Image

കണ്ണീരണിഞ്ഞ് കാത്തിരുന്നവര്‍ക്കിടയിലേയ്ക്ക് സൗമ്യയെത്തി; വിങ്ങിപ്പൊട്ടി ഒരു ഗ്രാമം

ജോബിന്‍സ് തോമസ് Published on 16 May, 2021
കണ്ണീരണിഞ്ഞ് കാത്തിരുന്നവര്‍ക്കിടയിലേയ്ക്ക് സൗമ്യയെത്തി; വിങ്ങിപ്പൊട്ടി ഒരു ഗ്രാമം
ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കനത്ത മഴയെ അവഗണിച്ചും ഇടുക്കി കീരിത്തോട് ഗ്രാമം കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ട സൗമ്യയെ . രാത്രി പത്തുമണിയോടെയാണ് സൗമ്യയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചത്. തങ്ങളോട് സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞുപോയ സൗമ്യ നിശ്ചലയായി മടങ്ങിയെത്തിയത് ആ ഗ്രാമത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഭര്‍ത്താവ് സന്തോഷിനേയും മകന്‍ അഡോണിനെയും ആശ്വസിപ്പിക്കാന്‍ കണ്ടു നിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു. 

അഡോണിന്റെ ഓര്‍മ്മയില്‍ സമ്മാനപ്പൊതികളില്ലാതെ അമ്മയെത്തിയിട്ടില്ല. സമ്മാനപ്പൊതികളുമായി എത്തുന്ന അമ്മയെ സ്വപ്‌നം കണ്ടുറങ്ങിയിരുന്ന അഡോണിന് ഇനി അമ്മയില്ലെന്ന യാഥാര്‍ത്ഥ്യം ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അമ്മയെത്തുമ്പോള്‍ തന്റെ ആദ്യ കുര്‍ബാന സ്വീകരണം നടത്താന്‍ ഒരുങ്ങി ആഗ്രഹിച്ചിരിക്കുകയായിരുന്നു അഡോണ്‍. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിന്റെ കരച്ചില്‍ കണ്ടു നില്‍ക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിയുമായിരുന്നില്ല. സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗമ്യ റോക്കറ്റാക്രമണത്തില്‍ കൊ്ല്ലപ്പെടുന്നത്. 

11 വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും ഒന്നിച്ച് കഴിഞ്ഞത് കേവലം മൂന്നു വര്‍ഷം മാത്രം. നാട്ടിലെ കടങ്ങള്‍ വീട്ടി സ്വസ്ഥമായൊരു ജീവിതമായിരുന്നു സൗമ്യയുടെ സ്വപ്‌നം . ആറുമാസങ്ങള്‍ക്കു ശേഷം സൗമ്യ തിരിച്ചെത്തുമ്പോള്‍ ഒരുമിച്ചൊരു ജീവിതത്തിനായുള്ള ഒരുക്കത്തത്തിലായിരുന്നു ഈ കുടുംബവും. ഈ സ്വപ്‌നങ്ങള്‍ക്കുമേലെയാണ് ഹമാസിന്റെ റോക്കറ്റുകള്‍ നാശം വിതച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ

സൗമ്യയുടെ മൃതദേഹം ഇന്നുച്ചകഴിഞ്ഞ് മൂന്നുമണിയോടെ കീരിത്തോട് നിത്യസഹായമാതാ പളളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിക്കുക. 

ഇന്നലെ ഡല്‍ഹിയിലെത്തിച്ച മൃതദേഹം വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുവാങ്ങിയത്. ഇസ്രയേല്‍ എംബസിയുടെ പ്രതിനിധിയും മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് , പിറ്റി തോമസ് എംഎല്‍എ, സൗമ്യയുടെ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക