Image

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

Published on 09 May, 2021
കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)
കുട്ട്യേ, നേരെത്രയായി, എണീക്കണ്ടേ ? സ്‌കൂളില്ലേ ഇന്ന്.   
ഇന്ന് ഞായറാഴ്ചയല്ലേ അമ്മേ ?
തിരിച്ചുള്ള മറുപടി കേട്ട് അബദ്ധം പറ്റിയപോലെ ഒരു ചിരിയോടെ വന്ന് പുതപ്പ് ദേഹത്ത് ഒന്നുകൂടി മൂടിയിട്ട് മുടിയിഴകളിൽ കൂടി വിരലുകളോടിച്ച് പറയും,  ഇന്ന് ഞായറാഴ്ച്ചയാ ല്ലേ , അമ്മയ്ക്ക് ഓർമ്മണ്ടായില്ല കുട്ട്യേ, പിന്നെ വളർന്നു വരുന്ന വാർദ്ധക്യത്തെ മുറിയിലെ കണ്ണാടിയിൽ നോക്കി നെടുവീർപ്പിട്ട്  മിഴിയിണകൾ മുണ്ടിന്റെ കോന്തലകൊണ്ട് തുടയ്ക്കും

കോഴിക്കൂട് ഇതുവരെ തുറന്നില്ലേ, അവറ്റകൾ അകത്തുകിടന്ന് കൊക്കിപ്പാറുന്നത് കേൾക്കണില്ലേ,  ആരോട് പറയാൻ, പിന്നെ സ്വയം പോയി കോഴിക്കൂടിന്റെ പലക പൊക്കി കോഴികളെ സ്വതന്ത്രയാക്കും.  കൈയിൽ കരുതിയ നെന്മണികൾ മുറ്റത്ത് വിതറും.  അമ്മയുടെ കാലിൽ മുട്ടിയുരുമ്മി കോഴികൾ സ്നേഹം പ്രകടിപ്പിക്കും

തോട്ടത്തിൽ ഒരൊറ്റ നാക്കില മുറിക്കാനില്ല, എല്ലാം കാറ്റിൽ ഒടിഞ്ഞു വീണിരിക്കുന്നു.  ആ കാങ്കത്ത് വളപ്പിലെ തൊടിയിൽ ഉണ്ടാവോ ആവോ?  ആരെങ്കിലും ആ കത്തി ഇങ്ങട് എടുത്താ …. പുറത്തെ തൊടിയിൽ  കുളിക്കാൻ പോകുമ്പോൾ നോക്കണം രണ്ടില കിട്ടുമോ എന്ന്.   'അമ്മ അടുത്ത ആവലാതിയിലാണ്

അമ്മയ്ക്കെന്നും ആവലാതിയായിരുന്നു, വീട്ടുകാർക്ക് നിസ്സാരമെന്നു തോന്നുന്നതൊക്കെ അമ്മയ്ക്ക് സീരിയസ് ആയ കാര്യങ്ങൾ ആയിരുന്നു.  ആ വേവലാതിയിൽ ഹൃദയത്തിൽ  ഒളിപ്പിച്ച് വച്ച ഒരു സ്നേഹത്തിന്റെ മയിൽ‌പ്പീലി തുണ്ട് മാനം കാണാതെ കിടപ്പുണ്ടായിരുന്നു .

വാർദ്ധക്യം തളർത്തും മുന്നേ അമ്മ കുളിക്കാൻ പോകുക ഉച്ചയ്ക്കായിരുന്നു.  ആ സമയത്ത് പുറത്തെ തൊടിയിലെ കുളത്തിൽ ആരും ഉണ്ടാവില്ല.  അല്ലാത്ത സമയങ്ങളിൽ കുളത്തിൽ ചുറ്റുവട്ടത്തെ വീട്ടിലെ പെണ്ണുങ്ങളുടെ ബഹളമായിരിക്കും.  അവരുടെ കുശുമ്പും കുന്നായ്മയും ഒന്നും കേൾക്കാൻ അമ്മയ്ക്ക് താല്പര്യമില്ലാത്തതിനാലാണ് 'അമ്മ ആളൊഴിഞ്ഞ സമയത്ത് കുളിക്കാൻ പോകുന്നത്.  

അമ്മയുടെ കയ്യിൽ ഒരു വലിയ ഭാണ്ഡക്കെട്ട് ഉണ്ടായിരിക്കും, വീട്ടിലുള്ളവരുടെ മൊത്തം അലക്കാനുള്ള തുണികളാണ്.  'അമ്മ അവയെല്ലാം അലക്കി അവസാനം കുളത്തിന്റെ ആഴങ്ങളിൽ  പടികളിലേക്ക് ഇറങ്ങി മുങ്ങി കുളിക്കും.   ആ സമയങ്ങളിൽ കുളത്തിന്റെ അരികുപറ്റി ചില പരൽമീനുകൾ ഉച്ചവെയിൽ കായാൻ വെള്ളത്തിന് മുകളിൽ വരും..  അവയെ തോർത്തിട്ട് പിടിക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തും.  ചില സമയങ്ങളിൽ എന്റെ നൈപുണ്യം കൊണ്ടല്ലെങ്കിലും പരൽമീനിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ചില  മീനുകൾ എന്റെ വലയിൽ കുരുങ്ങും.   അവയെ കുപ്പിയിലാക്കി ഒരു മീനിനെ തടവറയിലാക്കിയ പെരുമയോടെ ഞാൻ അമ്മയോടൊപ്പം വീട്ടിലേക്ക് നടക്കും.  

പറമ്പിൽ ചേരകളെയും എലികളെയും കീരികളെയും ഒക്കെ ധാരാളമായി കണ്ടിട്ടുണ്ട്, പക്ഷെ കഥകളിൽ മാത്രം വായിച്ച എട്ടടി മൂർഖൻ ഞങ്ങളുടെ മുറ്റത്തും രാത്രിയിൽ സ്വൈരവിഹാരം ചെയ്യാറുണ്ടെന്ന് അറിയില്ലായിരുന്നു.  ഒരുദിവസം പതിവുപോലെ കോഴിക്കൂട് തുറന്ന 'അമ്മ കോഴികളൊന്നും പുറത്ത് വരുന്നത് കാണാഞ്ഞ് അന്തിച്ചു.   എന്താടീ, കോഴികളൊന്നും പുറത്ത് വരാത്തെ?  'അമ്മ ആരോടൊന്നില്ലാതെ വിളിച്ചു പറഞ്ഞു.  അടുത്ത നിമിഷം ഒരു നിലവിളിയായിരുന്നു.   വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി.   കോഴികൾ പുറത്ത് വരുന്നത് കാണാത്ത 'അമ്മ കോഴിക്കൂടിന്റെ ചെറിയ വാതിലിലൂടെ കൈ അകത്തിട്ടു, അകത്തുനിന്നും ഒരു ചീറ്റൽ.  ആ ചീറ്റലിന്റെ ആഘാതത്തിലാണ് 'അമ്മ നിലവിളിച്ചത്.   നാട്ടിലെ ധൈര്യശാലികൾ ടോർച്ചടിച്ച് കോഴിക്കൂടിനുള്ളിലേക്ക് നോക്കിയപ്പോൾ മൂലയിൽ ഫണം വിടർത്തി ഒരു കരിമൂർഖൻ.  കൂട്ടിലെ ഒന്നോ രണ്ടോ കോഴികൾ ഒഴിച്ച് ബാക്കിയെല്ലാം വിഷമേറ്റ് ചത്തിരുന്നു. ഒരുപക്ഷെ കോഴികളെ കൊത്തി വിഷമെല്ലാം തീർന്നതുകൊണ്ടായിരിക്കും അന്ന് 'അമ്മ രക്ഷപെട്ടത്.

അമ്മ ഒന്നും സംഭവിക്കാത്തതുപോലെ തോട്ടത്തിൽ വീണ കൂരടക്കകൾ പെറുക്കി കൂട്ടുമ്പോൾ നാട്ടുകാർ പാമ്പിനെ പുറത്തു ചാടിക്കാനുള്ള ശ്രമത്തിലായിരുന്നു.   ആളുകൾ അമ്മയോട് ചോദിക്കുന്നുണ്ട്,  എന്തെങ്കിലും പറ്റിയോ ഇങ്ങക്ക്, കൊത്തൊന്നും കൊണ്ടില്ലല്ലോ കൈയിൽ.   

എനിക്കൊന്നും പറ്റിയില്ല, കുട്ട്യോള് എല്ലാവരും ചായ കുടിച്ചില്ലേ ആവോ ?  നേരം കുറെയായി.  ആ അടുക്കളയിലെ  അലുമിനിയപാത്രത്തിൽ  ഇന്നലത്തെ കുറച്ച് സാമ്പാർ അടച്ചു വച്ചിട്ടുണ്ട്,  കേടുവന്നുവോ അറിയില്ല  ? വെള്ളത്തിൽ ഇറക്കി വയ്ക്കാൻ പറഞ്ഞിരുന്നു ഞാൻ കുട്ട്യോളോട്, ആരെങ്കിലും ചെയ്തോ ആവോ ? കേടില്ലെങ്കിൽ ആർക്കെങ്കിലും വേണമെങ്കിൽ എടുത്ത് കൊടുത്തോ.  അമ്മയ്ക്കപ്പോഴും അതാണ് ശ്രദ്ധ.  

നോക്കടീ, നല്ലൊരു കൂൺ,  ഇതാ മത്തന്റെ ഇലയിൽ പൊതിഞ്ഞ് അടുപ്പിൻ കല്ലിന്മേൽ ഇട്ട് ഒന്ന് വാട്ടി കുട്ടോൾക്ക് കൊടുത്തളാ,  അവർക്കത് വലിയ ഇഷ്ടാ.  'അമ്മ കൂൺ വേരോടെ പിഴുത് അടുത്തവീട്ടിലെ അമ്മിണിയേടത്തിടെ കൈയിൽ കൊടുത്തു.  എന്നാപിന്നെ  ചെറിയമ്മേ, ഞാനും പറമ്പിലൊന്ന് നടന്നു നോക്കട്ടെ, നാല് കൂൺകൂടി കിട്ടുമോ എന്ന്, ഇന്നലെ രാത്രി നല്ല ഇടി വെട്ടിയിരുന്നു, ആ തെക്കേ തൊടിയിലെ വരിക്കപ്ലാവിന്റെ ചുവട്ടിലെ മതിലിന്മേൽ സാധാരണ ഉണ്ടാവാറുണ്ട്, ഞാനൊന്ന് പോയി നോക്കട്ടെ.  അമ്മിണി ഏടത്തി നടന്നകലുമ്പോൾ 'അമ്മ വിളിച്ചു പറഞ്ഞു, ഇന്നലെ ഞാനതിലെ പോകുമ്പോൾ പ്ലാവിലെ ചക്ക അണ്ണാൻ കൊത്തുന്നുണ്ട്, തൊടിയിൽ തേങ്ങ വീഴാറായി നിക്കുന്നുണ്ട്, ശ്രദ്ധിച്ച് നടക്കണം.  ഒരു ഗ്രാമത്തിന്റെ മുഴുവൻ ശ്രദ്ധയും കരുതലും 'അമ്മ ഏറ്റെടുത്തിരിക്കുന്നു.  

ആ പനമ്പ് എടുത്ത് മുറ്റത്തിട്ടാ,  വെയില് പോകും മുന്നേ ആ നെല്ലോന്ന് ഉണക്കിയെടുക്കട്ടെ, എപ്പോഴാ മഴ പൊട്ടിച്ചാടാ എന്നറിയില്ല, 'അമ്മ അടുത്ത പണിയിലേക്കിറങ്ങി.  കുട്ട്യോളെ, മഴവരുമ്പോൾ ആ അഴയിലെ ഉണങ്ങിയ തുണികൾ എടുത്ത് അകത്തിടണം ട്ടോ,  ഇക്കോർമ്മണ്ടയിന്ന് വരില്ല.  എവിടെയെല്ലാം എത്തുന്നു അമ്മയുടെ കണ്ണും മനസ്സും.  

മനസ്സും അതിരും മതിലുകൾ തീർക്കാത്ത കിണറ്റിങ്കര തറവാടിന്റെ പറമ്പിലൂടെ തൊട്ടാവാടികൾ വഴഞ്ഞുമാറ്റി ബാല്യത്തിന്റെ ഓർമ്മകൾ മേഞ്ഞു നടന്നു,   വിലങ്ങുകളില്ലാതെ, വിലക്കുകളില്ലാതെ.  എവിടെയോ ഒരു പിൻവിളി കാതിൽ മുഴങ്ങുന്നുണ്ട്,  ശ്രദ്ധിച്ച് നടക്കെന്റെ കുട്ട്യേ, ആ തൊടിയിലെല്ലാം തൊട്ടാവാടികളും തൂവ കൊടിച്ചികളും ആണ്, കൊത്തും കിളയും കൊള്ളാതെ കിടക്കുന്ന പറമ്പാ. വല്ല ഇഴജന്തുക്കളും ഉണ്ടാകും.   തിരിഞ്ഞുനോക്കുമ്പോൾ ഒറ്റമുണ്ട് ചുറ്റി, ചുക്കിച്ചുളിഞ്ഞ മുഖത്തെ ചുളിവ് വീഴാത്ത സ്നേഹം പാൽനുരയായി കിണറ്റിങ്കര തറവാടിൽ ഒഴുകി നടക്കുന്നു.  .   മനസ്സിലെ മഴമേഘങ്ങൾക്കൊപ്പം കാലം തെറ്റി നഗരവാനിൽ ചില കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു, ഒന്ന് ആർത്തു പെയ്യാൻ, നഷ്ടങ്ങളുടെ ഓര്മ്മപെയ്ത്ത് പോലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക