Image

ടൗട്ടേ ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 16 May, 2021
ടൗട്ടേ ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഗോവയ്ക്ക് സമീപം എത്തിയ ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളതീരം വിട്ടെങ്കിലും ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. മണ്‍സൂണിന് മുന്‍പ് തെക്ക് കിഴക്കന്‍ ആകാശത്ത് ഉരുണ്ട് മൂടിയ മഴമേഖങ്ങള്‍ കനത്ത നാശമാണ് സംസ്ഥാനത്തെങ്ങും വിതച്ചത്. തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. ഗോവയ്ക്ക് സമീപം എത്തിയ ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 18 രാവിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്‌ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.

വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായി കടലെടുത്തതിനെ തുടര്‍ന്ന് യാത്രാവിലക്ക് തുടരുകയാണ്. മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേന്ദ്ര ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. 31നു കാലവര്‍ഷത്തിനു തുടക്കമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക