Image

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

സുരേന്ദ്രൻ നായർ Published on 13 May, 2021
മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
ഭഗവൻ ബുദ്ധന്റെ ജീവിതകഥ പറയുന്ന മഹാപ്രസ്ഥാനം ഉൾപ്പെടെ പത്തോളം നോവലുകളും വ്യത്യസ്തമായ ഒരുപിടി ചലച്ചിത്രങ്ങളുടെ തിരക്കഥാ രചനയും നിർവഹിച്ച മാടമ്പ് അനേകം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്‌.
വെറും വായനക്ക് നിന്നുതരാത്ത മനസ്സിനെയും ശരീരത്തെയും ഒരുമിച്ചു ഉണർത്തുന്ന അദ്ദേഹത്തിന്റെ ഗൗരവമുള്ള രചനകൾ ആഴത്തിലുള്ള ഭാഷാ പരിജ്ഞാനവും പ്രകടിപ്പിക്കുന്നവയാണ്.
ശാക്യവംശത്തിന്റെ ഭരണക്രമത്തിലുണ്ടായ നിർണ്ണായകമായ ദിശാമാറ്റവും തഥാഗതന്റെ അവതാര മഹിമകളും ഭാരതീയ സംസ്‌കൃതിയുടെ ഗരിമയോടെ സർഗാത്മകമായി ചിത്രീകരിച്ച മഹാപ്രസ്ഥാനം കേരളം സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയിരുന്നു.
രാജകീയ സുഖഭോഗങ്ങൾക്കിടയിലും പ്രജകളുടെ ദുഃഖങ്ങളും രോഗങ്ങളും മരണവും സിദ്ധാർത്ഥ രാജകുമാരനെ എത്രത്തോളം ആകുലനാക്കിയെന്നും അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ അദ്ദേഹം എങ്ങനെ ബുദ്ധ ഭഗവാനായിയെന്നും ഒരു ജീവചരിത്രകാരന്റെ സൂക്ഷ്മതയോടെ വായനക്കാരന്റെ വികാരത്തെയും വിവേകത്തെയും തൊട്ടുണർത്തി ആ പുസ്തകത്തിൽ വിശദീകരിക്കുന്നു.
പുത്രവിയോഗത്തിന്റെ വിഹ്വലതകളെയും സന്യാസ സപര്യയുടെ സംതൃപ്തിയെയും അവതമ്മിലുള്ള പരസ്പര സംഘര്ഷങ്ങളെയും ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ദേശാടനത്തിന്റെ തിരക്കഥയെഴുതിയ അദ്ദേഹത്തിന്റെ കരുണം എന്ന ജയരാജ് സിനിമയുടെ തിരക്കഥക്കു കേന്ദ്ര ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.
 ഓരോ അറിവും അത്ഭുതമാണെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലുകൾ പലതും നിരൂപക സമൂഹം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും എഴുത്തിന്റെ വഴികളിൽ അദ്ദേഹം ഏകാന്ത പഥികനായിരുന്നുവെന്നും മിലന്റെ അനുശോചന സന്ദേശത്തിൽ തുടർന്നു പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക