Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

Published on 17 May, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )
കൃത്യം 4 .30 ന് ഗിരിധറിന്റെ കാർ മഹാഗൗരിയുടെ വീടിന്റെ മുൻപിൽ എത്തി . മണിയടിച്ചപ്പോൾ വാതിൽ തുറന്നതു ചിറ്റയാണ്. അവർ ഗിരിയെ കണ്ടതും വല്ലാതെ പരിഭ്രമിച്ചു . പക്ഷെ അത് പുറത്തുകാണിക്കാതെ  അകത്തു കയറി ഇരിക്കാൻ പറഞ്ഞു .പിന്നെ അടുക്കളയിൽ പോയി   ഒരു ഗ്ലാസ് വെള്ളമെടുത്തു കൊടുത്തു.
" കുടിക്കാൻ ചായയോ , കാപ്പിയോ ?"
" നിങ്ങൾ അയ്യർമാരുടെ ഫിൽറ്റർ കോഫിയില്ലേ  , അത് മതി.മഹാഗൗരി എത്തിയില്ലേ ?
" മുകളിൽ ഉണ്ട് , ഫ്രഷ് ആകുകയാണ് . ഓഫീസിൽ നിന്നും ഇപ്പോൾ വന്നതേ ഉള്ളു. ഇരിക്കൂ അവൾ ഇപ്പോൾ വരും "
ചിറ്റ കോവണിപ്പടിക്കു താഴെ നിന്നുകൊണ്ട് ഉറക്കെ വിളിച്ചു
" കണ്ണമ്മ , ഒന്ന് താഴേക്കു വരൂ , "
പടിക്കെട്ട് വഴി മഹാഗൗരി താഴേക്കിറങ്ങിവരുന്നത് ഗിരി കണ്ണിമയ്ക്കാതെ നോക്കി.
വയലറ്റ് ബോർഡറുള്ള  വെള്ള പട്ടുപാവാടയും വയലറ്റ്  ബ്ലൗസുമിട്ട്  കൗമാരപ്രായമായ ഒരു പെൺകുട്ടിയെപ്പോലെ അവൾ ഇറങ്ങി വന്നു .
അയാൾക്ക് എതിരെയുള്ള സോഫയിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു .
" സുഖമാണോ എന്ന് ചോദിക്കുന്നില്ല , കാരണം നിങ്ങളുടെ മുഖം വിളിച്ചോതുന്നു നിങ്ങൾ അസ്വസ്ഥനാണെന്ന്"
" സത്യം പറയൂ മഹാഗൗരി , ഞാൻ എന്ത് തെറ്റാണ് , നിങ്ങളോട് ചെയ്തത് ,  എന്നെ ഇത്രയും   ദ്രോഹിക്കാൻ ?"
" നിങ്ങൾ ചെയ്ത തെറ്റിനല്ലേ , ജയിലിൽ പോയത് , ഞാൻ ഉണ്ടാക്കിയ കഥയല്ല . സത്യസന്ധമായി എൻ്റെ ചാനൽ അത് പുറത്തുകൊണ്ടുവന്നു അത്രേയേ ഉള്ളു "

" മഹാഗൗരി എന്നെ മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? " അന്ന് ചാനലിൽ ഞാൻ വരുന്നതിനു മുൻപേ ? എൻ്റെ സ്മൃതിപഥത്തിൽ ഞാൻ നിങ്ങളെ ഇതിനു മുൻപേ കണ്ടപോലെ തോന്നുന്നു , അതും ഈ ഡ്രെസ്സിൽ കാണുമ്പോൾ നല്ല പരിചയം പോലെ , അതോ ഇതെല്ലാം എൻ്റെ തോന്നലാണോ ?"
നവരാത്രിയുടെ എട്ടാം നാൾ മഹാഗൗരിയുടേതാണ് , ദേവിയെ ഈ നിറത്തിലാണ് അണിയിച്ചൊരുക്കുന്നത് . ഞാൻ മഹാഗൗരി , ഇതാണ് എന്റെ പ്രിയ വർണം .
പിന്നെ ഇതിനുമുൻപേ കണ്ടിട്ടുണ്ടോ എന്ന ചോദ്യം , ഇതേ  വേഷത്തിൽ നിങ്ങൾ എന്നെ കണ്ടിട്ടുണ്ട് , അത് നിങ്ങളുടെ  തോന്നൽ അല്ല , നമ്മൾ കണ്ടിട്ടുണ്ട് . കോഫി കുടിക്കൂ , എന്നിട്ട് ഒന്നുകൂടി ആലോചിച്ചു നോക്കൂ"
to be honest I can't recollect "
" എൻ്റെ കണ്ണുകളിലേക്ക് ഒന്നുനോക്കൂ . ഈ കണ്ണുകൾ നിറഞ്ഞ് നിങ്ങൾ ഇതിനുമുൻപേ കണ്ടിട്ടുണ്ടോ എന്ന് "
പെട്ടെന്നാണ് , മഹാഗൗരിയുടെ മുഖം ചുവന്നത്. വല്ലാത്തൊരു ഭാവപ്പകർച്ച അവൾക്കുണ്ടായി .കരയാതെ അവളുടെ കണ്ണിൽ നിന്നും നീർ ഇറ്റിറ്റു വീഴാൻതുടങ്ങി .
അയാളുടെ മുൻപിൽ കണ്ണ് നിറഞ്ഞതിൽ അവൾക്കു ദുഃഖം തോന്നിയില്ല.കാരണം അത് കണ്ണുനീർ അല്ലായിരുന്നു , രക്തം ആയിരുന്നു .വർഷങ്ങളോളം അവൾ കൊണ്ടുനടന്ന വേദന അവിടെ അണമുറിഞ്ഞ് ഒഴുകാൻ തുടങ്ങി .
എന്ത് ചെയ്യണം , എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അയാൾ മഹാഗൗരിയെ തന്നെ നോക്കിയിരുന്നു .
അവൾ പറഞ്ഞു
" ഞാൻ ഒരു കഥ പറയാം , അത് ഓർമ്മ വരുന്നോ എന്ന് പറയൂ"
കുറെ വർഷങ്ങൾക്കു മുൻപേ , കൃത്യമായി പറഞ്ഞാൽ 23 വർഷങ്ങൾക്കു മുൻപേ , ഒരു നവരാത്രി കാലം . പാലക്കാട്  അഗ്രഹാരത്തിൽ നിന്നും പൂജ അവധി  ചിലവഴിക്കാൻ ഒരു പെൺകുട്ടി അവളുടെ അമ്മയുടെ വീട്ടിൽ തിരുവന്തപുരത്ത് എത്തി . അമ്മാവന്റെ മകൾ നന്ദ അവളുടെ  ഉറ്റ തോഴിയാണ് . 
ഗിരിധറിന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി , സന്ദിഗ്ദ്ധമായ ഒരോർമ്മ .... അയാളുടെ തൊണ്ടയിൽ ശ്വാസം കുടുങ്ങി ..
 നിർവികാരനായി അവളെ തന്നെ നോക്കിയിരുന്നു അയാൾ .അപ്പോഴാണ് അവളുടെ പാദത്തിലെ കൊലുസ്സു കണ്ടത് , ഒറ്റ കൊലുസ്സ്.

എല്ലാം ചെറുതായി ഓർമ്മ വരുന്നു , വലതു കാലിലെ  കൊലുസ്സ് അയാളുടെ അലമാരയിൽ ഇപ്പോഴും ഉണ്ട് .
മഹാഗൗരി തുടർന്നു.
"അമ്മാവന്റെ വീടിനടുത്ത് ഒരു പടുകൂറ്റൻ ബംഗ്ലാവ്. മഹാദേവൻ, മുതലാളിയുടെ . അവിടെ അയാളുടെ മകൻ ഗിരിധറിനെ  കാണാൻ ഇടയ്ക്കിടെ വന്നു പോകുന്ന ചെറിയുമായി നന്ദ അടുപ്പത്തിലായി. ആ കാലം അല്ലെ അടുപ്പം എന്ന് പറയാൻ പറ്റില്ല . ഒരു ചിരി ,നോട്ടം , അവളുടെ മനസ്സിൽ എപ്പോഴും ചെറി മാത്രം "
അന്യ മതത്തിൽപെട്ട ഒരു പയ്യനെക്കൊണ്ട് സ്വപനത്തിൽ പോലും അവളെ കെട്ടിച്ചു കൊടുക്കില്ല . എന്നാലും ആ കൗമാരക്കാരിയുടെ മനസ്സിൽ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു . പഠിച്ചു നല്ല ജോലി വാങ്ങണം , പിന്നെ ചെറി തന്നെ ജീവിതത്തിലേക്ക് കൂട്ടും .
അവൾ ചോദിച്ചു  നിങ്ങളുടെ കൂട്ടുകാരൻ ചെറി പോയിട്ട് എത്ര വർഷം ആയി ?
അയാൾ അതിന് ഉത്തരം പറഞ്ഞില്ല. തന്റെ തല പൂഴിയിൽ ഒളിപ്പിച്ച് അവസാനം പാതാളത്തിലേക്ക് ആരെങ്കിലും തന്നെ ചവിട്ടി താഴ്ത്തിയെങ്കിൽ ...
മഹാഗൗരി കഥ തുടർന്നു ..
തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തിന്റെ ഓർമപ്പെടുത്തലാണ് നവരാത്രിയും ..എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം , തിന്മ ജയിച്ചുകൊണ്ടേയിരുന്നു . എന്നെങ്കിലും അതിനൊരു അറുതി വരുത്തേണ്ടേ..? അവർക്കു ചുറ്റും നിശ്ശബ്ദത പരന്നു...
നിങ്ങളുടെ വീട്ടിൽ ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു കാണാൻ എന്ന വ്യാജേന അവളെ ചെറി വിളിച്ചു .എന്നോട് പറയാതെയാണ് അവൾ അങ്ങോട്ട് വന്നത് . നാല് മണിമുതൽ ഞാൻ അവളെ തേടി നടന്നു ... എന്റെ അന്വേഷണം നിങ്ങളുടെ വീട്ടിലാണ് എന്നെ എത്തിച്ചത്.
അവിടെ ഞാൻ എന്താ കണ്ടത്. മൃതപ്രായയായി രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്റെ നന്ദ. കുടിച്ചു , ലക്കുകെട്ട രണ്ടു ചെറുപ്പക്കാർ അവിടെ താണ്ഡവമാടി . അവളെ തേടി വന്ന എന്നെയും  നിങ്ങൾ ആക്രമിച്ചു കീഴടക്കി . ഗിരിധറിന്റെ നേരെ കൈചൂണ്ടി മഹാഗൗരി പറഞ്ഞു.
" അതെ നിങ്ങൾ എന്നെ ആക്രമിച്ചു . ലക്കുകെട്ട പിശാചായി . എൻ്റെ സകലശക്തിയും ഉപയോഗിച്ച് ഞാൻ എന്നെ പ്രതിരോധിക്കാൻ നോക്കി .എപ്പോഴോ പ്രജ്ഞ നഷ്ടപ്പെട്ടിരുന്നു എനിക്ക് .
പിന്നെ നടന്നതൊക്കെ നിങ്ങളെ ഞാൻ ഓർമ്മിപ്പക്കണമോ ... ?
നടുങ്ങിപ്പോയ ഗിരിധർ ഓർമ്മകളുടെ ചുഴലിയിൽ വട്ടംകറങ്ങി.. ചുഴറ്റി ചുറ്റിച്ചുറ്റി ആഴങ്ങളിലേയ്ക്ക്.. അയാൾ തലകുനിച്ചിരുന്ന് പിറുപിറുത്തു ...
" അറിവില്ലാതെ , ബോധമില്ലാതെ , 
ക്ഷമ ചോദിയ്ക്കാൻ കൂടി എനിക്ക് ശക്തിയില്ല "
" നിങ്ങൾ അന്ന് നഷ്ടപ്പെടുത്തിയത് രണ്ടു ജീവനാണ് , മഹാഗൗരി തുടർന്നു.
" ബോധം വന്നപ്പോൾ പിന്നെയും നിങ്ങൾ എന്താണ് ചെയ്തത് ? ഒരു ഹോസ്പിറ്റലിന്റെ മുൻപിൽ ഞങ്ങളെ ഉപേക്ഷിക്കാമായിരുന്നു. എന്നാൽ വണ്ടിയുടെ ഡിക്കിയിൽ ഞങ്ങളെ എടുത്തിട്ട് തിരുവന്തപുരത്തുനിന്നും  കൊച്ചിവരെ വണ്ടി ഓടിച്ചു , റോഡരുകിൽ ഉപേക്ഷിച്ചു . 
" ആരാ , എന്താ എന്നറിയാതെ , വഴിപോക്കർ ആശുപത്രിയിൽ കൊണ്ടുപോയി . അവിടെ എത്തുന്നതിനു മുൻപേ , നന്ദയുടെ ജീവൻ പറന്നകന്നു .
മഹാഗൗരി നിർത്തി , കുറച്ചു വെള്ളം കുടിച്ചു. വിയർത്തു കുളിച്ച് വിറങ്ങലിച്ചിരുന്ന ഗിരിധറിനെ നോക്കി അവൾ പറഞ്ഞു. " നിങ്ങൾ ഇപ്പോൾ തല താഴ്ത്താതെ, എന്നെ നോക്കു, എൻ്റെ മുഖത്തേക്ക്  നോക്കൂ ...
                         തുടരും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക