Image

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

Published on 09 May, 2021
നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)
കഴിഞ്ഞ ദിവസത്തെ രാത്രിയിൽ അസ്വസ്ഥമായ മനസ്സുമായി അവൾ ഉറങ്ങാതെ കളിച്ചു കിടന്ന മക്കളെ വഴക്ക് പറഞ്ഞു ഉറക്കിയെങ്കിലും , മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളുടെ മിഴികളെ ഉറക്കം വന്ന് വിളിച്ചില്ല. എഴുന്നേറ്റ് വന്ന് വിശാലമായ ഹാളിലൂടെ ഉലാത്തുകയും, ആശ്വാസത്തിനായി പുസ്തകം വായിക്കുകയും ചെയ്തെങ്കിലും നിദ്ര അതിഥിയായി പോലും വന്നില്ല. ജാലകത്തിലൂടെ ആകാശ കാഴ്ചകൾ നോക്കിയപ്പോൾ അവൾക്ക് തോന്നിയ ചില തോന്നലുകൾ, ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ, ജീവിതത്തിൽ നടത്തുന്ന ഒളിച്ചോട്ടമല്ലേ, എത്ര പേരെ അതിൽ നിന്ന് അവളുടെ ഒരു വാക്കിൽ നിന്ന് പിന്തിരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെ, കറങ്ങുന്ന പങ്കയെ ഓഫാക്കി കുരുക്ക് മുറുക്കാൻ ചിന്തിച്ച മാത്രയിൽ ഉറങ്ങികിടക്കുന്ന പൈതങ്ങൾ വിയർക്കില്ലേ എന്നോർത്തു പിൻമാറി. ഇഷ്ട ഭക്ഷണമായ ഐസ്ക്രീമിൽ എന്തെങ്കിലും ചേർത്താലോ, വേണ്ട അതും കുഞ്ഞുങ്ങളുടെ മധുര വിഭവമല്ലേ എന്നോർത്തു നിരസിച്ചില്ലേ? മൂർച്ചയേറിയ ബ്ലഡുമായി കൈത്തണ്ടയേ വരയാൻ തുനിഞ്ഞപ്പോൾ ഈ കൈകളാല്ലേ കുഞ്ഞുങ്ങളെ കോരിയെടുത്ത് ഓമനിച്ചത് എന്നോർമ്മ പുറകോട്ട് വലിപ്പിച്ചു. ചിന്തയുടെ വലയത്തിൽ പെട്ട അവൾ കനത്ത രാത്രിയുടെ ഇരുട്ടിൽ ജാലകത്തിലൂടെ കടന്നു വന്ന നേർമ്മയുള്ള കാറ്റ് തലോടി പറഞ്ഞു, നല്ലത് മാത്രം ചിന്തിക്കുക, നിന്നിൽ നിന്ന് വീഴുന്ന ഓരോ കണ്ണുനീർ തുള്ളിയ്ക്കും വിലയേറിയ സമ്മാനം ജീവിതത്തിൽ കിട്ടും, അതും നിനക്ക് ഈ മക്കളിലൂടെയാവും. ബൈബിളിൽ പറയുന്നുണ്ട്, "ഒരു സ്ത്രീയുടെ കണ്ണീർ ആര് കാരണമായി വീഴ്ത്തിയിട്ടുണ്ടോ അതിൻ്റെ ഫലം വീഴ്ത്തിയവർ അനുഭവിക്കുമെന്ന്",, ഇതെല്ലാം ആരോ വന്ന് സ്പർശിച്ച് പറഞ്ഞതായി തോന്നിയ അവൾ വീണ്ടും രാത്രിയുടെ മധ്യാഹ്നത്തിൽ വായന പുനരാരംഭിച്ചു, ആ വീക്ഷണത്തിലൂടെ അവൾ സ്വയം പറഞ്ഞു, തൻ്റേടിയും, തന്നിഷ്ടക്കാരിയും, സ്വന്തം ശരികളിലൂടെ മാത്രം സഞ്ചരിക്കുന്ന സ്ത്രീ തന്നെയാണ് ഞാൻ, ആരെങ്കിലും സ്വന്തമെന്ന് കരുതിയവരും  എന്തും പറയട്ടെ ,അതു കൊണ്ട് ഒരിക്കലും  തളർന്നു പോവാതെയിരിക്കണം.... കൂടാതെ, എഴുത്തിനെ കൂട്ട് പിടിച്ച് ശക്തമായ രചനകളിലൂടെ സ്ത്രീ അനുഭവങ്ങൾ പുറത്തേക്ക് കൊണ്ടുവരണം ,അല്ലാതെ   എഴുത്തുലോകത്തു നിന്ന് പോയ നന്ദിതയെ പോലെയോ, രാജലക്ഷ്മിയെ പോലെയോ ആവരുതെ,,, വാക്കുകളിലൂടെ കരുത്താർജിക്കുക തന്നെ ചെയ്യണം അതാണ് ശക്തി...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക