ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സലിം അയിഷ ( ഫോമാ ന്യൂസ് ടീം) Published on 11 May, 2021
ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്
മാര്‍ത്തോമാ സഭ മുന്‍ അധ്യക്ഷന്‍ പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്ത വാര്‍ത്ത ലോകമെമ്പാടുമുള്ള മലയാളികളും, വിശ്വാസികളും, അദ്ദേഹത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്നവരും, വളരെ വേദനയോടെയാണ്  ശ്രവിച്ചത്.   ജന്മസിദ്ധമായ നര്‍മവാസന കൊണ്ടും, ജീവിതത്തിലുടനീളം പുലര്‍ത്തിയ ലാളിത്യം കൊണ്ടും, ജാതി-മതഭേദമന്യേ എല്ലാ  ജനഹൃദയങ്ങളിലും  ഇടം നേടിയ ക്രിസോസ്റ്റമിന്റെ വേര്‍പാട് മലയാളികള്‍ക്കെല്ലാം തീരാ നഷ്ടമാണ്.  ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ക്രിസോസ്റ്റം തിരുമേനി,പ്രമുഖ ആത്മീയ പ്രഭാഷകനും, രാഷ്ട്രീയ,സാമൂഹ്യ  സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു.

അശരണരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം പകരാനുമായി  ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനായ  ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ എല്ലാ മലയാളികളോടോപ്പവും, വിശ്വാസ സമൂഹത്തോടൊപ്പവും ഫോമയും പങ്കു ചേരുന്നു. അഭിവന്ദ്യ തിരുമേനിയെ അനുസ്മരിക്കുന്നതിനും അനുശോചനം രേഖപ്പെടുത്താനും ഫോമയുടെ നേതൃത്വത്തില്‍ മെയ് 11 ചൊവ്വാഴ്ച ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകിട്ട് 8 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ യോഗത്തില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും, വിവിധ മത മേലദ്ധ്യക്ഷന്മാരും അഭിവന്ദ്യരുമായ സിറിയക് ഓര്‍ത്തഡോക്‌സ്  മെത്രോപ്പൊലീത്ത അയൂബ് മാര്‍ സില്‍വാനിയോസ്, റൈറ്റ് റെവറന്റ് ഡോക്ടര്‍ ഐസക് മാര്‍ ഫിലോക്സിനോസ് , ഓക്‌സിലിയറി ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, സക്കറിയ മാര്‍ നിക്കോളോവാസ് മെത്രോപ്പോലീത്ത എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.

മുന്‍ രാജ്യസഭാംഗവും, എം എല്‍ എ യും, പത്രപ്രവര്‍ത്തകനുമായ പി രാജീവ് എം എല്‍ എ, പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലെസി , വര്ഗീസ് മാമ്മന്‍ തുടങ്ങിയവര്‍ കേരളത്തില്‍ നിന്നും സംസാരിക്കും.

എ കെ എം ജി പ്രസിഡന്റ്  ഡോ സുബ്രമണ്യ ഭട്ട് , നൈന പ്രസിഡന്റ് ഡോ ആഗ്‌നസ് തേര്‍ഡി, കെ എഛ് എന്‍ എ പ്രസിഡന്റ് സതീശന്‍ അമ്പാടി, നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കും .

എല്ലാ നല്ലവരായ മലയാളികളും, അനുസ്മരണ സമ്മേളനത്തില്‍ സൂം ഐ.ഡി. 958 0353 7253 എന്ന ലിങ്കു വഴി പങ്കെടുക്കണമെന്ന്  ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക