Image

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

Published on 03 May, 2021
എന്റെ പ്രണയം (ജയശ്രീ രാജേഷ്)
കനവിലൊരു
എരിയുന്ന
കനലായ് ഇടനെഞ്ചിൽ
നീറികിടക്കുന്നെൻ പ്രണയം

കരുതലിൽ
ആർത്തങ്ങലച്ചു
പെയ്യുന്നൊരു
പേമാരിപോലെയീ പ്രണയം

വിരഹത്തിൻ
ചൂളം കുത്തുന്ന കാറ്റായ്‌
മനസ്സിന്റെ കാതിൽ
മന്ത്രിക്കും പ്രണയം

നറുസ്നേഹത്തിൻ
 ചെമ്പക പൂവുപോൽ
ചുറ്റിലും പടരുന്ന
സുഗന്ധമീ പ്രണയം

ഇരുളിന്റെ മാറിൽ
നിന്നൊരു
മിന്നാമിന്നിയായ്
ചിമ്മി മറയുന്ന പ്രണയം

മൊഴിയിലെ സാന്ത്വനം
മിഴിയിലെ സാഗരം
ശാന്തമായൊഴുക്കുന്ന
ചൂടുള്ള പ്രണയം

പിടയുന്ന നെഞ്ചിലൊരു
മെഴുകുതിരി നാളമായ്
ഉരുകിയൊലിക്കുന്ന
രാവിൻ്റെ പ്രണയം

തിരിച്ചറിവിന്റെ
ഏകാന്തമാം തീരത്ത്
മൂടുപടം തീർത്ത്
നിഴലായി മാറുന്ന  പ്രണയം

മാനവും കടലും പോൽ
എവിടെയോ സന്ധിക്കും
സമാന്തരങ്ങളാം
രേഖയായ് പ്രണയം

കാണാക്കാഴ്ചയുടെ
മണൽക്കാട്ടിലലയുന്ന
സ്വപ്ന മരീചികയായ്
എന്നിലെ പ്രണയം......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക