-->

kazhchapadu

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

Published

on

നീണ്ട ഇരുപത് വർഷം...
അച്ഛനെയും അമ്മയെയും ഒരിക്കൽപ്പോലും കാണാതെ ഇത്രയും കാലം തനിക്കെങ്ങനെ പിടിച്ചു നില്ക്കാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ സുധർമയ്ക്കത്ഭുതമായിരുന്നു. ഓർമകൾ അട്ടിയട്ടിയായി കുമിഞ്ഞുകൂടിയ മനസ്സിൻ്റെ ഏറ്റവും താഴത്തെ അടരുകളിലൊന്നിൽ, അവരോടുള്ള സ്നേഹം ഒരു തെളിനീർച്ചോലയായി എന്നും പ്രവഹിക്കുന്നുണ്ടായിരുന്നു. 
 
പക്ഷെ, താൻ അത്തരം ദുഃഖ സ്മരണകളൊക്കെ ചികഞ്ഞ് പുറത്തെടുക്കാനൊരിക്കലും ശ്രമിച്ചതേയില്ല. 
താൻ പോലുമറിയാതെ,പുതിയ സാഹചര്യങ്ങളുമായി, അന്ന് മുതൽ പൊരുത്തപ്പെടുകയായിരുന്നു.
 
എന്തായിരുന്നു അച്ഛനുമമ്മയും ശരത്തിൽ കണ്ടെത്തിയ അയോഗ്യതകൾ? ജാതിയിൽ താഴ്ന്നവനാണ്‌. സ്ഥിരവരുമാനമില്ലാത്തവനാണ്.. വെറുതെ പാട്ടു പാടി നടക്കുന്നവനാണ്. വിവരമറിഞ്ഞയുടനെ സ്ക്കൂൾ അധ്യാപകനായ അച്ഛൻ്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു... "ഇല്ല. ഇത് സമ്മതിച്ചു തരാൻ പറ്റില്ല. കല്യാണം കഴിഞ്ഞാൽ നിങ്ങളെങ്ങനെ ജീവിക്കും? നിനക്കവൻ്റൊപ്പം പോകാം.പക്ഷെ, ഇങ്ങോട്ട് തിരിച്ചു വരേണ്ട."
 
അന്ന് വാശിയായിരുന്നു.  ആരോടും പറയാതെ, എല്ലാം ഉപേക്ഷിച്ച് ശരത്തിൻ്റെ കൂടെ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഒന്നും കൈയ്യിൽ കരുതിയിരുന്നില്ല.
 
അച്ഛൻ പലപ്പോഴായി അമ്മയുടെ കൈയ്യിലേല്പിച്ച പണമെല്ലാം സ്വരൂപിച്ചു കൊണ്ട് വാങ്ങിയ ഗോതമ്പച്ചെയിനും ജിമിക്കിക്കമ്മലുകളും മാങ്ങാമാലയും ഇല്ലിവളകളുമെല്ലാം അമ്മയുടെ ഇരുമ്പു പെട്ടിയിലെറിഞ്ഞാണ് വീട് വിട്ടത്. പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടിയപ്പോൾ അച്ഛൻ സമ്മാനമായിത്തന്ന സ്വർണ നിറമുള്ള ഹീറോ പേനയും എടുത്തില്ല. 
 
ഉറ്റവരുടെ സ്നേഹം ഉപേക്ഷിച്ച് ശരത്തിനൊപ്പം ഇറങ്ങിയപ്പോൾ, യുദ്ധം ജയിച്ചതു പോലുള്ള ഉന്മാദത്തിലായിരുന്നു താൻ.
 
പിന്നെ ശരത്തിനോടൊപ്പമുള്ള ജീവിതം.. ടീച്ചറാകണമെന്ന മോഹമൊക്കെ അന്നേ ഉപേക്ഷിച്ചു.
ഉത്സവ സീസണായാൽ ശരത്തിന് തിരക്കോടു തിരക്കായിരുന്നു. 
ആ മാസ്മരിക ശബ്ദം തന്നെയാണല്ലോ, തന്നെയെന്നല്ല, പാട്ടിനെ സ്നേഹിക്കുന്ന ആരെയും ആകർഷിച്ചതും പ്രലോഭിപ്പിച്ചതും... 
 
പക്ഷെ,സന്തോഷം അധികകാലം നീണ്ടുനിന്നില്ല.
 ഒരു  ദിവസം ഗാനമേള കഴിഞ്ഞ് മടങ്ങിയെത്തിയ ശരത് വേദന കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.
" സുധീ.... തൊണ്ടയുടെയുള്ളിൽ നിന്നും കുത്തിപ്പറിക്കുന്ന വേദന. എനിക്കിന്ന് പാടാനേ കഴിഞ്ഞില്ല. ആളുകൾ കൂകുമെന്നുറപ്പായപ്പോൾ ഞാനവിടെ നിന്നില്ല "
പിന്നീടുള്ള ആശുപത്രി വാസങ്ങൾ .. വിദഗ്ദ്ധ പരിശോധനകൾ, മരുന്നുകൾ ..
പഴയതുപോലെ തനിക്കൊരിക്കലും പാടാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ശരത് തളർന്നില്ല. 
" സുധീ.. അച്ഛൻ പണ്ട് വില്ലേജ് ഓഫീസിൽ ജോലി ചെയ്യുമ്പോൾ പാലക്കാടിനടുത്ത് കോങ്ങാട്ട് കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു. മൊട്ടക്കുന്നാണ്. ഒരു പത്തേക്കറോളം വരും. നമുക്ക് രാഹുലിനെയും രാധികയെയും കൂട്ടി അങ്ങോട്ട് പോകാം. "
 
 
അങ്ങനെയാണ് കണ്ണൂരിൽ നിന്നും കോങ്ങാട്ടേക്ക് താമസം മാറുന്നത്. ശരത് നല്ലൊരു കർഷകൻ കൂടിയാണെന്ന് പിന്നീട് തെളിയിച്ചു. കുട്ടികൾക്കും ആ സ്ഥലം നന്നേ ബോധിച്ചു. ഒരു കുടുംബത്തിന് സമൃദ്ധമായി ജീവിക്കുവാനുള്ള വരുമാനം മണ്ണിൽ  നിന്നു തന്നെ ലഭിച്ചു തുടങ്ങി.
 
രാധികമോളുടെ ക്ലാസ്സ് പി.ടി.എ യോഗത്തിൽ പങ്കെടുക്കാൻ കോങ്ങാട് ഹയർ സെക്കൻ്ററി സ്ക്കൂളിലെത്തിയപ്പോഴാണ്  ഇന്ദിരേടത്തിയെ കണ്ടത്.
 
ഇപ്പോൾ സ്ക്കൂൾ പ്രിൻസിപ്പാളാണ്. ഈയടുത്ത കാലത്ത് പ്രൊമോഷൻ കിട്ടി ഇങ്ങോട്ട് വന്നതാണ്. ആദ്യം മിണ്ടാൻ മടിയായിരുന്നു. വീടിനടുത്തു തന്നെ താമസിക്കുന്ന രാഘവമ്മാമൻ്റെ മൂത്ത മകളാണ് ഇന്ദിരേടത്തി. തന്നേക്കാൾ നാല് വയസ്സിനു മൂത്തതാണ്. ചെറുപ്പത്തിലേ നന്നായി പഠിക്കുമായിരുന്നു. എഴുതിയ പരീക്ഷകളിലെല്ലാം ഉയർന്ന ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.
 
അതു കൊണ്ടു തന്നെ  ഇന്ദിരേടത്തിക്ക് വേഗം ജോലി കിട്ടുകയും ചെയ്തു. താനും അതുപോലെ പഠിച്ചിരുന്നെങ്കിൽ..
ഇപ്പോഴിതാ ഇന്ദിരേടത്തി മകളുടെ പ്രിൻസിപ്പാളായി തൻ്റെ മുന്നിൽ നില്ക്കുകയാണ്‌..
"ഇന്ദിരേടത്തീ.. "
 
അടുത്തെത്തി പതുക്കെ വിളിച്ചു. ഇന്ദിരേടത്തി സൂക്ഷിച്ചു നോക്കി കുറച്ചു നേരം നിന്നു. കട്ടിക്കണ്ണടയൂരി കൈയ്യിൽ വെച്ചു കൊണ്ട് പതുക്കെ മന്ത്രിച്ചു.
" സുധർമാ.. നീയോ? മോളേ..നീയിവിടെ..? വരൂ .. നമുക്കല്പം മാറി നിന്നു സംസാരിക്കാം".
വിവിധ വർണങ്ങളിലുള്ള ബോഗൻ വില്ലകൾ പൂത്തു നില്ക്കുന്ന ഉദ്യാനത്തിനരികുപറ്റി രണ്ടു പേരും കുറെ നേരം സംസാരിച്ചു. 
 
ഒടുവിൽ ഇന്ദിരേടത്തി പറഞ്ഞു. "ഇളയമ്മയ്ക്ക് ഇപ്പോൾ തീരെ വയ്യ. ഇളയച്ഛനും അങ്ങനെ തന്നെ. ആരും സഹായിക്കാനുമില്ല. ഇന്ദുലാലാണ് ഇപ്പോൾ അത്യാവശ്യം സഹായിക്കുന്നത്. ശരിക്കും സഹായിക്കേണ്ടയാൾ ഇവിടെ ഈ അജ്ഞാത കേന്ദ്രത്തിൽ ഇങ്ങനെയും"
 
ഇന്ദിരേടത്തിയുടെ വാക്കുകൾ തൻ്റെ മനസ്സിനുള്ളിൽ കൂർത്ത കാരമുള്ള് പോലെ കുത്തിക്കയറി.. 
അതെ. ഏക മകളായ താൻ ഇവിടെ ഒന്നുമറിയാത്തതുപോലെ സുഖിച്ചു കഴിയുന്നു..
 തനിക്കതൊരു ഷോക്കായിരുന്നു. വീട്ടിലെത്തിയ ഉടനെ ശരത്തിനോട് വിവരം പറഞ്ഞു. 
ശരത്ത് സമാധാനിപ്പിച്ചു.
 
"എങ്കിൽ നാളെത്തന്നെ പോയ്ക്കോളൂ. കുട്ടികളുടെ കാര്യം ഞാൻ നോക്കിക്കോളാം".
" അപ്പോൾ നിങ്ങൾ വരുന്നില്ലേ ?"
"അതു വേണ്ട. അതു ശരിയാവില്ല "
ശരത്തിൻ്റെ സ്വരം ദൃഢതയുള്ളതായിരുന്നു.
പിന്നെയൊന്നും മറുത്തു പറഞ്ഞില്ല. ഇതിലും മെച്ചപ്പെട്ടൊരു ജീവിതം തനിക്കു നല്കാൻ കഴിയാത്തതിൽ
 ശരത്തിന് എന്നും അപകർഷതാബോധമുണ്ടായിരുന്നുവല്ലോ. 
 
ഒറ്റപ്പാലത്ത് നിന്നും ട്രെയിൻ കയറി നാട്ടിലെ റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ നേരം പര പരാ വെളുത്തു വരുന്നതേയുള്ളൂ. അവിടെ നിന്നും ഓട്ടോ പിടിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചപ്പോൾ ചുറ്റുപാടും ശ്രദ്ധിച്ചു.. 
എത്രയെത്ര കെട്ടിടങ്ങളാണ് !! ആശുപത്രികൾ, തുണിക്കടകൾ, ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ...  
പട്ടണത്തിന് നല്ല മാറ്റമുണ്ട്. തൊട്ടടുത്ത പുഴയ്ക്കും പാലത്തിനും മാത്രം മാറ്റങ്ങളൊന്നും കണ്ടില്ല. പാലക്കാട്ടെ പുഴകളിൽ നിന്നും വ്യത്യസ്തമായി, വെള്ളം സമൃദ്ധമായൊഴുകുന്നു.
 
പിന്നെയും യാത്ര തുടരവേ, ഓട്ടോ ഡ്രൈവർ കുശലാന്വേഷണങ്ങൾ ചോദിച്ചു.  ഗ്രാമത്തിൽ വീടിൻ്റെ പഴയ ഇരുമ്പ് ഗേറ്റിനടുത്ത് ഓട്ടോ നിർത്തി.
 "സുധി നിവാസ് " 
തുരുമ്പിച്ച അക്ഷരങ്ങളൊന്നുകൂടി വായിച്ചു. 
 
തണൽ വിരിച്ചു നില്ക്കുന്ന തേൻവരിക്കപ്ലാവിൻ്റെ ചുവട്ടിലൂടെ, വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിൽ ആയിരം കതിനകൾ ഒന്നിച്ചു പൊട്ടിത്തെറിക്കുന്നതു പോലെ തോന്നി. അച്ഛനോടെന്തു പറയണം?
ഉമ്മറ വാതിലിനടുത്തു നില്ക്കുന്ന ചെറുപ്പക്കാരൻ അകത്തേക്കു നോക്കി വിളിച്ചു പറയുന്നതു കേട്ടു .
"ഇളയമ്മേ .. ഇതാ സുധിയേച്ചി വന്നു".
ഇതേതാ ഈ ചെറുപ്പക്കാരൻ? നല്ലതുപോലെ വെളുത്ത് കട്ടി മീശയൊക്കെയായി ..
 
ഓ.. ഇന്ദിരേടത്തിയുടെ അനിയൻ ഇന്ദുലാലായിരിക്കും. താൻ വീട്ടിൽ നിന്നിറങ്ങിപ്പോരുമ്പോൾ അവൻ നാലിലോ അഞ്ചിലോ മറ്റോ പഠിക്കുകയായിരുന്നുവല്ലോ.
ലെതർ ബാഗുമായി മുറ്റത്ത് അന്തിച്ചു നില്ക്കുന്ന തന്നെ സ്വാഗതം ചെയ്തു കൊണ്ട് ഇന്ദുലാൽ പറഞ്ഞു.
" സുധിയേച്ചി വാ. ഏച്ചിക്ക് എന്നെ മനസ്സിലായാ? ഞാൻ ഇന്ദുലാൽ.. സുധിയേച്ചിയെ കണ്ട വിവരം ഇന്ദിരയേടത്തി ഇന്നലെയന്നെ നമ്മളോടെല്ലം വിളിച്ച് പറഞ്ഞിനി. "
 
അപ്പോൾ എല്ലാ കാര്യങ്ങളും ഇവർ അറിഞ്ഞിരിക്കുന്നു. കുറച്ചു നേരം അന്യയെപ്പോലെ മുറ്റത്ത് നിന്നു. ഇറയത്തേക്ക് കയറാൻ വല്ലാത്ത പ്രയാസം.. 
തനിക്കിവിടെ കയറിച്ചെല്ലാനെന്തവകാശം?
അമ്മ പുറത്തേക്കിറങ്ങി വന്ന് തന്നെ അടിമുടി നോക്കിക്കൊണ്ടു പറഞ്ഞു.
"ഇന്നും ആനന്ദകൃഷ്ണ ബസ് കോളേജിനടുത്ത് നിർത്തിയില്ല അല്ലേ?എൻ്റെ മോള് വാ".
അമ്മയെന്താണ് പറയുന്നത്?
ഏത് ആനന്ദകൃഷ്ണ ? ഏത് കോളേജ് ?
ഒന്നും മനസ്സിലാവുന്നില്ലല്ലോ..
" അമ്മേ.. ഞാൻ?"
"മനസ്സിലായി. നീ .. സുധർമ... എൻ്റെ സുധി മോള് "
" അച്ഛൻ?"
" അകത്ത്ണ്ട്. ഇത്രീം നേരം നിന്നെ നോക്കി പൊറത്തന്നെ ഇരിക്ക്ന്നാണ്ടായിനി.
മോള് വെരാൻ താമസിക്കുംന്ന് മനസ്സിലായപ്പോ അകത്ത് വന്ന് കെടന്നതാന്ന്.ഏ.. ഈട നോക്ക്.. സുധി വന്നിറ്റതാ".
അച്ഛൻ കട്ടിലിൽ മലർന്നു കിടക്കുകയാണ്. മെലിഞ്ഞ് എല്ലും തോലുമായ അച്ഛൻ ആകെ കോലം  കെട്ടിരിക്കുന്നു. 
കണ്ടാൽ ശരിക്കും ഒരു പടുവൃദ്ധൻ തന്നെ. പോരാത്തതിന് നീണ്ടു കിടക്കുന്ന നരച്ച താടിരോമങ്ങളും..
" അച്ഛാ ..."
പതുക്കെ വിളിച്ചു.
"മോള് വന്നു അല്ലേ?
മോള് പുസ്തകം അകത്ത് വെച്ച് വെള്ളം കുടിക്ക്. 
ഇന്ദുലാലേ.. മോനേ..
നീ പോയാ? 
ഒന്നിങ്ങോട്ട് വന്നേ."
ഇന്ദുലാൽ അകത്തേക്ക് നടന്നു വന്നു ചോദിച്ചു.
"എന്തേ ഇളയച്ചാ .."
"നീ അക്കര പോയിറ്റ് ഉണ്ണി നമ്പൂരീനെ വിളിച്ചിറ്റ് വാ.ഇന്നുച്ചക്ക് ഈട ഒര് നല്ല സദ്യയ്ണ്ടാക്കണം. പരിപ്പു പ്രഥമനും പാൽപ്പായസൂം വേണം. എൻ്റെ  സുധിമോളെ കല്യാണാന്ന് ഇന്ന് .
 നീ ക്ഷണം പോയി വന്നേ..."
 
തനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ. എന്താണിവിടെ സംഭവിക്കുന്നത്? ഇന്ദിരേടത്തി പറഞ്ഞതൊന്നും ശരിയല്ലേ?
 ക്ഷീണമാണെന്നും കിടപ്പിലാണെന്നും പറഞ്ഞ അച്ഛനും അമ്മയ്ക്കും ഇപ്പോൾ എന്തുത്സാഹമാണ് !!
 
യാത്രാ ക്ഷീണം നല്ലതുപോലെയുണ്ടായിരുന്നു.
കുളിച്ച് വസ്ത്രം മാറി വന്നപ്പോൾ തൊട്ട്
അമ്മ ഒരേ വർത്തമാനമായിരുന്നു. താൻ പോയതിനു ശേഷമുള്ള കാര്യങ്ങളാണ് പറയുന്നത്. അച്ഛന് മൂന്ന് പ്രാവശ്യം അറ്റാക്ക് വന്നത്.. ഒരിക്കലും താടി വടിക്കാൻ കൂട്ടാക്കാത്തത് ..
പയ്യന്നൂരെ ജ്വല്ലറിയിൽപ്പോയി തനിക്കായി കുറെ ആഭരണങ്ങൾ വാങ്ങിക്കൊണ്ടു വന്നത്.. ദാമോദരൻ്റെ തുണിക്കടയിൽപ്പോയി കല്യാണത്തിനും സൽക്കാരത്തിനും ഉടുക്കാൻ വെവ്വേറെ പട്ടുസാരികൾ വാങ്ങിയത്.. ഒടുവിൽ അമ്മ പറഞ്ഞു നിർത്തി.
" ഇന്ന് ഉച്ചയ്ക്ക് ചോറുണ്ണുമ്പം അതെല്ലം മോളെടുത്തിടണം.  അച്ഛനും അമ്മക്കും ഒന്നു കാണാനാന്ന്."
 
കരയാതെ പിടിച്ചു നില്ക്കുകയായിരുന്നു. ഇത്രയും സ്നേഹം ഉള്ളിലൊളിപ്പിച്ച് ഈ പാവങ്ങൾ ..
അമ്മ പറഞ്ഞതുപോലെ എല്ലാം അനുസരിച്ചു.
 ഇന്ദുലാലിൻ്റെ ഭാര്യ വന്ന് ഒരു നവവധുവിനെയെന്ന പോലെ  ചമയിച്ചു.
ആടയാഭരണങ്ങളണിഞ്ഞ്, പട്ടുസാരിയണിഞ്ഞ് ,
നിർവികാരയായി നില്ക്കുന്ന തന്നെ നോക്കി വൃദ്ധമാതാപിതാക്കൾ അന്ന് ചിരിച്ചു.
വർഷങ്ങൾക്കു ശേഷമായിരിക്കണം അവരിങ്ങനെ ചിരിക്കുന്നത് ..
 
ഉച്ചയ്ക്ക് ഊണിന് രാഘവമ്മാമനും മാധവിയമ്മായിയും ഇന്ദുലാലും കുടുംബവുമുണ്ടായിരുന്നു. ഇടയ്ക്ക് ഇന്ദിരേടത്തിയുടെ ഫോണും വന്നു.
ഉണ്ണി നമ്പൂതിരിയുടെ സദ്യ ബഹുകേമം തന്നെ. 
അമ്മ എല്ലാവരെയും ഊണ് കഴിക്കാൻ ക്ഷണിച്ചു..
"കൈ കഴുകി വാ.. "
 
അടുക്കളയിലെ മേശയ്ക്കു ചുറ്റുമായി എല്ലാവരും ഇരുന്നു. താനിരിക്കുന്നിടത്ത് ഒരു കസേര ഒഴിച്ചിട്ടിരിക്കുന്നു..
മേശയ്ക്കു മുകളിൽ ഒരു നാക്കില അധികമായിട്ടു കൊണ്ട് അമ്മ പറഞ്ഞു.
" ഇത് ശരത്തിന്''
 
വയ്യ.. ഇവരെല്ലാവരും തന്നെ തോല്പിക്കുകയാണല്ലോ.
ഒന്നും അങ്ങോട്ടു ചോദിച്ചില്ല. 
സ്വയം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു താൻ.
ആദ്യം ശരത്തിൻ്റെ ഇലയിൽ വിഭവങ്ങളെല്ലാം വിളമ്പി. 
പിന്നെ, നവവധുവായ തനിക്കും വിളമ്പിത്തന്നു.
അച്ഛനും ബന്ധുക്കൾക്കും അമ്മ തന്നെ വിളമ്പിക്കൊടുത്തു. കുറ്റബോധം മൂലം തളർന്നു പോയ തനിക്ക് ഒരുരുള ചോറ് പോലും കഴിക്കാൻ പറ്റിയില്ല. 
അമ്മ ശാസിച്ചു.
" ഇങ്ങനെ തിന്നാണ്ട് കുടിക്കാണ്ട് നിന്നാല് ഞാനെന്താക്കണ്ട്‌.
നീ ആട പോയിറ്റ് എന്നെ പറയിപ്പിക്കറ്''
മറ്റുള്ളവരെല്ലാം വേഗത്തിൽ ഊണു കഴിച്ചെഴുന്നേറ്റു. 
അച്ഛൻ ആർത്തിയോടെ പാൽപ്പായസം കുടിക്കുകയാണ്.
ഒരു ഗ്ലാസ്സ് .. രണ്ടു ഗ്ലാസ്സ് ..
അമ്മ പ്രോത്സാഹിപ്പിച്ചു.
" മാഷ് കുടിച്ചോ.. വെറി തീരും വരെ കുടിച്ചോ "
 
ഊണ് കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ അച്ഛൻ കിതയ്ക്കുന്നുണ്ടായിരുന്നു. അച്ഛൻ്റെ മെലിഞ്ഞുണങ്ങിയ മുഖത്തെ നീണ്ട താടിരോമങ്ങൾ കാണുമ്പോൾ അകാരണമായ ഭയം തന്നിലരിച്ചു കയറുകയാണ്.
കൈ കഴുകി വന്നതിനു ശേഷം അമ്മയോട് അച്ഛൻ ഉറക്കെ പറയുന്നതു കേട്ടു .
"മോള് ഇപ്പം തന്നെ പുറപ്പെട്ടോട്ടെ. റെയിൽവേ സ്‌റ്റേഷൻ വരെ പോകാൻ കാറ് പറഞ്ഞിട്ടുണ്ട്. പോകുമ്പോൾ ശരത്തിൻ്റെ ചോറ് പൊതിഞ്ഞെടുക്കാൻ പറയണം. തൂക്കുപാത്രത്തിൽ പാൽപ്പായസവും കൊണ്ടു പോകാൻ പറയണം"
 
ഇനിയിവിടെ ഒരു നിമിഷം പോലും തനിക്ക്  നില്ക്കാൻ കഴിയില്ല. അച്ഛൻ ഏർപ്പാടാക്കിത്തന്ന കാറിൽ കയറുമ്പോൾ അച്ഛൻ ഒന്നു കൂടി ഓർമിപ്പിച്ചു.
"ഇനി ഇങ്ങോട്ട് വരേണ്ട ട്ടോ മോളേ.. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ നീ വന്നല്ലോ. ഞങ്ങൾക്ക് തൃപ്തിയായി "
 
ശൂന്യമായ മനസ്സോടെ കാറിലിരിക്കുമ്പോൾ തെളിഞ്ഞ ആകാശം ഇരുണ്ടു വരുന്നതായി സുധർമയ്ക്ക് തോന്നി. പട്ടുസാരിയിലും ആഭരണങ്ങളിലും പൊതിഞ്ഞ തൻ്റെ ദേഹം വല്ലാതെ ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടു.
ശ്യാമമേഘങ്ങൾ  പെയ്തൊഴിയാതെ മാനത്ത് തിക്കിത്തിരക്കുന്ന കാഴ്ച സുധർമയുടെ ശ്രദ്ധയിൽപ്പതിഞ്ഞതേയില്ല..
------------------
PRABHAKARAN P R
HIGH SCHOOL TEACHER (MATHEMATICS)
CPNSGHSS MATHAMANGALAM, MM BAZAR 
KANNUR 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

View More