എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

Published on 09 May, 2021
എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ
ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിവസമായി കൊണ്ടാടുകയാണ്.പകരം വെക്കാനില്ലാത്ത സ്നേഹവും, വാക്കും, അനുഭവവും, കരുതലുമാണ് അമ്മ. ഏതു പ്രതിസന്ധിയിലും, മക്കളെ ചേർത്തണച്ച്  മാതൃത്വത്തിന്റെ ലാളനം നൽകി മുന്നോട്ട് നയിക്കുന്ന ഒറ്റവരിക്കവിതയ്ക്ക് ലോകമെമ്പാടും ഒരു പേരേയുള്ളു; അമ്മ. ഗർഭധാരണകാലം  മുതൽ മക്കൾ നൽകുന്ന എല്ലാ വേദനകളും ആഹ്ലാദത്തിന്റെ സ്പന്ദനങ്ങളായി ഏറ്റു വാങ്ങിയും, അടുക്കളയിലെ കരിയും പുകയുമേറ്റു ക്ഷീണിക്കുമ്പോഴും, പരാതികളില്ലാതെ പുഞ്ചിരിയോടെയും മക്കളെയും ഭർത്താവിനെയും സ്നേഹിക്കുകയും ചെയ്യുന്ന പുണ്യമാണ് അമ്മ. 

എല്ലാ മതങ്ങളും, ശാസ്ത്രങ്ങളും, അമ്മ എന്ന വാക്കിന്റെ മഹത്വമുയർത്തിപ്പിടിക്കുന്നുണ്ട്. അമ്മയെ സ്നേഹിക്കാനും, ബഹുമാനിക്കാനും കരുതലോടെ കാണാനും, എല്ലാ ശാസ്ത്രങ്ങളും നമ്മോട് പറയുന്നുമുണ്ട്. നിർഭാഗ്യവശാൽ ആഗോള വൽക്കരണത്തിന്റെയും ആധുനിക ജീവിത ശൈലിയുടെയും, പരിണതഫലമായോ അല്ലാതെയോ, നല്ലൊരു ശതമാനം അമ്മമാരും മക്കളുടെയോ, ഭർത്താവിന്റെയോ പീഡനങ്ങൾക്കും, അവഗണനകൾക്കും, വിധേയമാകുന്ന സങ്കടകരമായ ഒരു സ്ഥിതിവിശേഷം  ഇന്ന് നമുക്കിടയിലുണ്ട്.

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ജൂലിയ വാര്‍ഡ് ഹാര്‍വെയാണ് 1870-ല്‍ ബോസ്റ്റണില്‍വെച്ച് മാതൃദിന വിളംബരം എഴുതിയത്. തുടർന്നിങ്ങോട്ട് ലോകം അമ്മമാർക്കായി ഒരു ദിവസം നീക്കിവെക്കാനിടയായത്. 

ലോകത്തിലെവിടെയൊക്കെയായി തങ്ങളെ വിട്ടുപോയ മക്കളെ ഇന്നും സ്നേഹിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാർക്കും, മക്കളുടെയും, കുടുംബത്തിന്റെയും സ്നേഹവും, കരുതലുമറിയുന്ന അമ്മമാർക്കും, മക്കളും കുടുംബവുമുണ്ടായിട്ടും അനാഥരായി പോയ അമ്മമാർക്കും, എല്ലാ അനുഗ്രഹങ്ങളും, പ്രാർത്ഥനകളും നേരുന്നതോടൊപ്പം, നല്ല ശോഭനമായ ദിനങ്ങളുണ്ടാവട്ടെ എന്ന് ഫോമാ എക്സിക്യൂട്ടീവ് ആശംസിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക