Image

സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി; നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ് ചെയ്‌തെന്ന് കുടുംബം

Published on 07 May, 2021
സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി; നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ് ചെയ്‌തെന്ന്  കുടുംബം
ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ പൊലീസ് വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി. കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുന്‍പ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച കാപ്പനെ കാണാന്‍ കുടുംബാംഗങ്ങളെ പൊലീസ് അനുവദിച്ചിരുന്നില്ല.

ഉത്തര്‍ പ്രദേശ് പൊലീസ് നിര്‍ബന്ധപൂര്‍വം കാപ്പനെ ഡിസ്‌ചാര്‍ജ് ചെയ്‌ത് മഥുര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് കാപ്പന്റെ ഭാര്യയും ബന്ധുക്കളും ആരോപിച്ചു. എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കാപ്പന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായോ എന്ന് വ്യക്തമല്ല.

മഥുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പന് മതിയായ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെ കേരളത്തിലെ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. അന്ന് ജയിലില്‍ കാലില്‍ ചങ്ങലയിട്ട് ബന്ധിച്ചാണ് കാപ്പനെ പാര്‍പ്പിച്ചിരിക്കുന്നത് എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

തുടര്‍ന്ന് വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ തടവില്‍ കഴിയുന്നയാള്‍ക്ക് ചികിത്സ ലഭിക്കാനുള‌ള എല്ലാ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി കാപ്പന് എയിംസില്‍ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവിട്ടു. തടവിലുള‌ള കാപ്പന് കൊവിഡ് ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ കാപ്പന്റെ രോഗം ഭേദമായെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക