-->

America

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

Published

on

വേനലാണ്. കുംഭമാസം.
നല്ല ചൂടുകാലം തന്നെ. എന്നാൽ കടുത്ത ചൂടൊന്നുമില്ലതാനും.

"ചെറ്യേ...!!
യെടാ..!
ണീച്ചാ അവ്ട്ന്ന് .
മദർസില്ലേ ഇന്നനക്ക്.?
ന്നീച്ച്ങ്ങാണ്ട് പല്ലും മോറും തേച്ച് കെഗ്ഗി
ഒളുട്ത്ത് സുബയി
നിസ്കരിച്ചാ വേഗം... "

മദ്റസയിൽ പോകുന്നതിന് വേണ്ടി, സുബ്ഹി നിസ്കരിക്കാൻ കൂടിയുള്ള ഉമ്മയുടെ വിളിയാണ്.
നന്നെ പുലർച്ചെ തന്നെ.

പാതിയുണർന്ന്, പായിൽ നിന്ന് എണീക്കാതെ കുറച്ചു നേരംകൂടി മടിപിടിച്ചങ്ങിനെ കിടക്കും ഞാൻ.
പുലർകാലത്തുള്ള ചെറിയൊരു തണുപ്പും കൂട്ടിനുണ്ടാവും. കൺപീലികളിൽ തങ്ങിനിൽക്കുന്ന ഉറക്കം എന്നെ വിട്ട് പോവാനുള്ള മടിയോടെ അവിടെത്തന്നെയങ്ങനെ ചുറ്റിപ്പറ്റി നിൽക്കും.

"മ്മാൻ്റെ കുട്ടി നീച്ചാ .
നോക്കാ.. നേരം നല്ലോണം
വെഗ്ഗീക്ക്ണ് ട്ടൊ..."
ഉമ്മ വീണ്ടും വിളിക്കും.

ഞാൻ
മടിയോടെതന്നെ പുതച്ചിരിക്കുന്ന പഴമയുടെ ഗന്ധമുള്ള ഉപ്പയുടെ കള്ളിത്തുണി ദേഹത്ത് നിന്ന് മെല്ലെ മാറ്റി ഒന്ന് മൂരി നിവരും.
എന്നിട്ട് കീറിത്തുടങ്ങിയ തഴപ്പായയിൽ മെല്ലെ കൈകൾ കുത്തി എണീക്കും.
അപ്പോൾ കേൾക്കാം ഒരു ചെണ്ട മുട്ട്.
നല്ല താളത്തിൽ തന്നെ. ദൂരേ നിന്ന് .
ദൂരേ നിന്നെന്നു വെച്ചാൽ ഒരുപാട് ദൂരേന്ന്.
ഒരു മൂന്ന് നാല് കിലോമീറ്റർ ദൂരേ നിന്ന്.

"യെവ്ട്ന്നാമ്മാ..
ആ ചെണ്ടമുട്ട്
കേക്ക്ണ്. ? "
ഞാൻ ചോദിക്കും.

"അദ്.. പൂരത്തിങ്ങന്നാടാ.
ഞമ്മളെ കോരൂൻ്റെ പൂരത്ത്ങ്ങന്നയ്..!"
ഉമ്മ മറുപടി പറയും.

വർഷാവർഷം വരുന്നതാണ് കോരുവേട്ടൻ്റെ
ഈ പൂരം. പൂരത്തിന് പോവാനായി എനിക്കും നല്ല ആഗ്രഹമുണ്ട്. ഞാനിതുവരെ പോയിട്ടില്ല.
 എൻ്റെ അയൽവാസി
സതീഷ് എല്ലാ വർഷവും പോവും.
അവരെല്ലാവരും  
കുടുംബാംഗങ്ങളുമായി ഒന്നിച്ചാണ് പോവുക.
പിറ്റേന്ന്
അവൻ്റെ കയ്യിലെ വിരുത്തിപ്പൂവും
പീപ്പിബലൂണും പല കളറുകളുമുള്ള പ്ലാസ്റ്റിക് പാവകളും കാണുമ്പോൾ ഒരുപാട് കൊതി തോന്നിയിട്ടുണ്ട്. കളിക്കാനായി അതൊന്നും ആർക്കും അവൻ തരില്ല.

വിടർത്താനും മടക്കാനും കഴിയുന്ന കളർ പേപ്പറുകൾ കൊണ്ട് ഞൊറിഞൊറിയായി വളരെ ഭംഗിയിൽ നിർമിച്ചതാണ് ഈ വിരുത്തിപ്പൂവ്.
രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് കേടുവരുന്ന വിരുത്തിപ്പൂവിൻ്റെ
കളർ കടലാസുകളിൽ തുപ്പൽ തേച്ച് ചുണ്ടുകളിലും നഖങ്ങളിലും ഒട്ടിക്കാനായി ഞങ്ങൾ കൂട്ടുകാർക്കും കീറി പങ്ക് വെച്ച് തരും സതീഷത്.
പക്ഷേ കേടുവന്നാൽ മാത്രം . ഞങ്ങളെല്ലാം അത് വേഗം കേടുവരാനായി മനമുരുകി പ്രാർത്ഥിക്കും.

പൂരത്തിൻ്റെ കുറച്ച് ദിവസങ്ങൾക്കു മുമ്പ് തന്നെ  കോരുവേട്ടൻ്റെ വീട്ടിൽ നിന്ന് വലിയകോമരമായി കോരുവേട്ടനും ചെറിയ കോമരങ്ങളായി വേറെ രണ്ട് മൂന്നാളുകളും പിന്നെ കുറച്ചാളുകളും കൂടി "പറയെടുപ്പ് " എന്ന ചടങ്ങിനായി ഹിന്ദുവീടുകൾ സന്ദർശിക്കുന്ന ഒരു ചടങ്ങുണ്ട്.

ചുവന്ന പട്ട് ചുറ്റി അരയിൽ തുണികൊണ്ടുള്ള മറ്റൊരു കെട്ടും കെട്ടി നീണ്ട് വളഞ്ഞ വാളും പല ആഭരണങ്ങളും ധരിച്ച് കിലുങ്ങുന്ന തളയും അണിഞ്ഞ് ദേഹമാസകലം മഞ്ഞളും  കുങ്കുമക്കുറികളുമിട്ട് അതിഗംഭീരമായിട്ടായിരിക്കും ആ വരവ്.

പൂരക്കാലമായാൽ പറയെടുപ്പ് ചടങ്ങിന് കോമരത്തെ സ്വീകരിക്കാൻ  വീടിൻ്റെ  തറയിൽ കരിയും ചാണകവും മെഴുകി ചുമരുകളിലൊക്കെ ചെമ്മണ്ണ് തേച്ച് പൊടിയും മാറാലയുമൊക്കെ തട്ടി തൂത്ത് തുടച്ച് വൃത്തിയാക്കി  വളരെ ഭംഗിയാക്കിയിടും.
ഒരാഴ്ച മുമ്പ് തന്നെ ഹിന്ദു വീടുകളിൽ മത്സ്യ മാംസാദികളൊന്നും പിന്നെ കഴിക്കില്ല.

സ്ഥിരമായിട്ടില്ലെങ്കിലുംചില വെള്ളിയാഴ്ചകളിലെങ്കിലും എൻ്റെ വീട്ടിൽ ഇറച്ചി വാങ്ങും. അങ്ങനെ കനത്തിലൊന്നുമില്ല.
കഷ്ടിച്ച് കാൽകിലോ.
അതും നല്ല ഇറച്ചിയാവണമെന്നില്ല.
 " പലവക ." എന്നാണീ ഇറച്ചിക്ക് പേര്.
എന്നു വെച്ചാൽ പോത്തിൻ്റെ ഞരമ്പും പതിരും എല്ലും മറ്റെല്ലാ ചണ്ടിപണ്ടാരങ്ങളും കൂടി  കുറെ സംഗതികൾ വെട്ടിക്കൂട്ടിയത്.
അത് കുറഞ്ഞ പൈസക്ക് കിട്ടും.
നല്ല ഇറച്ചിയെല്ലാം പണക്കാരേ വാങ്ങൂ.
പലവകയിറച്ചി ദരിദ്രർക്കുള്ളതാണ്.
രാവിലെ വാങ്ങിക്കൊണ്ടു വരുന്ന ആ പലവക ഉമ്മ ,
ഒരു മൺകലത്തിൽ അടുപ്പത്ത് വെക്കും.
അതിനിടക്ക് മറ്റു ജോലികളിൽ വ്യാപൃതയാവുന്ന ഉമ്മ എന്നോട് നിർദ്ദേശിക്കും
"മ്മാൻ്റെ കുട്ടി ആ തിജ്ജൊന്ന് നീക്കിക്കൊട്ത്താ .."
അല്ലെങ്കിൽ,
" ആ അട്പ്പിലൊന്ന് ഊദിക്കൊട്ത്താ " എന്ന്. ഞാനതിനോട് നന്നായി സഹകരിക്കും. കാരണം
 എനിക്കത് കൊണ്ട്
നല്ല കാര്യമുണ്ട് എന്നത് തന്നെ.

ഇറച്ചി ,
വേവുന്നതിന് മുമ്പ് തന്നെ തിളക്കുന്ന ആ ചാറിൽ നിന്ന് ഒരൽപം ഞെളുങ്ങിയ ഒരലൂമിനിയ പാത്രത്തിലേക്ക് ചിരട്ടക്കയിൽ കൊണ്ട് ഞാൻ കോരിയെടുക്കും. എന്നിട്ട് ദുർഗന്ധമുള്ള റേഷനരിയുടെ ചൂടുകഞ്ഞി മറ്റൊരു പാത്രത്തിൽ വിളമ്പും. എന്നിട്ട്  ഒരു കുടിയങ്ങ് കുടിക്കും.അധികം
വറ്റൊന്നുമില്ലാത്ത കഞ്ഞി ഒരു കയിൽ കോരിക്കുടിക്കും.
പിറകെ ഒരൽപം രുചികരമായ ചൂട് ഇറച്ചിച്ചാറും.

"സദീസേ..മന്നോ..
എർച്ചിച്ചാറും കൂട്ടി
ലേസം കഞ്ഞ്യുട്ച്ചോ .."

പാറോകച്ചെടിയുടെ പരുക്കൻ ഇല കൊണ്ട് ഉരച്ചു വൃത്തിയാക്കിയ
"ഒറക്കുത്തൻ " കുത്തിയ ജനാലയുടെ മരഅഴികൾക്കിടയിലൂടെ എന്നെ നോക്കുന്ന സതീഷിനെ എൻ്റെ ഉമ്മ ക്ഷണിക്കും.

"മാണ്ട.. കുഞ്ഞ്യാത്താ ..
ഞങ്ങക്ക്പ്പൊ എർച്ചീം മീനും കൂട്ടാമ്പാട്ല്ല. അമ്പൽത്ത്ക്ക് പോണെയ്."
സതീഷ് സ്നേഹത്തോടെ നിരസിക്കും.

"ങാ.. അദ് സെര്യാണല്ലോ..
ഞാനദ് തീരെ കൊളർത്തില."
എന്ന് ഉമ്മ മറുപടിയും പറയും.
അങ്ങനെയാണ് പൂരക്കാലങ്ങളിൽ ഇവർക്ക് മത്സ്യ മാംസാദികൾ കൂട്ടാൻ പാടില്ലെന്ന് ഞാൻ മനസ്സിലാക്കിയത്.

"കുഞ്ഞ്യാത്താ..
ഞാം.. കോര്വോട്ടൻ്റെ പൂരത്തിന് സക്കീർനീം
കൊണ്ടോട്ടേ...
ഓനെ.. ങ്ങള് പർഞ്ഞയക്ക്വോ.?"

സതീഷ്, പൂരത്തിന് എന്നെയും കൂടെ കൂട്ടാൻ എൻ്റെ ഉമ്മയോട് സമ്മതം ചോദിക്കാൻ വന്നതാണ്.
ഞാൻ പ്രതീക്ഷയോടെ, തിളങ്ങുന്ന കണ്ണുകളോടെ ഉമ്മയെ നോക്കി.

"അയ്ന്..
സതീസേ ഓൻ്റെ ഇപ്പ പൂരത്തിനൊന്നും പോഗാൻ അയക്കൂല. മൂപ്പര് ചീത്ത പറീം."
ഞാൻ നിരാശയുടെ പടുകുഴിയിലേക്ക് അലച്ച് വീണു.

ഉപ്പ സമ്മതിക്കാഞ്ഞിട്ടൊന്നുമല്ല. ഉപ്പ അത്ര കഠിനഹൃദയനൊന്നു മല്ലെന്നും ഉമ്മ, വെറുതെ ഒരു കാരണം പറയുന്നതാണെന്നും എനിക്കറിയാം.

"ഇണ്ണിണ്ണീം ജലീലും ജബ്ബാറും സലാമും റസീദും നജീബും ഒക്കെ പോര്ന്ണ്ട്. "
ഉമ്മയെക്കൊണ്ട് എങ്ങനെയും സമ്മതിപ്പിക്കാനുള്ള  ന്യായമായ ഒരു കാരണം സതീഷ് നിരത്തി.

ഞാൻ വീണ്ടും പ്രതീക്ഷയോടെ ആ പടുകുഴിയിൽ നിന്ന്  മെല്ലെ അതിൻ്റെ വക്കുകളിൽ പിടിച്ചു കയറാൻ തുടങ്ങി.

"ങേ... ഓലൊക്കെ പോര്ന് ണ്ടോ..?
ഇന്നാ ഓനും പോന്നോട്ടെ.."
ഞാൻ ആ പടുകുഴിയിൽ നിന്ന് പൂർണമായും കരയിലേക്ക് കയറി.
ഹാവൂ.രക്ഷപ്പെട്ടു.

പിന്നീടാണറിഞ്ഞത്,
സതീഷ് എല്ലാ ചങ്ങാതിമാരുടെ വീട്ടിലും ഇങ്ങനെത്തന്നെയാണ് പറഞ്ഞിരിക്കുന്ന
തെന്ന്.
 അതായത് "മറ്റുള്ളവരും വരുന്നുണ്ട്. അവരെ അവരുടെ വീട്ടുകാർ വിടാൻ തയ്യാറാണ്. അതു കൊണ്ട് ഇവനെയും വിടണം " എന്ന പച്ചനുണ പറഞ്ഞാണ് അവൻ സമ്മതം വാങ്ങിയതത്രേ..!

അങ്ങനെ ഞങ്ങളെല്ലാവരും സന്തോഷത്തോടെ പൂരത്തിന് പോവുകയാണ്.

വെള്ളപൊയിലിലാണ് കോരുവേട്ടൻ്റെ വീട്. അദ്ദേഹത്തിൻ്റെ കുടുംബക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്.  കുറച്ച് നടക്കണം. ഞങ്ങൾ ഉത്സാഹത്തോടെ നടന്നു.
ദൂരേന്ന് തായമ്പകയുടെ
താളം കേൾക്കാം. അടുക്കുന്തോറും അതിൻ്റെ ഒച്ച കൂടിക്കൂടി വരുന്നു. അതിനനുസരിച്ച് ഞങ്ങളുടെ കാലുകൾക്ക്
വേഗത കൂടിക്കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളാ പൂരപ്പറമ്പിലെത്തി.

തോരണങ്ങൾ തൂക്കി കുലവാഴകളും കുരുത്തോലകളും കൊണ്ടലങ്കരിച്ച കൊടിക്കൂറകൾ പാറിക്കളിക്കുന്ന പലഹാരക്കടകളും കളിപ്പാട്ടക്കടകളും
 കുപ്പിവളക്കടകളും
ഒരുപാട് ആളുകൾ കൂട്ടം കൂടി നിൽക്കുന്ന പൊടിയും ചെമ്മണ്ണും നിറഞ്ഞ പൂരപ്പറമ്പ്.
പൊട്ടിയ ബലൂൺ കഷ്ണങ്ങളും വർണക്കടലാസുകളും മിഠായികടലാസുകളുമൊക്കെ ആ പറമ്പിലങ്ങിങ്ങായി ചിതറിക്കിടക്കുന്നു.

ഒരു മൂലയിലായി കുറെയാളുകൾ ചേർന്ന് ശീട്ടുകളിക്കുന്നുണ്ട്.
അവിടെ  ഒരുപാടാളുകൾ വട്ടത്തിൽ കൂടി നിൽപ്പുണ്ട്. ചില വാഗ്വാദങ്ങളും ഉറക്കെയുള്ള സംസാരങ്ങളും കേൾക്കാം
അവിടെ നിന്ന് .

ആനമയിലൊട്ടകം നാടകുത്ത് തുടങ്ങിയ കലാപരിപാടികൾ ഒരു വശത്ത്. അവിടെയുമുണ്ട് ആളുകളുടെ ചെറുസംഘങ്ങൾ.

തത്തമ്മയെക്കൊണ്ട് ചീട്ടെടുപ്പിച്ച്
മുഖലക്ഷണം പറയുന്നവർ,
ഹസ്തരേഖാശാസ്ത്രക്കാർ തുടങ്ങിയവരൊക്കെ പൂരപ്പറമ്പിൻ്റെ പല ഭാഗങ്ങളിലായിരിപ്പുണ്ട്.

കോരുവേട്ടൻ്റെ വളപ്പിൽ തന്നെയുള്ള  ആ ചെറിയ അമ്പലത്തിന് ചുറ്റുമുള്ള കുറെയധികം ചെരാതുകളിൽ ചെറിയ തിരികൾ എരിയുന്നുണ്ട്. കാണാൻ നല്ല ഭംഗി.

അമ്പലത്തിന് ഒരു വശത്ത് ചെണ്ടമുട്ടിൻ്റെ താളത്തിനൊപ്പിച്ച് കോമരങ്ങൾ തുള്ളുന്നുണ്ട്. വെളിച്ചപ്പാടായി കോരുവേട്ടൻ ഉറഞ്ഞ് തുള്ളുന്നു. സ്വതവേ സൗമ്യ മുഖഭാവമുള്ള പാവം കോരുവേട്ടൻ.
വെളിച്ചപ്പാടായപ്പോൾ മുഖത്ത് ഒരു രൗദ്രമായ ഭാവം വന്നത് പോലെ. കണ്ണുകൾ തീക്ഷ്ണമായി തിളങ്ങുന്നു. വിയർപ്പിനോടൊപ്പം നെറ്റിയിലിട്ട മഞ്ഞളും കുങ്കുമവും ഒലിച്ചിറങ്ങുന്നുണ്ട്.
വിറക്കുന്ന ശബ്ദത്തോടെ അദ്ദേഹം എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്. ചുറ്റുമുള്ളവരെല്ലാം ഭയഭക്തി ബഹുമാനങ്ങളോടെ കൈകൂപ്പിയങ്ങിനെ നിൽക്കുന്നു.
ചന്ദത്തിരികളുടെയും കുന്തിരിക്കത്തിൻ്റെയും മാസ്മരിക ഗന്ധം അവിടെ  അന്തരീക്ഷത്തിലൂടെയങ്ങിനെ ഒഴുകി നടക്കുന്നു.

തനത് കേരളീയ വേഷത്തിൽ കസവ്കരയുള്ള മുണ്ടും നേര്യതുമുടുത്ത  കുറെ മുതിർന്ന സ്ത്രീകളും മുടിയിൽ തുളസിക്കതിർ ചൂടി പട്ടുപാവാടയും ജംബറുമണിഞ്ഞ ഭംഗിയുള്ള കുറെ പെൺകുട്ടികളും താലങ്ങളുമേന്തി നിൽപുണ്ട്.

അമ്പലത്തിന് മുന്നിൽ ഒരു കൽവിളക്കുണ്ട്.
അതിലും തിരികൾ എരിഞ്ഞു കത്തുന്നു.
തുറന്നു കിടക്കുന്ന അമ്പലത്തിനുള്ളിലേക്ക് ഞാൻ നോക്കി.
വിവിധ തരത്തിലുള്ള മനോഹരമായി പൂക്കൾ കൊണ്ട് കോർത്ത ഒരുപാട് മാലകളുമണിഞ്ഞ് നിൽക്കുന്ന ഒരു വിഗ്രഹം ഞാൻ കണ്ടു.

"നിവേദ്യപ്പായസണ്ടാവും. ങ്ങക്ക്
മാണോ ...? "
സതീഷാണ്.

"പിന്നെ മാണ്ടേ ...? "
ഞങ്ങൾ ഒരുമിച്ച് ചോദിച്ചു.
സതീഷ് പോയി ഒരു കുഞ്ഞു തട്ടിൽ  സ്റ്റീൽ ടംബ്ലറുകളിൽ കാൽ ഭാഗത്തോളം നിറച്ച പായസവുമായി വന്നു. ഞങ്ങളെല്ലാം രുചിയോടെ അതാസ്വദിച്ചു കഴിച്ചു.

"നല്ല നെജ്ജ്ൻ്റെ ചൊയ..ല്ലേ..?"
ജലീൽ നാവ് പുറത്തിട്ട് ചുണ്ടുകളൊന്ന് നനച്ച് പായസത്തിൻ്റെ നെയ്ചുവയെ പ്രകീർത്തിച്ചു.
ഞങ്ങളെല്ലാം തല കുലുക്കി അത് സമ്മതിച്ചു.

"അവടെ, കൽക്കണ്ടോം
പയങ്ങളും ത്രിമദുരോം ഒക്കെ ണ്ട്... പഷേ , ഇക്ക് അത്ട്ക്കാന് ഒര് മടി.. "
സതീഷ് പറഞ്ഞു.

"ഠോ...പ്ഠോ..പ്ഠോ...''

പെട്ടെന്നാണ് കാതടപ്പിക്കുന്ന തരത്തിൽ വെടി മുഴങ്ങിയത്.

ഓർക്കാപ്പുറത്തായതിനാലും വെടി ശബ്ദത്തിൻ്റെ അതിശക്തമായ മുഴക്കമുള്ള ശബ്ദത്തിൻ്റെ പ്രകമ്പനത്താലും നജീബിൻ്റെ കയ്യിൽ നിന്നും പായസഗ്ലാസ് അറിയാതെ താഴെ വീണു.
അവൻ വെപ്രാളത്തോടെ അത് കുനിഞ്ഞെടുത്തു.

"ബാഗ്യത്തിന് ഒര് തുള്ളി പോയില."
അവൻ ആശ്വാസത്തോടെ പറഞ്ഞു.

"കദീന വെട്യാണ്..!!"
സതീഷ് .
കതിനവെടിയാണെന്ന്.

ഞങ്ങളെല്ലാം പൂരപ്പറമ്പിലൂടെയങ്ങിനെ ചുറ്റിനടന്നു.
ഒരു മൂലയിൽ മരത്തണലിൽ നിർത്തിയിട്ട സൈക്കിളിലിരിക്കുന്ന
ഐസ് വിൽപ്പനക്കാരനരികിൽ കുറേ കുട്ടികൾ
കോലൈസുകളും സേമിയ ഐസുകളും നുണഞ്ഞീമ്പി നിൽപ്പുണ്ട്. ഞങ്ങളെല്ലാം ഒരേ സാമ്പത്തിക അവസ്ഥയിലുള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളായത് കൊണ്ട് എല്ലാവരും ഒരേ മനസ്സോടെ മനോഹരമായ ആ കാഴ്ച നോക്കി വെള്ളമിറക്കിയങ്ങിനെ നിന്നു.

"വരീം ..
പൂരം തീരാനായി.
ഞ്ഞി കുര്ദിണ്ടാകും."
സതീഷ് ഞങ്ങളെയെല്ലാ-
വരെയും ,
"എനിക്ക് പൂരത്തിൻ്റെ എല്ലാ ചടങ്ങുകളുമറിയാം" എന്ന അഭിമാനഭാവത്തോടെ അമ്പലത്തിനടുത്തേക്ക് വിളിച്ചു.

എന്താണാവോ ഈ ഗുരുതി എന്നറിയാത്ത ഞങ്ങൾ അവൻ്റെ കൂടെ ചെന്നു.
അവിടെ
ഒരു വലിയ കുമ്പളങ്ങ ചുവന്ന തുണി വിരിച്ച് അതിൽ വെച്ചിരിക്കുന്നു. ഉള്ളിലെ മാംസള ഭാഗമെല്ലാം ഒരു വശം തുരന്ന് ഒഴിവാക്കി അതിൽ വേറെന്തെല്ലാമോ നിറച്ചിട്ടുണ്ട്. കുമ്പളങ്ങയ്ക്ക് മുകളിൽ കുറി തൊട്ടു കൊടുത്തിട്ടുണ്ട്.
 കടുംനിറങ്ങളിലുള്ള പലവിധ പൊടികൾ കൊണ്ട് ഒരു ദേവിയുടെ രൂപം നിലത്ത് വലുതായി വരച്ച് വെച്ചിരിക്കുന്നു.

"അദാണ് കളം. "
സതീഷ് പറഞ്ഞു.
ചിത്രരചനയിൽ വളരെ താൽപര്യമുള്ള ഞാൻ ആ ചിത്രത്തിൻ്റെ ഭംഗി നന്നായി ആസ്വദിച്ചു.

അതിമനോഹരമായി വരച്ച ആ കളത്തിനടുത്ത് നിന്ന് വലിയ കോമരവും ചെറിയ
കോമരങ്ങളും തുള്ളിച്ചാടുക തന്നെയാണ്. അമ്പലത്തിലെ
പൂജാരി മുഴക്കുന്ന മണിക്കിലുക്കത്തിനൊപ്പം കോമരങ്ങളുടെ അരയിൽ കെട്ടിയ അരപ്പട്ടയിൽ തൂങ്ങിയാടുന്ന മണികളും ഉച്ചത്തിൽ ശബ്ദിച്ചു.ചെണ്ട മുട്ട് ഉച്ചസ്ഥായിയിലായി. ആകെ ബഹളമയം. നല്ല രസം. കണ്ടു നിൽക്കുന്നവർക്കു കൂടി തുള്ളാൻ തോന്നിപ്പോകുന്ന തരത്തിലുള്ള അന്തരീക്ഷം.

ഒടുവിൽ വലിയ കോമരം ശക്തിയായി കുമ്പളങ്ങയിൽ വെട്ടി.
രണ്ടായി മുറിഞ്ഞ് ആ കുമ്പളങ്ങ അങ്ങിനെ കിടന്നു.

"കോഴീനെ, വെട്ട്ണീന് പകരാണ്.. ട്ടൊ കുമ്പളങ്ങ വെട്ട്ണദ്. "
സതീഷ് പറഞ്ഞു.
ഇവനീ അറിവൊക്കെ കിട്ടുന്നത് എവിടെ നിന്നാണാവോ?

" ഇദൊക്കെ
ഞ്ചെ അമ്മമ്മ പർഞ്ഞ് തന്നതാ..."
എൻ്റെ സംശയം മനസിൽ കണ്ട പോലെ അവൻ പറഞ്ഞു.

അത് ശരി.
അതാണ് കാര്യം.
അല്ലാതെ ഞങ്ങളെപ്പോലെ മതപഠനത്തിന് ഇവന് മദ്രസയൊന്നുമില്ലല്ലോ എന്ന് ഞാനോർത്തു.

"ന്നാ... ഇനി നമ്മക്ക് പെരീക്ക് പോവ്അല്ലേ...?"
സതീഷാണ്.

ആഹ്ളാദം തിരതല്ലുന്ന മനസ്സുമായി അതീവസന്തോഷത്തോടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൂരവിശേഷങ്ങളും പങ്ക് വെച്ച് ഞങ്ങൾ തിരിച്ചുപോരുമ്പോൾ
അങ്ങകലെ
ചക്രവാള സീമയിൽ പകരക്കാരനില്ലാത്ത കലാകാരൻ ചുവപ്പിൻ്റെ കടും നിറങ്ങൾ ചാലിച്ച് മറ്റൊരു വർണാഭമായ കളം വരക്കാൻ തുടങ്ങിയിരുന്നു.


Facebook Comments

Comments

  1. നന്നായിരിയ്ക്കുന്നു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)

ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)

സിന്‍ഡ്രല്ലയും ഞാനും (കവിത: രമ പ്രസന്ന പിഷാരടി)

ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)

ഒറ്റക്കരിമ്പന (കഥ: വി. കെ റീന)

ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)

സാക്ഷി (കവിത: രാജു കാഞ്ഞിരങ്ങാട്)

തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)

ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)

View More