Image

മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published on 09 May, 2021
മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു


തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിച്ചുവരുന്ന സാഹചര്യത്തിലാണിത്. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. ഇതൊഴിവാക്കി രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ടെക്‌നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐ.സി.യു.കളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അത്യാഹിതം സംഭവിക്കാതിരിക്കാന്‍ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കണം. ഐ.സി.യു.കള്‍, ഓക്‌സിജന്‍ വിതരണമുള്ള വാര്‍ഡുകള്‍, ഓക്‌സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. എര്‍ത്തിംഗ് ഉള്‍പ്പെടെയുള്ള വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും നല്‍കണം.

ഐ.സി.യുവിനുള്ളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നെങ്കില്‍ ഫയര്‍ ആന്റ് സേഫ്റ്റി മാനദന്ഡങ്ങള്‍ അനുസരിച്ച് മാത്രമേ അത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക