വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

Published on 27 April, 2021
വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട്   പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി
ന്യൂയോർക്ക് : സംസഥാന സർക്കാരിന്റെ വാക്സീൻ ചലഞ്ചിൽ ഒരു ലക്ഷം രൂപ നൽകി മാതൃകയായി ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും ഇപ്പോഴത്തെ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ. ഇന്ത്യയിൽ  വാക്സീൻ വിതരണത്തിനുള്ള പണം  സംസ്ഥാന സർക്കാർ സ്വയം കണ്ടെത്തണമെന്ന കേന്ദ്ര സർക്കാരിന്റെ പിടിവാശിമൂലം കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി  വാക്സീൻ നൽകാൻ തീരുമാനമെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച പോൾ കറുകപ്പള്ളിൽ വാക്സീൻ വാങ്ങുന്നതിന്  രൂപീകരിച്ച വാക്സീൻ ചലഞ്ച് പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ കയ്യോടെ നൽകികൊണ്ടാണ് മാതൃക കാട്ടിയത്. പണം കിട്ടിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പണം കൈപ്പറ്റിയതിനും സന്മനസു കാട്ടിയതിനും സർട്ടിഫിക്കറ്റ് അയച്ചു നൽകി.

അവിചാരിതമായി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങളോട് വാക്‌സിന് പണം ആവശ്യപെടുന്ന വാർത്ത കണ്ടപ്പോൾ ഉചിതമല്ലന്നു തോന്നി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സഹായം നൽകണമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു.

 ഇന്ത്യയിൽ ആകമാനം കോവിഡിന്റെ അതി ഭീകരമായ രണ്ടാം വരവുമൂലം  നിരവധി ജീവനുകളാണ് അപഹരിക്കപ്പെട്ടത്. ഇതിനുള്ള  പോംവഴി വാക്‌സിൻ എല്ലാവരിലും എത്തുകയെന്നത് മാത്രമാണ്. അമേരിക്കയിൽ ഇതിനോടകം 70 ശതമാനത്തോളം പേർക്ക് വാക്‌സിൻ ലഭിച്ചു. ഇതിനടയിൽ ആണ് മോഡി സർക്കാർ വാക്‌സിന് പണം ഈടാക്കാൻ തീരുമാനിച്ചത്.  ഇത് മറ്റു സംസ്ഥാനങ്ങളേക്കാൾ ക്ഷതമേല്പിക്കുക കേരളത്തിനായിരിക്കും.

കേരള സർക്കാർ സൗജന്യമായി വാക്‌സിൻ കൊടുക്കാൻ തീരുമാനിച്ചതിനെ താൻ അഭിനന്ദിക്കുന്നു.  ഈ ഭാരിച്ച   ചിലവിൽ തന്റേതായ ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കു നൽകുന്നു കറുകപ്പള്ളിൽ പറയുന്നു.

 ഭരണം വരും പോകും, കേരളം അവിടെ തന്നെ കാണണം . താനൊരു  കോൺഗ്രസ് അനുഭാവിയെങ്കിലും ഇത്തരം കാര്യങ്ങളിൽ താൻ രാഷ്ട്രീയം നോക്കാറില്ല. അമേരിക്കയിലെ പൊതുരംഗത്തുള്ള നേതാക്കൾ വാക്‌സിൻ ചലഞ്ചിൽ പങ്കാളിയാകണമെന്നും   കറുകപ്പിള്ളി അഭ്യർത്ഥിച്ചു 

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട്   പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക