Image

മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത

ജോബിന്‍സ് തോമസ് Published on 07 May, 2021
മന്ത്രിസ്ഥാനങ്ങള്‍ : സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടസാധ്യത


വന്‍ വിജയം നേടി ഇടതുമുന്നണി അധികാരത്തിലേയ്‌ക്കെത്തുമ്പോള്‍ മന്ത്രി സ്ഥാനം വീതം വെയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചു . ആദ്യ ഘട്ടമായി സിപിഐയുമായാണ് ചര്‍ച്ച ആരംഭിച്ചത്.  ഒരു മന്ത്രി സ്ഥാനം വിട്ടുകൊടുക്കണമെന്നാണ് സിപിഐയോട് സിപിഎം ആവശ്യപ്പെടുന്നത്. നിലവില്‍ നാല് മന്ത്രി സ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളുമാണ് സിപിഐയ്ക്കുള്ളത്. എന്നാല്‍ നിലവില്‍ ഇക്കാര്യത്തില്‍ സിപിഐ ഇടഞ്ഞതായാണ് ലഭിക്കുന്ന വിവരം. മന്ത്രി സ്ഥാനങ്ങള്‍ ഒന്നും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് സിപിഐ സിപിഎമ്മിനെ അറിയിച്ചിട്ടുള്ളത്. 

ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും അതിനപ്പുറത്തേയ്ക്ക് ഒരു വിട്ടു വീഴ്ചയും സാധിക്കില്ലെന്നുമാണ് സിപിഐ നിലപാട്. ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ കൂടുതല്‍ മന്ത്രി സ്ഥാനങ്ങല്‍ കൈവശമുള്ള സിപിഎമ്മാണ് കൂടുതല്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടതെന്നും മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കേണ്ടതാണെന്നും സിപിഐ പറയുന്നു. 

മന്ത്രിമാരുടെ എണ്ണം 21 ആക്കുകയും സിപിഎമ്മും സിപിഐയും ഓരോ മന്ത്രിസ്ഥാനങ്ങള്‍ വിട്ടു നല്‍കുകയും ചെയ്ത് ഇവ ഘടകകക്ഷികള്‍ക്ക്  നല്‍കാനാണ് സിപിഎം പദ്ധതി. എങ്കിലും പ്രശ്‌നം തീരുന്നില്ല. കേരളാ കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കണം. ഒരു എംഎല്‍എ മാത്രമുള്ളവര്‍ക്ക് തല്‍ക്കാലം മന്ത്രിസ്ഥാനം നല്‍കുന്നില്ല എന്ന് തീരുമാനിക്കാനും കഴിയില്ല. കാരണം കേരള കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ സീനിയര്‍ നേതാവാണ്. കെ.ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു കഴിഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്യാബിനറ്റ് റാങ്കുള്ള മറ്റേതെങ്കിലും പദവി കൊണ്ട് തൃപ്തനായേക്കും.

എന്നാല്‍ കോവൂര്‍ കുഞ്ഞുമോനും ഐഎന്‍എല്ലും ഉള്‍പ്പെടെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനമായിരുന്നു ആവശ്യമെങ്കിലും ജോസ് കെ. മാണി ജയിക്കാത്ത സാഹചര്യത്തില്‍ ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക