Image

ക്വാറന്റൈൻ (കവിത: ശിവൻ)

Published on 11 May, 2021
ക്വാറന്റൈൻ  (കവിത: ശിവൻ)
ക്വാറന്റൈനിലേക്ക്‌
ഒരു  അഡ്വൈസ് മെമ്മോ കിട്ടുന്നു
ഐ സി  യു  വിൽ
ജോയിൻ  ചെയ്തു
വെന്റിലേറ്ററിലേക്കൊരു
പ്രമോഷൻ കിട്ടുന്നു
ഹൃദയത്തിൽ നിന്നൊരു
 നീല ശലഭം
ഓർമകളുടെ കുന്നിറങ്ങി
ഒരു യാത്ര പോകുന്നു
മൂത്രപ്പുരയുടെ ചുമരിൽ
ലവ് ചിഹ്നത്തിനുള്ളിൽ
വർക്കി സാറും അംബിക ടീച്ചറും
ചൂരലടിയുടെ സംഗീതത്തിൽ
തുടയിൽ തിണർത്ത പാടുകളാകുന്നു
ട്രങ്ക് പെട്ടിയിലെ
ചിതലരിച്ച  പ്രണയലേഖനത്തിലെ
പെൺകുട്ടി
ചെമ്പരത്തിക്കാട് പൂത്തുലയുന്ന
നാട്ടിടവഴിയിലൂടെ
പാൽക്കുപ്പിയുമായി ചിരി സമ്മാനിച്ചു
കടന്നു പോകുന്നു
പാടയിരമ്പത്തെ
നെൽപുരയിൽ വച്ചു
ആദ്യമായും അവസാനമായും ലഭിച്ച
അവളുടെ ചുംബനത്തിന്റെ മൂക്കൂത്തി തണുപ്പ്
ഓർമിച്ചെടുക്കുന്നു
നാട്ടിലെ
പോസ്റ്റ് ഓഫീസിൽ നിന്നും
കോളേജിലെ  ലേഡീസ് ഹോസ്റ്റലിലേക്ക്
പറന്ന നീല ഇൻലന്റുകൾ
കാറ്റിന്റെ കൈയിൽ കൊടുത്തുവിട്ട
ചുംബനങ്ങളുടെ
മേഘദൂതുകൾ
ഒടുവിൽ
ഇടനെഞ്ചെരിച്ചു
കണ്ണിലൂടെ പെയ്തൊഴുകിപ്പോയ
ഒരുവളെ കിനാവ് കാണുന്നു
ഒറ്റയായവന്റെ
ജാലകവാതിലിലൊരു മഴ
വേണു നാഗവള്ളിയെപ്പോലെ
ഇപ്പോൾ  കരയുമെന്ന ഭാവത്തോടെ
ഗ്രാമപ്പുഴയുടെ അക്കരെ വന്ന്
മോഹിപ്പിച്ചങ്ങനെ നിൽക്കുന്നു
വെന്റിലേറ്ററിൽ നിന്ന്
വെള്ള പുതച്ചുള്ള യാത്രയിൽ
ഓർമ്മകൾ മാത്രം
ശലഭമായി
ഒരുവന് കൂട്ടിരിക്കുന്നു
ആകാശം കണ്ട
മഴ കണ്ടുറങ്ങിയ
ജാലകം മാത്രം തുറന്നിരിപ്പുണ്ട്
അടച്ചുപൂട്ടാമതും..  !


ക്വാറന്റൈൻ  (കവിത: ശിവൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക