹവേദന പുനർജന്മത്തിലും വിധിക്കപ്പെട്ട പോലെ അവളെ വേൾക്കാൻ ആരും വന്നില്ല. അവൾ ശിവനെ പ്രാർത്ഥിച്ചു.  ഭർത്താവിൽ അഞ്ചുഗുണങ്ങൾ വേണമെന്നാശിച്ച അവൾക്ക് അങ്ങനെ ഒരു പുരുഷൻ ഇല്ലാത്തതിനാൽ ശിവൻ അഞ്ചു ഭർത്താക്കന്മാരെ നൽകി. ആ കന്യകയെ ദ്രുപദൻ നടത്തുന്ന യാഗവേദിയിലേക്ക് അവിടെ എരിഞ്ഞുകൊണ്ടിരുന്ന യാഗാഗ്നിയിലൂടെ ദ്രുപദന് മകളായി കൊടുത്തു. ദ്രൗപദിയുടെ മൂന്നാം ജന്മം.

കൃഷ്ണൻ പറയുന്നു അർജ്ജുൻ  കൃഷ്ണന്റെ മനുഷ്യാഅംശമാണെന്നു.  ഒപ്പം അവളുടെ ശാപത്തെയും ഓർമ്മിപ്പിക്കുന്നു. ജീവിതാവസാനകാലം വരെ ശാപം നിലനിന്നു. അർജ്ജുനനോട് പ്രത്യേക മമത അദ്ദേഹത്തിൽ കൃഷ്ണാഅംശം ഉള്ളതുകൊണ്ടാണ്. അതേസമയം ശാപത്തിന്റെ ശക്തിയിൽ അർജുനന്റെ സാന്നിധ്യം അവർക്ക് ഇഷ്ടംപോലെ കിട്ടുന്നില്ല.  അഞ്ചു ഭർത്താക്കന്മാരുള്ള സ്ത്രീക്ക്  ഇഷ്ടം പോലെ പ്രണയം കിട്ടുമെന്ന ധാരണ തെറ്റാണെന്നു ദ്രൗപദിയുടെ കഥയിലൂടെ നോവലിസ്റ്റ് സമർത്ഥിക്കുന്നു. ഒരു വർഷം ഒരാളുടെ കൂടെ കഴിഞ്ഞശേഷം അടുത്ത ഊഴത്തിനായ് മറ്റൊരാളുടെ കൂടെ കഴിയുക. അങ്ങനെ അങ്ങനെ ആ ദൗത്യം തുടരുക. എന്നും കന്യകയും യുവതിയുമായിരിക്കുമെന്ന് അനുഗ്രഹമുണ്ടെങ്കിലും അവർക്ക് തുടർച്ചയായ സ്നേഹബന്ധം നിഷിദ്ധമാകുന്നു.

മഹാഭാരത കഥകളോട് ബന്ധപ്പെട്ടു കിടക്കുന്ന കഥകളിൽ നിന്നും എം.പി. ഷീല കണ്ടെടുത്ത പ്രമേയം സ്ത്രീയുടെ സൗഭാഗ്യം അവളുടെ നെടുനാൾമംഗല്യസൗഭാഗ്യമാണെന്നാണ്.  ദ്രൗപദി സുമംഗലയായി കഴിഞ്ഞെങ്കിലും അവളുടെ അന്തരാത്മാവിൽ അവൾ മോഹിക്കുന്ന പുരുഷന്റെ അഭാവം അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു   സ്ത്രീയുടെ ജീവിതസാക്ഷാത്കാരം അവളുടെ പ്രിയപ്പെട്ടവനുമായി കഴിയുകയെന്നാണ്. പ്രിയപ്പെട്ടവർ ഒന്നിൽ കൂടുതൽ ഉണ്ടാകുമ്പോൾ ആ അസുലഭ നിർവൃതി എങ്ങനെ ലഭ്യമാകും.  പാഞ്ചാലിയുടെ കഥ മഹാഭാരതത്തിൽ പറഞ്ഞതിനുപരിയായി, മറ്റുള്ള എഴുത്തുകാർ  അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി എം.പി. ഷീലയുടെ നോവലിൽ നമ്മൾ കാണുന്നു. പാഞ്ചാലിയുടെ ജീവിതചിന്തകളിലൂടെ മഹാഭാരതകഥയും വളരെ ഹൃദ്യമായി നോവലിസ്റ്റ് പറഞ്ഞുപോകുന്നു.

ശാപമുക്തിനേടി പാഞ്ചാലി വീണ്ടും ലക്ഷ്മിദേവിയായി ജനിച്ച് വിഷ്ണുവിനൊപ്പം കഴിയാൻ വൈകുണ്ഠത്തിൽ എത്തുംവരെ പാണ്ഡവരുടെ ധർമ്മപത്നിയായി  കഴിയുക എന്ന കൃഷ്ണന്റെ വാക്കുകളിൽ ആനന്ദംപൂണ്ടു അവൾ ചോദിക്കുന്നു ഞാൻ അങ്ങയുടെ സഖി രാധയുടെ പുനരജന്മമാണെന്നു ഉറപ്പിച്ച് ആഹ്ളാദിക്കട്ടെ. കൃഷ്ണയുടെ അഭീഷ്ടം പോലെയുള്ള മറ്റൊരു പുനർജന്മത്തിനായി ഒരുക്കികൊണ്ട് നോവൽ അവസാനിക്കുന്നു.

ശ്രീമതി എം.പി. ഷീലയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.  പുസ്തകത്തിന്റെ കോപ്പിക്കായി ബന്ധപ്പെടുക. mpsheelawriter@gmail.com

ശുഭം

പാഞ്ചാലി ശാപഗ്രസ്തയോ ? (എം.പി. ഷീലയുടെ മൂന്നാമൂഴം: (സുധീർ പണിക്കവീട്ടിൽ)
American Mollakka 2021-04-26 03:00:15
അഞ്ചു പുരുശന്മാരുടെ കൂടെ ഒരു പെണ്ണ് കയ്‌ന കാര്യം പടച്ചോനെ ഞമ്മക് ചിന്തിക്കാൻ ബയ്യ. ഒരു പുരുസനു അഞ്ചു പെണ്ണുങ്ങളുടെ കൂടെ കയ്യാൻ ബിസമമില്ല. പാഞ്ചാലി ഒരു ഒന്ന് ഒന്നര സ്ത്രീയായിരിക്കും. പാവം ഓള്ക്ക് ശാപം ഉണ്ടാർന്നോ..കസ്റ്റമായി. ഞമ്മക്ക് ഹിന്ദുക്കളുടെ കഥകൾ ഇസ്റ്റാണ് . ഇബടെ ശ്രീമതി ഷീല സാഹിബ പറയുന്നത് ബേറെ കഥയാണ്. രണ്ട് ബീബിമാരെ കൂടി കെട്ടി ഒരു പാഞ്ചാലൻ ആയാലോ എന്ന് ആലോസിക്കയാണ് ഞമ്മള് . പക്ഷെ നാലാണ് അനുബദ്ധിച്ചിരിക്കുന്നത് . ഒന്നിനെ മൊഴി ചൊല്ലിയാൽ മതി. പക്ഷെ അത് ഞമ്മക്ക് പറ്റൂല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക