Image

ചികിത്സയ്ക്ക് ഭൂമിയും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥ; പ്രധാനമന്ത്രിക്ക് ഖാര്‍ഗെയുടെ കത്ത്

Published on 09 May, 2021
ചികിത്സയ്ക്ക് ഭൂമിയും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥ; പ്രധാനമന്ത്രിക്ക് ഖാര്‍ഗെയുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ആറുനിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് എം.പി.മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. സാധാരണക്കാരായ ആളുകള്‍ പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി ഭൂമിയും ആഭരണങ്ങളുമെല്ലാം വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് പ്രതിരോധത്തിന് കൂട്ടായ, ഐക്യത്തോടെയുളള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് ഖാര്‍ഗെ പറയുന്നു. കേന്ദ്രം അതിന്റെ കടമകള്‍ ഒഴിഞ്ഞതിനാല്‍ സിവില്‍ സമൂഹവും പൗരന്മാരും അസാധാരണമായ ദേശീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാനായി സര്‍വകക്ഷി യോഗം വിളിക്കണം. എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിന്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി അനുവദിക്കപ്പെട്ട 35,000 കോടി രൂപ ഉപയോഗിക്കണം. വാക്സിന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് വര്‍ധിപ്പിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാക്സിനുമുളള നികുതി ഒഴിവാക്കണം. തൊഴിലില്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി എംഎന്‍ആര്‍ഇജിഎയുടെ കീഴില്‍ പ്രവൃത്തിദിനങ്ങളും മിനിമം ശമ്പളവും വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് നേരത്തേയും കത്തയച്ചിരുന്നു. വൈറസിനെയും അതിന്റെ വകഭേദങ്ങളെയും ശാസ്ത്രീയമായി ട്രാക്ക് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക