-->

kazhchapadu

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

Published

on

കൂറ്റൻ മതിലിനോട് തളയ്ക്കപ്പെട്ട മുരളുന്ന വാതിലിലൂടെ പുറം ലോകത്തേയ്ക്ക് രാധിക തന്റെ തിളക്കം നഷ്ട്ടപെട്ട കണ്ണുകളിലൂടെ നോക്കി. ഇരുണ്ട മുറിയിലെ അഴിയെണ്ണിയിരുന്ന നീണ്ട ഏഴു വർഷങ്ങൾക്ക്  ശേഷം വെളുത്ത കുപ്പായത്തിൽ നിന്നും മോചിതയാകുമ്പോൾ 11 എന്ന നമ്പറിനെ ഉപേക്ഷിക്കുമ്പോൾ, 5 വർഷത്തെ ഭാര്യ എന്ന കുറ്റവാളിയും, 7 വർഷത്തെ കൊലയാളിയെന്ന പേരും, സമ്പാദ്യമായി തനിക്കൊപ്പം ചേർന്നിട്ടുണ്ട്. പന്ത്രണ്ടു വർഷത്തെ ശിക്ഷ ഇങ്ങനെ പൂർത്തിയായെന്നും പറയാം.. ഭൂതകാലത്തിന്റെ ഉള്ളു പൊള്ളിക്കുന്ന വേദനകൾക്കെല്ലാം വിരാമം! 
 
ഇനി എവിടേയ്ക്ക് എന്ന ചോദ്യം മാത്രം മുന്നിൽ നിവർന്നു നിന്നു. അനുവാദത്തിനു പോലും കാത്തു നിൽക്കാതെ മനസ്സ് പിന്നിലേക്കു സഞ്ചരിച്ചു തുടങ്ങി.
 
ഒരിയ്‌ക്കൽ പോലും തന്നെ തേടി വരാൻ പ്രായമായ അമ്മയ്ക്കല്ലാതെ ആർക്കും തോന്നിയിരുന്നില്ല. പിന്നീട് വരേണ്ടെന്ന് പറഞ്ഞില്ലേലും ഒരിയ്ക്കലും തിരിച്ചു വരാത്ത ലോകത്തേയ്ക്ക് അമ്മയും യാത്രയായിരുന്നു. മറ്റുള്ളവരുടെ കറുത്ത മുഖങ്ങളും കുത്തു വാക്കുകളും ചെവിക്കൊള്ളാൻ താല്പര്യം തീരെ ഇല്ലാത്തതു കാരണം മരണാനന്തര ചടങ്ങിനു പോലും അന്ന് താൻ പോവാതിരുന്നു. 
 
ഇന്നിപ്പോൾ എവിടേയ്ക്ക് പോവണമെന്ന് ഒരു നിശ്ചയവുമില്ലലോ?? 
 
കൊലയാളി മകളെ സ്വന്തം വീട്ടിൽ അംഗീകരിക്കാനൊരു വഴിയുമില്ല. അവരുടെ മുന്നിൽ മരുമകൻ എന്നും നല്ലവൻ ആയിരുന്നല്ലോ?? അഭിനയത്തിൽ അഗ്രഗണ്യൻ!
 
"കിട്ടിയ സൗഭാഗ്യങ്ങൾ പോരാതെ പരാതി പറഞ്ഞു നടക്കുന്ന ആർത്തിക്കാരി" യെന്നാണ് വീട്ടുകാരുടെ പഴികൾ. യാഥാർഥ്യം അറിയാനൊട്ടു അവർക്ക് താല്പര്യവുമില്ലായിരുന്നു. അല്ലെങ്കിൽ അതറിഞ്ഞാലും സമൂഹത്തിനു മുന്നിലെ വിലയെ കുറിച്ചേ അവർക്ക് ശ്രദ്ധയുള്ളു. സ്വന്തം പെണ്മക്കൾ ജീവിച്ചിരിക്കുന്നോ അതോ സന്തോഷത്തിനു കോട്ടമുണ്ടോ എന്നറിയാൻ മേലേപ്പാടത്തെ ഭാസ്കരൻ  നായർക്ക് താല്പര്യവുമില്ല. ജീവിതം നരക തുല്യമാണെന്ന് പലവട്ടം പറഞ്ഞിട്ടും ചെവി കൊള്ളാനുള്ള താല്പര്യം പോലും കാണിച്ചില്ലെന്നതാണല്ലോ വാസ്തവം.
 
വർഷത്തിലൊരിക്കൽ വിരുന്നുകാരനായി എത്തുമ്പോൾ അവർക്കു മുന്നിൽ തകർത്തു അഭിനയിക്കാനും ആള് മിടുക്കൻ ആയിരുന്നല്ലോ?  
 
 
ഞങ്ങൾക്കിടയിലുള്ള പൊരുത്തക്കേടുകൾ ചിരിയിൽ മയക്കി മറച്ചെടുക്കാൻ വിരുതനുമായിരുന്നു. മദ്യപാനിയും ആഭാസനുമായൊരുത്തന് പെൺകുട്ടിയെ കൊടുത്തിട്ട് പിന്നീടൊരു പറച്ചിൽ
"ഞങ്ങൾക്കൊക്കെ പ്രായമായി. ഇനി വരുന്നതൊക്കെ നീ അനുഭവിക്കണം".
അനുഭവിച്ചു...ഉള്ളിലൊരു ഭൂമിയെ വെന്തുരുക്കി ..
 
നവവധുവായി വലതു കാലെടുത്തു വെച്ചപ്പോൾ മനസ്സിലൊരു വെള്ളിടി പോലെ ഇടതു ഭാഗത്തു നിന്നൊരു ശബ്ദം വന്നത് ഇന്നും ചെവിയിൽ നിന്നും അകന്നു പോയിട്ടില്ല.
 
 "ഇതിനി എത്ര നാളെക്കാണാവോ"???
 
ദിവസങ്ങളും മാസങ്ങളും ആ വാക്കുകൾക്കു അനുകൂലമാകും വിധം മുടിയഴിച്ചാടി തിമിർത്തു. വീട്ടിലെ ശബ്ദങ്ങൾ അടുത്ത ചന്തയിലേക്കു വരെ എത്തി. കാലം അതിന്റെ നടത്തം തുടർന്നു.. അതിനിടയിൽ പലവട്ടം റോഡിലും തോടിൻ വക്കത്തും പാലത്തിനടിയിലും ലഹരിക്കൊപ്പം മയങ്ങി കിടക്കുന്നെന്നു കേട്ടു . പല ദിവസങ്ങളിലും വീടണയാറുമില്ല. ബോധമുള്ള ദിവസങ്ങളിൽ ലൈംഗീകമായ വൈകൃതങ്ങൾക്കും ഇരയാക്കപ്പെട്ടു. ശരിക്കും ഉള്ളുരുകിയ 5 വർഷങ്ങൾ.. !
 
വിവാഹം കഴിഞ്ഞാൽ പെൺമക്കളൊരിക്കലും പരാതിയുമായി കേറി വരരുതെന്നു ആഗ്രഹിക്കുന്ന പിതാവും സഹോദരന്മാരും.. പെറ്റമ്മയ്ക്കൊരിയ്ക്കലും അങ്ങനെ ചിന്തിക്കാൻ കഴിയാത്തതുകൊണ്ട് കണ്ണുനിറച്ചും വിതുമ്പിയും പാതി പറഞ്ഞ വാക്കുകളിലും അർദ്ധ വിരാമവും പൂർണ്ണ വിരാമവും ഇടാൻ നിർബന്ധിതയായി.. 
 
കുഞ്ഞിക്കാലു കണ്ടില്ലേന്ന ചോദ്യങ്ങൾക്കു ഒരിയ്‌ക്കൽ പോലും ഒരുമിച്ചു ചേരാത്തവർക്കു  കുഞ്ഞുങ്ങളുണ്ടായതായി ശാസ്ത്രത്തിലില്ലല്ലോ എന്ന മറുചോദ്യം  മുഖത്തേക്കെറിഞ്ഞു കൊടുക്കാൻ പലപ്പോഴും വെമ്പൽ കൊണ്ടു.. 
 
അങ്ങനെ കാലം  അതിന്റെ ക്രൂരതകൾ കുറവുവരുത്തിയില്ല; തിമിർത്താടി.
 
അയൽവക്കത്തും അടുത്ത കവലയിലും വരെ മുരളീധരന്റെ വീട്ടിലെ പൊരുത്തക്കേടുകൾ കേറിയിറങ്ങി , പലപ്പോഴും പീടികത്തിണ്ണയിൽ വിശ്രമിച്ചു. 
 
 ഉള്ളു പൊള്ളിച്ച വാക്കുകൾ ചെവികളിൽ നിന്നും ചെവികളിലേക്കും കയറിയിറങ്ങി.  
 
"രാധികേ നിന്റെ കെട്ടിയോൻ മുരളിയും അവന്റെ പുതിയ പെണ്ണുമ്പിള്ളയും കുട്ട്യോളും രാവിലെ കാറിൽ സവാരി പോവുന്ന കണ്ടല്ലോ? നിന്നെ കൂട്ടിയില്ലേടി.."
 
 ഇത്തിരി പരിഹാസത്തോടെയാണ് സരോജിനി ചേച്ചി പറഞ്ഞതെങ്കിലും അത്തരമൊരു വാർത്ത ആദ്യമായിട്ടാണ് താൻ അറിയുന്നത്,  പുതിയ ശീലങ്ങൾ ഒട്ടും യോജിക്കാൻ കഴിയാഞ്ഞിട്ടല്ല; ചിലപ്പോൾ  പ്രതികാരം  വേരുകൾ നശിപ്പിക്കുന്നില്ല. 
 
നിറഞ്ഞൊഴുകുന്ന മിഴികളൊക്കെ അനുഭവങ്ങൾ മരവിപ്പിച്ചിരുന്നു.
 
"എന്റെ രാധികേ നീയറിഞ്ഞു കൊണ്ടാണ് ഇതൊക്കെ മുരളീധരൻ ചെയ്യുന്നതെന്നാണ് നാട്ടിലൊക്കെ പറയുന്നത്. തോട്ടിൻ വക്കിലെ ശങ്കരൻ ചേട്ടന്റെ മരിച്ചു പോയ ആ പയ്യന്റെ കെട്ട്യോൾ, ആ ഡാൻസുകാരി നിങ്ങളുടെ കല്യാണം കഴിയുമ്പോഴേ കൂടെ കൂടിയിട്ടുണ്ടല്ലോ? ആ കൊച്ചുങ്ങൾ എങ്ങനെ ഇതൊക്കെ അനുവദിക്കുന്നു. 
 
നടുക്കടലിൽ മുങ്ങിത്താഴുന്നതിനു മുന്പുള്ള ഒരു കച്ചിത്തുരുമ്പു കിട്ടിയ പോലെ സരോജിനി ചേച്ചിയെ കെട്ടിപിടിച്ചു. 
ഒരു പെരുമഴ പെയ്തുതോർന്നപ്പോൾ കുറച്ചൊരു ആശ്വാസമായിരുന്നു.
 
"എന്റെ രാധിക മോളെ എന്തിനു നീയിതെല്ലാം സഹിച്ചു നിൽക്കുന്നു. തിരിച്ചു പോവണം. പിറന്ന വീടും വീട്ടുകാരുമില്ലേ. പെറ്റതള്ളയും തന്തയും കൂടപ്പിറപ്പുകളും മോളെ തള്ളിക്കളയില്ല. " 
 
അതിന്റെ മറുപടി നാവിനിടയിൽ തന്നെ കുരുങ്ങി കിടന്നു. 
 
അന്നും പതിവുപോലെ ലഹരിയിൽ മുങ്ങി ഭ്രാന്തു പിടിച്ചവരെപ്പോലെ പുലമ്പി വിളിച്ചായിരുന്നു മുരളീധരൻ കയറി വന്നത്. നാട്ടിലെ മാന്യരായി താമസിക്കുന്ന പലരുടെയും പേരുകൾ കൂട്ടിച്ചേർത്തു ആഭാസങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. ഒരിയ്‌ക്കൽ പോലും പുരുഷന്മാരുടെ നേർക്ക് പോലും നോക്കാത്ത തന്നെ മാനസികമായി തളർത്തുന്നത് പലപ്പോഴും യോജിക്കാൻ കഴിയുന്നതായിരുന്നില്ല. 
രാധികയുടെ മനസ്സ് അഗ്നിപർവ്വത്തിന് തുല്യമായിരുന്നു. ! 
 
വർഷങ്ങളായി നഷ്ടപ്പെട്ടുപോയ സന്തോഷങ്ങൾ  അന്ന് പതിവിലധികം പകയായി പുകഞ്ഞു തിളച്ചു മറിഞ്ഞു.
 
അഞ്ച് വർഷങ്ങൾക്കു ശേഷം അവൾ ആദ്യമായി അലറി വിളിച്ചു...കഴുത്തിൽ കിടന്ന താലിമാലയെടുത്തു അവന്റെ മുഖത്തേയ്ക്കു എറിഞ്ഞു...
 
" കൊണ്ടു പോട..നിന്റെ താലിയും കുരുക്കും"
 
ഇതു 'എന്റെ' കൂടെ ജീവിതമാണ്. എന്റെ കൂടെ ലോകമാണ്. എന്റേതായ ലോകത്തു എന്റേതായ ഇഷ്ടങ്ങളിൽ ഞാനൊന്ന് ജീവിക്കട്ടെ.. എനിക്ക് എന്റെ വഴി നിനക്ക് നിന്റേതും"
 
പിന്നെയുമെന്തൊക്കെയോ അന്ന് അലറിവിളിച്ചു.. അടക്കി പിടിച്ചതെല്ലാം  അണ പൊട്ടിയൊഴുകുകയായിരുന്നു..
 
മംഗലത്തു തറവാട്ടിലെ ഒരേയൊരു ആൺതരി മുരളീധരന്റെ ഭാര്യാ പദവി പൊട്ടിച്ചെറിഞ്ഞ രാധികയുടെ അലർച്ച കേട്ടു അയൽവാസികൾ വരെ നടുങ്ങി. 
 
അത്രയ്ക്കും അടക്കവും ഒതുക്കവും തറവാടിത്തവും രാധികയെപോലെ ആർക്കും ഇല്ലെന്നാണ് നാട്ടിൽ പൊതുവെ  പറയപ്പെടുന്നത്... 
 
മതിലിനു മുകളിലും പാതിതുറന്ന ജനാലകൾക്കിടയിലും പലവിധ കഥകളും അന്നും പിറവി കൊണ്ടു . 
 
ആരും പറയാത്ത കഥകൾ!
 
കല്യാണത്തിനുശേഷം താൻ അനുഭവിച്ച എല്ലാ അപമാനങ്ങളും കൂടുതുറന്നു പുറത്തേയ്ക്കു പറന്നു.
 
പതിവിലധികം മദ്യപിച്ച മുരളിയുടെ രോഷം   രാധികയുടെ കവിളിൽ തിളച്ചു മറിഞ്ഞു. മുടിയിൽ കുത്തിപ്പിടിച്ചു ചുഴറ്റി. അവസാന രക്ഷയ്ക്കെന്നോണം രാധിക അടുക്കളയിലേക്കോടി വെട്ടു കത്തിയെടുത്തു. 
പിന്നാലെ ആടിയുലഞ്ഞു പാഞ്ഞെത്തിയ ലഹരി വീണ്ടും മുടിയിൽ പിടുത്തമിട്ടിരുന്നു. വേദനകൊണ്ടു പുളഞ്ഞ അവൾ അവസാന രക്ഷയ്ക്കെന്നോണം ആഞ്ഞൊന്നു തള്ളി. 
 
പിന്നെയുള്ള കാഴ്ച കണ്ടു കണ്ണ് തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു .
തേങ്ങാപൊളിക്കുന്ന കമ്പിപ്പാര മുതുകു തുളച്ചു വയറിലൂടെ തന്നെ തുറിച്ചു നോക്കുന്നു.
 
രക്തം ചിതറിയ ചുമരിൽ  തളർന്നു പോയ മനസ്സിനെയും ശരീരത്തെയും ചാരി നിർത്തി. പിന്നെയൊന്നും ഓർമയില്ല.
 
പോലീസ് ജീപ്പിലേക്കു കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പറഞ്ഞത് ഇന്നും ചെവിയിൽ നിന്നും മാഞ്ഞു പോയില്ല.
 
"അഴിഞ്ഞാട്ടക്കാരി, രാവിലെ എഴുന്നേറ്റാൽ വേഷംകെട്ടി പോവുന്നുണ്ട്. തയ്യൽക്കാരിയെന്നു പേരും. എവിടെ പോവുന്നോ?? അത് അവൻ ചോദ്യം ചെയ്തിട്ടുണ്ടാവും. ഇഷ്ടപ്പെട്ടില്ല, കൊന്നുകളഞ്ഞു. "
 
"ഹോ! കാണുംപോലെയല്ല, ഇവള് ഒരുത്തനെ കൊല്ലാൻ വരെ ധൈര്യം കാണിച്ചില്ലേ.?"
 
സഹതപിക്കാനില്ലെങ്കിലും കുത്തിനോവിക്കാൻ മിടുക്കരാണല്ലോ സമൂഹം
 
"ഇരുപതു വയസ്സിൽ വിവാഹം കഴിച്ചു കൊണ്ട് വരുമ്പോൾ ഉണ്ടായിരുന്നതെല്ലാം ലഹരി  കുടിച്ചു തീർത്തു. ഇപ്പോൾ 25 വയസ്സിൽ ആ പെൺകുട്ടി കൊലപാതകിയുമായി. ഓരോ വിധികൾ. " അതിന്റെ വീട്ടുകാരും തിരിഞ്ഞു നോക്കുന്നില്ല.അങ്ങനെ പറഞ്ഞവരും ഉണ്ടായിരുന്നു.
 
സരോജിനിച്ചേച്ചി  അനുകമ്പയോടെ നോക്കി. "അവന്റെ ദുർനടപ്പുകളും മദ്യലഹരിയും ഈ കുഞ്ഞിനെ എന്തുമാത്രം ദ്രോഹിക്കുന്നു. ആ കുഞ്ഞിന് കൊല്ലാനൊന്നും ധൈര്യമില്ല, അവൻ അതിനുമുകളിൽ വീണതാവാനേ വഴിയുള്ളു. നിരപരാധിയാണ് ആ പാവം പെൺകുട്ടി... " പോലീസുകാരോട് ഉറക്കെയുറക്കെ പറഞ്ഞു..
 
ആരും ചെവി കൊണ്ടില്ല..
 
ജയിലിൽ  പ്രവേശിക്കുന്ന ദിവസം ഉദ്യോഗസ്ഥരിൽ ചിലരൊക്കെ അപമര്യാദയായി പെരുമാറി. 
 
"ഒരുത്തനെ കൊന്നിട്ടും കൂസലില്ലായ്മ കണ്ടില്ലേ? " "എത്ര പുരുഷന്മാരുണ്ടെടി കൈവശം" 
 
കേട്ടിട്ട് ചങ്ക് പിളർന്നുപോയെങ്കിലും തന്റെ നിസ്സഹായാവസ്ഥ കണ്ണിലൂടെ ഇറക്കിവിടാനേ കഴിയുമായിരുന്നുള്ളൂ. അതിൽ പശ്ചാത്താപവും തോന്നിയിരുന്നില്ല. 
 
മേൽക്കുമേൽ ദുരന്തങ്ങൾ വേട്ടയാടുമ്പോൾ തന്റേടം സ്വയം പൊതിഞ്ഞു മനസ്സിനെ ബലപ്പെടുത്തും.
 
കൊലയാളി രാധിക ജയിലിൽ സന്തോഷത്തോടെയാണ് കഴിഞ്ഞത്. എന്തെന്നാൽ കഴിഞ്ഞുപോയ 5 വർഷങ്ങൾ അതിനേക്കാൾ ദുസ്സഹമായിരുന്നു. ജയിലിൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ തന്റെ മുറിയിലുള്ളവരുമായി സഹകരിക്കാനും സ്നേഹിക്കാനും ശീലിച്ചുപോയിരുന്നു. ആരും വലിയ കുറ്റങ്ങൾ ചെയ്തു വന്നതുമല്ല. സാഹചര്യങ്ങൾ അവരെ കുറ്റവാളികൾ ആക്കിയതായിരുന്നു. യാതൊരു വിഷമവും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നില്ല. മുറിയിലുണ്ടായിരുന്നവരെല്ലാം നിരപരാധികൾ ആയിരുന്നു. 
 
തുഴയില്ലാതെ തോണിതുഴയാൻ വിധിക്കപ്പെട്ടവർ!!  ഒരു ദുരന്തത്തിൽനിന്നും മറ്റൊരു ദുരന്തത്തിലേക്ക് വീണവർ. 
 
എന്തെല്ലാം കാഴ്ചകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. കണ്ടാലും കണ്ടില്ലെന്നു നടിച്ചു നടക്കുന്നവർക്കിടയിൽ നോക്കുകുത്തിയെപ്പോലെ ജീവിതം നയിക്കുന്നവർ. 
 
കുറ്റം പറയുന്നവർ സത്യം മനസിലാക്കാനെങ്കിലും ശ്രമിച്ചൂടെ..
 
തന്റെയൊപ്പം 7 വർഷം  ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹം തന്ന , ഭർത്താവിനെ രക്ഷിക്കാൻ നോക്കിയതിന്റെ പേരിൽ രണ്ടുപേരെ കൊന്നു എന്ന കുറ്റത്തിന് ജീവപര്യന്ത്യം ശിക്ഷയനുഭവിക്കുന്ന ദേവി ചേച്ചി. അവരായിരുന്നല്ലോ തന്റെ താങ്ങും തണലും, ചേച്ചിയുടെ വിഷമങ്ങൾ ഓർക്കുമ്പോൾ നെഞ്ചു പുകയും. 
 
സബ് ജയിലും സെൻട്രൽ ജയിലും ദേവിച്ചേച്ചിയെ മാറ്റിയെടുത്തു.   അവരുടെ മക്കളെ കോടതി ശിശുക്ഷേമ മന്ദിരത്തിൽ പരിപാലിക്കുന്നുണ്ട്. അവരുടെ കാര്യങ്ങളോർത്തു കരയുമ്പോൾ തനിക്കും കൂടെ കരയാനേ കഴിയുമായിരുന്നുള്ളൂ. അതും രണ്ടു പെൺ കുഞ്ഞുങ്ങൾ.
 
നല്ല നടപ്പിനുള്ള ശിക്ഷയിളവിൽ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച നറുക്കെടുപ്പിൽ തന്റെ പേരു വീണപ്പോൾ ദേവി ചേച്ചിയുടെ ആയിരുന്നെങ്കിലെന്നു ഒരുപാടാഗ്രഹിച്ചിരുന്നു. അവർക്കു ശിഷ്ട ജീവിതം കുഞ്ഞുങ്ങൾക്കൊപ്പം കഴിയാനെങ്കിലും ..അതിനും അവർക്കു യോഗമുണ്ടായില്ല.. വിധിയുടെ ക്രൂരത.
 
ജീവിക്കണം..  
 
ആർക്കെങ്കിലും ഉപകാരമാവട്ടെ  ഇനിയുള്ള ഈ ജീവിതം.. ഉറച്ച കാൽവെപ്പുകളോടെ രാധിക നടന്നു.. 
 
ഒരിയ്ക്കലും ഇനി ആർക്കു മുൻപിലും കണ്ണുനീർ ഒഴുക്കാനോ യാചിക്കാനോ അല്ലാ... ജീവിക്കണം.. 
 
എന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന ഒരാൾക്കെങ്കിലും വേണ്ടി... 
 
ശിശുക്ഷേമ മന്ദിരത്തിൽപോയി ദേവിച്ചേച്ചിയുടെ കുഞ്ഞുങ്ങളെ ഇനി സംരക്ഷിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. അവർക്കു വേണ്ടി ജീവിക്കണം.. 
 
ദേവിച്ചേച്ചിയെ ഇടയ്ക്കിടെ ജയിലിൽ കാണാൻ പോവണം. ആരും വരാനില്ലാതെ പരോളു കിട്ടിയാലും പോവാനിടമില്ലാത്തവർക്ക് താമസമൊരുക്കണം...
 
നിരപരാധികൾക്കും ജീവിക്കണം...  രാധിക നടന്നു. ഉറച്ച കാൽവെപ്പുകളോടെ പുതിയൊരു രാധികയായി.. പെണ്ണെന്നാൽ മൗനം പാലിച്ചു അടിമയാവേണ്ടവളല്ല.. വേണ്ടിടത്തു പ്രതികരിച്ചു സുരക്ഷിതയാവേണ്ടവളാണ്.. 
 
ചുട്ടുപൊള്ളുന്ന ഒരു പെണ്ണിന്റെ മനസ്സു കാണാൻ തണുപ്പിക്കാൻ വേറൊരു പെണ്ണിന് കഴിയണം. എനിക്ക് കഴിയും.. രാധിക തന്റേടിയായി മാറിയിരുന്നു.. പെണ്ണിന്റെ ഉള്ളുരുക്കങ്ങൾ ആരും അറിയുന്നില്ല. അറിഞ്ഞാലും പരിഹരിക്കുന്നില്ല... എരിഞ്ഞുതീരേണ്ടവരല്ല... ആളിക്കത്തേണ്ടവൾ തന്നെയാണ്.. 
-------------------------
                                
സജിത വിവേക്‌
 
പാലക്കാട് സ്വദേശി. അധ്യാപിക. ഭർത്താവ് വിവേകിനും മകൻ വിസ്മയ് കൃഷ്ണയ്ക്കുമൊപ്പം മലപ്പുറത്ത് താമസം. ചെറുകഥാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്

Facebook Comments

Comments

  1. Reena Thomas

    2021-05-13 13:47:45

    Beautifully written Dear.Really it touches my heart.All the very best.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

View More