Image

നാടുകാണി (കവിത: മുയ്യം രാജന്‍)

Published on 08 May, 2021
നാടുകാണി (കവിത: മുയ്യം രാജന്‍)
പ്രവാസിയായ
ഒരു നാട്ടുമ്പുറത്തുകാരൻ
വർഷങ്ങൾക്ക് ശേഷം
അടക്കാനാവാത്ത ആധിയോടെ
കുറുക്കുവഴികളിലൂടിഴഞ്ഞ്
ആവേശത്തോടെ
അവസാനത്തെ നടവഴി
കണ്ടെത്തുന്നു.
അവിടെ നിന്നാണ് ഗ്രാമത്തിലെ
ആദ്യ റോഡിന്റെ തുടക്കം.

ഉൾവഴികളിൽ നിന്നുടലെടുത്ത്
നാലുവരികളിലേക്കും
ആറുവരികളിലേക്കും    
പരിണാമം പ്രാപിച്ച്,
ക്രമേണ ഗ്രാമീണന്
അപ്രാപ്യമായി മാറുന്നു    
എന്നും രാജ്യാന്തരവീഥികൾ.

വാഹനവ്യൂഹങ്ങളുടെ കുരുക്കിൽ
വിങ്ങി വിതുമ്പിയൊടുങ്ങുന്ന  
ഈ പെരുവഴികളെല്ലാമൊരുനാൾ
നാട്ടിടവഴികളായിരുന്നെന്ന
നാട്യം മനപ്പൂർവ്വം മറക്കുന്നു.

കൃഷീവലന്റെ വിയർപ്പുചാൽ  
ഒഴുകിയുറഞ്ഞിടത്തിപ്പോൾ
അതിവേഗമാർന്ന അന്താരാഷ്‌ട്ര
വിമാനങ്ങൾ ചിറകു വിരിച്ച്
പറക്കാൻ  വെമ്പുന്നു.

പുത്തൻ കാഴ്ചകൾ കണ്ട്
പിൻവാങ്ങുമ്പോള്‍
മുടിയഴിച്ചിട്ടാടിയ    
മാമരച്ചില്ലകൾ   
ഇനിയിതൊക്കെയേയുള്ളൂ  
എന്ന് ശീൽക്കരിച്ച്
പെട്ടെന്ന് ശാന്തത കൈവരിക്കുന്നു.

മുത്തശ്ശിയുടെ ശവദാഹത്തിന്
കടപുഴക്കിയ തേന്‍മാവിന്‍റെ
അവശേഷിപ്പുകൾ  
ചിതലുകൾ പതിയെ
മണ്ണിൽ ലയിപ്പിക്കുന്നു.

വീട്ടിൽ തിരിച്ചെത്തി
മരം, മണ്ണ്, ജലം, വായു ...
ഇവയൊക്കെയാണിനി
പ്രകൃതിയിലെ അതീവ
ദുരന്തങ്ങളെന്ന
പുതുകവിത ഒരാവർത്തി
കൂടി വായിച്ച്,
വഴിയതിരുകളിലെ കാഴ്ചകൾ   
ക്യാമറയിൽ കോർത്തു കെട്ടുന്നു.

മണ്ണും വിണ്ണുമെന്തെന്ന് ?
സിമന്റ് കോളനിയിലെ
പ്രളയ പുനരധിവാസികൾ
നാളെ അഥവാ  
ചോദിച്ചാൽ പറയാൻ  
പാകത്തിലുള്ളൊരു  
റെഡിമെയ്‌ഡ് ഉത്തരം   
ചുണ്ടിൽ പശ തേച്ചു വയ്ക്കുന്നു.

അടിക്കടി നാടു നീങ്ങുന്ന   
ഗ്രാമാതുരതകളെ ഇനി  
തലോടണോ വേണ്ടയോ
എന്ന പകപ്പോടെ
തറവാടിന്റെ തിരുമുറ്റത്ത്
എന്തോ തിരഞ്ഞു
കളിക്കുന്നുണ്ടൊരു കരിനിഴൽ.

നെഞ്ചിലുറയുന്ന
ആകുലതകൾക്ക്
കൂച്ചു വിലങ്ങിട്ട്,  
നാട്ടുവഴക്കങ്ങളുമായി
താദാത്മ്യപ്പെടാൻ
തുടങ്ങുമ്പോൾ,   
ഒറ്റക്കുതിപ്പിന്
നഗരം പൂകാൻ
വെമ്പുന്നുണ്ട്
നമ്മുടെ സ്വന്തം നാട് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക