Image

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

Published on 10 May, 2021
വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: വീടുകള്‍ തോറും കയറി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള സാധ്യത തളളി കേന്ദ്ര സര്‍ക്കാര്‍. അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. മൊബൈല്‍ വാനുകള്‍, മറ്റുവാഹനങ്ങള്‍, റെയില്‍വേ എന്നിവയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കോ, ദുര്‍ബല വിഭാഗക്കാര്‍ക്കോ അവരുടെ വീടുകള്‍ക്ക് തൊട്ടടുത്തോ, വീടുകള്‍ കയറിയോ കുത്തിവെപ്പ് നല്‍കാനാവുമോ എന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. അപ്രകാരം ചെയ്യുകയാണെങ്കില്‍ യാത്ര കുറയ്ക്കാമെന്നും, വൈറസ് ബാധ കുറയ്ക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് സ്ഥല സൗകര്യം, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, ആവശ്യത്തിന് വാക്‌സിനേറ്റര്‍മാര്‍, അവരെ സഹായിക്കുന്നിതിനാവശ്യമായ ജീവനക്കാര്‍, കുത്തിവെപ്പിനുശേഷം പ്രതികൂലസാഹചര്യങ്ങള്‍ നേരിടുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ എന്നിവയാണ് കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ക്ക് ആവശ്യമുളളത്.

അംഗീകരിക്കപ്പെട്ട വാക്‌സിന്‍ കേന്ദ്രങ്ങളിലല്ലെങ്കില്‍ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് സമയബന്ധിതമായി അഭിസംബോധന ചെയ്യുക ബുദ്ധിമുട്ടാണെന്ന് 218 പേജുളള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ആംബുലന്‍സുകള്‍ സമീപത്തുണ്ടെങ്കിലും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്താന്‍ 
താമസമുണ്ടായേക്കാം എന്നും കേന്ദ്രം വ്യക്തമാക്കി. 30 മിനിട്ട് നേരത്തേക്ക് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു വീട്ടില്‍ മുപ്പതു മിനിട്ടിലധികം ചെലവഴിക്കുക എന്നുളളത് വാക്‌സിനേഷന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. അത് വാക്‌സിന്‍ യജ്ഞം വൈകിപ്പിക്കും..വാക്‌സിന്‍ പ്രത്യേക കാരിയറുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്, വീടുകള്‍ തോറും കയറി ഇറങ്ങുകയാണെങ്കില്‍ അടിക്കടി ഇതുതുറക്കേണ്ടി വരുന്നത് വാക്‌സിന്റെ ഫലപ്രാപ്തിയെ ചിലപ്പോള്‍ ബാധിച്ചേക്കാം. 

വീടുകള്‍ തോറും കയറിയിറങ്ങാന്‍ എടുക്കുന്ന സമയദൈര്‍ഘ്യം വാക്‌സിന്‍ പാഴാക്കലിലേക്കും വഴിതെളിച്ചേക്കാം. കാരണം ഒരു വയല്‍ തുറക്കുകയാണെങ്കില്‍ അത് നാലുമണിക്കൂറിനുളളില്‍ ഉപയോഗിച്ച് തീര്‍ക്കേണ്ടതുണ്ട്. ഇതിലെല്ലാമുപരി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വാക്‌സിന്‍ 
വിതരണം നടത്തുന്നത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായ ജീവനക്കാര്‍ക്ക് കോവിഡ് ബാധയേല്‍ക്കുന്നതിന് കാരണമായേക്കാം.

ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ശ്മശാനത്തില്‍ ജോലി ചെയ്യുന്നവരെ ഇതിനകം തന്നെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ ലഭ്യമാക്കാനുളള ഏര്‍പ്പാട് ചെയ്തിട്ടുളളതായും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക