Image

മന്ത്രിസഭാ രൂപീകരണം വൈകില്ല; വനിതാ സ്പീക്കർക്ക് സാധ്യത 

Published on 03 May, 2021
മന്ത്രിസഭാ രൂപീകരണം വൈകില്ല; വനിതാ സ്പീക്കർക്ക് സാധ്യത 
 
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന്  മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ സജീവമാകുന്നു. നാളെ ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ക്ക് ഔദ്യോഗികമായ  തുടക്കമാകും.
 രണ്ടാം വരവില്‍ ക്യാപ്റ്റനൊപ്പമുള്ള ടീം അംഗങ്ങള്‍ ആരൊക്കെയാകുമെന്നാണ്   കേരളം ഉറ്റുനോക്കുന്നത്.  തീരുമാനം അധികം വൈകാന്‍ സാധ്യതയില്ല.  ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാതായി റിപ്പോർട്ടുണ്ട്. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാകും സിപിഐ(എം) പട്ടിക എന്നാണ് അറിയുന്നത്. മുഖ്യമന്ത്രിക്ക് പുറമെ കണ്ണൂരില്‍ നിന്ന് കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍ എന്നിവര്‍ മന്ത്രിസഭയിൽ തുടരുമെന്ന കാര്യത്തിൽ സംശയമില്ല.
കോഴിക്കോട് ജില്ലയില്‍ നിന്ന് ടിപി രാമകൃഷ്ണന്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയേക്കും, വനിതാ പ്രാതിനിധ്യമെന്ന നിലയില്‍ കാനത്തില്‍ ജമീല പരിഗണിക്കപ്പെട്ടേക്കാം. മലപ്പുറത്ത് പി നന്ദകുമാര്‍, കെടി ജലീല്‍, പാലക്കാട് എംബി രാജേഷ് എന്നിവര്‍ക്കാണ് സാധ്യത. മറ്റൊരു കേന്ദ്ര കമ്മറ്റിയംഗം കെ രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് മന്ത്രിസഭയിലെത്തും. എസി മൊയ്തീന് ഒരവസരം കൂടി നല്‍കാനും സാധ്യതയുണ്ട്. എറണാകുളത്ത് നിന്ന് സെക്രട്ടേറിയറ്റ് അംഗം പി രാജീവ് മന്ത്രിസഭയിലെത്തും. ഇടുക്കിയിലെ പ്രാതിനിധ്യം നിലവിലെ മന്ത്രി എംഎം മണിക്കു  തന്നെ. കോട്ടയത്ത് വിഎന്‍ വാസവന്‍, ആലപ്പുഴയിൽ നിന്ന്  സജി ചെറിയാന്‍, പത്തനംതിട്ടയിൽ നിന്ന്  വീണാ ജോര്‍ജ് എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലാണ്.
ചരിത്രം കുറിച്ച് ഒരു വനിതാ സ്പീക്കറെ സഭയ്ക്ക് സമ്മാനിക്കാന്‍ സിപിഐഎം തീരുമാനിച്ചാല്‍ വീണാ ജോര്‍ജ്ജിന് സാധ്യതയേറും. കൊല്ലത്ത് നിന്ന് ആദ്യമായി ജയിച്ചെത്തിയ സെക്രട്ടേറിയറ്റ് അംഗം കെഎന്‍ ബാലഗോപാല്‍ മന്ത്രിയാകും. തലസ്ഥാനത്തിന് മന്ത്രിസഭയിലെ പ്രാതിനിധ്യം ആരിലൂടെ എന്നതാണ് ശ്രദ്ധേയം. സീറ്റ് നിലനിര്‍ത്തിയ കടകംപള്ളി സുരേന്ദ്രനോ നേമം പിടിച്ചെടുത്ത വി ശിവന്‍ കുട്ടിയോ ആകാം.
നാലു സ്ഥാനങ്ങളാകും സിപിഐക്ക് ലഭിക്കുക. ഇ ചന്ദ്രശേഖരനെ നിലനിര്‍ത്തിയാല്‍ പി പ്രസാദ്, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളായെത്തും. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശ വാദം ഉന്നയിക്കുന്നെങ്കിലും ഒന്നേ ലഭിക്കാനിടയുള്ളു. ജെഡിഎസ്, എല്‍ജെഡി, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ഒറ്റക്കക്ഷി അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ആരെയൊക്കെ പരിഗണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക