Image

കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി

Published on 10 May, 2021
കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി
കൊച്ചി: കൊവിഡ് ചികില്‍സയ്ക്ക് കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).കെസിബിസി കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടെലി-മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും, ടെലി-സൈക്കോ - സോഷ്യല്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി,വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍,സെക്രട്ടറി ജനറാള്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ അറിയിച്ചു.

എല്ലാ രൂപതകളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാന്‍ ആവശ്യമായ ഫോണ്‍ നമ്ബരുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്. രൂപതാ സമിതികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്ന കൊവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായ പള്‍സ് ഓക്‌സീമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കില്‍ കെസിബിസി കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കേണ്ടതാണ്.കത്തോലിക്കാ സിസ്റ്റേഴ്‌സ് ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ ടെലി- മെഡിസിന്‍ സേവനം കെസിബിസി കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതി വഴി ലഭ്യമാകുന്നതാണ്.

കൊവിഡ് വ്യാപനം തടയുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്‌ക് ധരിക്കല്‍, രണ്ട് മീറ്റര്‍ അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള കൈകളുടെ ശുദ്ധീകരണം എന്നിവ കര്‍ശനമായി പാലിക്കുക. ഇതോടൊപ്പം പരിസരശുചിത്വവും ഉറപ്പുവരുത്തുക. ഭവനങ്ങളുടെയും ജോലിസ്ഥലങ്ങളുടെയും സാനിറ്റൈസേഷന്‍ നടത്തുക.ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, നിയമപാലകര്‍ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാര്‍ത്ഥമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി.കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ജീവിതശൈലി ക്രമീകരിക്കുക. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളും അവലംബിക്കുക.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച്‌ കഴിയുന്നത്ര വേഗത്തില്‍ എല്ലാവരും പ്രതിരോധകുത്തിവയ്പ്പ് സ്വീകരിക്കേണ്ടതാണ്.

കൊവിഡ് പ്രതിരോധനത്തിനും കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി കെ സി ബി സി യുടെ ഹെല്‍ത്ത് കമ്മീഷനും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരളഘടകവും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സിസ്റ്റര്‍ ഡോക്‌ടേഴ്‌സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച്‌ ആസൂത്രിതമായ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും സര്‍ക്കാരില്‍ നിന്നുള്ള സഹകരണങ്ങള്‍ സ്വീകരിച്ചുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കത്തോലിക്ക സഭയുടെ ആശുപത്രികളെല്ലാം സജീവമായി രംഗത്തുണ്ട്.

ആശുപത്രികളുടെ നെറ്റ്‌വര്‍ക്കുകള്‍ മേഖലാ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ രൂപീകരിച്ചു പ്രവര്‍ത്തിച്ച്‌ വരുന്നതാണ്. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളോടെ അവ ഇപ്പോള്‍ സജ്ജീകരിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്രകാരമുള്ള മേഖലാ നെറ്റ്‌വര്‍ക്കില്‍ എല്ലാ ക്രൈസ്തവസഭകളുടെയും ഇതരമതസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സഭയുടെ ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം അറിയിക്കും. 

പി ഒ സി കേന്ദ്രീകൃതമായി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ കെസിബിസി കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപനസമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതിയുമായി ജനങ്ങള്‍ക്ക് 9072822364, 9072822365, 9072822366, 9072822367, 9072822368, 9072822370 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കെസിബിസി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക