Image

രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )

ജോബിന്‍സ് തോമസ് Published on 06 May, 2021
രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )
കാഞ്ഞിരപ്പള്ളി എന്നു പറയുമ്പോള്‍ തന്നെ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ ഒരുപാടുള്ള ഒരു മണ്ഡലമാണ്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം യുഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലം. പുനര്‍ നിര്‍ണ്ണയത്തിന് മുമ്പ് പഴയ വാഴൂരും പഴയ കാഞ്ഞിരപ്പള്ളിയും യുഡിഎഫ് മേല്‍ക്കൈ വ്യക്തമായുണ്ടായിരുന്ന മണ്ഡലങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ എന്‍. ജയരാജ് ജയിച്ചു വന്നിരുന്ന മണ്ഡലം.
 
എന്നാല്‍ ഇത്തവണ കേരളാ കോണ്‍ഗ്രസ് (എം) ഇടതു മുന്നണിയിലെത്തിയപ്പോള്‍ ഇടതുബാനറില്‍ ജയരാജ് തന്നെ അങ്കത്തിനിറങ്ങി. തിരിച്ചു കയറിയതാവട്ടെ അഭിമാനിക്കാവുന്ന വിജയവുമായും. കോളേജധ്യാപകന്‍ കൂടിയായ ജയരാജിനെ എന്തുകൊണ്ട് ഏത് മുന്നണിയില്‍ നിന്നാലും കാഞ്ഞിരപ്പള്ളിക്കാര്‍ കൈവിടാതെ കാക്കുന്നു ? ചോദ്യത്തിന്റെ ഉത്തരം കഴിഞ്ഞ ദിവസം ഡോ. എന്‍ ജയരാജിന്റെ വാക്കുകളില്‍ നിന്നു തന്നെ ആളുകള്‍ വായിച്ചെടുത്തു.ഒരു രാഷ്ട്രീയക്കാരന് എത്രത്തോളം മാന്യനാകാം എന്ന് പറയാതെ പറയുകയായിരുന്നു ജയരാജ്.
 
അഞ്ച് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസ് (എം) രണ്ട് മന്ത്രി സ്ഥാനങ്ങളാണ് എല്‍ഡിഎഫില്‍ നിന്ന്ും പ്രതീക്ഷിക്കുന്നത്. ഇത് ലഭിക്കാന്‍ സാധ്യത ഇടുക്കി എംഎല്‍എ റോഷി അഗസ്ററിനും ജയരാജിനുമാണു താനും എന്നാല്‍ മുന്നണി സമവാക്യങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ ഒരു മന്ത്രിസ്ഥാനവും ഒരു ക്യാബിനറ്റ് റാങ്കുള്ള പദവിയും കിട്ടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഡോ ജയരാജിനോട് ചോദിച്ചു ഇനി ഒരു മന്ത്രി സ്ഥാനമാണ് എല്‍ഡിഎഫില്‍ നിന്നും ലഭിക്കുന്നതെങ്കില്‍ നിങ്ങളില്‍ ആരാവും മന്ത്രിയാവുക. പ്രതീക്ഷിച്ച മറുപടി അത് പാര്‍ട്ടി തീരുമാനിക്കും എന്നോ അല്ലെങ്കില്‍ എല്ലാവരും യോഗ്യരാണല്ലോ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നോ ഒക്കെയായിരുന്നു. ഒപ്പം ഒരു വിവാദവും.
 
എന്നാല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജയരാജ് ഉറപ്പിച്ചു പറഞ്ഞു, നിലവിലെ സാഹചര്യത്തില്‍ ഒരു മന്ത്രിസ്ഥാനമാണെങ്കില്‍ അത് റോഷി അഗസ്റ്റിനുള്ളതാണ്. പിന്നീട് റോഷിയുടെ യോഗ്യതകള്‍ എണ്ണി എണ്ണി പറഞ്ഞു. അധ്യാപനത്തിന്റെ അന്തസ്സ് രാഷ്ടീയത്തിലും ഉയര്‍ത്തിപ്പിടിക്കുകയാണ് ഡോ.എന്‍. ജയരാജ് .ഈ നിലപാടോടെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കാകെ മാതൃകയായിരിക്കുകയാണ് ഈ ജനപ്രതിനിധി. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം തന്നെ അധികാരമായിമാറുന്ന കാലഘട്ടത്തിലാണ് ജയരാജിന്റെ നിലപാടുകള്‍ കൈയ്യടി നേടുന്നത്.
 
രാഷ്ട്രീയ മാന്യതയുടെ കാഞ്ഞിരപ്പള്ളി മോഡല്‍ (ജോബിന്‍സ് തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക