Image

ബാലറ്റ് പെട്ടി തുറക്കുമ്പോൾ: വലിയ മാറ്റങ്ങൾ ആണോ വരുന്നത്? (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 29 April, 2021
ബാലറ്റ് പെട്ടി തുറക്കുമ്പോൾ: വലിയ  മാറ്റങ്ങൾ ആണോ വരുന്നത്? (ശ്രീകുമാർ ഉണ്ണിത്താൻ)
തെരഞ്ഞുടുപ്പു  ഫലപ്രഖ്യാപനത്തിന്  രണ്ട് ദിവസം ബാക്കി നിൽക്കെ ഫലപ്രഖ്യാപനത്തിന്  ശേഷം  മുന്നണി  സംവിധാനങ്ങൾ  എങ്ങനെ  മാറി മറിയും?  മാറ്റം  വരും എന്നാണ്  ഏവരും  ചിന്തിക്കുന്നത് .  യു ഡി എഫ്  ജയിച്ചാൽ  ഇപ്പോഴുള്ള  മുന്നണി സംവിധാനം  ഏറെക്കുറെ  താൽകാലികമായി  മുന്നോട്ടു പോകും.

 എൽ ഡി എഫിന്  തുടർഭരണം  കിട്ടിയാൽ യു ഡി എഫിലെ  പല ഘടക കക്ഷികളും  മറ്റു മുന്നണികളിലേക്കു  പോകും   എന്നതിൽ   യാതൊരു  സംശയവും ഇല്ല.  കോൺഗ്രസിൽ  തന്നെ  ഒരു  കൊഴിഞ്ഞു പോക്ക്  ഏവരും പ്രതിഷിക്കുന്നതാണ്.

അങ്ങനെ കേരളത്തിൽ വളരെ അടുത്ത് തന്നെ  എൽ ഡി എഫ് /യു ഡി എഫ് /എൻ ഡി എ  തുടങ്ങിയ  രാഷ്ട്രീയ  സമവാക്യങ്ങൾ മാറും. ഇന്ന് കേട്ടിട്ടില്ലാത്തവരും കണ്ടിട്ടില്ലാത്തവരുമൊക്കെ കളത്തിൽ വരും.  സംഘടിത രാഷ്ട്രീയ പാർട്ടികൾക്കുപോലും മാറ്റം സംഭവിക്കും. അങ്ങനെ  2021-ൽ    കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും.

കേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും അവസ്ഥ എല്ലാ പാർട്ടികൾക്കും ഒരു  ഭൂതകാലം   ഉണ്ട് പക്ഷേ  ഭാവി  ഇല്ല എന്നതാണ് സത്യം.  ചെറിയ പാർട്ടികൾ  മുന്നണി  സംവിധാനം  ഉപയോഗിച്ച്  ഭരണം   കൈയാളുന്ന  സ്ഥിതിയാണ് ഇന്നുള്ളത് . യു ഡി എഫിന്റെ  കാര്യമെടുത്താൽ  അതിൽ കോൺഗ്രസിനും   ലീഗിനും  ഒഴികെ  മറ്റുള്ള പാർട്ടികൾക്ക്  കാര്യമായ സ്വാധീനം   ഇല്ല. എൽ ഡി എഫിൽ മാർക്സിസ്റ്റ് പാർട്ടിക്കും   സി പി ഐ ക്കും  ഒഴികെ  മറ്റു പാർട്ടികൾക്കൊന്നും വലിയ  സ്വാധിനം ഇല്ല  എന്നത്  വസ്തുതയാണ്. എൻ ഡി എ യിൽ   ബി ജെ പിക്ക്   മാത്രമാണ് ജനസ്വാധീനം.

ഇങ്ങനെ മുന്നണി  സംവിധാനത്തിൽ  ഭരണത്തിൽ  തുടരുന്നവർക്ക്  ഭരണം ഇല്ലാതെ വരുബോൾ  പല  ചെറിയ പാർട്ടികളും  ചരിത്രത്തിൽ നിന്ന്  തന്നെ  അപ്രത്യക്ഷമാകും.  പകരം  മറ്റു  പലരും  കളം  പിടിക്കുകയും ചെയ്യും .  കേരളത്തിൽ പണ്ട് പി എസ് പി, എൻഡിപി, എസ് ആർ പി,  എന്നിങ്ങനെയെക്കെയുള്ള  പാർട്ടികൾ  ഉണ്ടായിരുന്നു . പി എസ് പി ക്ക്  ഒരു മുഖ്യമന്ത്രി വരെ  ഉണ്ടായിരുന്നു-പട്ടം താന് പിള്ള.  ഈ  പാർട്ടികൾ എല്ലാംതന്നെ  ചിത്രത്തിൽ നിന്നും അപ്രത്യക്ഷ്യമായി . കുറെ അധികം  ഇർക്കിൽ  പാർട്ടികൾ മുന്നണി സംവിധാങ്ങളിലൂടെ  ഇപ്പോഴും  ഭരണത്തിൽ തുടരുന്നു . ഒരു പഞ്ചായത്തു വാർഡിൽ പോലും ജയിക്കിക്കാൻ കഴിയാത്ത  ചെറിയ പാർട്ടികളെ   അധികാരത്തിൽ  നിന്നും  മാറ്റിനിർത്തേണ്ടത്‌  കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഭരണ അധികാരത്തിൽ നിന്നുള്ള ആശ്രിത ഗുണഭോക്തക്കളെ  മാത്രം ആശ്രയിക്കുന്ന ഈ   ചെറിയ  പാർട്ടികൾ  അധികാരം കിട്ടാതെ വന്നാൽ   തനിയെ  ദുർബലപ്പെടും.    

1965  തൊട്ട് കേരള രാഷ്ട്രീയത്തിൽ  ശക്തമായ സ്വാധിനമായ  കോൺഗ്രസ്  പിളർന്നുണ്ടായ കേരളകോൺഗ്രസ്  എന്ന പാർട്ടി  അധികാര വ്യവഹാരത്തിന്റ  മാത്രം ഭാഗമായി .  അവർ  എങ്ങനെയും അധികാരം നിലനിർത്തി  വ്യക്തിഗത നെറ്റ്വർക്കായി ചുരുങ്ങി.  വളരുകരും വളരും തോറും   പിളരുകയും ചെയ്തു ഇല്ലാതായികൊണ്ടിരിക്കുന്ന  ഒരു പാർട്ടിയായി. ഏത്  മുന്നണി   ഭരണത്തിൽ വന്നാലും  കേരള  കോൺഗ്രസിന്റെ  ഒരു ഗ്രൂപ്പ്  അവിടെ കാണും.

ശക്തമായ രണ്ടാം നേതൃത്വനിരയുള്ളത്   ഒന്നോ രണ്ടോ പാർട്ടികൾക്കെയുള്ളു. കേരളത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ മെമ്പർഷിപ്പ്,  സർവീസ് സംഘടനകളുടെ മെമ്പർഷിപ്പ്, കടുത്ത അനുഭാവികൾ, എല്ലാകൂടി കൂട്ടി നോക്കിയാൽ  കേരളത്തിലെ ആകെ വോട്ടിന്റെ ഇരുപതു  ശതമാനത്തിൽ  താഴെ വരും .  ഇപ്പോഴത്തെ  ഇലക്ഷനിൽ  ഒരു വലിയ പരിധി വരെ  സ്ഥാനാർഥിയെ ആശ്രയിച്ചും, സ്ഥാനാർഥിയുടെ  ജാതി /മത സമവാക്യങ്ങൾ, അതാതു സമയത്തെ രാഷ്ട്രീയ വിലയിരുത്തൽ, അപ്പോഴത്തെ  പ്രശ്നങ്ങൾ  എന്നതിനെ  എല്ലാം ആശ്രയിച്ചാണ്  പലരും  ഇലക്ഷന്  വോട്ട്  ചെയുന്നത് .

യുവാക്കളും , സ്ത്രീകളിൽ  തൊണ്ണൂറ് ശതമാനവും    രാഷ്ട്രീയ പാർട്ടി മാത്രം നോക്കി വോട്ട് ചെയ്യുന്നവർ അല്ല. മുപ്പത്തി അഞ്ചു വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർക്ക്  പാർട്ടി ജ്വരം തീരെ  കുറവാണ്.   സത്യത്തിൽ ഈ രണ്ടു വിഭാഗം വോട്ടേഴ്‌സ് കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ  നാന്ദിയാണ് .

കേരളത്തിൽ  നിലവിലുള്ള  ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉള്ളവരുടെ ശരാശരി കണക്ക്   എടുത്താൽ  അവർ അറുപതു വയസ്  കഴിഞ്ഞവർ ആണ് . അതുപോലെ  രാഷ്ട്രീയ ജ്വരം കൂടുതലുള്ളത് അൻപതോ അതിൽ കൂടുതലോ  ഉള്ള   പുരുഷന്മാരിൽ  മാത്രമാണ്  എന്നും  കാണാം.

ഇന്ന് മധ്യവർഗ്ഗത്തിലെ ചെറുപ്പക്കാരുടെ പ്രധാന പ്രതിബദ്ധത നല്ല പണം കിട്ടുന്ന ജോലി  എന്നതാണ്.  രാഷ്ട്രീയ  പാർട്ടികളിൽ  പ്രവർത്തിക്കുന്നതിനോട്  അവർ വിമുഖത കാട്ടുന്നു. അതുകൊണ്ട് തന്നെ  പാർട്ടി  പ്രവർത്തനം തൊഴിൽ  ആയി  എടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു.  മാത്രമല്ല  അവർ പാർട്ടി പത്രങ്ങളെ  ആശ്രയിക്കുന്നവരും അല്ല.  അതുകൊണ്ടൊക്കെ  പഴയ പാർട്ടികളുടെ  ഉറച്ച  വോട്ടുകളുടെ ഗതി മാറുന്നു. ശശി തരൂർ, മുൻ  മേയർ  പ്രശാന്ത് , തുടങ്ങി  നല്ല യുവ നേതാക്കൾക്ക് വോട്ട് ചെയ്യുന്നതും ഈ വിഭാഗമാണ്.  ഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടി ജ്വരത്തിന് അപ്പുറം നിൽക്കുന്നവരാണ്.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി   ജനപ്രിയ  നേതാക്കൾ  ഇല്ല  എന്നതാണ് . പല ജനപ്രിയ നേതാക്കളും വാർധ്യക്യത്തിലേക്ക്  നടന്നു നീങ്ങുകയാണ് .അവരിൽ പലർക്കും ഓടി നടന്നു സംഘനാ  പ്രവർത്തനം നടത്താൻ ആരോഗ്യം അനുവദിക്കുന്നില്ല . അവരിൽ മിക്കവാറും പേർക്കും ഇനിയൊരു അങ്കത്തിൽ കൂടുതൽ പിടിച്ചു നിൽക്കുവാനുള്ള ബാല്യം ഇല്ല.  ചുരുക്കത്തിൽ   പാർട്ടികൾക്കും  നേതാക്കൾക്കും പ്രായം കൂടി കൂടി  വാർധ്യക്യത്തിലേക്ക്  കൂപ്പുകുത്തുകയാണ് . മാറ്റം വരണമെങ്കിൽ  പുതിയ യുവനേതൃത്വവും പുതിയ കാഴ്ചപ്പാടുകളും വരണം.

 മിക്കവാറും പാർട്ടികളിൽ അറുപതും അതിൽ കുടുതലും ഉള്ളവർ  വഴിമാറികൊടുത്തില്ലെങ്കിൽ  ചെറുപ്പക്കാർക്ക് അവസരം കിട്ടില്ല.  ഇന്ന്  പാർട്ടികളുടെ പ്രധാന ഐഡിയോളേജി അധികാരമാണ് . പണ്ട് കേരളത്തിൽ വളരെ വലിയ താത്വിക   ബോധ്യങ്ങൾ ഉണ്ടായിരുന്നത് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ആയിരുന്നു. കമ്മ്യുണിസവും മാർക്സിസവും ലെനിനിസവുമൊക്കെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു  .

കോൺഗ്രസിന്  ഈ  തെരഞ്ഞടുപ്പിൽ അധികാരം കിട്ടിയില്ലെങ്കിൽ അവരുടെ  മുന്നണി സംവിധാനം തകർന്നടിയും.  അത്   ബി ജെ പി ക്ക് കേരളത്തിൽ കൂടുതൽ  വളരാനുള്ള  അവസരം  നൽകും. ഇന്ന് ബി ജെ പി ക്ക് പണ്ട് കോൺഗ്രസിന് ഉള്ളത് പോലെ ഹൈകമാൻഡും ഇഷ്ടം പോലെ പണവും   രാഷ്ട്രീയ  സംവിധാനവും   ഉണ്ട് .

സി പി എം അഞ്ച്  വർഷം  കൂടെ  ഭരണത്തിൽ ഇരുന്നാൽ പശ്ചിമബംഗാളിൽ  സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ  എന്നാണ്  ഏവരും ഭയക്കുന്നത്.

കേരളത്തിലെ  ഏറ്റവും സംഘടിത പാർട്ടിയാണ് സി പി എം. കേരളത്തിൽ  പാർട്ടി സംവിധാനം ഉള്ളതും    കിഴ്ഘടകങ്ങളിൽ ശക്തമായ പ്രവർത്തനം ഉള്ളതും മാർസിസ്റ്റ് പാർട്ടിക്ക് തന്നെ . പക്ഷെ പഴയ ഐഡിയോളേജിക്കപ്പുറം വ്യക്തി പുജയിലേക്ക്  പാർട്ടി  മാറുകയാണോ എന്നാണ്  ഏവരും ഭയക്കുന്നത്. ഏത്  പാർട്ടിയിലായാലും  ഒരു നേതാവിൽ അധികാരം കേന്ദ്രികരിക്കുന്നത്  ഏകാധിപത്യത്തിന് വഴിതെളിക്കും .  

കോൺഗ്രസിന് പാർട്ടിയിൽ  കിഴ് ഘടകങ്ങൾ  ശക്തമല്ല  എന്നത്  സത്യമാണ്. യുവാക്കൾ പഴയത്  പോലെ ഈ  പാർട്ടിയിലേക്ക്  കടന്നുവരുന്നില്ല. അതുകൊണ്ടു തന്നെ  താഴെ തട്ടിൽ പ്രവർത്തിക്കാൻ ആളെ കിട്ടുന്നില്ല. അതുകാരണമാണ്   താഴെ തട്ടിലേക്കു  കൊടുക്കുന്ന പോസ്റ്ററുകളും ബാനറുകളും എല്ലാം  ആക്രിക്കടകളിലും  അഴുക്ക്  ചാലുകളിലും നിന്നും കണ്ടെടുക്കുന്നത്.  അതുപോലെതന്നെ പഴയത് പോലെ
കേരളത്തിന്‌ വെളിയിൽ നിന്നുള്ള സാമ്പത്തിക രാഷ്ട്രീയ സഹായവും  കിട്ടുന്നില്ല  . പഴയ ഹൈ കമാൻഡോ സാമ്പത്തിക ശക്തിയോ ഇന്നില്ല.  

അവരുടെ നേതൃത്വം മിക്കവരും   എഴുപതുകളിൽ രാഷ്ട്രീയ പ്രവർത്തനം  തുടങ്ങിയവർ ആണ്   അവർ മിക്കവാറും  വയസർ.  സ്വന്തം കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പല പഴയ നേതാക്കളും അറിയുന്നില്ല. ഖദർ ഇട്ടാൽ മാത്രം കൊൺഗ്രസ്സ് ആകുന്ന കാലം പോയി. സംഘടന സംവിധാനം ക്ഷീണിച്ചു   ഗ്രൂപ്പ്‌ സമവാക്യങ്ങളിൽ പെട്ടു ഈ  പാർട്ടി അകെ ശോഷിച്ചു.  തെരെഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന പാർട്ടിയായി  മാറിയത് കൊണ്ട്  പരമ്പരാഗത വോട്ടുകൾ പോലും ഇപ്പോൾ  കിട്ടണം എന്നില്ല. ഇപ്പോഴും  കുറെ അനഭാവികൾ  വോട്ട്  ചെയ്യുന്നുണ്ട്‌ എന്നത് കൊണ്ട്  മാത്രമാണ്  കോൺഗ്രസ്  പിടിച്ചു നിൽക്കുന്നത് .

സി പി എം ഉം കോൺഗ്രസ്സും നേരിടുന്ന വെല്ലുവിളികൾ സംഘടന തലത്തിൽ വ്യത്യസ്ഥമാണ്. സത്യത്തിൽ സി പി എം നില നിൽക്കേണ്ടത് കോൺഗ്രസിന്റെ  ആവശ്യവും അതുപോലെ കോൺഗ്രസ്  നില നിൽക്കേണ്ടത് സി പി എമ്മിന്റെ ആവശ്യവ്യമാണ്. പക്ഷെ ഇവ രണ്ടിനും പിടിച്ചു നിൽക്കണം എങ്കിൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ ഉണർവും സമീപനവും  പുതിയ കാഴ്ചപ്പാടും പുതിയ നേതൃ ത്വവും വേണം. ഫലപ്രഖ്യാപനത്തിന് ശേഷം പുതിയ മുന്നണി സംവിധാനങ്ങൾ  രൂപപ്പെടുമോ  എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക