Image

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

Published on 27 April, 2021
ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു



പെര്‍ത്ത്: ഓസ്ട്രേലിയന്‍ കായിക മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി മലയാളിത്തിളക്കം. പെര്‍ത്ത് റോസ്മൊയിന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ആല്‍ഫാനും എവ്ലിനുമാണ് ഈ സുവര്‍ണ നേട്ടം കൈവരിച്ചത്.

ഓസ്ട്രേലിയന്‍ ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ വരെയെത്തി നില്‍ക്കുന്നു സഹോദരങ്ങളുടെ വിജയഗാഥ. 4 x 100 മീറ്റര്‍ റിലേയില്‍ സംസ്ഥാന റിക്കാര്‍ഡുമായാണ് എവ്ലിന്റെ ടീം ഫിനിഷ് ചെയ്തത്. 4 x 200 മീറ്ററില്‍ വെള്ളി മെഡലും ഇവര്‍ക്കാണ്. ഈ വിജയത്തോടെ എവ്ലിന്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകളാണ് 14 കാരിയായ എവ്ലിന്‍ സ്വന്തമാക്കിയത്. 17 വയസില്‍താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്ററിലും ലോംഗ് ജംപിലും ട്രിപ്പിള്‍ ജംപിലുമായിരുന്നു സ്വര്‍ണനേട്ടം. 100 മീറ്റര്‍ റേസില്‍ 12.47 സെക്കന്‍ഡിലാണ് എവ്ലിന്‍ ഫിനിഷ് ചെയ്തത്. ലോംഗ് ജംപില്‍ അഞ്ച് മീറ്ററും 30 സെന്റിമീറ്ററുമാണ് എവ്ലിന്‍ മറികടന്നത്. ട്രിപ്പിള്‍ ജംപില്‍ 11 മീറ്ററും 50 സെന്റിമീറ്ററും മറികടന്നു.

ആല്‍ഫാന്‍ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയപ്പോള്‍ ട്രിപ്പിള്‍ ജംപില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. നാഷണല്‍ അത്ലറ്റിക്സില്‍ യോഗ്യത നേടിയെങ്കിലും 12-ാം ക്ലാസ് ആയതിനാല്‍ ആല്‍ഫാന്‍ പഠനത്തിനു പ്രാമുഖ്യം നല്‍കുകയായിരുന്നു. അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ഇനി ആല്‍ഫാന്റെ അടുത്ത ലക്ഷ്യം.

ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അടക്കം നിരവധി സമ്മാനങ്ങളാണ് ഇവര്‍ ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പതിനൊന്നു വയസില്‍ താഴെയുള്ളവരുടെ നൂറ് മീറ്റര്‍ റേസില്‍ എവ്ലിന്റെ പേരില്‍ കുറിച്ചിട്ട സംസ്ഥാന റിക്കാര്‍ഡ് അഞ്ചു വര്‍ഷമായിട്ടും തകര്‍ക്കപ്പെട്ടിട്ടില്ല. അത്ലറ്റിക്‌സില്‍ മികവ് തെളിയിച്ച് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ഈ സഹോദരങ്ങളുടെ ആഗ്രഹം. അതിനുള്ള ആത്മവിശ്വാസവും കായികമികവും കുട്ടികള്‍ക്ക് ഉണ്ടെന്ന് പരിശീലകരും പറയുന്നു.

പെര്‍ത്തിലെ പിയാരാ വാട്ടേഴ്സില്‍ താമസിക്കുന്ന തൃശൂര്‍ ചാലക്കുടി പേരാന്പ്ര തൊമ്മാന ജിമ്മി ലോനപ്പന്റേയും ലിന്‍സിയുടെയും മക്കളാണ് ആല്‍ഫാനും എവ്ലിനും ആല്‍ഫാന്‍ പന്ത്രണ്ടാം ക്ലാസിലും എവ്ലിന്‍ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

അത്ലറ്റിക്‌സ് താരമായ പിതാവ് ജിമ്മിയുടെ പാത പിന്തുടര്‍ന്നാണ് രണ്ടു പേരും സ്‌പോര്‍ട്‌സ് രംഗത്തെത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ രണ്ടുപേരും സ്‌പോര്‍ട്‌സ് പരിശീലനവും തുടങ്ങി. കാലിക്കട്ട് യൂണിവേഴ്‌സിറ്റി അത്ലറ്റിക്‌സ് താരമായിരുന്ന പിതാവ് ജിമ്മിതന്നെയായിരുന്നു ആദ്യ പരിശീലകന്‍. അത്ലറ്റിക്സില്‍ മികച്ച ഭാവി സ്വപ്നം കണ്ടിരുന്ന പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന ജിമ്മി പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു. പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിച്ച് ഗള്‍ഫിലേക്കു ജീവിതം പറിച്ചുനട്ടു. പിന്നീടാണ് ഓസ്ട്രേലിയയില്‍ എത്തിയത്. അന്ന് ഉപേക്ഷിച്ച സ്വപ്നങ്ങള്‍ മക്കള്‍ സാക്ഷാത്കരിക്കുന്നതില്‍ ജിമ്മിക്ക് ഇന്ന് ഏറെ സന്തോഷമുണ്ട്.

മകനാണ് ആദ്യം സപോര്‍ടസ് പരിശീലനം നല്‍കിയത്. എന്നാല്‍ അഞ്ച് വയസുകാരിയായ എവ്ലിന്‍ ചേട്ടനു പിന്നാലെ ഓടുന്നതു കണ്ട പിതാവിന് അവളിലെ മികച്ച അത്ലറ്റിനെ തിരിച്ചറിയാനായി. പത്തു വയസു വരെ ജിമ്മിതന്നെ പരിശീലനം നല്‍കി. തുടര്‍ന്നാണ് പ്രഫഷണണല്‍ പരിശീലനം നല്‍കിയത്.

നഴ്സിംഗ് അസിസ്റ്റന്റായയ ജിമ്മിയും നഴ്‌സായ ലിന്‍സിയും മക്കളുടെ പരിശീനത്തിന് അകമഴിഞ്ഞ പ്രോല്‍സാഹനമാണ് നല്‍കുന്നത്. ആല്‍ഫാനും എവ്ലിനും ഒരു ഇളയ സഹോദരന്‍ കൂടിയുണ്ട്. പഠനത്തിലും രണ്ടും പേരും മികച്ച ഫോമിലാണ്. അല്‍ഫാന്‍ ഈ വര്‍ഷം അമേരിക്കയില്‍ പരിശീനത്തിനുള്ള സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്.

റിപ്പോര്‍ട്ട്: ബിജു നാടുകാണി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക