Image

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

Published on 09 May, 2021
അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)
അമ്മയും ഞാനും
ഒരൊറ്റ ശ്വാസത്തിൻ്റെ
മന്ത്രസ്വരം
അതേ, പ്രാണൻ്റെ
സ്പന്ദനം

അമ്മയും ഞാനും
ഒരേ, വേനൽ,
തീയിനാൽ പൊള്ളി-
പ്പിളർന്നവർ,
വീണ്ടും തളിർത്തവർ
അമ്മയും ഞാനും
ഒരേ മഴത്തുള്ളികൾ
ഒരേ കടൽ  ഉള്ളിൻ്റെ-
യുള്ളിലായ് എന്നും
നിഗൂഢതയുള്ളവർ

അമ്മയും ഞാനും
ഒരേ പ്രപഞ്ചം
ഒരേ മണ്ണിലായ്
അക്ഷരപ്പച്ചയെ
കണ്ടവർ
അമ്മയും ഞാനും
നടന്നതൊരേ വഴി
അമ്മയും ഞാനും
പകർന്നതൊരേ തണൽ

അമ്മയും ഞാനും
ഒരേ ശ്രുതി, പൊട്ടിയ
തന്ത്രികൾ മീട്ടി
ചിരിക്കാൻ ശ്രമിച്ചവർ.
അമ്മയും ഞാനും
ഒരേ വസന്തത്തിൻ്റെ
ചില്ലയിൽ പാടാനിരുന്നവർ
പാട്ടിൻ്റെ മന്ത്രസ്വരങ്ങളെ
പൂക്കാലമാക്കിയോർ

അമ്മയും ഞാനും
ഒരേ മേഘവാതിലിൽ
മിന്നാമിനുങ്ങും
തെളിച്ച് നടന്നവർ
നടന്നവർ
അമ്മയും ഞാനും
പ്രകാശത്തിനെ നിലാ-
ച്ചില്ലയിൽ നിന്നും
പകർത്താൻ ശ്രമിച്ചവർ
അമ്മയും ഞാനും
മിഴിക്കുള്ളിലായിരം
കുഞ്ഞുനക്ഷത്രങ്ങൾ
വിളക്കായ് തെളിച്ചവർ

അമ്മയും ഞാനും
ഒരേ ഭൂമിയെങ്കിലും
രണ്ട് ഭൂഖണ്ഡങ്ങളായി
പിരിഞ്ഞവർ
രണ്ടായ് പിരിഞ്ഞെങ്കിലും
വീണ്ടുമെന്നിലായ്
ഇന്നും തുടിക്കുന്നതാ കടൽ
ഞങ്ങളെ ഒന്നിച്ച് നിർത്തും
മഹാപ്രവാഹത്തിൻ്റെ
ഹൃദ്സ്പന്ദനം എൻ്റെ
പ്രാണൻ്റെ സ്പന്ദനം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക