Image

ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)

Published on 06 May, 2021
ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)
ക്രിസ്തുവിൽനിന്ന് ക്രിസോസ്റ്റത്തിലേക്ക് ഒരു ചിരിയുടെ അകലം മാത്രമേയുള്ളൂവെന്ന് പറയാറുണ്ട് .ചിരിക്കാൻ മറന്നുപോയ ഒരു തലമുറയെ നർമ്മത്തിന്റെ പൊന്നാട അണിയിച്ച വലിയ ഇടയൻ എന്നായിരിക്കും ചരിത്രത്തിൽ ഈ സുവർണ്ണ നാവുകാരൻ അറിയപ്പെടുക .ഉപമകളിലൂടെയും കഥകളിലൂടെയും വചനത്തെ ജനകീയമാക്കുകയായിരുന്നു ക്രിസ്തുവെങ്കിൽ മനസ്സുകളെ പരസ്പരം ചേർത്തുനിർത്താൻ ക്രിസോസ്റ്റo കണ്ടെത്തിയതും ദൈവപുത്രന്റെ മാർഗം തന്നെ .

ബൃഹത്തായ ജീവിതാനുഭവത്തിന്റെയും സുദീർഘ ധ്യാനത്തിന്റെയും തപസിന്റെയും വിരല്പാടുകളുള്ള അദ്ദേഹത്തിന്റെ വലിയ ചിന്തകളെ ചിലപ്പോഴെങ്കിലും ചിലപ്പോഴെങ്കിലും കേവലം ചിരിയിൽ ഒതുക്കിക്കളയാറുണ്ടായിരുന്നു പലരും .എന്നാൽ ക്രിസോസ്റ്റത്തിന്റെ വേറിട്ട ഉൾകാഴ്ച പകരുന്ന ആത്മീയ ഗുരുവിനെ കണ്ടെത്താൻ കഴിഞ്ഞവർക്ക് അദ്ദേഹം എക്കാലത്തും കാണപ്പെട്ട ദൈവമായിരുന്നു .ഒരിക്കൽ ക്രിസോസ്റ്റo എഴുതി :സഭയുടെ പരമാധ്യക്ഷൻ എന്ന്‌ മെത്രാപ്പൊലീത്തമാരെ ചിലരെങ്കിലും അഭിസംബോധന ചെയ്‌യും .എന്നാൽ സഭയുടെ പരമാധ്യക്ഷൻ ക്രിസ്തുവാണ് .സഭാ പ്രതിനിധി മണ്ഡലത്തിനും ആ സ്ഥാനമാവില്ല .അധികം പേർക്കും അവകാശപ്പെടാനാകാത്ത ലാളിത്യമാണിത് .

ക്രിസോസ്റ്റo എന്ന വാക്കിനർത്ഥം സ്വർണ്ണനാവുകാരൻ എന്നാണ് .ചിരിക്കുള്ളിൽ വലിയ ജീവിത സത്യങ്ങളും സന്ദേശങ്ങളും ഒളിപ്പിക്കുന്ന അപൂർവ്വ വിദ്യ സ്വന്തമായ തിരുമേനിക്ക് ആ പേര് എന്തുകൊണ്ടും യോജ്യമാണ് .അദ്ദേഹത്തെ കുറിച്ചെഴുതപെട്ട ഒരു പുസ്തകത്തിന്റെ പേരുതന്നെ “മാർ ക്രിസോസ്റ്റo ചിരിപ്പിക്കുന്നു ,നാം ചിന്തിക്കുന്നു “എന്നാണ് .വലിയ പണ്ഡിതന്റെ ഗീർവാണത്തിലുള്ള പ്രഭാഷണധോരണിയൊന്നും മാർ ക്രിസോസ്റ്റo ഒരിക്കലും പ്രകടിപ്പിക്കാറില്ല .വെറുമൊരു സാധാരണ ബ്രഹ്മീണനെപ്പോലെ ചിരിച്ചു കലവറയില്ലാതെ ചെറിയ കാര്യങ്ങൾ കൊച്ചു കൊച്ചു വാക്യങ്ങളിൽ പറഞ്ഞു വയ്ക്കുന്നു .ചെവിയിലൂടെ അത്‌ മനസ്സിലെത്താൻ കഴിയുന്നത് മധുരമായ ഒരു അനുഭവമാണ് .വചനം ദിവ്യമാണെന്ന് തോന്നുന്നത് ആ വാക്കുകൾ കുറേ കഴിഞ്ഞു ഹൃദയത്തെ കീഴടക്കുമ്പോഴായിരിക്കും .

അതിനുദാഹരങ്ങളാണ് തിരുമേനിയുടെ ചില വാക്കുകൾ .”ദൈവത്തെ ആരും എന്നുവരെ പരിപൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല .ഒരപ്പന് രണ്ട് മക്കളുണ്ടെങ്കിൽ ആ രണ്ട് മക്കൾക്കും അപ്പനെക്കുറിച്ചുള്ള അഭിപ്രായം വ്യത്യസ്തമായിരിക്കും .അതുപോലെ സൃഷ്ടാവായ ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ആളുകൾക്കുണ്ട് .എന്നാൽ ദൈവം ഒന്നേയുള്ളൂ”.രണ്ടാമതായി അച്ചനായത്കൊണ്ടോ തിരുമേനിയായത് കൊണ്ടോ സ്വർഗത്തിൽ പോകില്ല .മനുഷ്യൻ മനുഷ്യനായി ജീവിച്ചാലേ സ്വർഗത്തിൽ പോവുകയുള്ളു “.

മാർ ക്രിസോസ്റ്റത്തിന്റെ പ്രസംഗളിൽ വേദ ചിന്തകളുടെ നീരൊഴുക്കും ഫലിതങ്ങളിൽ വിമർശനങ്ങളുടെ കൊടുംവേനലും ഉണ്ട് .ഇവ കേൾക്കാൻ ജനം എന്നും കാതുകൂർപ്പിച്ചിരുന്നുവെന്നതാണ് മാർ ക്രിസോസ്റ്റത്തെ വേദികൾക്ക് എന്നും പ്രിയപ്പെട്ടവനാക്കിയത് .വേദപുസ്തകം വായിക്കാനുള്ളതല്ല,മറിച്ചു ധ്യാനിക്കാനും പഠിക്കാനുമുള്ളതാണ് എന്നദ്ദേഹം പഠിപ്പിച്ചു .അധികാരത്തിന്റെ അഹങ്കാരങ്ങളെയും പാവങ്ങളോടുള്ള പുച്ഛത്തെയും ഒരുനാളും അദ്ദേഹം പൊറുത്തിട്ടില്ല .ഇന്ത്യക്ക് സ്വാതന്ത്യം കിട്ടി കുറച്ചു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ ചെന്ന തിരുമേനിക്ക് അവിടെ ഒരുസ്വീകരണം ഏർപ്പെടുത്തിയിരുന്നു .അധ്യക്ഷനായ ആംഗ്ലിക്കൻ ബിഷപ്പ് പഴയ ചരിത്രത്തിന്റെ തണലിൽ ,തിരുമേനിയെയും ഇന്ത്യക്കാരെയും ഒന്ന് കളിയാക്കാമെന്നു കരുതി,ഇപ്രകാരം ചോദിച്ചു:ഇന്ത്യയിൽ ഇപ്പോഴും റോഡുകളിൽ കരടിയും സിംഹവും മറ്റും ഇറങ്ങിവരാറുണ്ടോ എന്ന് .മറുപടി ഉടനെ വന്നു ,ഇപ്പോഴില്ല അതൊക്കെ 1947 ന് മുൻപായിരുന്നു .

വിശേഷമായ നേതൃത്വസിദ്ധിയും സൂഷ്മമായ നിരീക്ഷണ ശക്തിയും പ്രവാചക സദൃശമായ വീക്ഷണ വിശേഷണവും നർമ്മബോധത്തോടു ചേർന്നപ്പോൾ ഒരു നല്ല ഇടയന്റെ ഉദയമാണ് ജനം കണ്ടത്‌ .ദൈവം സംസാരിക്കുന്ന വഴികളിൽ ഒന്നായിരുന്നു മാർ ക്രിസോസ്റ്റo.മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തയെയും വലിയ സംശയങ്ങളെയും എല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചു കൊണ്ട് പരിഹരിക്കുകയായിരുന്നു അദ്ദേഹം .മനസിന് സുഖമേകുന്നവയായി എന്നും അദ്ദേഹത്തിന്റെ വാക്കുകൾ .വരും കാലത്തു സഭയും സമൂഹവും മനുഷ്യരും അദ്ദേഹത്തിന്റെ ചിന്തകളിലൂടെ നവീകരിക്കപ്പെടെട്ടെയെന്നു നമുക്ക്‌ ആശ്വസിക്കാം .
ചിന്ത ബാക്കിയാക്കി ചിരി മറഞ്ഞു (ജോബി ബേബി,കുവൈറ്റ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക