-->

kazhchapadu

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

Published

on

സുകുമാരന്റെ വീടിന്റെ പാലുകാച്ചിന്റന്നാണ് ഒരു വാക്കുപോലും പറയാതെ അവൾ പോയത്. ഉച്ചയൂണും വൈകുന്നേരത്തെ ചായയും കഴിഞ്ഞ് ആളുകള്‍ പോകുംവരെ സുകുമാരനും ഭാര്യയ്ക്കുമൊപ്പം എണ്ണയിട്ട യന്ത്രം കണക്കെ ഓടിനടന്ന് ഓരോന്നു ചെയ്തു.

പറമ്പു നോക്കാനാളുവരുന്നുണ്ടെന്ന് ഹാജിയാർ പറഞ്ഞു. അവളുടെ മുഖം തിളങ്ങി. ഒറ്റപ്പെട്ട കുന്നിൻപുറത്ത് കൂട്ടിനൊരാളുവരുന്നു. മൗനം വീർപ്പുമുട്ടിക്കുന്ന പകലുകളിൽ കറിച്ചട്ടിയിലെ മീനിനോടുപോലും 
മിണ്ടാറുണ്ടവൾ.

സുകുമാരൻ വീടുപണി തുടങ്ങിയപ്പോൾ "തടസ്സങ്ങളേതുമില്ലാതെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയണേ" യെന്ന് അവർക്കൊപ്പം അവളും മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു. സ്വാർത്ഥതയ്ക്കല്ലാതെ പ്രാർത്ഥിക്കുന്ന മനുഷ്യരില്ലല്ലോ.!

കടലവണ്ടിയുമായി രാവിലെ വീടുവിട്ടിറങ്ങുന്ന എനിക്കായ് വൈകുന്നേരങ്ങളിലവൾ കണ്ണും കാതും കൂർപ്പിച്ചു വെക്കും. അവളെയോർത്തെന്റെ നെഞ്ചു നീറും. മൊട്ടക്കുന്നിൻമേലെ അവൾ നിൽക്കുന്നത് ദൂരെ നിന്ന് കാണാം.

മുറ്റത്തൊരു തുളസിത്തറ. അതിന്മേൽ കത്തിച്ചു വച്ച മൺചെരാത്. തൊട്ടടുത്ത് അവൾ. ഞാൻ വറചട്ടിയില്‍ താളത്തിൽ മുട്ടി ഒച്ചയുണ്ടാക്കും. അവളുടെ മുഖം തിളങ്ങുന്നത് മനസുകൊണ്ടറിയും. വഴിവക്കിലെ റബര്‍ മരങ്ങള്‍ എന്നെ കൂർപ്പിച്ചു നോക്കും. കുറുക്കന്മാർ ഓരിയിട്ടു പ്രതിഷേധിക്കും. പക്ഷികൾ കൂട്ടക്കരച്ചിൽ തുടങ്ങും. ചീവീടുകൾ അലോസരപ്പെടുത്തും. നടത്തത്തിന് വേഗതയേറും. ഇരുട്ട് പരക്കും. 

പകൽ നേരത്തെ ദീർഘമായൊരുറക്കിനു ശേഷം സന്ധ്യയ്ക്ക് വീടുണരും. നമ്മുടെ ഒറ്റമുറിക്കൊട്ടാരത്തിൽ പാത്രങ്ങള്‍ക്കും കട്ടിലിനും നടുവിൽ ചുവരില്‍ തറച്ചു നിർത്തിയ പലകമേലെ അവളുടെ കൃഷ്ണന്‍ നമ്മുടെ എല്ലാ പുണ്യപാപങ്ങൾക്കും സാക്ഷിയായി സദാ പുഞ്ചിരിച്ചു നിന്നു.

അനേകായിരം കാമുകിമാരുടെ ശരീരമേറ്റുവാങ്ങിയ ചുംബനങ്ങളും നഖക്ഷതങ്ങളും വേദനയുമാനന്ദവുമോർത്ത് ഏകപത്നീ വ്രതക്കാരനായ എന്നെ അങ്ങേര് കളിയാക്കുകയാണെന്ന് ഞാനവളെ ചൊടിപ്പിക്കും.

 "ശാപം കിട്ടുമെന്ന്" അവളെന്നെ പിടിച്ചു തള്ളും. ഇഴഞ്ഞു നീങ്ങിയ ക്ലോക്കിന്റെ സൂചി മാരത്തണിൽ പങ്കെടുക്കും.

സങ്കടങ്ങൾക്ക് ദൈർഘ്യമേറുമെന്നും സന്തോഷത്തിന് കുറയുമെന്നും നമ്മുടെ രാത്രികൾ തെളിയിക്കും.

അത്താഴം കഴിഞ്ഞ് അന്നത്തെ സമ്പാദ്യം എണ്ണിക്കണക്കാക്കും. ഉത്സവ സീസണിൽ മാത്രം വാതുറക്കുന്ന സമ്പാദ്യപ്പെട്ടി പ്രാരാബ്ധങ്ങളുടെ കണക്കു കേട്ട് കട്ടിലിനടിയിലെ മൂലയിൽ പൊടിപിടിച്ച് ബോറടിച്ചിരിക്കും.

എല്ലാം കഴിഞ്ഞ് അവളെന്റെ നെഞ്ചില്‍ ചായും. അന്നത്തെ വിശേഷങ്ങളൊക്കെയും ആവേശത്തോടെ കേട്ട് ഒരു കുഞ്ഞിനെപ്പോലെയുറക്കത്തിലേക്ക് വീഴും.  വിശേഷങ്ങളൊന്നും പറയാനില്ലാത്ത ഗതികേട് ഉള്ളു പൊള്ളിക്കും. ഞാനവൾക്ക് നെറുകയിലൊരുമ്മ കൊടുക്കും. ചേർത്തുപിടിച്ച് കൂടുതലടുപ്പിക്കും. ഉമ്മകൾക്ക് എണ്ണമില്ലാതാവും.

കാവിലെയുത്സവത്തിന് വീട്ടിലുമുത്സവമാണ്. അന്നും പകൽ നേരമത്രയും  വീട്ടിലിരുന്ന് സന്ധ്യയ്ക്ക് വണ്ടിയുമുന്തി ഒരുമിച്ച് കാവിലേക്ക് നടന്നു. റോഡരികിൽ വണ്ടിയൊതുക്കി വച്ച് കാവിനകത്തുകയറി.

"എന്റെ ദേവിയേ.." അവൾ ഉള്ളുരുകി വിളിച്ചു. ദേവിയോടു മാത്രം പറയാന്‍ കരുതിവച്ച  രഹസ്യങ്ങളാവണം, പിന്നീട് ഒച്ചയില്ലാത്ത ചുണ്ടനക്കം മാത്രമാവും.

"എന്താണ് പ്രാർത്ഥിച്ചത്?" അറിയാനുള്ള കൊതി കൊണ്ട് ഞാന്‍ ചോദിച്ചു. "അയ്യട... അങ്ങനെയിപ്പോ അറിയണ്ട... പ്രാർത്ഥിച്ചത് പുറത്തു പറഞ്ഞാല്‍ പ്രാർത്ഥന ഫലിക്കില്ല.."

അവൾ പ്രതീക്ഷയോടെ ചിരിച്ചു.

രാത്രി പകലാക്കിക്കൊണ്ട് കുട്ടികള്‍ ഉല്ലസിച്ചോടി നടന്നു. അവളുടെ നോട്ടം അവരിലേക്കായിരുന്നു. " പതിയെ.. വീഴും" എന്നവൾ വേവലാതിപ്പെട്ടു. 

ഉത്സവച്ചന്തകൾ ആളുകളെയാകർഷിച്ച് തിളങ്ങി. കുഞ്ഞുവളകളിലും മാലകളിലും കളിപ്പാട്ടങ്ങളിലും ഓടി നടക്കുന്ന അവളുടെ കണ്ണുകളെ ഞാന്‍  കണ്ടില്ലെന്നു നടിച്ചു. മനോവ്യാപാരങ്ങളത്രയും അവളില്‍ നിന്നൊരു ദീർഘനിശ്വാസമായി പുറത്തു  വന്നു. ഞാനൊന്നും ചോദിച്ചില്ല. അവളൊന്നും പറഞ്ഞുമില്ല. ഞങ്ങള്‍ പരസ്പരം 
ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വാക്കുകള്‍ക്ക് പോലും കഴിയാത്തത് വെളിപ്പെടുത്താന്‍ ചില ചിരികൾക്ക് സാധിക്കും.

ഞങ്ങള്‍ കൈകോർത്തു പിടിച്ചു നടന്നു.

വർഷം ഏഴു കഴിഞ്ഞിട്ടും അമ്മയാകാത്തതിലുള്ള വേദനയെ പണ്ടൊരു കൈനോട്ടക്കാരി പറഞ്ഞ വാക്കുകളാൽ മറവു ചെയ്യും. മൂന്ന് മക്കളാണത്രേ കൈരേഖയിൽ തെളിഞ്ഞു കാണുന്നത്.

നടത്തത്തിനിടയിൽ പലയിടത്തും കൈനോട്ടക്കാരെ കണ്ടു. പ്രതീക്ഷകളും സ്വപ്നങ്ങളും വിൽക്കുന്ന തിരക്കിലാണവർ. ഇടതടവില്ലാതെ, അതൊക്കെയും വിലയ്ക്കു വാങ്ങുന്നവർ നിറഞ്ഞു ചിരിച്ചെണീറ്റു പോകുന്നു. വിധിയറിയുന്ന നേരം വരെ ഇനിയവർക്ക് പ്രതീക്ഷകളിൽ ജീവിക്കാം. പ്രതീക്ഷ ഒരു ചില്ലറക്കാര്യമല്ലതാനും.

രാജയോഗം വരുന്നുണ്ടെന്ന് കേട്ട ചെറുപ്പക്കാരന്‍ നേരെപോയത് തൊട്ടടുത്ത ലോട്ടറി സ്റ്റാളിലേക്കാണ്. തിരഞ്ഞെടുത്ത ടിക്കറ്റ് നെഞ്ചോടടുപ്പിച്ച് കണ്ണടച്ച് അയാള്‍ ഉറക്കെ വിളിച്ചു.. "എന്റെ ദേവിയേ.." പ്രതീക്ഷ രണ്ടായി മടക്കി ഭദ്രമായി കീശയിൽ വച്ചു. നിറചിരിയുമായി തിരിഞ്ഞു നടന്നു.

ഞങ്ങള്‍ കടലവണ്ടി ലക്ഷ്യമാക്കി നടന്നു. തിരക്ക് ഏറി തുടങ്ങിയിരുന്നു. പഴയ പനി തിരിച്ചു വരണ്ടാന്നും മഞ്ഞും പൊടിയും കൊള്ളാതെ തെയ്യം കണ്ട് കാവിനകത്തിരുന്നോളാനും അവളോട് പറഞ്ഞതാണ്. കേട്ടില്ല.
സ്നേഹാധിക്യത്താൽ ചിലര്‍ അനുസരണക്കേട് കാട്ടാറുണ്ട്. 

കടലവറക്കലും പാക്കിംഗും ഞങ്ങള്‍ മാറിമാറി ചെയ്തു. പത്തു രൂപയ്ക്ക്, അഞ്ചു രൂപയ്ക്ക്, രണ്ടു രൂപയ്ക്ക്. ഇതായിരുന്നു പാക്കിംഗ് രീതി. ആത്മാർത്ഥത ജോലിയുടെ വേഗത കൂട്ടുമെന്നും മടുപ്പിനെ അടുപ്പിക്കില്ല എന്നും പറയുന്നത് ശരിയാണ്..എല്ലാറ്റിനും അവൾക്ക് നല്ല കൈവേഗമാണ്. 

കാവിൽ ചെണ്ടകൊട്ടിന്റെ താളം മുറുകി. അരങ്ങിലെത്തിയ പുതിയോതിയുടെ ദ്രുതതാളം. ഭഗവതി ഉറഞ്ഞു തുള്ളുകയാണ്.

"വണ്ണാനേ" എന്ന് മാത്രം വിളിക്കപ്പെട്ട് പേരില്ലാതായിപ്പോയ കുഞ്ഞിക്കണ്ണനാണ് പുതിയഭഗവതിയുടെ കോലധാരി. മുമ്പൊരിക്കല്‍ കള്ളുഷാപ്പിലെ വാക്കുതർക്കം മൂത്ത് നാട്ടുപ്രമാണിമാരിൽ ചിലർ വണ്ണാനെ 
മർദിച്ചവശനാക്കിയിരുന്നു. എതിർഭാഗത്തുണ്ടായിരുന്നത് പലിശക്കാരൻ വാസുക്കുറുപ്പായതിനാലാവണം കള്ളുഷാപ്പുടമ ലാസറും കാര്യമന്വേഷിക്കാതെ വണ്ണാനെ ആട്ടിപ്പുറത്താക്കിയത്. കള്ളുമായി വന്ന ചെത്തുകാരൻ രാഘവൻ വണ്ണാനെ നോക്കിയൊരു പരിഹാസചിരി ചിരിച്ച് വാസുക്കുറുപ്പിനു മുന്നില്‍ വിനയാന്വിതനായി.

കുഞ്ഞിക്കണ്ണന്‍ നിലത്തുനേരെ നിർത്താനാവാത്ത കാലും വലിച്ച് ആടിക്കുഴഞ്ഞ് പച്ചത്തെറിയും വിളിച്ച് നടന്നു. പിന്നിൽ നിന്നും അതിനേക്കാളുച്ചത്തിൽ പുലഭ്യം പറച്ചിലുയർന്നു കേട്ടു. കുഞ്ഞിക്കണ്ണന്‍ തിരിഞ്ഞു നോക്കാതെ നടന്നു.

ചെണ്ടകൊട്ടിന്റെ താളം കുറഞ്ഞു വന്നു. ചെഞ്ചുവപ്പൻ ചായങ്ങളും വട്ടമുടിയും ഒടയിൽ കത്തിയെരിയുന്ന കൂറ്റന്‍ കെട്ടുപന്തങ്ങളുമായി പുതിയോതി നിന്നു.

"എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാനെന്നും പുതിയോളാണ്.." കുഞ്ഞിക്കണ്ണന്റെ നാവിനാൽ അഗ്നിദേവതയായ പുതിയോതിയുടെ തിരുമൊഴിയുയർന്നു.

ആളുകള്‍ ഭയഭക്തി ബഹുമാനത്തോടെ ചുറ്റും കൂടി. പിറകിലുള്ളവർ അമ്മയെ ഒരുനോക്ക് കാണാനായി തിക്കും തിരക്കുമായി.   വാസുക്കുറുപ്പ് തലയ്ക്കുഴിഞ്ഞ പണക്കെട്ടുമായി പാപഭാരങ്ങളകറ്റണേയെന്നും നന്മ വരുത്തണേയെന്നും പുതിയോതിയുടെ മുന്നില്‍ കണ്ണടച്ചു കൈകൂപ്പി നിന്നു.

"ഉലർന്ന പൂവൊന്നും മഷിപ്പൂ കെട്ടി കളയാതിരിക്കവണ്ണം യോഗകോത്ത
പ്രകാരത്തിങ്കൽ മണി കെട്ടി അനുഭവത്തിനി സംഗതി വരുത്തിക്കൊളന്ന്ണ്ട്"..

വസൂരിയകറ്റാനായ് ഹോമകുണ്ഡത്തിൽ നിന്നും പൊടിച്ചുണ്ടായ പൊന്മകൾ - പുതിയഭഗവതി..ശ്രീഭദ്രകാളി.

കൂടി നിന്നവരുടെ കണ്ണുകളിൽ ഈറൻ തിളക്കം. അന്തിവെട്ടത്തിന്റെ പൊൻപ്രഭയിൽ പുതിയോതി കൂടുതൽ ചുവന്നു ജ്വലിച്ചു.  

ചുവപ്പൊരു കരുത്തു തന്നെയാണ്. കുഞ്ഞിക്കണ്ണന്‍ നെഞ്ചു വിരിച്ചു നിന്നു.

"സന്തതിക്കും തറവാട്ടിനും മേലാക്കത്തിനും മേൽഗൃഹത്തിനും ഗുണം വരണേ.. ഗുണം വരണം"

കാൽ പതുക്കെ നിലത്തമർത്തി പുതിയോതി നടന്നു. ഇടയ്ക്ക് കഴുത്തനക്കി തിരുമുടി നേരെയാക്കി. കുഞ്ഞിക്കണ്ണന്‍ വിയർത്തൊലിച്ചു. പുതിയോതിയുടെ മുഖത്തെഴുത്ത് കലങ്ങിപ്പരന്നു തുടങ്ങി. ഇരുവരിലാരെന്നു തിരിച്ചറിയാൻ കഴിയാത്ത വിധം മുഖത്തൊരു ചിരി മിന്നി മറഞ്ഞു.

" മഞ്ഞുകൊണ്ട് മൂർധാവിങ്കൽ കരം വച്ച് കേശതിപാദരോഗാലസി നീക്കി അല്ലും 
ചില്ലും മഹാവ്യാധിയും വണ്ണക്കപ്പെടാൻ സമ്മതിയാതിക്കവണ്ണം ഗുണത്തെ തന്ന്
രക്ഷിച്ചോളന്ന്ണ്ട്"

തിരുമുടിയഴിക്കും മുമ്പ് ഞാനവളെയും കൂട്ടി തൊഴുതു വന്നു. അവൾ നന്നെ ക്ഷീണിച്ചിരുന്നു. ഉറക്കം അവളുടെ കണ്ണുകളെ വേട്ടയാടിത്തുടങ്ങിയിരുന്നു. ഗാനമേളക്കു കാത്തു നിക്കാതെ ഞങ്ങള്‍ തിരിച്ചു. ടോർച്ചു തെളിച്ച് വണ്ടിയുന്തി പതിയെ നടന്നു. പാത്രം മുട്ടിന്റെ അകമ്പടിയില്ലാത്തതിനാൽ വഴി ശാന്തമായി ഉറങ്ങുകയാണ്.

വീടെത്തി കട്ടിലിലേക്ക് വീണതും നെഞ്ചിൻ ചൂട് കാത്തു നിൽക്കാതെയവളുറങ്ങി. രാത്രിമുഴുവനും തീച്ചൂടുമായ് വന്നു പനി പേടിപ്പിച്ചു. ഡോക്ടര്‍മാരും മരുന്നുകളും മാറിക്കൊണ്ടിരുന്നതല്ലാതെ മറ്റൊന്നും
സംഭവിച്ചില്ല. മടുപ്പിക്കുന്ന മരുന്നുകൾക്കിടയിലും ക്ഷീണം മറന്ന് അവൾ ചിരിച്ചു.

ആത്മധൈര്യം കൂട്ടാന്‍ മാത്രമല്ല, ആത്മവീര്യം ചോർത്താനും ഒരു ചിരിക്ക് കഴിയും. ഞാന്‍ തലകുനിച്ചു. ചുവരിലെ കൃഷ്ണന്‍ അവൾ കൊളുത്തിയ തിരിവെട്ടത്തിലിരുന്ന് രംഗബോധമില്ലാതെ ചിരിച്ചു.. ഹൃദയശൂന്യൻ!

വീടുപണിയുടെ ഓരോ ഘട്ടത്തിലും പറമ്പിലേക്കെത്തിയ സുകുമാരനും ഭാര്യയോടും അവൾ പെട്ടെന്ന് ചങ്ങാത്തത്തിലായി. പകലുകള്‍ സമ്മാനിച്ച കഠിനമായ ഏകാന്തതയ്ക്കു നേരെ ആരും കാണാതെ അവൾ കൊഞ്ഞനം കുത്തി.. കുറുമ്പി!

പണി പൂര്‍ത്തിയായപ്പോള്‍ അവരോളം അവളും ആഹ്ലാദിച്ചു. അതുപോലൊരു കുഞ്ഞുവീട് നമുക്കും പണിയണമെന്ന ആഗ്രഹം പറഞ്ഞു. മുഴുമിപ്പിക്കാതെയവൾ വിഷയം മാറ്റി. കട്ടിലിനടിയിലെ സമ്പാദ്യപ്പെട്ടി 
അപ്പോഴും ശല്യപ്പെടുത്താനാരുമില്ലാതെ ചിലന്തിവല പുതച്ച് സുഖനിദ്രയിലായിരുന്നു.

അതിരാവിലെ സുകുമാരനും ഭാര്യയുമെത്തി. വീടു തുറന്നു. വലതു കാല്‍ വച്ച് അകത്തു കയറി. ജോത്സ്യർ കുറിച്ചു നൽകിയ സമയത്ത് അടുപ്പത്ത് പാൽ തിളച്ചു തൂവി. മന്ത്രോച്ചാരണങ്ങളോടെ ഗണപതി ഹോമം കഴിഞ്ഞു.

"വിഘ്നേശ്വരാ...." സുകുമാരനിൽ ആശ്വാസത്തിന്റെ അലയൊലി.

അവൾ ഉന്മേഷവതിയായിരുന്നു. ഇടയ്ക്കിടെ അയൽക്കാരിയെ നോക്കി ആത്മനിര്‍വൃതിയോടെ പുഞ്ചിരിച്ചു. ഇനിയങ്ങോട്ട് വൈകുന്നേരങ്ങളിൽ എന്റെ വരവും നോക്കി നിൽക്കില്ലെന്ന് കള്ളക്കണ്ണിട്ടു വീമ്പു പറഞ്ഞു.
നമ്മളെല്ലാവരും പൊട്ടിച്ചിരിച്ചു.


എല്ലാം കഴിഞ്ഞ് പതിവു തെറ്റിച്ച് നേരം പുലരാനുള്ള കൊതിയോടെ ഉറങ്ങാന്‍ കിടന്നതാണ്. അണയാന്‍ പോകുന്നതിന് ആളിക്കത്താനുള്ള സൗകര്യമൊരുക്കാനാണ് പതിവു പനി ആ വഴിക്ക് വരാതിരുന്നതെന്ന് കരുതിയില്ല. എഴുപത്തഞ്ചു വർഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത ജോത്സ്യനെയും അതു വിശ്വസിച്ച എന്നെയും വഞ്ചിച്ച് തെല്ലും കരുണയില്ലാതെ അവൾ മരണത്തിനൊപ്പം ഇറങ്ങി പോയി.

നേരമെത്രയായെന്ന് നിശ്ചയമില്ലാതെ ഏറെ നേരം കട്ടിലില്‍ മലർന്നു കിടന്നു. ക്ലോക്ക് ഇപ്പോള്‍ ഇഴയാറുമില്ല. ജീവിച്ചിരിക്കുന്നവർക്കിടയിലല്ലേ സമയത്തിന് സ്ഥാനമുള്ളൂ..?!

പൊടി പിടിച്ചു മുഖം മറഞ്ഞ കൃഷ്ണനു താഴെ ആദ്യപ്രസവത്തിനായെന്നു മാറ്റി വച്ച നേർച്ചപ്പണക്കിഴി. സ്വപ്നങ്ങളുടെ സ്മാരകം. 

അരികില്‍ പൊടി വിഴുങ്ങി ക്ലാവു പിടിച്ചു വരണ്ടുണങ്ങിയ ഓട്ടുവിളക്ക് പരിഹസിച്ചു പല്ലിളിച്ചു.

കിടപ്പ് മടുത്തപ്പോൾ വാതിൽ തുറന്നു പുറത്തിറങ്ങി. പറമ്പിന്റെ തെക്കേയറ്റത്ത് അവളുടെ നെഞ്ചിലായ് ഞാന്‍ നട്ട ചെമ്പരത്തിച്ചെടി പ്രണയം നിറച്ച്  നിറയെ ചുവന്നു പൂത്തിരുന്നു.

തൊട്ടപ്പുറത്ത് താമസം മാറി പോയ സുകുമാരന്റെ വീട് പഴകി ദ്രവിച്ചു കാടുമൂടിക്കിടന്നു.
------------------
ഉദയ. 
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശി. വീട്ടമ്മയാണ്. ആനുകാലികങ്ങളില്‍ കവിതകൾ എഴുതാറുണ്ട്. "ഒറ്റിലമരം" കവിതാ സമാഹാരമാണ്.  

 

Facebook Comments

Comments

 1. Aswin Shenoy

  2021-05-23 08:02:14

  വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസകൾ

 2. Prasad S Diya

  2021-05-22 14:29:15

  നന്നായിട്ടുണ്ട് ആശംസകൾ ❤️❤️

 3. Raju Athayi

  2021-05-22 10:16:27

  നല്ല അവതരണം ,എവിടെയോ കണ്ട് മറന്ന മുഖങ്ങളെ ഓർമ്മിച്ചെടുക്കാൻ പറ്റി,ഇനിയും ഇത് പോലെ നല്ല കഥകൾ പിറവിയെടുക്കട്ടെ,ആശംസകൾ ഉദയ പയ്യന്നൂർ 👍

 4. Riju Joseph

  2021-05-21 18:30:48

  ആഹാ.. അസ്സലായി എഴുതി. ഒരു രക്ഷയുമില്ല.. മടുപ്പില്ലാതെ വായിച്ചു തീർത്തു.. ഇനിയും തുടരുക.

 5. Nishab

  2021-05-21 15:01:11

  നല്ല എഴുത്ത്, ഇനിയും ഇതുപോലെ നല്ല എഴുത്തുകൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു 😍❤️

 6. Nidhin

  2021-05-21 07:28:26

  ചുറ്റുപാടിലുമായി പലരിലും കണ്ടു മറന്ന ഒരുപാട് മുഖങ്ങൾ..... സാദാരണകാരന്റെ പച്ചയായ ജീവിതം.... കടലക്കാരനെയും ഭാര്യയെയും ഞാനും അവളും എന്നതിനപ്പുറം ഏത് പേരിട്ട് വിളിച്ചാലും അത് പൂർണ്ണമാകില്ല.... ഒരുപാട് ഇഷ്ടം.. ❤️❤️ ഒരുപാട് സ്നേഹം.... ❤️❤️

 7. Faisal

  2021-05-21 04:58:44

  നല്ല രസകരമായ കഥ ... വായിച്ചിരിക്കാൻ രസകരമാണ് ...

 8. RAJU THOMAS

  2021-05-08 14:36:39

  ഇവിടെ നടക്കുന്നത് നല്ലൊരു കഥാമേളയാണ്. ഈമലയാളിക്കു നന്ദി! എത്രയോ നല്ല കഥകൾ! ഉദയ പയ്യന്നൂരിന്റെ കഥ പുതുതാണെന്നു തോന്നുന്നു. എന്നാൽ, മറ്റുചിലത് അങ്ങനാണോ എന്നൊരു സംശയം. അവാർഡ് കിട്ടിയ സമാഹാരങ്ങളിൽ നിന്നുള്ള കഥകൾ രഹസ്യമായങ്ങു പിൻവലിച്ചാലും! അമേരിക്കയിലുള്ള മലയാളികൾതന്നെ എത്രയോ നല്ല കഥകൾ എഴുതിയിട്ടുള്ളതായി എനിക്കറിയാം, അതും ഈ കോവിഡു കാലത്ത്; ആ കഥകളൊന്നും ഈ മത്സരത്തിൽ വന്നിട്ടില്ലെന്നും എനിക്കറിയാം. ഇവിടെ പുരസ്കാരം നേടിയശേഷം പ്രസ്തുത കഥ നേരത്തേ അവാർഡ് കിട്ടിയ ഒരു കഥയോ കഥാസമാഹാരാംഗമോ ആണെന്നറിയുമ്പോഴുണ്ടാവുന്ന നാണക്കേട് ഒന്നാലോചിച്ചുനോക്കൂ! ന്യുയോർക്കിലെ മനോഹർ തോമസ്സിന്റെ ഒരു നർമ്മോക്തി ഓർമ്മവരുന്നു: "നാണംകെടാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്!"

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

View More